Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 20, 2017

യാഥാസ്ഥിതികനും പുരോഗമന വാദിയും

മുഹമ്മദലി കിനാലൂര്‍ എഴുതുന്നു:

യാഥാസ്ഥിതികനായിരിക്കുക എന്നത് ഒരു പോരാട്ടമാണ്. 'പുരോഗമന വാദി'യാവുക എന്നത് ഒരു വിധേയപ്പെടലുമാണ്. സ്വന്തം മതം/ആദര്‍ശം പുതിയ കാലത്തിന് ചേര്‍ന്നതല്ലെന്ന അപകര്‍ഷതയാണ് പലരെയും പുരോഗമന കുപ്പായമണിയാന്‍ പ്രേരിപ്പിക്കുന്നത്. ഇസ്ലാം സാര്‍വകാലികമെന്ന ആത്മവിശ്വാസമാണ് യാഥാസ്ഥിതികത്വം അഭിമാന മുദ്രയായി കൊണ്ടു നടക്കാന്‍ പാരമ്പര്യ മുസ്ലിമിനെ സഹായിക്കുന്നത്. മതമൂല്യങ്ങളെ പഴഞ്ചനായി കരുതുന്നവരാണ് ഇസ്ലാമിലെ 'പുരോഗമനവാദികള്‍'. അപ്പോള്‍ പിന്നെ പുതിയ കാലത്തിനൊത്ത് മതത്തെ പരിഷ്‌കരിക്കുകയാണ് അഭികാമ്യമെന്ന് അവര്‍ ചിന്തിക്കുന്നു. സ്വന്തം പാരമ്പര്യം റദ്ദ് ചെയ്തു കൊണ്ട് മാത്രമേ ഒരാള്‍ക്ക് മതത്തെ പരിഷ്‌കരിക്കാനാവൂ. കുടുംബ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ആദര്‍ശപാരമ്പര്യത്തില്‍ ആത്മനിന്ദ അനുഭവിക്കുകയും ചെയ്യുന്ന വൈരുധ്യമാണ് കേരള വഹാബികളിലും മൗദൂദികളിലും കാണുന്നത്. ജമാഅത് പ്രസാധക വിഭാഗം ഐപിഎച്ച് പ്രസിദ്ധീകരിച്ച ആത്മകഥകളില്‍ വംശാവലിയെ കുറിച്ചും തറവാടിന്റെ പാരമ്പര്യത്തിലും നേതാക്കള്‍ പുളകം കൊള്ളുന്നുണ്ട്. പക്ഷേ, കാര്യം ആദര്‍ശത്തോടടുക്കുമ്പോള്‍ ഇവരില്‍ പലരും പാരമ്പര്യത്തിന്റെ പാല്‍പാത്രം പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഉമറുല്‍ ഖാളി (റ)യുടെ വരികളില്‍ കാണുന്നത് പോലെ, കേരള മുസ്ലിംകളില്‍ പലരുടെയും വംശാവലിയുടെ അങ്ങേ തലക്കല്‍ നായരെയും പാണരെയുമെല്ലാം കണ്ടു മുട്ടിയേക്കാം. എന്നിട്ടും കുടുംബ മഹിമയില്‍ അങ്ങേയറ്റം അഭിമാനികളാകുന്ന മുബ്തദിഉകള്‍ മുത്ത് നബി(സ)യിലേക്ക് ചെന്നു ചേരുന്ന ആദര്‍ശപാരമ്പര്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നതെന്തുകൊണ്ടാണ്? 
പലരും കരുതിയത് പോലെ, വഹാബിസവും മൗദൂദിസവും കലഹം കൂട്ടുന്നത് സുന്നി വിശ്വാസങ്ങളോടല്ല, മതത്തിലെ നന്‍മകളോടാണ്. നിങ്ങള്‍ പിന്തിരിഞ്ഞു നോക്കരുത്, മുന്നോട്ടു പോവുക  മത പരിഷ്‌കരണവാദികള്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് ഇതാണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ മദീനയില്‍ പ്രവാചകരെ കാണാം, സ്വഹാബത്തിനെ കാണാം, ബഗ്ദാദില്‍ ശൈഖ് ജീലാനിയെ കാണാം, പല നാടുകളില്‍ പല കാലങ്ങളില്‍ ജീവിച്ച മഹദ് വ്യക്തിത്വങ്ങളെ കാണാം. അവരുടെ ജീവിതവഴികള്‍ ചരിത്രത്തില്‍ അടയാളപ്പെട്ടതാണ്. പൂച്ചയുടെ നിദ്രയ്ക്ക് ഭംഗം വരുത്തരുതെന്ന് കരുതി കുപ്പായത്തിന്റെ കൈ അറുത്തുമാറ്റിയ ശൈഖ് രിഫാഈ(റ)യെ കാണാം പിന്തിരിഞ്ഞു നോക്കിയാല്‍. അവിടേക്ക് ശ്രദ്ധ പതിഞ്ഞെന്നാല്‍ നിങ്ങളില്‍ സംഭവിക്കുന്ന മാറ്റം നിങ്ങള്‍ നല്ല മുസ്ലിമായി മാറുന്നു എന്നത് മാത്രമല്ല, നിങ്ങള്‍ നല്ല മനുഷ്യരായി തീരുന്നു എന്നത് കൂടിയാണ്. അത് സാമ്രാജ്യത്വ സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്കെതിരാണ്. നിങ്ങള്‍, മുസ്ലിംകള്‍ ഒരിക്കലും നല്ല മനുഷ്യരാകരുത്. സ്‌ഫോടനങ്ങളിലൂടെ, കുരുതികളിലൂടെ നിങ്ങള്‍ അക്രമികളായി തന്നെ വര്‍ത്തമാനത്തില്‍ അടയാളപ്പെടണം. ഇസ്ലാമിന് അങ്ങേയറ്റം ദുഷ്‌പേര് വരുത്തിവെക്കണം. ഇതാ ലോകത്തിന്റെ ശത്രുക്കളെന്ന് മുസ്ലിംകളെ നോക്കി മറ്റുള്ളവര്‍ കുറ്റപ്പെടുത്തണം. ഇമ്മട്ടില്‍ മുസ്‌ലിംകളെ മാറ്റണമെങ്കില്‍ ആദ്യം അറുത്തുമാറ്റേണ്ടത് ആദര്‍ശപാരമ്പര്യത്തിലുള്ള വിശ്വാസമാണ്. ഇബ്‌നു അബ്ദുല്‍ വഹാബ് മുതല്‍ അബുല്‍ അഅലാ വരെയുള്ളവര്‍ പരിശ്രമിച്ചതും അതിനായാണ്. ചുരുക്കമിതാണ്: ഇസ്ലാമിലെ പുരോഗമന വാദം അത്രയേറെ നിരുപദ്രവകാരിയല്ല. നല്ല മുസ്ലിമാകാനും അതുവഴി നല്ല മനുഷ്യനാകാനുമുള്ള വിശ്വാസി സമൂഹത്തിന്റെ ചോദനകളെയാണ് മത പരിഷ്‌കരണവാദികള്‍ തല്ലിക്കെടുത്തുന്നത്.

No comments: