#നിയമപരമായി_നടപ്പിലുണ്ട്
എന്നു പറഞ്ഞാൽ പലർക്കും അതിശയോക്തിയുണ്ടാവും. ഞാൻ മുമ്പേ ചിന്തിച്ചിട്ടുള്ള കാര്യമാണ് ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളുടെ കൂട്ടത്തില്‍ 44-ാം അനുഛേദത്തിൽ പറഞ്ഞിട്ടുള്ള യൂനിഫോം സിവില്‍ കോഡ് ഇതേ ഭരണഘടന അനുഛേദം 25-ല്‍ ഉറപ്പുനല്‍കിയിട്ടുള്ള മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ നിഷേധിക്കുന്നില്ലേ എന്നത്.
ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത് നമ്മുടേതാണല്ലോ. 25 ഭാഗങ്ങളും 470 അനുഛേദങ്ങളും 12 പട്ടികകളുമുള്ള ഭരണഘടനയിൽ രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം മാത്രമല്ല, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദേശക തത്ത്വങ്ങൾ മുതലായവ മുന്നോട്ടു വയ്ക്കുന്നുണ്ട്. ശ്രീ സർദാർ വല്ലഭ്ഭായി പട്ടേൽ ആണ് അമേരിക്കൻ ഭരണഘടനയെ ആധാരമാക്കിയുള്ള നമ്മുടെ മൗലികാവകാശങ്ങളുടെ ശില്പി. ഇതുപോലെ, അയർലന്റിൽ നിന്നും കടമെടുത്തതാണ് നിർദ്ദേശകതത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന മാർഗനിർദ്ദേശക തത്ത്വങ്ങൾ. ഇങ്ങനെ പലയിടത്തു നിന്നായി നല്ല വശങ്ങൾ എന്നു തോന്നിയവ ക്രോഡീകരിച്ചു സാഹചര്യേണ വരുന്ന മാറ്റങ്ങൾ സ്വീകരിച്ചു ഒറ്റ ഭരണഘടന നടപ്പിലാക്കിയപ്പോൾ യൂനിഫോം സിവിൽ കോഡും മത സ്വാതന്ത്ര്യവും തമ്മിൽ കൂട്ടിമുട്ടിയതാണോ? അംബേദ്കറുടെയോ മറ്റു ഭരണഘടനാ നിർമ്മാണ സമിതിയിലെ അംഗങ്ങളുടെയോ ശ്രദ്ധയിൽ അതു പെടാതെ പോയതാണോ? അതുമല്ലെങ്കിൽ ഇവ തമ്മിൽ സംഘർഷത്തിലാവാത്ത മറ്റൊരു വ്യാഖ്യാനം അവരിതിനു നൽകിയിരുന്നോ? ഈ ചോദ്യങ്ങളാണ് എന്നെ മഥിച്ചിരുന്നത്.
യൂനിഫോം സിവില്‍ കോഡിന്റെ ഉദ്ദേശ്യം എല്ലാ മതക്കാര്‍ക്കും വേണ്ടി ഒരു പൊതു സിവില്‍ കോഡ് കൊണ്ടു വരികയാണെന്ന വാദം ശരിയല്ല. ഭരണഘടന അനുഛേദം 25-ല്‍ ഉറപ്പു നല്‍കിയിട്ടുള്ള മതസ്വാതന്ത്ര്യം മൗലികാവകാശമാണ്. വ്യക്തിനിയമങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിം വ്യക്തിനിയമങ്ങള്‍ മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ് എന്നതില്‍ തര്‍ക്കമില്ല. ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് തന്നെ അതിനുള്ള തെളിവാണ്. വ്യക്തിജീവിതത്തില്‍ മതം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഒരാളുടെ മതസ്വാതന്ത്ര്യം. അതിനാല്‍ മതത്തിന്റെ ഭാഗമായ വ്യക്തിനിയമം പൗരനു നിഷേധിക്കുന്നത്, ഭേദഗതി ചെയ്യാന്‍ അനുവാദമില്ലാത്ത ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മൗലികാവകാശത്തിന്റെ ലംഘനമാണ്. അതായത് ഇന്ത്യന്‍ ഭരണഘടന തനതു അടിസ്ഥാന സ്വഭാവത്തില്‍ നിലനില്‍ക്കുവോളം പാര്‍ലമെന്റിനോ, കോടതികള്‍ക്കോ ഒരിക്കലും നടപ്പാക്കാന്‍ അനുവാദമില്ലാത്ത, മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിലൂടെ ഭരണഘടനയാല്‍ നിരോധിക്കപ്പെട്ട നടപടിയാണ് എല്ലാ മതക്കാര്‍ക്കുമായി ഒരു ഏക സിവില്‍ കോഡ് അല്ലെങ്കില്‍ ഒരു പൊതുസിവില്‍കോഡ് കൊണ്ടുവരിക എന്നത്.
ഈ വസ്തുത നന്നായി അറിയുന്നവരാണല്ലോ ഡോ. അംബേദ്കർ ഉൾപ്പടെയുള്ള നമ്മുടെ ഭരണഘടനാ ശിൽപികൾ. ഭരണഘടനയുടെ ചരിത്രപശ്ചാത്തലവും സ്വാഭാവവും ഉള്‍ക്കൊണ്ടായിരിക്കണമല്ലോ അതിനെ വ്യാഖ്യാനിക്കേണ്ടത്. ഇക്കാര്യത്തിലും തർക്കമുണ്ടാകാനിടയില്ല. യൂനിഫോം സിവില്‍ കോഡിനു വേണ്ടി പരിശ്രമിക്കണം എന്ന നിര്‍ദേശക തത്ത്വം ഉള്‍പ്പെടുത്തി നമ്മുടെ ഭരണഘടന എഴുതിയുണ്ടാക്കുന്ന കാലത്ത് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്തും ക്രിസ്ത്യാനികള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവിധ വ്യക്തിനിയമങ്ങളും പ്രാബല്യത്തിലുണ്ടായിരുന്നു. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിലെ നാനാജാതി വിഭാഗങ്ങള്‍ക്ക് വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളില്‍ ഏകീകൃത നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ അവകാശങ്ങളൊന്നും അനുവദിച്ചു കൊടുത്തിരുന്നുമില്ല. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിം-ക്രൈസ്തവ ഇതര മതവിഭാഗക്കാരുടെ ഈ പ്രശ്‌നത്തിനുള്ള പരിഹാരനിര്‍ദേശം എന്ന നിലയിലായിരിക്കണം നമ്മുടെ ഭരണഘടനാ ശില്‍പികള്‍ നിര്‍ദേശക തത്ത്വങ്ങളില്‍ ഇതു കൂട്ടിച്ചേര്‍ത്തത് എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ എന്നു ചുരുക്കം.
ഭരണഘടനാ ശില്‍പി ഡോ. അംബേദ്കര്‍ തന്നെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായി ചുമതലയേറ്റ് ആദ്യം ഏറ്റെടുത്ത ജോലിയും സ്വന്തമായി വ്യക്തിനിയമങ്ങളുള്ള മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി മത വിഭാഗങ്ങള്‍ ഒഴികെയുള്ള ഇന്ത്യയിലെ മുഴുവന്‍ മതവിഭാഗങ്ങള്‍ക്കുമായി ഏകീകൃത സ്വഭാവത്തില്‍ ഹിന്ദു വ്യക്തിനിയമം ഉണ്ടാക്കുക എന്നതായിരുന്നു. ഭരണഘടനാ ശില്‍പികള്‍ തന്നെ പ്രത്യേക താല്‍പര്യമെടുത്ത് 1955-ലും 1956-ലുമായി നാല് ഘട്ടമായി ഹിന്ദു കോഡ് ബില്‍ പാസാക്കിയെടുക്കുകയും ചെയ്തു. അതാണ് യൂനിഫോം സിവില്‍ കോഡ് കൊണ്ടുവരിക എന്ന ഭരണഘടനയിലെ ഈ നിര്‍ദേശക തത്ത്വം യഥാർഥത്തിൽ നേടിക്കഴിഞ്ഞതാണ് എന്നു ഞാൻ പറഞ്ഞത്.
✍️ Muhammad Sajeer Bukhari
Sajeer Bukhari
No comments:
Post a Comment