Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 20, 2017

കിനാവിലെ മണിയറ - ഭാഗം 19

സൈതാലിക്കായും മൈമൂനത്തായും ഇല്ലാത്ത ഒരു സമയം
ഉച്ചയായപ്പോഴേക്കും റാഷിദ് എത്തി..
"ആരുല്ലേ ഷാനീ ഇവടെ.."
"ഉപ്പ പണിക്ക് പോയി..ഉമ്മ ചോറു വാങ്ങിക്കാൻ പോയതാ..പിന്നെ
എനിക്ക് റാഷിദ്ക്കായോട് ഒന്നു സംസാരിക്കണായിരുന്നു .. "
ഷാനി പറഞ്ഞൂ..

"അതിനെന്താ ഷാനീ ..സംസാരിച്ചോളൂ.."
"ഇവിടെ വെച്ചല്ലാ..നമുക്ക് ആ വരാന്തയിലൂടെ കുറച്ച് നേരം നടക്കാം..ഇവിടെ ഒരു പ്രൈവസി ഇല്ലാ.."
"ഷാനീ ..ഇപ്പോ തന്നെ മുഖത്ത് നല്ല ക്ഷീണമുണ്ടല്ലോ..ഡോക്ടർ റസ്റ്റ് എടുക്കാൻ പറഞ്ഞതല്ലേ.. ഇങ്ങനെ വരാന്തയിലൂടെയൊക്കെ നടക്ക്ണത് കണ്ടാൽ.."
റാഷിദ് അവളെ വിലക്കി

"സാരല്യാ..റാഷിക്കാ..ഡോക്ടർ ചോദിച്ചാലൊക്കെ ഞാൻ പറഞ്ഞോളാ..ഇതൊരു അത്യാവശ്യ കാര്യായോണ്ടാ.. "
ഷാനി പറഞ്ഞു

"ഉം..ശരി..ന്നാ വാ.."
ഇരുവരും വരാന്തയുടെ ഓരം ചേർന്നു നടന്നു
"ഷാനീടെ ഉപ്പ വിളിച്ച് പറഞ്ഞപ്പോ ഞാനിത്രേം പ്രതീക്ഷിച്ചില്ലാട്ടോ..അടുക്കളേന്ന് കത്തിയെടുത്ത് കളിക്കുമ്പോ കുറച്ചൂടെയൊക്കെ ഒന്നു ശ്രദ്ധിക്കണ്ടേ.."

റാഷിദ് ഒരു ശാസനയുടെ രൂപത്തിൽ പറഞ്ഞു..
"റാഷിക്കാ..ഇങ്ങൾ വിചാരിക്ക്ണപോലെ ഇത് അറിയാതെ സംഭവിച്ചതല്ല...ഞാൻ അറിഞ്ഞോണ്ട് തന്നെ ചെയ്താണ്.."
എല്ലാം തുറന്നു പറയാൻ ഷാനി സന്നദ്ധയായിരുന്നു..

"എന്ത്..? എന്താ ഷാനി പറഞ്ഞേ...എന്തിനു..? ഷാനിക്ക് ഈ മേര്യേജ് ഇഷ്ടല്ലാന്നുണ്ടോ..എന്റെ ഭാഗത്ത് നിന്ന് ഷാനിക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടാായോ..?"
റാഷിദ് അത്യന്തം ഉത്കണ്ഠയോടെയും ആകാംക്ഷയോടെയും ചോദിച്ചു..

"എനിക്ക് ഒരു ഇഷ്ടക്കുറവുമില്ലാ..റാഷിക്കാ..ഞാൻ പൂർണ്ണ സമ്മതത്തോടെയും സന്തോഷത്തോടെയും ഇറങ്ങി വരുമായിരുന്നു
എല്ലാ സത്യങ്ങളും അറിഞ്ഞില്ലായിരുന്നില്ലായെങ്കിൽ.."
ഷാനി റാഷിദ്നോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു..

"റാഷിദ്ക്കാ പറയ്..ഞാനിനി എന്താ ചെയ്യേണ്ടത്..എല്ലാം മനസ്സിലാക്കി ആ കുറ്റബോധവും നീറുന്ന മനസ്സുമായി മറ്റൊരാളെ മനസ്സിലിട്ട് ഇക്കാനെ സ്നേഹിക്കണോ.. ഹിഷാം ഒരാഴ്ച വരേ എന്റെ ആരുമല്ലായിരുന്നു..പക്ഷേ ഇപ്പോ എല്ലാം അറിഞ്ഞുകഴിഞ്ഞപ്പോ ഞാനാകേ തളർന്നിരിക്കാ.."
അന്തംവിട്ടിരിക്കുന്ന റാഷിദിനെ നോക്കി വീണ്ടും  ഷാനി തുടർന്നു..
"ഒരു പോംവഴിയും മുന്നിൽ കാണാത്തോണ്ടാ ഇങ്ങനെ ഒന്നു തിരഞ്ഞെടുക്കേണ്ടി വന്നത്..എന്തുതന്നെയായാലും ഇനി റാഷിക്കാ പറയുന്ന പോലെ ഞാൻ ചെയ്തോളാ..പക്ഷേ ഇക്കാന്റെ കൂടെ ഞാൻ കഴിയുന്നത് ഒരു ജീവച്ഛവമാായിട്ടായിരിക്കും"
എന്തുപറയണമെന്നറിയാതെ റാഷിദ് കുഴങ്ങി..കല്യാണത്തിന് ഇനി രണ്ടാഴ്ച കൂടിയേ ഉള്ളൂ..നാടായ നാടെല്ലാം ക്ഷണിച്ചു..ഇനി പെട്ടെന്ന് വേണ്ടെന്ന് വെക്കാ എന്നൊക്കെ പറഞ്ഞാൽ എന്താ ചെയ്യാാ..
എങ്കിലും ഷാനിയുടെ നിസ്സഹായാവസ്ഥ കേട്ടിട്ട് സങ്കടം തോന്നുന്നു..
"ഞാൻ ശരിക്കും ഷാനിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു..എങ്കിലും...
സാരല്യ ഷാനീ..നീ പറഞ്ഞത് തന്നെയാണതിന്റെ ശരി.കല്യാണം കഴിഞ്ഞതിനു ശേഷം  വഞ്ചിച്ചിട്ട് പോവുന്ന ആ സ്വഭാവം കാണിക്കാൻ ഷാനി ശ്രമിച്ചില്ലല്ലോ..താങ്ക്യൂ..എന്റെ വീട്ടുകാർ ഇതിനെ എങ്ങനെയാ സ്വീകരിക്കാ അറിയില്ലാാ... എന്തെങ്കിലും ഒരു വഴി കാണാൻ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ.."
അവൾ നന്ദിപൂർവ്വം റാഷിദിനെ നോക്കി..

അന്ന് വൈകുന്നേരം തന്നെ ഡിസ്ചാർജ് എഴുതി വാങ്ങിട്ട് അവർ വീട്ടിലേക്ക് പോയി..
അന്നു
രാത്രിയായപ്പോ റാഷിദിന്റെ വീട്ടിന്ന് സൈതാലിക്കാക്ക് ഒരു കോൾ വന്നു..

ആ വാർത്ത കേട്ട് സൈതാലിക്ക തളർന്നു കട്ടിലിലിരുന്നു പോയി..
"എന്തേ..എന്താ പറ്റിയേ.."
മൈമൂനാത്താ ആധിയോടെ സൈതാലിക്കയുടെ അടുത്ത് വന്നിരുന്നു..
"അത്..റാഷിദിനും വീട്ടാർക്കും ഈ കല്യാണത്തിനു താല്പര്യല്ലാത്രെ.. അവനു നമ്മളെ ഷാനിയെ പോലെ ഒരു കുട്ടിനെയല്ലാ ആഗ്രഹിക്ക്ണത് എന്ന്..പാവം നമ്മളെ കുട്ടി..വെറ്തേ ഓനെ ആശിച്ചു പോയല്ലോ മൈമൂ..."
സൈതാലിക്കായുടെ കണ്ണുകൾ നിറഞ്ഞു..

"എന്താ ഇങ്ങളീ പറയ്ണേ..കല്യാണത്തിനിനി അധിക ദിവസല്ല
.അതിന്റെ എടേൽ ഓലിങ്ങനെ കാലു മാറാ പറഞ്ഞാൽ വെറുതെ വിടാനോക്കോ..ഇങ്ങൾ ന്റെ ആങ്ങള മൻസൂറിനെ വിളിക്കി.."
മൈമൂനത്താ ഫോൺ വിളിക്കാനായോടി..

ഷാനി എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു..പാവം റാഷിദ്ക്കാ..എനിക്ക് വേണ്ടി ഇപ്പോ വീട്ടുകാരിൽ നിന്ന് എത്രമാത്രം പഴി കേൾക്ക്ണ്ടാവും
"ഉപ്പാാ..ഞാനൊരു കാര്യം പറഞ്ഞാ ഇങ്ങൾ എന്നോട് ദേഷ്യപ്പെടോ...."
ഷാനി ഉപ്പാന്റെ അരികിൽ വന്നിരുന്നു..

"ന്താ മോളേ.."
"ഉപ്പാ.. ഈ കല്യാണം മുടക്കിയതിന് റാഷിദ്ക്കാനേം കുടുംബത്തേം കുറ്റപ്പെടുത്തണ്ടാ..ഞാൻ പറഞ്ഞിട്ടാ റാഷിദ്ക്കാ ഇത് ചെയ്തേ.."
അപ്രതീക്ഷിതമായ ഷാനിയുടെ വെളിപ്പെടുത്തൽ കേട്ടു രണ്ടുപേരും ഞെട്ടി..
"ന്താടീ..ഇയ്യ് പറഞ്ഞേ.."
അടക്കാനാവാത്ത ദേഷ്യവുമായി മൈമൂനത്താ ഷാനിക്ക് നേരെ പാഞ്ഞടുത്തു..
                 ‌ (തുടരും)

Shas

No comments: