ഖുബൈബ് (റ) രക്തസാക്ഷിത്വത്തിനു ശേഷം സഈദുബിനു ആമിറിന്റെ മനസ്സ് വല്ലാതെ വിഷമാവസ്ഥയിലായി,
ഖുബൈബ്(റ) തന്നോട് എന്തൊക്കെയോ പറയുന്നതായി സഈദിന് തോന്നി,
"സത്യത്തിൽ ജീവിതമെന്നാൽ താൻ സ്വീകരിച്ച വിശ്വാസത്തിനു വേണ്ടി മരണം വരെ ത്യാഗം സഹിക്കുന്നതല്ലേ,
ഗാഢമായ വിശ്വാസം അത്ഭുതങ്ങൾ സൃഷ്ടിക്കും,അമാനുഷികമായ പലതും ചെയ്യാൻ ദൃഢവിശ്വാസത്തിനു സാധിക്കും,അനുയായികൾ ഈ വിധത്തിലൊക്കെ സ്നേഹിക്കുന്ന ഒരാൾ എങ്ങനെ ദൈവദൂതനല്ലാതിരിക്കും"
സഈദുബിനു ആമിർ ചിന്താകുലനായി.....
സഈദിന്റെ മനസ്സിലും വിശ്വാസത്തിന്റെ
തിരിനാളം മുനിഞ്ഞു കത്താൻ തുടങ്ങി.
ഖുബൈബിന്റെ വിശ്വാസം ശരിയായിരുന്നുവെന്ന് സഈദിന് മനസ്സിലായി,
കൂട്ടം കൂടിനിൽക്കുന്ന ജനങ്ങൾക്കിടയിലേക്ക് വന്ന് സഈദ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
"സഹോദരങ്ങളെ,....നിങ്ങളുടെ ക്രൂരമായ ചെയ്തികളിൽ നിന്നും ഞാൻ മുക്തി തേടുന്നു,
കണ്ണും കാതും കേൾവിയും കാഴ്ചയുമില്ലാത്ത
വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്നും ഇതാ ഞാൻ വിട്ടുനിൽക്കുന്നു, നിങ്ങൾ ക്രൂരമായി വെട്ടി നുറുക്കി തൂക്കിലേറ്റിയ ഖുബൈബിന്റെ കൂടെ വിശ്വസിക്കാൻ ഞാനിഷ്ടപ്പെടുന്നു,അശ്ഹദു അൻ ലാഇലാഹ ഇല്ലള്ളാഹ്..." കേട്ടു നിന്നവരെല്ലാം കൗതുകത്തോടെ സഈദിനെ തന്നെ നോക്കി നിന്നു......
സഈദുബിനു ആമിർ മദീനയിലേക്ക് പലായനം ചെയ്തു, മുത്ത് നബി(സ്വ)യെ കണ്ട് വിശ്വാസം ഒന്നുകൂടെ ഊട്ടിയുറപ്പിച്ചു,ശഹാദത്തിന്റെ മന്ത്രണങ്ങളുരുവിട്ടു,പിന്നീട് തിരുഹബീബിന്റെ ചാരത്ത് നിന്ന് മാറിനിൽക്കാൻ കഴിയാത്തവിധം ഈമാനികാവേശം വന്നു സഈദ് ബിനു ആമിർ(റ)ന്.
മുത്ത് നബി(സ്വ)യോട് കൂടെ ഖൈബറും അതിനു ശേഷമുളള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്ത സഈദ് (റ)നെ മുത്ത് നബി(സ്വ)ക്ക് വല്ലാത്ത ഇഷ്ടമായിരുന്നു, വഫാത്ത് വരെയും അത് തുടർന്നുപോന്നു..
ജീവിതത്തിലൂടനീളം സൂക്ഷ്മതയും തഖ് വയും നിറഞ്ഞ ജീവിതം നയിച്ച സഈദ് (റ) മുത്ത് നബിയുട വഫാത്തിനു ശേഷം അബൂബക്കർ(റ),ഉമർ (റ)
എന്നിവരുടെ ഭരണത്തിനു കീഴിൽ ഭൗതികമായ എല്ലാം ത്യജിച്ച് അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ച്
ജീവിതം കഴിച്ചുകൂട്ടി.....
സഈദുബിനുആമിർ(റ) ന്റെ ഉപദേശ നിർദ്ദേശങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഖലീഫമാർ നൽകിയത്,,
അബൂബക്കർ (റ)ന്റെ വഫാത്തിനു ശേഷം ഖിലാഫത്ത് ഉമർ (റ)ന്റെ കരങ്ങളിലായി,
ന്യായവും നീതിയും മുഖമുദ്രയാക്കി മുത്ത് നബി(സ്വ)യുടേയും സിദ്ദീഖ്(റ)ന്റെയും പാതയിൽ തന്നെ ഭരണം ഏറ്റെടുത്ത ഉമറി(റ)ന്റെ അടുത്തേക്ക് സഈദുബിനു ആമിർ(റ)കടന്നുവന്നു പറഞ്ഞു,
"ജനങ്ങളുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയക്കുക,അല്ലാഹുവിന്റെ വിഷയത്തിൽ ജനങ്ങളെ പേടിക്കരുത്, വാക്കുകൾക്ക് വിരുദ്ധമാവരുത് നിങ്ങളുടെ ചെയ്തികൾ,
പ്രവർത്തനം കൊണ്ട് സാക്ഷാത്കരിക്കുന്ന വാക്കുകളാണല്ലോ ഉത്തമം,
യാ ഉമർ(റ);ബന്ധുക്കളും അല്ലാത്തവരുമായ ജനങ്ങളുടെ കാര്യം നോക്കാനാണ് അല്ലാഹു ഭരണം നൽകിയത്,അത് കൊണ്ട് അവരുടെ കാര്യത്തിൽ അതീവ ശ്രദ്ധവേണം,
നിങ്ങൾക്കും കുടുംബത്തിനും ഇഷ്ടമുള്ളത് അവർക്കു കൂടി ഇഷ്ടപ്പെടണം,നിങ്ങൾക്കും കുടുംബത്തിനും അനിഷ്ടമായതൊന്നും അവർക്ക് നിങ്ങൾ ഇഷ്ടപ്പെടരുത്,സത്യത്തിലൂന്നിയാവണം കാര്യങ്ങൾ,അല്ലാഹുവിന്റെ കാര്യത്തിൽ ആക്ഷേപങ്ങൾക്ക് ചെവികൊടുക്കരുത്"
ഇതുകേട്ട ഉമർ(റ)ചോദിച്ചു,
"ആർക്കാണിതൊക്കെ സാധിക്കുക സഈദ്"
"അല്ലാഹു ഉമ്മത്തിന്റെ അധികാരം ഏൽപ്പിച്ച നിങ്ങളെപ്പോലുള്ളവർക്ക്,"സഈദ് (റ)ന്റെ മറുപടി കേട്ട ഉമർ(റ) തന്നെ ഭരണകാര്യങ്ങളിൽ സഹായിക്കാൻ സഈദ്(റ)നോട് ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു,..
"സഈദ് ......അങ്ങയെ ഹിംസ്വിന്റെ ഭരണം ഏൽപ്പിക്കാൻ ഞാൻ താത്പര്യപ്പെടുന്നു,...
"അല്ലാഹുവാണ് സത്യം ഉമറേ നിങ്ങളെന്നെ വഴികേടിലാക്കല്ലേ...."
ആ വാചകങ്ങളിൽ അധികാര വിരക്തി തെളിഞ്ഞു കാണാമായിരുന്നു,
ദുനിയാവിന്റെ സുഖങ്ങളെ തനിക്കു വേണ്ടെന്ന് വെച്ച മഹാപരിത്യാഗിയുടെ ശുദ്ധമായ മനസ്സ് വായിച്ചെടുക്കാമായിരുന്നു ആ വാക്കുകളിൽ നിന്ന്,സഈദുബിനു ആമിർ(റ)ന്റെ പ്രതികരണം കേട്ട ഉമർ (റ) അല്പം ഗൗരവത്തിൽ ദേഷ്യത്തോടെ പറഞ്ഞു,
"എല്ലാം കൂടി എന്റെ പിരടിയിൽ കയറ്റിവെച്ച് നിങ്ങൾ തടിയൂരുകയാണല്ലേ"..................
(തുടരും.........)
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
9747 629 381
9747 220 786
………………………………………………………………………………………


No comments:
Post a Comment