Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 13, 2016

സിറാജ് ദിനപത്രം ബംഗളൂരു എഡിഷന്‍ ഉദ്ഘാടനം ഞായറാഴ്ച

ബെംഗളൂരു: സിറാജ് ദിനപത്രത്തിന്റെ എട്ടാമത് എഡിഷന് ഉദ്യാനനഗരിയായ ബെംഗളൂരുവില്‍ ഞായറാഴ്ച ഔപചാരികമായി തുടക്കമാകും. പ്രസിദ്ധീകരണ രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള സിറാജിന്റെ പുതിയ എഡിഷന്‍ വന്‍ വിജയമാക്കാന്‍ കര്‍ണാടകയിലെ മലയാളി സമൂഹവും സുന്നി പ്രാസ്ഥാനിക കുടുംബവും കൈമെയ് മറന്ന് സജീവമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്.

മറ്റൊരു സംസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യത്തെ എഡിഷന്‍ എന്നതുകൊണ്ട് തന്നെ കര്‍ണാടകയിലെ മലയാളി സമൂഹവും നഗരവാസികളും ഏറെ ആവേശത്തോടെയാണ് സിറാജിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുന്നത്. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, ദുൈബ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലാണ് സിറാജിന് എഡിഷനുകളുള്ളത്. വാര്‍ത്തകളിലെ നിഷ്പക്ഷതയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മുന്നേറ്റവുമാണ് സിറാജിനെ എന്നും വ്യത്യസ്തമാക്കുന്നത്.

ബെംഗളൂരു കബണ്‍പാര്‍ക്കിലെ എന്‍ ജി ഒ ഹാളില്‍ നാളെ രാവിലെ 11നാണ് ഉദ്ഘാടനച്ചടങ്ങ്. അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. കര്‍ണാടക ഇന്‍ഫര്‍മേഷന്‍ മന്ത്രി റോഷന്‍ ബേഗ് എഡിഷന്‍ പ്രകാശനം ചെയ്യും.

സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല റിപ്പോര്‍ട്ട് അവതരിപ്പിക്കും. സിറാജ് അക്ഷരദീപം പദ്ധതി കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും.

പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി എം ഇബ്‌റാഹിം, മുന്‍ ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ, എം എല്‍ എമാരായ എന്‍ എ ഹാരിസ്, മൊയ്തീന്‍ ബാവ, കെ ജെ ജോര്‍ജ്, മുന്‍ മന്ത്രി ജെ അലക്‌സാണ്ടര്‍, മൈനോറിറ്റി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ. അസ്‌ലം ഗുരുക്കള്‍, ജുമുഅ മസ്ജിദ് ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ അന്‍വര്‍ ഷെറീഫ്, ബാസവ രാജ് എം എല്‍ എ, സിറാജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സിറാജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ മജീദ് കക്കാട്, മാനേജിംഗ് ഡയറക്ടര്‍ പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, എഡിറ്റര്‍ വി പി എം ഫൈസി, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, കര്‍ണാടക വഖ്ഫ് ബോര്‍ഡ് ഡയറക്ടര്‍ എന്‍ കെ ഷാഫി സഅദി ആശംസകള്‍ നേരും.
സിറാജ് ബെംഗളൂരു ചെയര്‍മാന്‍ എസ് എസ് എ ഖാദര്‍ ഹാജി സ്വാഗതവും കണ്‍വീനര്‍ അബ്ദുറഊഫ് എന്‍ജിനീയര്‍ നന്ദിയും പറയും.

No comments: