ഉമ്മുസലമ:(റ) തുടരുന്നു. ഞങ്ങൾ സുബൈറി(റ)നു വേണ്ടി ഒരു തോണിയുണ്ടാക്കി. അതിൽ കയറി അദ്ദേഹം നൈലിൽ സഞ്ചരിച്ച് യുദ്ധരംഗം നിരീക്ഷിച്ചു. ഞങ്ങൾ നജ്ജാശിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എന്താണ് സംഭവിക്കുക എന്ന് ഞങ്ങൾ ആശങ്കയോടെ കാത്തിരുന്നു. അപ്പോഴതാ സുബൈർ(റ) ആവേശത്തോടെ വരുന്നു. നിങ്ങൾ സന്തോഷിച്ചോളൂ. നേഗസ് ജയിച്ചിരിക്കുന്നു. ഞങ്ങൾ അത്രമേൽ സന്തോഷിച്ച ഒരനുഭവം ഹബ്ശയിലെ ജീവിതകാലത്ത് വേറെയില്ല. നാടും നാട്ടുകാരും ആനന്ദത്തിലും സമാധാനത്തിലുമായി.
വളരെ കൗതുകകരമായ ഒരു കഥ ഈ അധ്യായത്തിൽ ഇമാം ത്വബ്റാനി(റ) ഉദ്ദരിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം. ഖുറൈശി പ്രതിനിധികളായി ഹബ്ശയിലേക്ക് പോയ അംറിൻ്റെയും ഉമാറയുടെയും കഥയാണിത്. അംറ് അത്ര സൗന്ദര്യമുള്ള ആളായിരുന്നില്ല.
എന്നാൽ ഉമാറ നല്ല സുന്ദരനായിരുന്നു. അംറിന്റെ ഭാര്യ ഉമാറയെ പ്രേമിച്ചു. അവർ രണ്ടുപേരും ചേർന്ന് അംറിനെ കടലിൽ ഉന്തിയിട്ടു. അംറ് നീന്തിക്കയറാൻ ശ്രമിച്ചു. കപ്പിത്താന്മാർ സഹായിച്ചു കപ്പലിൽ തിരിച്ചു കയറി. പക്ഷേ, അംറ് വിരോധമൊന്നും പ്രകടിപ്പിച്ചില്ല. പത്നിയോട് പറഞ്ഞു നീ ഉമാറയെ ഒന്നു ചുംബിച്ചോളൂ അദ്ദേഹത്തിന് ഒരു സന്തോഷമാകട്ടെ. അങ്ങനെ യാത്ര തുടർന്നു.
ഹബ്ശയിൽ നിന്ന് പദ്ധതികൾ മുഴുവൻ പാളി നിന്ദ്യരായി. പക്ഷേ, അംറിൻ്റെ പക ഉള്ളിലുണ്ടായിരുന്നു. അദ്ദേഹം ഉമാറയോട് പറഞ്ഞു. നീ നല്ല സുന്ദരനാണല്ലോ? സ്ത്രീകളെ സൗന്ദര്യം വേഗം ആകർഷിക്കും. നീ രാജാവിന്റെ ഭാര്യയെ ആകർഷിച്ചാൽ നമ്മുടെ പദ്ധതികൾ നടപ്പിലാക്കാൻ ചിലപ്പോൾ സാധിച്ചേക്കും. ഉമാറ അതിൽ വീണു. രാജാവിന്റെ ഭാര്യയെ ആകർഷിക്കാനുള്ള സന്ദർശനങ്ങളായി. അവർക്കിഷ്ടമുള്ള സുഗന്ധം ഉപയോഗിച്ചു. അംറ് രാജാവിനെ സമീപിച്ചു. ഉമാറ രാജാവിന്റെ ഭാര്യയെ വശീകരിക്കാനൊരുങ്ങുന്നതായി അറിയിച്ചു. രാജാവിന്റെ കോപമുണർന്നു. അദ്ദേഹം പറഞ്ഞു. എന്റെ നാട്ടിൽ അതിഥിയായി വന്ന ആളായിപ്പോയി അല്ലെങ്കിൽ ഞാൻ ഉമാറയെ വധിച്ചു കളഞ്ഞേനെ. എന്നാൽ, കൊന്നുകളയുന്നതിനേക്കാൾ നല്ല പണി നാം അവനു നൽകും.
അദ്ദേഹം മാരണക്കാരെ വിളിച്ചു. അവർ മന്ത്രങ്ങൾ ചെയ്ത് മൂത്രദ്വാരത്തിൽ ബ്ലാക്ക് മാജിക് ചെയ്തു. ഉമാറ കാട്ടിൽ പതിച്ചു. മനുഷ്യന്മാരെ കണ്ടാൽ ഓടിയൊളിക്കും കാട്ടിലഭയം തേടും. ജീവിതം മുഴുവൻ വന്യജീവികൾക്കൊപ്പമായി.
ഉമർ (റ) വിന്റെ ഭരണകാലം വരെ അങ്ങനെ തുടർന്നു. അക്കാലത്ത് ഉമാറയുടെ അമ്മാവന്റെ മകൻ അബ്ദുല്ലാഹ് ബിൻ അബീ റബീഅ ഖലീഫയുടെ സമ്മതത്തോടെ ഹബ്ശയിലെത്തി. വന്യജീവികൾക്കൊപ്പം സഞ്ചരിക്കുന്ന ഉമാറയെ കണ്ടെത്തി. ശരീരം മറയുന്നവിധം മുടി വളർന്നിരിക്കുന്നു. നീണ്ടു വളർന്ന നഖങ്ങൾ. പിച്ചിച്ചീന്തിയ വസ്ത്രം. മൊത്തത്തിൽ ഒരു പിശാചിന്റെ രൂപം. മൃഗങ്ങൾക്കൊപ്പം വെള്ളത്തിലേക്ക് പോകുന്ന വഴിക്ക് അബ്ദുല്ല അയാളെ കടന്നു പിടിച്ചു. ബന്ധവും കുടുംബവും ഒക്കെപ്പറഞ്ഞു. അയാൾ കുതറിയോടി. വീണ്ടും കടന്നുപിടിച്ചു. അയാൾ അട്ടഹസിച്ചു. അല്ലയോ ബുജൈർ, എന്നെ വിടൂ. ബുജൈർ എന്നെ വിട്ടയക്കൂ എന്നിങ്ങനെ ആർത്തുവിളിച്ചു. അബ്ദുല്ല പിടിമുറുക്കി. അധികം വൈകിയില്ല. ഉമാറ മരണപ്പെട്ടു.
വിശ്വാസികൾ സുരക്ഷിതരായി ഹബ്ശയിൽ കഴിഞ്ഞു. നബി ﷺ യുടെ സന്ദേശങ്ങളെയും ദർശനങ്ങളെയും രാജാവ് നന്നായി പരിഗണിച്ചു. മുത്ത് നബി ﷺ രാജാവിനയച്ച കത്തും അദ്ദേഹം നൽകിയ മറുപടിയും ചരിത്രത്തിലെ വളരെ മനോഹരമായ ഒരു വായനയാണ്. ഇമാം ബൈഹഖി(റ)യുടെ നിവേദനം ഇങ്ങനെയാണ്.
"ബിസ്മില്ലാഹി.... അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് ബിൻ അബ്ദില്ലാഹ് ﷺ യിൽ നിന്ന് അൽ അസ്ഹം നജ്ജാശിക്ക്,
നിങ്ങൾക്ക് ശാന്തിയുണ്ടാകട്ടെ.! അല്ലാഹുവിനെ സ്തുതിക്കുന്നു. ഈസാനബി(അ) അല്ലാഹുവിന്റെ ദാസനും ദൂതനും പവിത്രാത്മാവുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ആ ആത്മാവിനെ പരിശുദ്ധയായ മർയമിൽ അവൻ നിക്ഷേപിച്ചു. ആദം പ്രവാചക(അ)നെ അല്ലാഹു നേരിട്ട് സൃഷ്ടിച്ചത് പോലെ മർയമിൽ ആത്മാവ് നിക്ഷേപിച്ച് ഗർഭവതിയാക്കി ഈസ(അ)യെ സൃഷ്ടിച്ചു. ഏകനായ അല്ലാഹുവിനെ ആരാധിക്കാനും അവനെ അനുസരിക്കാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അവന് പങ്കുകാരില്ല. ഞാൻ അല്ലാഹുവിന്റെ ദൂതനാകുന്നു. എന്നെ അനുഗമിക്കാനും അനുസരിക്കാനും അവതരിപ്പിക്കുന്ന കാര്യങ്ങൾ സ്വീകരിക്കാനും അഭ്യർത്ഥിക്കുന്നു. എൻ്റെ പിതൃസഹോദരന്റെ മകൻ ജഅഫറിനെ ഒരു സംഘത്തോടൊപ്പം ഞാനങ്ങോട്ടയച്ചിരിക്കുന്നു. അധികാരത്തിന്റെ പ്രൗഢികാണിക്കാതെ അവരെ അംഗീകരിക്കുക. സ്വീകരിക്കുക! ഞാൻ നിങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ഉപദേശിക്കുകയും എനിക്ക് ലഭിച്ച നന്മ എത്തിച്ചു തരികയും ചെയ്തിരിക്കുന്നു. സ്വീകരിച്ചാലും..! നേർവഴി സ്വീകരിച്ചവർക്ക് ശാന്തി നേരുന്നു"
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment