ഏറ്റവും പുതിയ സത്യധാരയുടെ എഡിറ്റോറിയൽ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടു തമിഴകത്ത് നടന്ന പ്രതിഷേധങ്ങളും സമരങ്ങളും വെച്ചുള്ള ഒരു ചെറുകുറിപ്പായിരുന്നു. അതിൽ സവർണ്ണ ഫാസിസ്റ് ഭരണകൂടം നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപ്പത്തെ തന്നെ തകർക്കുന്ന സമീപനങ്ങളെ പറ്റി എഴുതിയത് കണ്ടു.
"...സമീപകാലത്ത് ഇന്ത്യയില്‍ ഒരു ഏകശിലാത്മക സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ സിവില്‍ നിയമം തന്നെ വേണമെന്നും വൈവിധ്യം പാടില്ല എന്നുമുള്ള വാദങ്ങള്‍. ഒരു വിഭാഗം ആരാധ്യവസ്‌തുവായി കാണുന്ന പശുവിനെ മറ്റെല്ലാവരും അങ്ങനെ തന്നെ കാണണമെന്ന ആക്രോശങ്ങള്‍."
സത്യധാര ഈ പ്രതികരിച്ച രീതിയും വാക്കുകളും വായിച്ചപ്പോൾ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ നടത്തി വരുന്ന 'മഹല്ലുകൾ ശിഥിലമാകരുത്' എന്ന കാമ്പെയ്‌നിൽ ഉയർത്തിക്കാട്ടിയ കാര്യങ്ങളുമായി ചേർത്തു വായിച്ചു നോക്കിയപ്പോൾ ഫാസിസ്റ്റുകൾ തങ്ങൾക്ക് അധികാരവും സ്വാധീനവും ലഭിച്ചപ്പോൾ എല്ലാത്തരം വിരുദ്ധാശയങ്ങളെയും സഹിഷ്ണുതയോടെ കണ്ടിരുന്ന രാജ്യത്തിന്റെ പതിവിന് വിരുദ്ധമായി തങ്ങൾക്ക് അനുകൂലമായി തോന്നുന്ന ഒരു സംസ്ക്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എങ്കിൽ ഇതേ പോലെ സമുദായത്തിലെ എല്ലാത്തരം സംഘടനകളെയും ആശയക്കാരെയും അതിന്റേതായ സ്ഥാനത്ത് മാന്യമായി ഉൾക്കൊണ്ട് കൊണ്ട് നല്ലനിലയിൽ പോയിരുന്ന നാട്ടിലുള്ള മുസ്ലിമീങ്ങളുടെ മൊത്തം കേന്ദ്രമായ മഹല്ലുകളിലെ സ്വാധീനം ഉപയോഗിച്ച് സമസ്തയുടേത് മാത്രമാക്കാൻ ശ്രമിക്കുന്നവരും ഈയടുത്തായി ചെയ്യുന്നത് ഇത് തന്നെയല്ലേ എന്ന് തോന്നി!.
വായനക്കാർക്ക് കാര്യം മനസ്സിലാകാൻ സമസ്ത നൽകുന്ന, മഹല്ല് കമ്മറ്റികളുടെ ഭരണഘടന രെജിസ്റ്റർ ചെയ്യാൻ വേണ്ടി പൂരിപ്പിക്കാവുന്ന തരത്തിൽ മഹല്ലുകൾക്ക് നൽകുന്ന കരടിൽ ഉള്ള ഭാഗങ്ങൾ താഴെ കൊടുക്കുന്നു (ഇതാണ് സൊസൈറ്റീസ് ആക്ട് പ്രകാരം മഹല്ലിന്റെ പേരിൽ രെജിസ്റ്റർ ചെയ്യപ്പെടുക):
മഹല്ലിന്റെ പേരും വിലാസവും ഓഫീസും പ്രവർത്തന പരിധിയും 1 മുതൽ 4 വരെ നമ്പറിട്ട് രേഖപ്പെടുത്തിയ ശേഷം അഞ്ചാമത്തെ പോയന്റ് "ഉദ്ദേശ്യങ്ങൾ" എന്ന ടൈറ്റിലിലാണുള്ളത്. അതിൽ A മുതൽ L വരെ കമ്മറ്റിയുടെ വിവിധങ്ങളായ ഉദ്ദേശ്യങ്ങൾ വിവരിക്കുന്നതിൽ ചിലത് പുസ്തകത്തിലെ നമ്പറുകൾ സഹിതം വായിക്കുക:
(5 - G) "1925 ൽ സ്ഥാപിച്ചു സൊസൈറ്റീസ് രജിസ്‌ത്രേഷൻ ആക്ട് പ്രകാരം കോഴിക്കോട് ജില്ലാ രെജിസ്ട്രാഫീസിൽ 1934 - 35ൽ ഒന്നാം നമ്പരായി രെജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്നതും ഇപ്പോൾ കോഴിക്കോട് ഫ്രാൻസിസ് റോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആദർശമനുസരിച്ച് അഹ്ലുസ്സുന്നത്തി - വൽ - ജമാഅത്തിന്റെ ആശയാദർശങ്ങൾ മഹല്ലിൽ പ്രചരിപ്പിക്കുക".
ശേഷം '5 - H' എന്ന നമ്പറിൽ പള്ളിയിലെ ദർസിലെ മുദരിസ് '5 - G' യിൽ പറഞ്ഞ സമസ്തയെ പൂർണ്ണമായി അംഗീകരിക്കുന്ന ആളായിരിക്കണം എന്നും കമ്മറ്റി പരിധിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ മേൽപ്പറഞ്ഞ സമസ്തയുടെ തീരുമാനം അന്തിമമായിരിക്കും എന്നും പറയുന്നു. പിന്നീട് 'നിയമങ്ങളും ചട്ടങ്ങളും' എന്ന ശീർഷകത്തിൽ മുകളിൽ ഉദ്ധരിച്ചതും അല്ലാത്തതുമായ പലതും പറഞ്ഞ കൂട്ടത്തിൽ ജനറൽ ബോഡിയുടെ മെമ്പറാകാനുള്ള നിബന്ധനകൾ പറയുന്നത് ശ്രദ്ധിക്കുക:
(8). "ജനറൽ ബോഡി:
വിശ്വാസപരമായി അശ്അരി, മാതുരീദി, എന്നിവയിലൊരു വഴിയും അനുഷ്ഠാനപരമായി ശാഫിഈ മദ്ഹബ് സ്വീകരിക്കുന്നവരും 5 - G യിൽ പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആദർശമനുസരിച്ച് അഹ്ലുസ്സുന്നത്തി - വൽ - ജമാഅത്തിൽ അടിയുറച്ചു വിശ്വസിച്ചു പ്രവർത്തിക്കുന്നവരും അതാത് കാലത്തെ കമ്മിറ്റി നിശ്ചയിക്കുന്ന വാർഷിക വരിസംഖ്യ അടച്ച് നിശ്ചിത ഫോറത്തിൽ നിലവിലുള്ള കമ്മിറ്റിയോട് അപേക്ഷിച്ചവരിൽ ഉത്തമവിശ്വാസത്തോടെ കമ്മറ്റി അംഗീകരിക്കുന്ന 18 വയസ്സ് പൂർത്തിയായ ഓരോ പുരുഷനും ജനറൽ ബോഡി അംഗങ്ങളാകാവുന്നതാണ്".
തുടർന്ന് 11 ആം നമ്പറായി 'ജനറൽ ബോഡിയുടെ അധികാരങ്ങളും ചുമതലകളും' എന്ന ടൈറ്റിലിൽ നമ്പറിട്ടു കൊണ്ട് പറയുന്ന കാര്യങ്ങളിൽ 'C' നമ്പറിൽ പറയുന്നത് ഇങ്ങനെ:
(11 - C) "ജനറൽ ബോഡി അംഗങ്ങളിൽ ആരെങ്കിലും എട്ടാം വകുപ്പിന്റെ (മുകളിൽ കൊടുത്തിട്ടുണ്ട്) യോഗ്യതക്ക് ഹാനി വരുത്തിയതായി ബോധ്യപ്പെട്ടാൽ അവരുടെ അംഗത്വം ദുർബലപ്പെട്ടു പോകുന്നതും, കമ്മിറ്റിയിൽ അവർക്കുള്ള എല്ലാ അധികാരങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു പോകുന്നതുമാണ്".
പിന്നീട് 22ആമത്തെ നമ്പറായി 'ഉദ്യോഗസ്ഥന്മാരുടെ നിയമനം' എന്ന ഹെഡ്ഡിംഗിൽ ഉള്ളതിങ്ങനെ:
(22 - A) " ഈ കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന സ്ഥാപനങ്ങളിൽ മതപരമായ ആവശ്യങ്ങൾക്ക് വേണ്ടി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാർ 5G ൽ പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ വിശ്വാസാചാരപ്രകാരം വിശ്വസിച്ചു പ്രവർത്തിക്കുന്ന, സുന്നത്ത് ജമാഅത്തിൽ അടിയുറച്ചവരും കമ്മിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളോട് പൂർണ്ണമായും യോജിക്കുന്നവരും ആയിരിക്കണം".
പിന്നീട് ഭേദഗതികളെ പറ്റി പറയുന്നിടത്ത് മേൽ എഴുതപ്പെട്ട 5G ഒരു കാരണവശാലും ഭേദഗതി ചെയ്യപ്പെടാവതല്ല എന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
നോക്കൂ, ഏതൊരു കമ്മിറ്റിയുടെയും ഏറ്റവും അടിസ്ഥാനമായ താഴെക്കിടയിൽ ഉള്ളവരെ അടക്കം ഉൾക്കൊള്ളുന്ന സഭയാണ് ജനറൽ ബോഡി. ഈ കരട് പ്രകാരം രെജിസ്റ്റർ ചെയ്യപ്പെടുന്ന മഹല്ലിൽ സമസ്തക്കാർ അല്ലാത്ത ഒരാൾക്കും, അയാൾ മറ്റു സംഘടനക്കാർ ആകട്ടെ സംഘടന ഇല്ലാത്തവർ ആകട്ടെ അവർക്കാർക്കും ജനറൽ ബോഡിയിൽ സ്ഥാനമുണ്ടാവില്ല. നിലവിൽ ഉള്ളവർക്ക് അഭിപ്രായ സ്വാതന്ത്ര്യവും അംഗത്വവും നഷ്ടമാകും എന്നാണ് നടപ്പിലാക്കപ്പെടുന്നത്. നാട്ടിൻ പുറങ്ങളിൽ എല്ലായിടങ്ങളിലും നിലവിൽ സമസ്തയിൽ രെജിസ്റ്റർ ചെയ്ത പള്ളികളിലും മഹല്ലുകളിലും പോലും എല്ലാ വിഭാഗങ്ങളും ഒന്നിച്ചാണ് മഹല്ല് ഭരിക്കുന്നത്. സംഘടനാ ഭേദമന്യേ നാട്ടുകാർ എല്ലാവരും ചേർന്ന് തിരഞ്ഞെടുക്കുന്ന ഭരണസമിതി എല്ലാവരെയും ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതാണ് വഴക്കം.
അങ്ങനെ ഐക്യത്തോടെ പോകുന്ന മഹല്ലുകളിൽ ഈ നിയമങ്ങൾ രെജിസ്റ്റർ ചെയ്യപ്പെടുകയും അത് നടപ്പിൽ വരുത്തുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും? സ്വാഭാവികമായും ഇത്രയും കാലം മഹല്ല് ഒറ്റക്കെട്ടായി നടത്തിക്കൊണ്ടു പോകുന്നതിൽ മുഖ്യപങ്കു വഹിച്ച പലരും സംഘടനാ പ്രവർത്തകർ അല്ല എന്നതിന്റെ പേരിൽ പുറത്താക്കപ്പെടുകയും ജനറൽ ബോഡിയിൽ പോലും സ്ഥാനമില്ലാതാകുകയും ചെയ്യും. കോടതിയിൽ പോയാലും ഇത് രെജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ ഒന്നും നടക്കില്ല. മറ്റു സംഘടനക്കാർ ഇത് അംഗീകരിക്കുമോ? സമ്മതിക്കുമോ? പിന്നെ അവിടെ പ്രശ്നങ്ങളും മഹല്ല് ശിഥിലീകരണവും നടക്കും എന്നതിൽ സംശയമുണ്ടോ?!
ഈ കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന മദ്രസകളിലും പള്ളിയിലും ദര്സിലും മറ്റുമൊന്നും സമസ്തക്കാരല്ലാത്ത ആരെയും നിയമിക്കാൻ പാടില്ല!. ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നതോ അത് എല്ലാ സംഘടനക്കാരും ഉൾക്കൊള്ളുന്ന മഹല്ല് നിവാസികൾ എല്ലാവരും ചേർന്നും. ഈയൊരു നിയമങ്ങൾ രെജിസ്റ്റർ ചെയ്യപ്പെട്ടാൽ പിന്നെ സമസ്തക്കാർ അല്ലാത്ത ഒരാൾക്ക് മഹല്ലിൽ വല്ല അഭിപ്രായ സ്വാതന്ത്ര്യവും അവകാശവും ഉണ്ടാകുമോ എന്നാലോചിച്ചു നോക്കൂ. ഇങ്ങനെ സംഭവിച്ചാൽ പിന്നെ പള്ളികളിലും മഹല്ലുകളിലും പ്രശ്നങ്ങൾ എല്ലായിടത്തും വരില്ലേ?
ഇങ്ങനെ ഒക്കെയുള്ള നിയമങ്ങൾ രെജിസ്റ്റർ ചെയ്യപ്പെട്ടാൽ അതും ഭേദഗതി പോലും സാധ്യമല്ലാത്ത വിധം സംവിധാനിച്ചാൽ എന്താകും മഹല്ലുകളുടെ സ്ഥിതി?. ഇന്ന് ബാക്കിയുള്ള ചുരുക്കം നേതാക്കന്മാർ എങ്കിലും ഐക്യത്തിനും സാഹോദര്യത്തിനും മുൻഗണന കൊടുക്കുന്നുണ്ട്, അവരും മരിച്ചു തീർന്ന് സമസ്ത വെറും സങ്കുചിത താല്പര്യക്കാരായ കുട്ടികളുടെ കയ്യിൽ എത്തിയാൽ അവർ എങ്ങനെയാകും ഇതൊക്കെ കൈകാര്യം ചെയ്യുക?! മയ്യിത്ത് കട്ടിൽ പോലും മരിച്ചത് മറുസംഘടനക്കാരൻ ആയതിന്റെ പേരിൽ കൊടുക്കാത്ത അനുഭവം ഇപ്പോൾ തന്നെ നാം വായിച്ചു കഴിഞ്ഞു, ഇനിയങ്ങോട്ട് എന്താകും സ്ഥിതി?! നിസ്‌കരിക്കാൻ പോലും വേറെ സംഘടനക്കാരെ അനുവദിക്കാത്ത വിധം സങ്കുചിതത്വം വളരില്ല എന്ന് നമുക്കെങ്ങനെ ഊഹിക്കാൻ കഴിയും?.
മുമ്പില്ലാത്ത ഇത്തരം പുതിയ നിയമങ്ങൾ കൊണ്ട് വന്ന് മഹല്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെതിരെ ശബ്ദിക്കൽ അനിവാര്യമല്ലേ?! ഇല്ലെങ്കിൽ ഇപ്പോൾ തന്നെ പലപള്ളികളും തമ്മിലടി കാരണം നിസ്കാരം പോലുമില്ലാതെ പൂട്ടപ്പെട്ട് കിടക്കുന്ന അവസ്ഥ നാട് മുഴുവൻ വരില്ലേ? തീർച്ചയായും അതാണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് സംസ്ഥാനയുടെ കാമ്പെയിൻ നടത്തിയത്. സദുദ്ദേശ്യവും ഗുണകാംക്ഷയും മാത്രമേ സംഘത്തിനുള്ളൂ എന്നത് വരും കാല മുസ്ലിം കൈരളി തെളിയിക്കുക തന്നെ ചെയ്യും.
ആദ്യം കയ്ക്കുന്നത് പിന്നീട് മധുരിക്കാനാണെന്ന് തിരിച്ചറിയാതെ പോകില്ല. ഇൻശാ അല്ലാഹ്...
കടപ്പാട്
എഴുതിയ വ്യക്തിയോട്
എഴുതിയ വ്യക്തിയോട്


No comments:
Post a Comment