യു എ റഷീദ് അസ്ഹരി ,പാലത്തറഗൈറ്റ്
തൃശൃര്‍: കടലലകളെ തഴുകി ഒഴുക്കിനെതിരെ തുഴഞ്ഞ് ഇസ്ലാമിക ദീപശിഖ അണയാതെ നമ്മിലേക്കെത്തിച്ച പുണ്യ സ്വഹാബ: മാലിക് ദീനാര്‍ (റ) വും സംഘവും പാദമൂന്നി അനുഗ്രഹീതമായ തൃശൂരിന്‍റെ മണ്ണ് ഒരിക്കല്‍ കൂടി ലോകത്തിന്‍റെ നെറുകെയില്‍ അത്യപൂര്‍വ്വമായൊരു ചരിത്ര നിയോഗത്തിന് സാക്ഷിയാവുന്നു. 'മുസ്ലിം നവോത്ഥാനത്തിന്‍റെ കേരളീയ പരിസരം ' എന്ന പ്രസക്തമായ പ്രമേയത്തില്‍ സാംസ്കാരിക ജില്ലയുടെ ഹൃദയഭാഗമായ പുഴക്കല്‍ പാടത്തെ പ്രവിശാലമായ 'താജുല്‍ ഉലമാ നഗരി'യില്‍ മാര്‍ച്ച് 3.
,4,5 തിയ്യതികളില്‍ നടക്കുന്ന 'സമസ്ത' ഉലമാ സമ്മേളനമാണ് ലോകത്തെ അത്യപൂര്‍വ്വമായൊരു മഹാ സംഗമത്തിനാണ് വേദിയാവുന്നത്. കേരള മുസ്ലികളുടെ ആധികാരിക പരമോന്നത പണ്ഡിത സഭയായ 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ' യുടെ കീഴില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മുന്‍ കൂട്ടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ 15000സ്ഥിരം പ്രതിനിധികള്‍ ഗഹനവും കാലിക പ്രസക്തവും ആധികാരികവുമായ പഠന സെഷനുകളിലൂടെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഉലമാ സമ്മേളനത്തിന്‍റെ സിംഹഭാഗവും വൈജ്ഞാനിക മുന്നേറ്റത്തിന്‍റെ പുതു ചരിതത്തിന് വേദിയാക്കും.
വെറും നാല്‍പ്പത് ദിവസം മാത്രം ബാക്കിയുളളപ്പോള്‍ പ്രഖ്യാപിച്ച സമ്മേളനത്തിന്‍റെ പ്രചരണപ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച് നടത്തുന്ന മഹാ സമ്മേളനങ്ങളെ വെല്ലും വിധമാണ്.സമ്മേളനം പ്രഖ്യാപിച്ചത് മുതല്‍ സമസ്ത കാര്യദര്‍ശി കാന്തപുരം ഉസ്താദ് അടക്കമുളള പണ്ഡിത നേതൃനിര ഓരോ നീക്കങ്ങളിലും മുഴുസമയ നിര്‍ദ്ദേശങ്ങളുമായി ഓടിനടക്കുന്നത് ഈ ചരിത്ര മഹാ സംഗമത്തിന്‍റെ വിജയത്തിന്‍റെ മാറ്റ് കൂട്ടുകയാണ്. വരക്കല്‍ തങ്ങളുപ്പാപ്പയുടെ കാലം തൊട്ടുളള ശ്രമഫലക്കാഴ്ച്ചകള്‍ക്ക് ലവലേശം പ്രഭ മങ്ങരുതെന്ന കര്‍ക്കശ ഭാവത്തില്‍ മുന്നേറുന്ന 'സമസ്ത'ക്ക് ,നവോന്മേഷം പകര്‍ന്ന 89ന് ശേഷമുളള അജയ്യ മുന്നേറ്റത്തിന്‍റെ ചരിത്ര വീഥിയിലുളള സാര്‍ത്ഥവാഹക നിരക്ക് സ്നേഹാതിഥ്യത്തിന്‍റെ നിറവും നിര്‍വൃതിയും പകരാന്‍ നിയോഗിതരായതും രണ്ട് തങ്ങന്മാര്‍ തന്നെയാണ് എന്നത് സമ്മേളനത്തിന്‍റെ ശോഭ കൂടുതല്‍ ജ്വലിപ്പിക്കുന്നു. സയ്യിദ് ഖലീല്‍ തങ്ങളും സയ്യിദ് ഫസല്‍ തങ്ങളും സമ്മേളന സ്വാഗത സംഘത്തിന്‍റെ താക്കോല്‍ സ്ഥാനത്തിരുന്ന് അവിശ്രമ യത്നങ്ങള്‍ക്ക് രാപ്പകല്‍ ഭേദമന്യേ നേതൃത്വം നല്‍കുമ്പോള്‍ താഴെ തട്ടിലെ പ്രവര്‍ത്തകര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാവുന്നു.സമ്മേളനത്തിന്‍റെ ഭാഗമായി 'സമസ്ത'ക്ക് കേരളത്തിലെ മുഴുവന്‍ താലൂക്കുകളിലും ജില്ലകളിലും പുതിയ സാരഥികള്‍ നിലവില്‍ വന്നതും രജിസ്ട്രേഷനിലെ റിക്കാര്‍ഡ് വര്‍ധനവും ഈ സമ്മേളനത്തെ ലോകത്ത് തന്നെ വേറിട്ടൊരു സംഗമമായി മാറ്റാന്‍ വഴികളൊരുക്കിയിരിക്കുന്നു.അഞ്ച് വര്‍ഷം മുമ്പ് കോട്ടക്കല്‍ കോഴിച്ചെനയില്‍ 10000പണ്ഡിത പ്രതിനിധികളെ ഒരുമിച്ച് കൂട്ടിയ സമ്മേളനം 15000ല്‍ പരം പ്രതിനിധികളെ കൊണ്ട് വേദി നിറഞ്ഞൊഴുകിയിരുന്നുവെങ്കില്‍ ഇക്കുറി 15000 എന്ന സംഘാടക സമിതിയുടെ ടാര്‍ജറ്റ് 25000 കടക്കുമെന്നാണറിയുന്നത്. 25000ത്തിലെ ഓരോ പണ്ഡിത പ്രതിനിധിയും ചുരുങ്ങിയത് 200 ആളുകളെയെങ്കിലും പ്രതിനിധീകരിച്ചാണ് തങ്ങളുടെ പ്രബോധനയിടങ്ങളില്‍ നിന്ന് 'താജുല്‍ ഉലമാ നഗരി'യിലെത്തുന്നത്..ഫലത്തില്‍ 'സമസ്ത ' മുന്നോട്ട് വെക്കുന്ന ഈ ചരിത്ര ദൗത്യ നിര്‍വ്വഹണത്തിന്‍റെ നവ ചുവടുവെപ്പ് ലക്ഷോപലക്ഷം ആളുകളുടെ ഹൃദയകങ്ങളിലേക്ക് പരന്നൊഴുകും. അങ്ങനെ കേരളം ആര്‍ജ്ജിച്ച ദീനീ ചൈതന്യം അതിരുകള്‍ ഭേദിച്ച് രാജ്യമാകെ പരലസിക്കാനും കേരള മോഡല്‍ കൊണ്ട് ഇന്ത്യയെ ആകെ ലോകത്തിന് മുന്നില്‍ ചൂണ്ടിക്കാണിക്കാനും ഈ മഹാ സംഗമം സാഹായകമാവും.സമ്മേളനത്തിന്‍റെ പ്രചരണം ആതിഥേയ ജില്ലയായ തൃശൂരില്‍ ചരിത്രമുന്നേറ്റമാണ് നടത്തിയിട്ടുളളത് നഗരത്തില്‍ മാത്രം ഇരുനൂറോളം പ്രചരണ കവാടങ്ങളും ജില്ലയിലുടനീളം 600ഓളം ചുമരെഴുത്തുകളും വിവിധ പ്രചാരണങ്ങളും കൊണ്ട് നാടിളക്കിക്കഴിഞ്ഞു. പ്രത്യേകം പരിശീലനം ലഭിച്ച സ്ക്വാഡ് ടീമംഗങ്ങള്‍ സമ്മേളനത്തിന്‍റെ സന്ദേശവുമായി ഇതിനകം തൃശൂര്‍ ജില്ലയിലെ മുഴുവന്‍ വീടുകളും കയറിയിറങ്ങിക്കഴിഞ്ഞു.സമ്മേളനത്തിന്‍റെ വിജയത്തിന് വിവിധ ജി സി സി രാഷട്രങ്ങളില്‍ നിന്നുളള പ്രവാസികളുടെ പിന്തുണയും പ്രവര്‍ത്തനങ്ങളും അത്ഭുതാവഹമായ ഈ സമ്മേളന വിജയത്തെ ബോധ്യപ്പെടുത്തുന്നതാണ്.നേതാക്കളുടെ ചെറിയ വാട്സ് ആപ്പ് സന്ദേശം കൊണ്ട് മാത്രം സമ്മേളനത്തിന്‍റെ വിജയവഴിയിലെ വിഭവ സമാഹരണങ്ങളിലും സഹായങ്ങളിലും റിക്കാര്‍ഡ് മുന്നേറ്റമാണ് പ്രവാസി സുഹൃത്തുക്കള്‍ നടത്തുന്നത്....
ലോകം ഉറ്റുനോക്കുന്ന ഈ മഹാ സമ്മേളനം രാജ്യത്തിന്‍റെ വൈജ്ഞാനിക-സാമൂഹിക-സാംസ്കാരിക രംഗത്ത് പുതു ചരിതങ്ങള്‍ രചിക്കുമ്പോള്‍ കേരളവും ഒാരോ കേരളീയനും അഭിമാനപൂരിതരാവുകയാണ്.✍


No comments:
Post a Comment