ഇസ്സുദ്ദീൻ സഖാഫി ഉസ്താദ് നമ്മെ പിരിഞ് ശവ്വാൽ 21ന് നാല് വർഷം തികയുന്നു, ദാറുൽ ഇഹ്‌സാൻ പ്രഥമ വൈസ് പ്രസിഡണ്ടായിരുന്ന ഉസ്താദിനെക്കുറിച്ച് സ്ഥാപന വർക്കിങ് സെക്രട്ടറി ബഷീർ സഖാഫി കൊല്യം അനുസ്മരിക്കുന്നു.
എഴുത്ത് : സാബിത് ബദിയടുക്ക
ബദിയടുക്കയിലെ മുസ്ലിമീങ്ങൾക്ക് ഏറെ സുപരിചിത മുഖമാണ് ഇസ്സുദ്ദീൻ സഖാഫി ഉസ്താദിന്റേത്. പൊതു സമൂഹത്തിൽ വളരെ ചെറിയ പ്രായം കൊണ്ട് തന്നെ തന്റെ വ്യെക്തിപ്രഭാവം അറിയിച്ച പണ്ഡിതൻ. സുന്നീ സംഘകുടുംബത്തിലെ ബദിയഡുക്കക്കാരിലേക്ക് അഹ്ലുസ്സുന്നയുടെ ദിവ്യ പ്രകാശം പകർന്ന ആ യുവ പണ്ഡിതൻ പെർളയിലെ പഠന കാലം മുതൽക്കേ ബദിയടുക്കയിൽ ഒരു സുന്നീ ബഹുമുഖ സ്ഥാപന സമുച്ചയത്തിന്റെ അനിവാര്യത ഉണർത്തിക്കൊണ്ടേയിരുന്നു. പിന്നീട് തന്റെ ആഗ്രഹം പോലെ കർമ്മ മണ്ഡലമായി തിരഞ്ഞെടുത്തതും ബദിയടുക്കയോട് ചേർന്ന ബീജന്തടുക്കയായിരുന്നു. ബദിയടുക്ക പഞ്ചായത്ത് എസ്. എസ്. എസ്, എസ്. വൈ. എസ് പ്രവർത്തന ഗോദയിൽ ബി.എസ് ഉസ്താദിനും, എം.പി അബ്ദുല്ല ഫൈസി, ചെടെകാലിൽ സേവനം ചെയ്തിരുന്ന ശുകൂർ സഅദി, കന്യപ്പാടിയിൽ ഖത്തീബായിരുന്ന അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ പെരഡാലയിൽ സേവനം നടത്തിയിരുന്ന അഹ്മദ് സഖാഫി, ഹസൈനാർ ഫൈസി നെക്രാജെ തുടങ്ങിയ പണ്ഡിതരുടെ ആശിർവാദത്തോടെ പ്രവർത്തന മേഖലയിൽ നൂതന ശൈലികളും, തന്റെ സ്വതസിദ്ധവും ആകർഷണീയവുമായ പ്രഭാഷണങ്ങളുമായി നിറഞ്ഞു നിൽക്കുമ്പോഴും 'നമ്മുടെ മക്കൾക്ക് ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസത്തതിനായൊരു സ്ഥാപന'മെന്ന അതിരറ്റ ആഗ്രഹം കൈമാറിക്കൊണ്ടേയിരുന്നു.
വർഷങ്ങൾക്കു ശേഷം ബാറഡുക്കയോട് ചേർന്ന ആർത്തിപ്പള്ള എന്ന പ്രദേശത്ത് സ്വപ്ന സമാനമായ സ്ഥലം വില്പനയ്ക്ക് വന്നു. അന്ന് ഉസ്താദ് എസ്. എസ്. എഫിന്റെ നേതൃ സ്ഥാനത്ത് പ്രോജ്വലിച്ചു നിൽക്കുന്ന സമയം. സംഘടനാ തിരക്കുകൾക്ക് പുറമെ സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ(അള്ളാഹു ദറജ ഉയർത്തുമാറാവട്ടെ) സ്ഥാപനമായ മുഹിമ്മാത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ, കുമ്പള, ഉപ്പള ഭാഗങ്ങളിൽ സുന്നീ മദ്രസകളുടെയും പള്ളികളുടെയും നിർമ്മാണം തുടങ്ങീ ഒട്ടേറെ തിരക്കുകൾക്കിടയിൽ തന്റെ കുടുംബ പ്രശ്നങ്ങൾ വേറെയും. ഈ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെയും സുസ്മേരവദനനായി സൗമ്യ ഭാവത്തിൽ സംസാരിച്ച് സുന്നീ ആദർശ പ്രചരണത്തിന്റെ കാര്യ ഗൗരവം പ്രവർത്തകരിലെത്തിക്കാൻ സദാ ഉസ്താദ് സന്നദ്ദമായിരുന്നു.
വിനീതനായ ഞാൻ അന്ന് ആർത്തിപ്പള്ളയിലെ ആ സ്ഥലത്തെകുറിച്ച് സംഘടനാ തലത്തിൽ ആദ്യം അറിയിച്ചത് ബി. എസ് ഉസ്താദിനെയായിരുന്നു, പിന്നീട് ദാറുൽ ഇഹ്സാനിന് വേണ്ടി പ്രദേശത്തെ മറ്റു പ്രമുഖരായ സുന്നീ നേതാക്കളെയും, പണ്ഡിതരെയും സന്ദർശിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തപ്പോൾ, അവരുടെ നിർദ്ദേശപ്രകാരം പിരിവിനായി ഗൾഫിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
സാമ്പത്തികമായി യാതൊരു മുന്കരുതലുകളുമില്ലായിരുന്നുവെങ്കിലും, ദൃഢമായൊരു നിയ്യത്ത് അന്ന് ഞങ്ങൾക്കുണ്ടായിരുന്നു. അല്ലാഹുവിന്റെ അനന്തമായ ഖജനാവിൽ മാത്രമായിരുന്നു അന്നും ഇന്നും വിശ്വാസമുള്ളതത്രയും. ആ ഒരു നിയ്യത്ത് കൊണ്ട് മാത്രമായിരുന്നു, മതിയായ പദ്ധതികളൊന്നുമില്ലാതെ, ഒരു വിലാസമോ ഫോൺ നമ്പറുകളോ ഇല്ലാതെ ആദ്യമായി ദാറുൽ ഇഹ്സാന് വേണ്ടി ദുബായിൽ പിരിവിന് പോകുന്നത്.
ബി. എസ് ഉസ്താദ് തന്ന ഒരു പള്ളിയുടെ പ്ലാൻ മാത്രമായിരുന്നു; അന്ന് തന്നെയും സ്ഥാപനത്തെയും പരിചയപ്പെടുത്താൻ കൈവശം ഉണ്ടായിരുന്നത്. അപരിചിതമായ അന്തരീക്ഷത്തിൽ ദുബായിൽ ചെന്നിറങ്ങുകയും ഏതാണ്ട് പത്ത് ദിവസത്തോളം വഴികളോ, സംഭാവന ചോദിച്ചു ചെല്ലേണ്ട ഇടങ്ങളോ ഒന്നും അറിയാതെ വലയുകയുമായിരുന്നു. സഹോദരങ്ങളും പരിചയക്കാരുമൊക്കെ ജുമേറയിലായിരുന്നെങ്കിലും പ്രാസ്ഥാനിക ബന്ധുക്കളോ, സജീവ പ്രവർത്തകരോ ആ പ്രദേശങ്ങളിൽ വിരളമായിരുന്നു. അന്ന് താമസത്തിന് സൗകര്യം ഒരുക്കി തന്നത് ദാറുൽ ഇഹ്സാനിന്റെ നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ഇബ്രാഹിം സഖാഫി കർന്നൂർ ആയിരുന്നു. ആ സമയത്താണ് മുഹിമ്മാത്തിന്റെ ധനശേഖരണാർത്ഥം ഇസ്സുദ്ദീൻ സഖാഫി ഉസ്താദ് ദുബായിൽ എത്തുന്നത്. വളരെ അവിചാരിതമായി ദുബൈ, ദേരയിലെ ഷർവാനി മസ്ജിദ് പുന:നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ആ കണ്ടുമുട്ടൽ. പള്ളിയുടെ ചാരത്തെ ആ കൂടിക്കാഴ്ച ഇന്നും മായാതെ മനസ്സിലുണ്ട്. സാധാരണ ഒരു സ്ഥാപനത്തിന്റെ പിരിവിന്ന് വന്നാൽ, അവരുടെ സ്ഥാപനത്തിനല്ലാതെ മറ്റൊനിന്നും ആരും നിൽക്കാറില്ല. സ്വന്തം നാട്ടിലെ സ്ഥാപനമായാൽ പോലും തങ്ങളെ അയച്ച സ്ഥാപനത്തിന് വേണ്ടി മാത്രമായിരിക്കും കളക്ഷന് വരുന്നവർ പ്രവർത്തിക്കുന്നതത്രയും. എന്നാൽ ഞാൻ എന്റെ പരിചയക്കുറവും വിഷമങ്ങളും പറഞ്ഞപ്പോൾ. ദാറുൽ ഇഹ്സാനെന്ന നമ്മുടെ സ്ഥാപനത്തിന് വേണ്ടി നമുക്ക് ആവുന്നത് ചെയ്യാമെന്നു പറയുകയും, ആദ്യഘട്ടത്തിലെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ സാധാരണമാണെന്ന് പറഞ്ഞ് തന്നെ സമാശ്വസിപ്പിക്കുകയും, പിറ്റേന്ന് മുഹിമ്മാത്തിന്റെ ആവശ്യത്തിന് വേണ്ടി ഉസ്താദ് അബുദാബിയിലേക്ക് പോകുമ്പോൾ കൂടെ കൂട്ടുകയും ചെയ്തു.
അബുദാബിയിൽ ചിത്താരി അബ്ദുള്ള ഹാജിയെന്ന, ജില്ലയിലെ സുന്നീ സ്ഥാപനിങ്ങളിൽ ഏതാണ്ട് എല്ലാ കമ്മിറ്റികളുടെയും ഭാരവാഹിയും, ജില്ലാ സുന്നി സെന്ററിന് ഉൾപ്പെടെ ഒട്ടേറെ സുന്നീ സ്ഥാപനങ്ങൾക്ക് വേണ്ടി മുൻകൈയെടുത്ത, അന്നത്തെ നേതൃരംഗത്ത് നിറഞ്ഞു നിന്നിരുന്ന മഹത് വ്യക്തിത്വത്തെ ഉസ്താദ് പരിചയപ്പെടുത്തിതരികയും, പ്രാസ്ഥാനിക വഴികൾ തുറന്നു തരികയും ചെയ്തു.
2004 ലെ ആ ഗൾഫ് പര്യടത്തിന് ശേഷം ബദിയടുക്ക ടൗണിൽ ശാസ്ത്രി ക്ലിനിക്കിനടുത്ത് പ്രവർത്തിച്ചിരുന്ന എസ്.എസ്.എഫ്, എസ്.വൈ.എസ് പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫിസിൽ ദാറുൽ ഇഹ്സാനിന്റെ പ്രഥമ കമ്മിറ്റിക്ക് രൂപം നൽകുകയും ബദിയടുക്ക, കുമ്പഡാജെ, ചെങ്കള പഞ്ചായത്തുകളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവർത്തന പരിധി നിശ്ചയിക്കുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കമ്മിറ്റി യോഗത്തിൽ സന്നിഹിതരായ പ്രഗത്ഭ സാദാത്തീങ്ങളുൾപ്പെടെ എല്ലാവരും നിർദ്ദേശിച്ചത് വൈസ് പ്രസിഡന്റ്മാരിൽ ഒരാളായി ഇസ്സുദ്ധീൻ സഖാഫി ഉസ്താദിന്റെ പേരായിരുന്നു.
സ്ഥാപനത്തിന്റെ ഓരോ കമ്മിറ്റി യോഗങ്ങളിലും എല്ലാ തിരക്കുകളും മാറ്റിവെച്ച് ഉസ്താദ് സന്നിഹിതരായിരുന്നു. പ്രതിസന്ധികളും, പ്രയാസങ്ങളിലും ഉസ്താദ് പകർന്ന കരുത്താണ് നിർണ്ണായകമായ ഒട്ടേറെ തീരുമാനങ്ങൾക്ക് വഴിവെച്ചത്.
ഒടുവിൽ കഠിനമായ രോഗാവസ്ഥയിലും തന്റെ ശരീരമാകെ ക്ഷീണിച്ച് വായയിലെ പഴുപ്പ് മൂർഛിച്ച് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലും ദാറുൽ ഇഹ്‌സാൻ ഹുബ്ബുറസൂൽ സമ്മേളനത്തിന്റെ സ്വാഗതസംഘം രുപീകരണ യോഗത്തിൽ വരികയും ആദ്യാവസാനം സംബന്ധിച്ച്, യോഗത്തിനെത്തിയവരിൽ നിന്ന് ഹുബ്ബുറസൂൽ സമ്മേളനത്തിനുള്ള സംഭാവന സ്വീകരിക്കുകയും, എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തതുൾപ്പെടെ പറഞ്ഞാൽ തീരാത്ത ഓർമ്മകളാണ് ഇസ്സുദ്ദീൻ സഖാഫി ഉസ്താദ് ഇവിടെ ബാക്കിയാക്കി മറഞ്ഞത്.
ദാറുൽ ഇഹ്‌സാൻ എജ്യൂക്കേഷനൽ സെന്റർ എന്ന മഹത്തായ സ്ഥാപനം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട്, വിജയകരമായ നാലാം അധ്യയന വർഷത്തിലേക്ക് കടക്കുന്ന ഈ സന്തോഷ വേളയിൽ നിരവധി നിർധനരായ വിദ്യാർത്ഥികൾക്ക് താമസ സൗകര്യത്തോടൊപ്പം മത ഭൗതിക വിദ്യാഭ്യാസം നൽകുവാനും, ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളും, പ്രാസ്ഥാനിക പ്രവർത്തകർക്ക് വേദിയാകാനും സാധിച്ചു. സയ്യിദ് യു.പി. അലവിക്കോയ തങ്ങൾ അൽ ജിഫ്‌രി അർളടുക്ക, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം തുടങ്ങിയ പ്രഗത്ഭ സാദാത്തുക്കളും ബി. എസ് അബ്ദുള്ള കുഞ്ഞി ഫൈസി, എം. പി അബ്ദുള്ള ഫൈസി നെക്രാജെ, ഇബ്രാഹിം സഖാഫി കർന്നൂർ, അബ്ദുൽ ഹമീദ് ഹാജി ചെടേക്കാൽ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, റഫീഖ് സഅദി ദേലംപാടി, ഇബ്രാഹിം സഖാഫി അർളടുക്ക തുടങ്ങിയ പണ്ഡിതരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ സീനിയർ, ജൂനിയർ ദഅവാ കോളേജുകൾ, ദാറുൽ ഇഹ്‌സാൻ മസ്ജിദ്, മാസാന്ത ജൽസത്തുൽ ബദ്‌രിയ മജ്ലിസുകൾ, സെക്കണ്ടറി മദ്രസ, താജുൽ ഉലമ സ്മാരക ലൈബ്രറി, നൂറുൽ ഉലമ സ്മാരക ഹാൾ തുടങ്ങിയ സംരംഭങ്ങൾ വിജയകരമായി മുന്നേറുന്നു.
മികച്ച അദ്ധ്യാപന രീതികളുമായി ജി. എസ് അബ്ദുൽ ഖാദിർ സഅദി, ഹാരിസ് സഖാഫി കൊമ്പോട്, സിദ്ദീഖ് ഹിമമി സഖാഫി, നാസർ ബാഹസനി തുടങ്ങിയ പണ്ഡിതന്മാർ ദാറുൽ ഇഹ്‌സാനിനെ ഉത്തര മലബാറിലെ മാതൃകാ കാമ്പസാക്കി മുന്നോട്ട് നയിക്കുന്നു.
മർഹൂം ഇസ്സുദ്ദീൻ സഖാഫിയെപ്പോലെയുള്ള പണ്ഡിത ശ്രേഷ്ഠരുടെയും ബീജന്തടുക്കയിലെ മുഹമ്മദിനെപ്പോലെയുള്ള നിസ്വാർത്ഥരായ പ്രവർത്തകരുടെയും ബർസഖിയായ ജീവിതത്തിലേക്ക് ഈ പ്രവർത്തനങ്ങൾ മുതൽക്കൂട്ടാവുമെന്നതിൽ യാതൊരു സംശയവുമില്ല. അള്ളാഹു അവർ ചെയ്ത സേവനങ്ങളുടെ ഫലം അവരുടെ പാരത്രീക ജീവിതത്തിൽ ഉപകാരമുള്ളതാക്കി അനുഗ്രഹിക്കട്ടെ, അവരോടൊപ്പം നമ്മെയും നാളെ സ്വർഗ്ഗീയ പൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ.


No comments:
Post a Comment