ദമ്മാം: സഊദിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ടെലഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന വാര്‍ത്ത സഊദി കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.ഐ.ടി.സി ) നിഷേധിച്ചതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ കോള്‍ വഴിയുള്ള വരുമാനത്തില്‍ കുറവുണ്ടായതോടെ ഇന്റര്‍നെറ്റ് കോള്‍ സംവിധാനമുള്ള ആപ്പുകള്‍ പൂര്‍ണമായും നിര്‍ത്തുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്.
വാട്‌സ്ആപ്പ്, ലൈന്‍, ടാങ്കോ തുടങ്ങിയ ആപുകള്‍ തദ്സ്ഥിതിയില്‍ തന്നെ തുടരുമെന്നാണ് സി.ഐ.ടി.സി വ്യക്തമാക്കിയത്.നിലവിലെ നിയമങ്ങള്‍ മൂലം രാജ്യത്തെ ഇന്റര്‍നെറ്റ് ടെലികോം കമ്പനികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഇവര്‍ക്ക് നടപ്പിലാക്കാന്‍ കഴിയില്ല സി.ഐ.ടി.സി മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്ല സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ടെലികോം കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി.ഐ.ടി.സി വ്യക്തമാക്കി.
നിലവില്‍ രാജ്യത്തെ 15 ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും ഫ്രീ സര്‍വ്വീസ് കോളുകള്‍ ഉപയോഗിക്കുന്നവരാണ്. വീടുകളിലെ നെറ്റ് ഉപയോഗത്തില്‍ 19.6 മില്ല്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് നിലവിലുള്ളത്. കൂടാതെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 47.6 ശതമാനത്തില്‍ നിന്നും 94.5 ശതമാനമായി ആയി ഉയര്‍ന്നിട്ടുണ്ട്. 29 മില്ല്യന്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്.

No comments:
Post a Comment