Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 21, 2017

കിനാവിലെ മണിയറ - ഭാഗം 20

"എന്താടീ ഇയ്യ് പറഞ്ഞേ..
ഇയ്യ് ഉപ്പാനീം ന്നീം കൂടെപിറപ്പുകളെം നാണം കെടുത്തിയേ അടങ്ങുള്ളോ.. അനക്ക് സ്വപ്നം കാണാൻ കൂടി പറ്റാത്ത  ഇയ്യ് തകർത്ത് കളഞ്ഞേ..പൊന്നും പണവും ഒന്നുല്ലാാതെ ഇഞ്ഞിം അന്നെ കെട്ടാൻ ആൾക്കാർ വരുന്ന് തോന്നുണ്ടോ അനക്ക്..."
മൈമൂനത്താ ആർത്ത് അട്ടഹസിച്ചുകൊണ്ടേയിരുന്നു..

" ആ കടുംകൈ ചെയ്തത് തന്നെ ഞങ്ങൾ ക്ഷമിച്ചിരിക്കാ..എന്ത് തോന്നിവാസവും ചെയ്യാനുള്ള അഹങ്കാരായോ  ഷാനിബാ അനക്കിപ്പോ.."
ദേഷ്യം നിയന്ത്രിക്കാനാവാതെ മൈമൂനത്താ ഷാനിയെ തല്ലാനായി കയ്യോങ്ങി..
ഉമ്മാന്റെ അലർച്ച കേട്ട് ഷാഹിദയും സ്വാലിഹയും ഷാക്കിറയും പഠനം നിർത്തി ഒരു കാഴ്ച്ചക്കാരായി വന്നു നിന്നു..
"ഇയ്യൊന്നു അടങ്ങ് മൈമോ...ഓക്ക് പറയാനുള്ളതെന്താന്നൂടി കേക്കട്ടെ.."
ഷാനി ഒരു കുമ്പസാരകൂട്ടിൽ നിക്ക്ണപോലെ ഉപ്പാന്റെം ഉമ്മാന്റെം മുന്നിലിരുന്നു എല്ലാം തുറന്നു പറഞ്ഞു..
"ഉപ്പാ ..ഉമ്മാ ഇങ്ങളൊന്നു പറയ്..എല്ലാം അറിഞ്ഞിട്ടും ഞാനെങ്ങനാ ഹിഷാമിനെ തള്ളി പറയാ.."
ഒരു കരച്ചിലോടെ ഷാനി റൂമിലേക്ക് ഓടി ..
എനി എന്ത് ചെയ്യണമെന്നറിയാതെ സൈതാലിക്കയും മൈമൂനയും..

'ഇനിയിപ്പോ എന്താ റബ്ബേ.. ഞങ്ങൾ ചെയ്യേണ്ടത് നീ തന്നെ ഒരു വഴി കാണിച്ച് താ..കല്യാണത്തിനു ക്ഷണിച്ച  അഞ്ഞൂറോളം ആൾക്കാരോട് എന്തു മറുപടിയാ പറയാ..'
മൈമൂനത്താ നിസ്ക്കാരപായയിലിരുന്നു പൊട്ടിക്കരഞ്ഞു..

പിറ്റേന്ന് തന്നെ നാട്ടിലെ പ്രമുഖനായ അബൂബക്കർ ഹാജിയേയും കൂട്ടി സൈതാലിക്കാ ഹിഷാമിന്റെ വീട്ടിലേക്ക് പോയി..
"അസ്സലാമു അലൈക്കും കാദർമാഷേ.."
"വ അലൈക്കുമുസ്സലാാം.."
എന്താ ഹാജിയാരേ പതിവില്ലാതെ ഈ വഴിക്കൊക്കെ..
കാദർമാഷ് അദ്ഭുതത്തോടെ ചോദിച്ചു..

"വളച്ചുകെട്ടില്ലാതെ ഞമ്മള് ഒരു കാര്യം അന്നോട് പറയാൻ വന്നതാ..
അന്റെ മോന് ഹിഷാമിന്റെ കല്യാണക്കാര്യം.."
ഹാജിയാർ മുഖവുരയില്ലാതെ പറഞ്ഞു..

"ങേ...!
ന്താ ഹാജിയാരെ ഇങ്ങളീ പറയ്ണേ..ന്റെ മോന്  ഇരുപത്തിരണ്ട് വയസ്സ് തികഞ്ഞിട്ടേ  ഉള്ളു.. ..ഇപ്പോഴേ കല്യാണാലോചിക്കാനോ..മാത്രോ അല്ല..ഓന്റെ ജേഷ്ടൻ ഷുക്കൂറിന്റെയും പെങ്ങൾ സാജിദാന്റ്റെ യും കല്യാണം കഴിഞ്ഞിട്ടിപ്പോ ഒരു കൊല്ലാവ്ണേ ഉള്ളു.."
ഹാജിയാരുടെ വാക്ക് കാദർമാഷ് ചിരിച്ചു തള്ളി..

"ഓനിപ്പോ  ഇരുപത്തിരണ്ട് വയസ്സായിണല്ലോ.. .. വയസ്സൊന്നും നോക്കീട്ട് കാര്യല്ല കാദറേ... ഇതിപ്പോ വളരെ അത്യാവശ്യായി നടത്തേണ്ട കല്യാണമാ .."
ഹാജിയാർ പറഞ്ഞു..

"എന്താപ്പോ ഇത്ര അത്യാവശ്യായിട്ട് നടത്തേണ്ട കാര്യം..എവിടുന്നാാ ആലോചനാ.."
കാദർക്കാക്ക് അറിയാൻ തിടുക്കമായി...

"ദാ..ഈ സൈതാലിയുടെ മോൾ ഷാനിബയുമായിട്ടാ..ഓല് തമ്മിൽ ഇഷ്ടത്തിലാ..ഓന്ന് വേണ്ടി ഓള് രണ്ടാഴ്ച കഴിഞ്ഞ നടത്താനിരുന്ന കല്യാണം മുടക്കിക്ക്ണ്.."
ഹാജിയാർ പറഞ്ഞൊപ്പിച്ചു..

"പ്ഫൂ..ഈ മരം വെട്ടുകാരൻ സൈതാലിയുടെ മോളുമായിട്ടോ..ഇങ്ങളെന്താ ഹാജിയാരെ ഞങ്ങളെപ്പറ്റി വിചാരിച്ചേ..ന്റെ മോൻ താന്തോന്നിയായി നടക്ക്ണ് എന്നുള്ളതൊക്കെ ശരിയാ..പക്ഷേ ഞങ്ങളെ മോന്റെ കല്യാണക്കാര്യം ശരിയാക്കാൻ ഞങ്ങളാരേം ചുമതലപ്പെടുത്തീട്ടോന്നുല്ലാ..ന്റെ മോൻ നല്ല സ്ത്രീധനം വാങ്ങി വല്യ വീട്ടിന്ന് ആലോചന വരും..ഒന്നുല്ലാത്ത ഇയാളെ മോളെ കെട്ടാൻ മാത്രം ഔദാര്യതയൊന്നും ഞങ്ങക്കില്ലാ.."
കാദർമാഷ് സംസാരിക്കുകയല്ല അലറുകയാണെന്ന് തോന്നി സൈതാലിക്കാക്ക്..
ആ അലർച്ച കേട്ട് വീടു കിടുങ്ങി..എന്താണ് സംഭവിക്കുന്നതെന്നറിയാൻ  ആമിനത്താ ഉമ്മറത്തേക്ക് ഓടിവന്നു..
വിവരമറിഞ്ഞു ആമിനത്തായും കലിതുള്ളി..
"ഹാജിയാരേ ഇങ്ങക്ക് ഇതെങ്ങനെ പറയാൻ തോന്നി ഇവ്ടെ വന്ന്..പെണ്ണിന് പുയ്യാപ്ലനെ കിട്ടാനില്ലേൽ വല്ല കോങ്കണ്ണുകാരോ രണ്ടാംകെട്ടുകാരോക്കെ ണ്ടാവും ഓൽക്ക് പിടിച്ചു കെട്ടിച്ചു കൊടുക്കാൻ പറയ്..അല്ലാണ്ട്..വല്യ വല്യ പെര കേറിയെറങ്ങിയല്ല പെണ്ണാലോയിക്കണ്ടെ..അവനവന്റെ നെലക്കും വെലക്കും ചേരുന്നതേ ആലോയിക്കാവൂ.."

ആമിനത്താന്റെ വാക്കുകൾ ഒരു ഇടിത്തീ പോലെ ആ ഉപ്പാന്റെ നെഞ്ചിൽ മുഴങ്ങികൊണ്ടിരുന്നു..
സൈതാലിക്കാക്ക് നിന്ന നിൽപ്പിൽ ഉരുകിതീര്ണപോലെ തോന്നി..

പെൺകുട്ടികളുള്ള വാപ്പമാർക്ക് അല്ലാഹ് സമ്പാദ്യവും കൂടി തന്നില്ലേൽ ഇത്തരം നോവുകൾ ഏറ്റുവാങ്ങേണ്ടി വരും..
"വാ..സൈതാലി നമ്മക്ക് പോവ്വാ..
ഈ കണ്ണീചോരയില്ലാത്ത പെരക്കാരെ മുന്നിലേക്കാണോ ഇയ്യ് അന്റെ കുട്ടിനെ ഇട്ട് കൊട്ക്ക്ണേ. പണവും അഹങ്കാരവും കൊണ്ട് കണ്ണ് മഞ്ഞളിച്ചു പോയോരാ ഇവരൊക്കെ ..ഓലെ മുന്നിൽ തർക്കിക്കാൻ നിന്നിട്ട് കാര്യല്ല.."

ഹാജിയാരും സൈതാലിക്കയും പിന്നെ അവിടെ നിന്നില്ലാ...
പ്രതീക്ഷയുടെ ആ വാതിലും അടഞ്ഞുകൊണ്ടിരിക്കാണല്ലോ റബ്ബേ.. 
രണ്ടാഴ്ചക്ക് ശേഷമുള്ള ആ  ദിനങ്ങളോർത്ത്  ആ പാവം പിതാവിന്റെ ഹൃദയത്തിലെ സമാധാനം പറന്നകന്നിരുന്നു..

                 ‌ (തുടരും)
shas

No comments: