Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, August 24, 2016

ത്യാഗത്തിൻറെ ബലി പെരുന്നാൾ

ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

ആഘോഷങ്ങളും ആഹ്ലാദങ്ങളും മനുഷ്യ മനസ്സിന് ആനന്ദം നല്‍കുന്നതും ജീവിത യാത്രയില്‍ അനുഭവിക്കുന്ന പരാതീനതകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഒരല്‍പം ആശ്വാസം നല്‍കുന്നതുമാണ്. ജീവിതം മുഴുവനും സന്തോഷത്തോടെ ജീവിക്കുക അല്ലെങ്കില്‍ മുഴു സമയങ്ങളിലും കഷ്ടതകളും പ്രതിസന്ധികളുമായി ജീവിക്കുക അസാധ്യയമാണ്. ഒരല്‍പം സുഖം അനുഭവിക്കാത്ത മനുഷ്യരുണ്ടാകില്ല, അതുപോലെ തെല്ലും പ്രയാസങ്ങള്‍ തൊട്ടു തീണ്ടാത്ത വ്യക്തിയെ ചൂണ്ടിക്കാട്ടുക പ്രയാസം തന്നെ. സന്തോഷങ്ങളും സന്താപങ്ങളും ഇടകലരുമ്പോഴാണ് ജീവിതം ആനന്ദകരമാകുന്നത്. 
ഇസ്ലാമിലെ പ്രധാന രണ്ട് ആഘോഷങ്ങളില്‍ രണ്ടാമത്തേതാണ് ബലിപെരുന്നാള്‍. മാസം മുഴുവനും നോമ്പനുഷ്ടിച്ച് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കിയ വിശ്വാസികള്‍ക്കാണ് ഒന്നാം ആഘോഷമായ ചെറിയപെരുന്നാള്‍ അല്ലാഹും സംവിധാനിച്ചിട്ടുള്ളത്. പകലന്തിയോളം പട്ടിണി കിടന്ന് പാവപ്പെട്ടവന്റെ ദുരിതങ്ങള്‍ അനുഭവിച്ചറിയുമ്പോള്‍ സഹജീവികളോടുള്ള സ്‌നേഹവും അടുപ്പവും വര്‍ദ്ധിക്കുന്നു. വിശന്നവന്റെ കഷ്ടതകളും പ്രയാസങ്ങളും സ്വയം ജീവിതം കൊണ്ട് അനുഭവിച്ചറിയുമ്പോള്‍ പാവപ്പെട്ടവന് സഹായ ഹസ്തം അനിവാര്യമാണെന്ന തിരിച്ചറിവ് വരുമ്പോള്‍ ഈദുല്‍ ഫിത്വറില്‍ അഥവാ ചെറിയ പെരുന്നാളിന് ഫിത്വ്‌റ് സകാത്ത് പാവപ്പെട്ടവന് നല്‍കണമെന്ന അല്ലാഹുവിന്റെ കല്‍പന മനസ്സാന്നിദ്യത്തോടെ കൊടുത്തു വീട്ടുവാന്‍ വിശ്വാസിയെ പ്രാപ്തരാക്കുന്നു.

ഇസ്ലാമിലെ പഞ്ചസ്ഥംഭങ്ങളിലെ അഞ്ചാമത്തേതും സുപ്രധാനവുമായ ഘടകമാണ് ഹജ്ജ് കര്‍മ്മം. മറ്റു ഇബാദത്തുകള്‍ അവന്‍ എവിടെയാണോ താമസിക്കുന്നത് അവിടെ വെച്ച് ചെയ്യാവുന്ന കാര്യങ്ങളാണെങ്കില്‍ ഹജ്ജ് കര്‍മ്മം വിശുദ്ധ മക്കയില്‍ ചെന്ന് മാത്രമേ നിര്‍വഹിക്കാനാകൂ. ആ സുദിനവും ആഘോഷപൂര്‍ണമാക്കാനാണ് അല്ലാഹുവിന്റെ കല്‍പന. 
ഹജ്ജ് കര്‍മ്മവും ബലിപെരുന്നാളും സമൂഹത്തിലേക്ക് ഒരുപാട് സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. ത്യാഗ്യോജ്വല ജീവിതം കൊണ്ട് സമൂഹത്തിന് ഒന്നടങ്കം മാതൃക കാട്ടിയ പ്രവാചകര്‍ ഇബ്രാഹീം നബി (അ) യുടെയും പ്രീയതമ ഹാജറ ബീവിയുടെയും പുത്രന്‍ ഇസ്മാഈല്‍ (റ) ന്റയും ത്യാഗ നിര്‍ഭരമായ ജീവിതത്തെ വരച്ചു കാട്ടുന്നതാണ് ബലിപെരുന്നാള്‍ സുദിനം. പൂര്‍വ്വ സൂരികള്‍ ജീവിതം കൊണ്ട് വരച്ചുകാണിച്ച സന്ദേശങ്ങളും അവരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതം മനുഷ്യകുലം ഒന്നടങ്കം അയവിറക്കികൊണ്ടേയിരിക്കുകയും അവരുടെ പാഥ പിന്‍പറ്റി ജീവിതം ഭാസുരമാക്കാനുമാണ് ഇത്തരം സുദിനങ്ങള്‍ അനുവദിച്ചിട്ടുള്ളത്.

ഇബ്രാഹീം നബി (അ) യുടെ ജീവിതം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു. ഭൂലോകത്ത് ഏറ്റവും ത്യാഗം സഹിക്കേണ്ടി വരുന്നത് അമ്പിയാക്കളാണെന്ന പ്രവാചകാദ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ഇബ്രാഹീം നബി(അ)യുടെ ജീവിതത്തില്‍ നമുക്ക് കാണാം.
തന്റെ സമൂഹത്തിലേക്ക് പ്രബോധന ദൗത്യമേല്‍പ്പിച്ച് അല്ലാഹും ഇബ്രാഹീം നബി (അ) യെ നിയോഗിച്ചു. സത്യത്തിലേക്ക് ക്ഷണിക്കലും പ്രബോധനം ചെയ്യലും എക്കാലത്തും ദുര്‍ഗ്ഗഢമായത് പോലെ ഇബ്രാഹീം നബി (അ) യും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭ കുറിച്ചത് മുതല്‍ പരീക്ഷണങ്ങളുടെ തുടക്കമായിരുന്നു. 

പ്രബോധന ദൗത്യം ഏറ്റെടുത്തു ഗോദയിലിറങ്ങിയപ്പോള്‍ തന്നെ തന്റെ കുടുംബത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന പ്രയാസങ്ങള്‍. ആദ്യമായി ഏല്‍കേണ്ടി വന്നത് സ്വകുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പാണ്. ബഹുദൈവരാധന കൊടികുത്തി വാണിരുന്ന സാഹചര്യത്തിലേക്ക് ഏക ദൈവ വിശ്വാസ പ്രബോധന ദൗത്യം ഏറ്റെടുത്ത് ഇറങ്ങിത്തിരിച്ചപ്പോള്‍ ഉള്‍കൊള്ളാനോ കൂടെ നടക്കാനോ ഇല്ലാത്തതിന്റെ പ്രയാസം ഏറെ അനുഭവിക്കേണ്ടി വന്നു ഖലീലുല്ലാഹി ഇബ്രാഹീം നബി (അ) ന്.

1.അഗ്നി കുണ്ഡാരം
ഇസ്ലാമിലേക്ക് ജനങ്ങളെ സൗമ്യമായ ഭാഷയില്‍ പ്രബോധനം ചെയ്തപ്പോള്‍ തന്റെ പ്രചകളില്‍ നിന്നുള്ള ജനങ്ങള്‍ ഇബ്രാഹീം നബി (അ) യുടെ പ്രബോധന വലയത്തില്‍ പെട്ട് പോകുമോയെന്ന ഭീതി കാരണം ശത്രുപക്ഷത്തുള്ള നംറൂദ് ഇബ്രാഹീം നബി (അ) യെ അഗ്നികുണ്ഡാരത്തിലെറിയാന്‍ തീരുമാനിച്ചു. സത്യ പ്രബോധനത്തെ എന്നെന്നേക്കുമായി നാമാവശേഷമാക്കാനുള്ള തത്രപ്പാടിലായിരുന്നു നംറൂദിന്റെ കടുത്ത തീരുമാനം വരുന്നത്. തീരുമാനം നടപ്പില്‍ വരുത്താന്‍ പ്രചകള്‍ക്ക് നിര്‍ദ്ധേശം നല്‍കി. താന്‍ നിലകൊള്ളുന്ന പ്രസ്ഥാനം അല്ലാഹുവില്‍ നിന്നുള്ള താണെന്ന അജഞ്ചലമായ വിശ്വാസം എറിയപ്പെട്ട തീ കുണ്ഡാരത്തില്‍ നബി(അ) ക്ക് കൂട്ടായി. സത്യപ്രസ്ഥാനത്തെ ഊതി കെടുത്താന്‍ ഒരിക്കലും സാധിക്കില്ലെന്ന വിളംബരമായിരുന്നു ആ അഗ്നി കുണ്ഡാരത്തിലെ ഇബ്രാഹീം നബി (അ) യുടെ ജീവിതം അടയാളപ്പെടുത്തുന്നത്. ‘നീ ഇബ്രാഹീമിന് തണുപ്പും രക്ഷയുമാകണമെന്ന’ അല്ലഹുവിന്റെ കല്‍പനക്ക് മുമ്പില്‍ സൃഷ്ടിയായ തീയിന് അനുസരിക്കാനെ സാധി ച്ചുള്ളു ഇബ്രാഹീം നബി (അ) ആ തീകുണ്ഡാരം സ്വര്‍ഗ്ഗ സമാനമായി മാറി.

2. മക്കളില്ലാത്ത വിഷമം
ഒരു കുഞ്ഞിക്കാല്‍ കാണുക എന്നത് ഏതൊരുത്തന്റെയും അഭിലാഷമാണ്. ദാമ്പത്യ ജീവിതത്തിലെ പ്രധാന ലക്ഷ്യവും സന്താനോല്‍പാദനമാണല്ലോ. ഇബ്രാഹീം നബി (അ) ക്ക് വയസ്സേറെയായിട്ടും മക്കളില്ലായിരുന്നു. മനം നൊന്ത് വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്ക് ജീവിത സായാഹ്നത്തിലാണ് അല്ലാഹു ഹാജറ ബീവിയിലൂടെ ഇസ്മാഈലി (അ) നെയും സാറ ബീവിയിലൂടെ ഇസ്ഹാഖ് (അ) നെയും നല്‍കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ക്ഷമക്കുള്ള പാരിതോഷികമായിരുന്നു രണ്ടു മക്കള്‍. ജീവിതത്തിന്റെ നല്ല കാലം മുഴുവനും മക്കളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ഇബ്രാഹീം നബി (അ)

3.ഭാര്യയേയും മകനേയും ഉപേക്ഷിക്കാനുള്ള കല്‍പന
ജീവിത സായാഹ്നത്തില്‍ പ്രാര്‍ത്ഥനക്കൊടുവില്‍ ലഭിച്ച പ്രീയ പുത്രന്‍ ഇസ്മാഈലി (അ) നെയും ഭാര്യ ഹാജറ (റ) യേയും ആരാരും കൂട്ടിനില്ലാത്ത വിചനമായ മക്കാ മരുഭൂമിയില്‍ ഉപേക്ഷിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന ശിരസ്സാ വഹിക്കാന്‍ നിശ്ചയ ദാര്‍ഢ്യമുള്ള ഇബ്രാഹീം നബി (അ)ക്ക് തെല്ലും പ്രയാസമായിരുന്നില്ല. തന്റെ ഭാര്യ ഹാജറയേയും മകന്‍ ഇസ്മാഈലിനെയും മക്കാ മരുഭൂമിയില്‍ വെള്ളവും ഭക്ഷണപഥാര്‍ത്ഥങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് പാര്‍പ്പിച്ച് ഇബ്രാഹീം നബി (അ) ക്ക് ഫലസ്തീനിലേക്ക് മടങ്ങി വരേണ്ടി വന്നു. ഏതു ഭാരമേറിയതും കൈപ്പേറിയ പരീക്ഷണങ്ങളാണ് അല്ലാഹുവില്‍ നിന്ന് വരുന്നത് അത് പരിപൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനുള്ള വലിയ സന്ദേശമാണ് ഈ ത്യാഗം കൊണ്ട് ഇബ്രാഹീം നബി (അ) ലോക സമൂഹത്തിന് നല്‍കുന്ന പാഠം

4.ഇസ്മാഈല്‍ നബി (അ)യെ അറുക്കാനുള്ള നിര്‍ദ്ധേശം
പരീക്ഷണങ്ങളില്‍ ചിലത് കാഠിന്യമേറുമ്പോള്‍ വിശ്വാസം തന്നെ കളഞ്ഞു കുളിക്കുക എന്നത് മനുഷ്യ സഹജമാണ്. ദാരിദ്ര്യം ദൈവനിഷേദത്തിലേക്ക് അടുപ്പിക്കുമെന്ന പ്രവാചകാദ്യാപനം വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. എന്നാല്‍ അജഞ്ചലമായ വിശ്വാസം അതിനെ തകര്‍ക്കാന്‍ ഒരു പരീക്ഷണങ്ങള്‍ക്കുമാകില്ലെന്ന പാഠമാണ് ഇബ്രാഹീം നബി (അ) യുടെ ജീവിതം സമൂഹത്തിന് നല്‍കുത്. തന്റെ തുള്ളിക്കളിക്കാന്‍ പ്രയാമായ പ്രീയ പുത്രനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ബലി നല്‍കണമെന്ന കല്‍പന അല്ലാഹുവിന്റെ ഭാഗത്തു നിന്നുണ്ടായപ്പൊള്‍ പകച്ച് മാറി നില്‍ക്കാതെ കല്‍പന നിറവേറ്റാന്‍ ഇബ്രാഹീം നബി (അ) കാണിച്ച മനോ ദൈര്യം ചരിത്രം എന്നും സ്മരിച്ചു കൊണ്ടേയിരിക്കും. തനിക്ക് ലഭിച്ച അല്ലാഹുവിന്റെ കല്‍പന പ്രീയ പുത്രന്‍ ഇസ്മാഈല്‍ (അ) നോട് പറഞ്ഞപ്പോള്‍ മകനും തെല്ലും ഭീതിയോ വെപ്രാളമോ കാട്ടിയില്ല മറിച്ച് അല്ലാഹുവിന്റെ കല്‍പന നിറവേറ്റാന്‍ തന്റെ പിതാവിന് ഊര്‍ജ്ജം പകര്‍ന്നു കൊടുക്കുകയാണ് ചെയ്തത്. ഓ എന്റെ പിതാവെ കല്‍പിച്ചത് പ്രകാരം ചെയ്തുകൊള്ളുക എന്ന ഇസ്മാഈല്‍ നബി (അ) യുടെ വാക്കുകള്‍ അര്‍പ്പണ ബോധത്തിന്റെ മകുടോദാഹരണമായി ചരിത്രത്തില്‍ ഇന്നും അവശേഷിക്കുന്നു.

അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് അറുക്കാന്‍ കൊണ്ട് പോയ മകന് പകരം അല്ലാഹു ആടിനെ ഇറക്കി കൊടുത്ത് അറുക്കാന്‍ നിദ്ദേശിച്ചതും പരീക്ഷണങ്ങളില്‍ വിജയം കൈവരിച്ചുവെന്ന അല്ലാഹുവിന്റെ പ്രഖ്യാപനവും ഇബ്രാഹീം നബി (അ) യുടെ സ്ഥാനം മനസ്സിലാക്കാന്‍ ഉപയുക്തമാണ്. ഇങ്ങിനെയാണ് വലിയ പെരുന്നാളിന് ബലി പെരുന്നാള്‍ എന്ന് നാമകരണമുണ്ടായത്. ഇബ്രാഹീം നബി (അ) യേയും മകന്‍ ഇസ്മാഈലിനേയും ലോക മുസ്ലിമീങ്ങള്‍ അനുസ്മരിച്ച് കൊണ്ട് പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും മുസ്ലിമീങ്ങള്‍ ബലി കര്‍മ്മം നിര്‍വ്വഹിച്ച് ഇബ്രാഹീം നബി (അ)ക്കു ഇസ്മാഈല്‍ നബി (അ) ക്കും പിന്തുണ അറിയിക്കുന്നു.

ഇങ്ങിനെ നീളുന്നു ഇബ്രാഹീം നബി(അ) യുടെ ത്യാഗപൂര്‍ണ്ണ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകള്‍. ഹജ്ജില്‍ നിഴലിച്ച് നില്‍ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ആ മൂവര്‍ സംഘത്തെ അനുസ്മരിക്കുന്നുണ്ട്. സഫാ മര്‍വ്വകള്‍ക്കിടയിലുള്ള ഓട്ടം ഹാജറ ബീവി തന്റെ മകന് ഒരിറ്റ് ദാഹജലം തേടി നെട്ടോട്ടമോടിയ കഥായാണ് പറഞ്ഞു തരുന്നതെങ്കില്‍ കഅ്ബക്ക് മുമ്പില്‍ ഉയര്‍ന്ന് നില്‍കുന്ന മഖാം ഇബ്രാഹീം കഅ്ബാ നിര്‍മാണ സമയത്ത് ആവശ്യാനുസരണം ഉയരുകയും താഴുകയും ചെയ്യുന്ന അമാനുഷിക കല്ലും. ജംറകളില്‍ കല്ലെറിയുമ്പോള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ക്കെന്നും വിലങ്ങ് നില്‍കുന്ന പിശാചിനോടുള്ള സമരവും ഇസ്മാഈല്‍ നബി (അ) യെ അറുക്കാന്‍ കൊണ്ട് പോകുമ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സാത്താനിനെ നേരെയുള്ള കല്ലേറിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നും നടക്കുന്ന കല്ലേറ്. 

ആഘോഷങ്ങള്‍ ആനന്ദമാക്കുമ്പോഴും അതിന് പിന്നിലുള്ള സംഭവങ്ങള്‍ മനസ്സിലാക്കി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ ആഘോഷം അര്‍ത്ഥമുള്ളതാകൂ. പൂര്‍വ്വ വൈര്യമെല്ലാം മറന്ന് അല്ലഹു കല്‍പ്പിക്കുന്ന കല്‍പനകള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പിന്തുടര്‍ന്ന് ഏതു പ്രധിസന്ധി ഘട്ടങ്ങളിലും വിശ്വാസം മുറുകെ പിടിച്ച് സഹജീവികളോടുള്ള സ്‌നേഹവും സൗഹാര്‍ദ്ധവും ഊട്ടിയുറപ്പിക്കാന്‍ സാധിക്കുമ്പോള്‍ യതാര്‍ത്ഥത്തില്‍ ആഘോഷം ആനന്ദം ജീവിതം ഭാസുരവുമാകൂ.

ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക
(ഇമാം യു എ ഇ ഔഖാഫ് മസ്ജിദ്) 
ഫലജ് മുഅല്ല, ഉമ്മുല്‍ ഖുവൈന്‍

No comments: