Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 26, 2017

കിനാവിലെ മണിയറ - ഭാഗം 24

"എന്താ സൈതാലി..ഇയ്യ്  ചിന്തിച്ചിരിക്ക്ണേ..മോളേ  ഓന് ഏൽപ്പിച്ച് കൊടുക്ക്.."
ഹാജിയാർ പറഞ്ഞു..
ചിന്തയിൽ നിന്നുണർന്ന സൈതാലിക്ക ചടങ്ങിനായൊരുങ്ങി..ചിന്തിച്ചിരുന്നത് മറ്റൊന്നുമല്ല
  ..അന്ന് ഹാജിയാർ പറഞ്ഞ വാക്കുകൾ തന്നെ..

'ഈ കണ്ണിൽ ചോരയില്ലാത്ത പെരക്കാരെ മുന്നിലേക്കാണോ ഇയ്യ് അന്റെ കുട്ടിനെ.....'

"ഹോ ...പടച്ചോനെ ന്റെ കുട്ടിനെ നീ തന്നെ കാത്തോളണേ... "ആ പിതാവ് മനമുരുകി പ്രാർത്ഥിച്ചു..നിക്കാഹ് കഴിഞ്ഞ്
എന്തോ ആലോചനയിൽ മുഴുകിയിരുന്ന ഹിഷാമിനെ തട്ടിയുണർത്തികൊണ്ട് ജാബിർ ചോദിച്ചു..

"ന്താടാ..അന്റെ മുഖമൊന്നു തെളിഞ്ഞു കാണാത്തേ..ഇയ്യ് അല്ലേയ്നോ ഓളെ മാത്രേ കെട്ടൂ എന്ന് വീമ്പിളക്കി നടന്നിനേ..ഇപ്പെന്തേ അന്റെ ചോരത്തെളപ്പൊക്കെ ആറിതണുത്തോ.."

"ഒന്നുല്ലാ ജാബിറേ..അനക്കൊക്കെ അറിയാവുന്നതല്ലേ.ഉപ്പാക്കു ന്നോടുള്ള ശത്രുത ഒന്നൂടി കൂടിക്ക്ണ്..ഉമ്മാന്റെ മുഖാണേൽ കടന്നൽ കുത്തിയ പോലെ..അതൊക്കെ കാണുമ്പോ.."

"അതൊന്നും സാരല്യ ഹിഷാമേ..അതൊക്കെ സാവധാനമങ്ങോട്ട് ശരിയായിക്കോളും‌..നല്ലൊരു ദെവസം ഇയ്യ് കൊളാക്കല്ലേ.."

ജാബിറിന്റെ ഉപദേശം സ്വീകരിച്ച് നോവിപ്പിക്കുന്ന ഓർമ്മകൾക്ക് തൽക്കാലത്തേക്ക് അടിവരയിട്ട് കിനാവിലെന്നും വരുന്ന ആ മൊഞ്ചത്തിയേ മനതാരിലേക്ക് സ്വാഗതം ചെയ്തു..
..
"രണ്ടുപേരും  നല്ല മേച്ചാണ് ട്ടോ..മേഡ് ഫോർ ഈച്ച് ഒതർ..ആരുടേയും കണ്ണു തട്ടാതിരിക്കട്ടേ എന്റെ സുന്ദരിക്കുട്ടിക്ക്.."നാദി പരിഹാസരൂപേണ പറഞ്ഞു..

ഷാനിയുടെ അത്ര തന്നെ നിറമില്ലേലും നല്ല ഉറച്ച ശരീരവും പ്രായത്തേക്കാളേറെ പക്വതയും അതിനേറെ ആകാരഭംഗിയുള്ള ഹിഷാമിനെ കണ്ടാൽ ഏതുപെണ്ണായാലും ഒന്നു നോക്കിപോവും..
"എല്ലാം കൊണ്ടും ഷാനിക്ക് ചേർന്ന പയ്യൻ തന്നെ.."
പെണ്ണുങ്ങളുടെ ഭാഗത്ത് നിന്ന് പലവിധേനെയുള്ള അഭിപ്രായങ്ങളും ഉണ്ടായിരുന്നു..

ഭക്ഷണമൊക്കെ കഴിച്ചു  മഹറിടലും കഴിഞ്ഞു മണവാളനും മണവാട്ടിയും ഒരുമിച്ചുള്ള ഫോട്ടോ എടുക്കൽ ചടങ്ങെല്ലാം കഴിഞ്ഞപ്പോയേക്കും ഹിഷാമിന്റെ വീട്ടിൽ നിന്ന് പെണ്ണുങ്ങളും വന്നിരുന്നു..
സാജിദത്തായും സുമയ്യത്തായും പിന്നെ അവന്റെ ഒരമ്മായിയും ആയിരുന്നു ഉണ്ടായിരുന്നത്..
ഒരു പുഞ്ചിരി പോലും വിടരാത്ത നാത്തൂന്മാരുടെ മുഖഭാവം കണ്ടപ്പോ തന്നെ ഷാനി ഊഹിച്ചു..തന്റെ അവിടെത്തെ ജീവിതം എത്രത്തോളം സുഖകരമായിരിക്കുമെന്ന്..അല്പമെങ്കിലും ഒന്നു മിണ്ടിയത് കൂടെ വന്ന അമ്മായിയായിരുന്നു..എല്ലാം ഹിഷാമിനെ ഓർത്ത് ക്ഷമിച്ചു..

..അപ്പോഴേക്കും വന്നവർക്ക് കുടിക്കാൻ ഹോർലിക്സും പലഹാരപ്പൊതിയും തയ്യാറാക്കിയിരുന്നു..
മേക്കപ്പൊക്കെ കുറവായിരുന്നെങ്കിലും ആ കല്യാണ വേഷത്തിൽ ഷാനി  ഒരു ഹൂറിയെ പോലെ തിളങ്ങി..
അരമണിക്കൂറിനുള്ളിൽ തന്നെ ഷാനിയെ ഡ്രസ്സ് മാറ്റിച്ചു അവർ പോവാനിറങ്ങി..
എല്ലാം അല്ലാഹുവിൽ തവക്കുൽ ചെയ്ത് അവൾ അവിടെ നിന്നിറങ്ങി..
പോവും മുമ്പേ മൈമൂനത്താാ മോളെ ഉപദേശിച്ചു..

 "മോളേ..കണ്ടറിഞ്ഞും കേട്ടറിഞ്ഞും കുറച്ച് എരിവും പുളിയും ഉള്ളോട്ത്തേക്കാ മോള് പോണത്...എന്ത് കണ്ടാലും ന്റെ മോള് കണ്ണടച്ചേക്കേണ്ടി..അന്റെ ഉപ്പാനേം കൂടെപ്പിറപ്പളേം ഓർത്ത്.."
.
ഷാനി ഉമ്മാനെ കെട്ടിപ്പിടിച്ചു കരഞ്ഞു മൈമൂനത്താക്കും അടക്കി നിർത്തിയ സങ്കടം അണപൊട്ടിയൊഴുകി..
ഉള്ളം പൊട്ടി നിൽക്കണ ഉപ്പാനേം അനിയത്തിമാരേയും കെട്ടിപ്പിടിച്ച്  യാത്ര ചോദിച്ച് ഷാനി  ഹിഷാമിനും നാത്തൂന്മാർക്കൊപ്പം ജനിച്ചു വളർന്ന വീടിനോട് യാത്രപറഞ്ഞിറങ്ങി..
അപ്പോഴും ഒരു ചോദ്യചിഹ്നമായി ഒരു സംശയം ഷാനിയുടെയും നാദിയുടേയും മനസ്സിൽ തളം കെട്ടി നിന്നിരുന്നു..ഇത്രേം ദിവസം ഹിഷാം എവിടായിരുന്നു..?പക്ഷേ ചോദിക്കാനൊരവസരം അവൾക്ക് ലഭിച്ചിരുന്നില്ലാ...

ഷാനിയുടെ വീട്ടിൽ നിന്ന് ഹിഷാമിന്റെ വീട്ടിലേക്കധികദൂരമില്ലാാത്തത് കൊണ്ട്  പത്തുമിനിട്ടിനകം കാർ 'ബംഗ്ലാവ് 'എന്ന സുവർണ്ണലിപിയിൽ പേരെഴുതിയ ഗേറ്റിന്റെ പടിക്കലെത്തി..

ഹിഷാമിന്റെ വീട്ടിലെത്തിയ ഷാനിക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള അനുഭവങ്ങളായിരുന്നു..
സുമയ്യത്തായും സാജിദത്തായും അവളെ സിറ്റൗട്ടിലിരുത്തി അകത്തേക്ക് പോയി..ഷാനിയുടെ വീട്ടുകാരെ സ്വീകരിച്ചതെല്ലാം ഹിഷാമിന്റെ കൂട്ടുകാരായിരുന്നു..ഒരു ജീപ്പിനാള് വന്നിരുന്നു ഷാനിയുടെ വീട്ടിൽ നിന്ന്..വരന്റെ ഉമ്മയെ കൈപിടിച്ചേൽപ്പിക്കുന്ന ആ ചടങ്ങിനുപോലും ആമിനത്താ പുറത്തേക്കൊന്നു ഇറങ്ങിയത് പോലുമില്ല.. കിട്ടിയ നോവുകളുടെ ഭാണ്ഡവും പേറി മനസ്സില്ലാ മനസ്സോടെ ഷാനിയുടെ അമ്മാായിമാരും കൂടെപ്പിറപ്പുകളും നാദിയും യാത്രപറഞ്ഞിറങ്ങി..
തീർത്തും അവഗണിക്കപ്പെട്ടതുപോലെയും ഒറ്റപ്പെട്ടപോലെയും തോന്നി ഷാനിക്ക്..
ആരോ പറഞ്ഞ നിർദേശവും കൊണ്ട് ഷംന അമ്മായിടെ അടുത്ത് വന്ന്..

"അമ്മായിയേ..ഷാനിത്താനെ അകത്തേക്ക് കൊണ്ടോരണ്ടേ.."

അപ്പോഴാണ്..അമ്മാായി സുബൈദത്താക്ക് ഓർമ്മ വന്നേ..ഒരു കുട്ടിനെ പുറത്ത് നിർത്തിയിരിക്കാണല്ലോന്ന്..നൂറുകൂട്ടം പണിണ്ട്..ഈ സുമയ്യാക്കും സാജിദാക്കും അതെങ്കിലും ഒന്നു ശ്രദ്ധിച്ചൂടെ..

അമ്മായി ആമിനത്താനോട് പറഞ്ഞിട്ട് അവർ കേട്ടഭാവം നടിച്ചില്ലാ..

"സുമയ്യാ..സാജിദാ ഇങ്ങളാരേലും പോയി ഇങ്ങളെ നാത്തൂനെ ഇങ്ങട്ട് അകത്തേക്ക് കയറ്റികൊണ്ട് വാ.."
രണ്ടുപേർക്കും ഒരു കുലുക്കവുമില്ല..

"ഓ..ആ ഉണക്ക പെരേൽ പോയി കെട്ടിയൊരുക്കി ഇങ്ങോട്ടെഴുന്നള്ളിച്ചതും പോരാ...ഇനിം മൂഡും താങ്ങി നടക്കണോ.."..
സുമയ്യ ഫോണിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു..
അമ്മായി പിന്നെ ഒന്നും പറയാൻ നിന്നില്ല..
കുറച്ച് പൈസ ഉണ്ടെന്നല്ലാതെ ന്താ ഇവറ്റകൾക്കൊക്കെ ഉള്ളെ.. കെട്ടിയോൻ ഗൾഫിൽ വല്യ ജോലിയിലാന്ന് പറഞ്ഞിട്ടെന്താ ഒരു ഡോക്ടറാന്ന് പറഞ്ഞ് ഇവടുള്ളോരെ അടക്കിഭരിക്കാൻ വന്നിരിക്കാ സുമയ്യ..സാജിദാണേലോ കല്യാണം കഴിഞ്ഞിട്ടൊരു കൊല്ലായിണേലും കുശുമ്പിനും കൊള്ളരുതായ്മക്കും ഒരു കുറവോം ഇല്ലാാ..കെട്ടിയോന്റ്റെ വീട്ടിൽ കാണിച്ച് ബാക്കി ഇവടെ വന്നും കോപ്രായം കാട്ട്ണ്.. ഇവരെക്കാൾ എത്ര ഇരട്ടി മൊഞ്ചുണ്ട് ആ ഷാനിമോൾക്ക്..അയിന്റെ മുഖത്തേക്ക് നോക്കിയാ ഇങ്ങനൊക്കെ ചെയ്യാൻ തോന്നോ..ഓരോന്ന് പിറുപിറുത്ത് കൊണ്ട് അവർ ഷാനിയുടെ അടുത്തേക്ക് പോയി..

അമ്മായി ഷാനിയെ അകത്തേക്ക് കൂട്ടികൊണ്ട് വന്നു..
റൂമിലിരുത്തി..അവർ ഡ്രസ്സ് മാറാനും മറ്റും കൊടുത്തു..ഷാനി അടുക്കളയിൽ പോയി ഒരന്യയെ പോലെ നിന്നു..ഇടക്കെപ്പോഴോ ആമിനത്താനെ കണ്ടുമുട്ടി..അവളെ ചൂഴ്ന്നൊന്നു നോക്കിയെന്നല്ലാതെ ഒരക്ഷരവും മിണ്ടാൻ നിന്നില്ലാ..

ഇതേ സമയം ഷാനിയുടെ വീട്ടിൽ കല്യാണത്തിനു കൂടാൻ വന്ന കുടുംബക്കാരെല്ലാം തിരിച്ചുപോയിതുടങ്ങിയിരുന്നു..ബാക്കിയുള്ള ചോറും കറികളൊക്കെ ഓരോരുത്തർക്ക് വിളമ്പികൊടുക്കുന്ന തിരക്കിലായിരുന്ന മൈമൂനത്താ കുറേ നേരായെന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന സൈതാലിക്കയുടെ അരികിലേക്ക് വന്നു.
"ഇങ്ങളെന്താ കുറേ നേരായല്ലോ ഇങ്ങനെ ചിന്തിച്ചോണ്ടിരിക്ക്ണേ..എന്തേയ്.."

മൈമൂനത്തായുടെ ചോദ്യം കേട്ട അയാൾ ആലോചനകൾക്ക് വിരാമമിട്ടു തിരികേ വന്നു...
ഫുൾ സ്പീഡിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ചുവട്ടിലും സൈതാലിക്കയുടെ ശരീരം നന്നായി വിയർത്തൊലിക്കുന്നുണ്ടായിരുന്നു..കണ്ണുകളിൽ പരിഭ്രാന്തിയുടെ ഒരു നിഴൽ വെട്ടം കൂട്കൂട്ടിയിരുന്നു...

"നിങ്ങക്ക് ഇതെന്താ പറ്റിയേ..ഇങ്ങനെ ഒന്നും മിണ്ടാതെ ന്നെക്കൂടി ബേജാറാക്കല്ലിട്ടോ..."

ഒന്നും മിണ്ടാതെ അയാൾ അകലങ്ങളിലേക്കെവിടേക്കോ ലക്ഷ്യമില്ലാതെ നോക്കികൊണ്ടിരുന്നു..പിന്നീട് പതിയെ മൗനത്തിന്റെ മുഖം മൂടി അഴിച്ചുമാറ്റി മനസ്സ് തുറക്കാൻ തുടങ്ങി..
.
"മൈമോ..ഇന്ന് ആ തിരക്കിനിടയിൽ ഇയ്യ് കൊണ്ടുവന്ന ആകോൾ ആരുടേതെയ്നിന്ന് അറിയോ അനക്ക്..?
നിക്കാഹ് ചെയ്യാനൊരുങ്ങുമ്പോ മൻസൂർ ന്റെ ചെവിയിൽ വന്നു പറഞ്ഞതെന്തെയ്നിന്ന് അറിയോ ..?"

"ആരെയ്നു അത്..?"
എന്താ മൻസൂർ ഇങ്ങളോട് പറഞ്ഞെ...?

മൈമൂനത്താക്ക് അറിയാൻ ആകാംക്ഷയായി..

                (തുടരും)
shas

No comments: