Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 24, 2019

ചരിത്ര ഭൂമികളിലൂടെ - യാത്രയുടെ മൂന്നാം ദിനം ( 19-02-2019)

ലോകത്ത് 4 പേരാണ് ഖുത്വുബായി അറിയപ്പെടുന്നത്:

1. അശൈഖ് മുഹ്യിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി(റ)
2. അശൈഖ് അഹ്മദുൽ കബീറുരിഫാഈ(റ)
3. അഹ്മദുൽ ബദവി (റ)
4. ഇബ്റാഹീമുൽ ദസൂഖി(റ)

ഞങ്ങളുടെ ഇന്നത്തെ ആദ്യ യാത്ര അവസാനം പറയപ്പെട്ട 2 ഖുത്വുബുകളുടെ ഹള്റത്തിലേക്കാണ്. ഏകദേശം 2 മണിക്കൂർ യാത്ര ചെയ്യണം മസ്റിൽ നിന്ന് അവിടെയെത്താൻ. അത് കൊണ്ട് തന്നെ സുബ്ഹി നിസ്കാരം കഴിഞ്ഞയുടൻ പ്രാതൽ കഴിച്ച് യാത്രക്ക് തയാറായി.ഏകദേശം രാവിലെ 6 മണിക്ക് പുറപ്പെട്ട ഞങ്ങൾ 10.30 നാണ് അവിടെയെത്തുന്നത്.2 മണിക്കൂർ യാത്ര എന്ന് പറഞ്ഞിട്ട് നാലര മണിക്കൂർ വേണ്ടി വന്നിട്ടുണ്ടല്ലോ? എന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാകാം. സംശയിച്ചതിൽ കുഴപ്പമില്ല ഞങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ ടയറ് ചെറുതായൊന്ന് 'പ്ലിംഗ് ' ആയി. മനസ്സിലായില്ല ? ടയറ് പഞ്ചറായെന്ന്... ഏകദേശം ഒന്നൊന്നര മണിക്കൂർ അവിടെ നഷ്ടപ്പെട്ടു. അല്ലെങ്കിലും യാത്രയാകുംബോൾ അല്ലറ ചില്ലറ പ്രയാസങ്ങളൊക്കെ വേണം. എന്നാലേ യാത്രക്കൊരു ആവേശമുണ്ടാകൂ. ചുരുക്കി പറഞ്ഞാൽ, അൽപം വൈകിയാണെങ്കിലും ഞങ്ങൾ സന്തോഷം പൂർവ്വം ബദവി തങ്ങളുടെ  ഹള്റത്തിൽ എത്തി - അൽഹംദുലില്ലാഹ് ...

താജുൽ ഉലമ  ഉള്ളാൾ തങ്ങളെ പോലുള്ള വലിയ പണ്ഡിതന്മാർ ഏതു പ്രതിസന്ധിയും പ്രയാസങ്ങളും ഉണ്ടാകുംബോൾ ബദവി തങ്ങളുടെ പേരിൽ ഫാതിഹ ഓതിയും, മൗലിദ് പാരായണം ചെയ്തും പ്രശ്ന പരിഹാരം കണ്ടെത്താറുണ്ട്.

ബദവി തങ്ങളുടെ സിയാറത്തിന് ശേഷം ഞങ്ങൾക്കൊരു ഭാഗ്യം ലഭിച്ചു.മഹാ ഭാഗ്യം! തിരുകേശം ഉൾപ്പെടെ ബദവി തങ്ങൾ ഉപയോഗിച്ച കോട്ടും, തസ്ബീഹ് മാലയും മറ്റ് വസ്തുക്കളും സൂക്ഷിക്കപ്പെട്ട മുറി ഞങ്ങൾക്ക് വേണ്ടി തുറന്ന് തന്നു. ടൂറിസ്റ്റുകൾക്ക് തുറന്ന് കൊടുക്കാത്ത ആ മുറി അവിടുത്തെ ഖാദിം സയ്യിദ് അലി ബാഫഖി തങ്ങളെ പരിചയപ്പെടുത്തിയപ്പോൾ ഞങ്ങൾക്ക് വേണ്ടി തുറന്ന് തന്നു. മറ്റു ടൂറിസ്റ്റുകൾ കയറാൻ അനുവാദം ചോദിച്ചെങ്കിലും ഞങ്ങൾ 25 പേരടങ്ങുന്ന സംഘത്തെയല്ലാതെ മറ്റാരെയും ആ റൂമിലേക്ക് കടത്തിയില്ല. ഞങ്ങൾ റൂമിൽ കയറിയ ഉടനെ ഖാദിം കതകടച്ച് ലോക്ക് ചെയ്തു. അദ്ദേഹം അറബി ഭാഷയിൽ അവിടെയുള്ള ഓരോന്നും വിശദീകരിച്ച് തന്നു. വെണ്ണക്കോടുസ്താദ് ഞങ്ങൾക്കു വേണ്ടി  പരിഭാഷപ്പെടുത്തി തന്നു. സുഗന്ധം പരക്കുന്ന ആ റൂമിൽ നിന്ന് വെണ്ണക്കോടു സ്താദ് മലയാളത്തിൽ ദുആ ചെയ്തു. ആ റൂമിൽ നി ന്നിറങ്ങുംബോൾ എല്ലാവരുടെ കണ്ണും നനഞ്ഞിരുന്നു. അല്ലെങ്കിലും അതങ്ങനെയാണ് .തിരുശേഷിപ്പുകൾ കാണുംബോൾ ' ആശിഖിന്റെ ' കണ്ണ് നനയാതിരിക്കില്ലല്ലോ. ചുരുക്കത്തിൽ, നിറഞ്ഞ ആത്മീയ ചൈതന്യമാണ് ബദവി മഖാമിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. റബ്ബ് ഖബൂലാക്കട്ടെ, നില നിർത്തി തരുമാറാകട്ടെ -ആമീൻ.
ദസൂഖി മസ്ജിദിന്റെ
അകം പുറം
ഖുതുബുൽ ആലം ഇബ്റാഹീമുൽ ദസൂഖി(റ) തങ്ങളുടെ ഹള്റത്തിലേക്കാണ് ഞങ്ങളുടെ അടുത്ത യാത്ര...

ബദവി തങ്ങളുടെ മഖാമിൽ നിന്ന് 2 മണിക്കൂർ യാത്രയുണ്ട് ദസൂഖിലേക്ക്.
ഉച്ചഭക്ഷണം അലക്സാൻഡ്രിയയിലാണ് നേരത്തെ ബുക്ക് ചെയ്തത്. ദസൂഖിൽ നിന്ന് അലക്സാൻഡ്രിയയിലെത്താൻ
അസ്റ് വരെ യാത്ര ചെയ്യേണ്ടി വരും. ആയതിനാൽ ഉച്ചഭക്ഷണം അസ്റിലേക്ക് പിന്തിച്ചു. ദസൂഖിൽ എത്തി ഇബ്രാഹിം ദസൂഖി തങ്ങളെയും സഹോദരങ്ങളായ മൂസ,അബുൽ ഇംറാൻ തങ്ങൻമാരെയും സിയാറത്ത് ചെയ്തു...
ഇബ്രാഹീമു ദസൂഖി മസ്ജിദ്
സിയാറത്തും നിസ്ക്കാരവും കഴിഞ്ഞ് ഞങ്ങൾ നേരെ അലക്സാൻഡ്രിയയിലേക്ക് നീങ്ങി.

അലക്സാൻഡ്രിയ ..... പ്രവാചകാനുരാഗിയുടെ നാട്. അതെ, ഇമാം ബൂസ്വീരി(റ) എന്ന ആശിഖുർറസൂൽ അന്ത്യ വിശ്രമം കൊള്ളുന്ന നാട്. 

ഉച്ചഭക്ഷണം ചരിത്രപ്രസിദ്ധമായ അലക്സാൻഡ്രിയ ലൈബ്രറിക്കടുത്തുള്ള ഫിഷ് മാർക്കറ്റ് ഹോട്ടലിൽ ആയിരുന്നു...

ഇമാം ബൂസ്വീരി മഖാം
ഭക്ഷണം കഴിഞ്ഞയുടൻ ഞങ്ങൾ പോയത് ഖസീദത്തുൽ ബുർദയുടെ രചയിതാവും ആശിഖീങ്ങളുടെ നേതാവുമായ ഇമാം ബൂസ്വീരി തങ്ങളുടെ മഖാമിലാണ്. അവിടെയിരുന്ന് ബുർദ ബൈത് ആലപിച്ച് കൊണ്ടിരിക്കുംബൊഴാണ് മഗ് രിബ് ബാങ്ക് വിളിക്കുന്നത്. ഉടനെ മഗ്രിബ്-ഇശാ നിസ്കരിച്ച് ബുർദ ബൈത് ചൊല്ലി ദുആ ചെയ്ത് അവിടെ നിന്ന് വിട വാങ്ങി. വിടവാങ്ങബോൾ ആശിഖീ ങ്ങളുടെ മനസ്സ് എങ്ങനെ വേദനിക്കാതിരിക്കും...
ബൂസ്വീരി തങ്ങളുടെ സിയാറത്തിന് ശേഷം യാത്രയുടെ വേഗത കൂട്ടുകയായിരുന്നു. കാരണം, ദാനിയാൽ നബി(അ) യുടെയും ലുഖ്മാനുൽ ഹക്കീം(റ) തങ്ങളുടെയും മഖ്ബറ നില കൊള്ളുന്ന പള്ളി ഇശായോട് കൂടി അടക്കും.
ബുസ്വീരി തങ്ങളുടെ ഉസ്താദായ അഹ്മദുൽ മുർസി തങ്ങളുടെ ചാരത്തേക്കാണ് പിന്നീട് ഞങ്ങൾ പോയത്. അവിടെ നിന്ന് യാക്കൂതുൽ അർശ് തങ്ങളുടെയും, മകീനുദ്ധീൻ തങ്ങളുടെയും മഖ്ബറകൾ സിയാറത്ത് ചെയ്തു.മകീനുദ്ധീൻ തങ്ങളുടെ മഖ്ബറ നിലകൊള്ളുന്ന സ്ഥലം സൈനുൽ ആബിദീൻ തങ്ങളുടെ മക്കളടക്കമുള്ള സയ്യിദന്മാർ മാത്രം അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലമാണ്.
ദാനിയാൽ നബി (അ) മഖാം
ഇവിടുത്തെ സിയാറത്ത് കഴിഞ്ഞ് ദാനിയാൽ നബി (അ)യുടെയും, ലുഖ്മാനുൽ ഹക്കിം തങ്ങളുടെയും മഖാമിൽ എത്തുംബൊഴേക്ക് മഖാം പൂട്ടിക്കഴിഞ്ഞിരുന്നു! ഇശാ ഇനേക്ക് അവിടെയെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിലും, വെണ്ണക്കോടുസ്താദിന്റെ ഇടപെടൽ ഞങ്ങൾക്ക് ഇവരുടെ ഹള്റത്തിൽ എത്താൻ സാധിച്ചു - അൽഹംദുലില്ലാഹ്....

പൂട്ടപ്പെട്ട മഖാം ഞങ്ങൾക്ക് വേണ്ടി തുറന്നു തന്നു.
കുറച്ച് സമയം പ്രാർത്ഥനയിലായി അവിടെ ചിലവഴിച്ചു.
ഇവിടുത്തെ സിയാറത്തോട് കൂടി ഇന്നത്തെ യാത്രകൾക്ക് സമാപനം കുറിച്ചു.
എല്ലാം അല്ലാഹു ഖബൂൽ ചെയ്യട്ടെ (ആമീൻ).

സിയാറത്ത് നടത്തിയ സ്ഥലങ്ങളുടെയും വ്യക്തികളുടെയും ചരിത്രം വിശാലമാണ്. അതൊന്നും ഇവിടെ കുറിക്കുന്നില്ല. ഓരോ ദിവസവും സിയാറത്ത് നടത്തിയ സ്ഥലങ്ങളെ കുറിച്ചുള ലഘു വിവരണം മാത്രമാണ്.
      വി. പി മുഹമ്മദ് സഖാഫി വില്ല്യാപ്പള്ളി

No comments: