വിശുദ്ധ ഇസ്‌ലാം സ്ത്രീകൾക്ക് മഹത്വം നൽകിയ മതമാണ്.ഇസ്ലാമിൽ പുരുഷനെ പോലെ തന്നെ മാനുഷിക പരിഗണനക്കനുസരിച്ച് സ്ത്രീക്കും തുല്യ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.പക്ഷേ, പ്രഥമ ദൃഷ്ട്യാ സ്ത്രീയെ പലയിടങ്ങളിലും അതിർവരമ്പുകൾ ക്കുള്ളിൽ തളച്ചിട്ടതുപോലെ തോന്നും.എന്നാൽ സ്ത്രീയെന്ന പരിഗണന വെച്ച് സ്ത്രീ സംരക്ഷണത്തിനാവശ്യമായ എല്ലാ സ്വാതന്ത്ര്യവും സംവിധാനവും ഇസ്ലാം ഒരുക്കിയിട്ടുണ്ട്.
സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ പലരും ധരിച്ചിരിക്കുന്നത് മനുഷ്യജീവിതത്തിന് അപ്പുറത്തുള്ള ഏതോ ചില സംസ്കാരങ്ങളാണ് എന്നാണ്. അങ്ങനെ മനസ്സിലാക്കിയവർ കവലകളിലും സമൂഹമാധ്യമങ്ങളിലും അവരുടെ അഴിഞ്ഞാട്ടങ്ങൾ മനസ്സിലാക്കി തരുന്നത്, മനുഷ്യ സംസ്കാരത്തിന്റെ അചിന്തനീയമായ മേഖലകളാണ്. ആ ഒരവസ്ഥയെ അർത്ഥമാക്കുന്നവയാണ് ഈയിടെ കൊച്ചുകേരളത്തിൽ അരങ്ങുതകർത്ത ചുംബന സമരങ്ങളും വത്തക്ക സമരങ്ങളും.
മുസ്ലിം നാമധാരികളായ പലരും അതിൻറെ മുഖ്യധാര പങ്കുവഹിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ്, അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ തോത് മനസ്സിലാകുന്നത്. അത്തരക്കാർക്ക് സ്വന്തം മതത്തിൻറെ അധ്യാപനങ്ങളെ നടപ്പിൽ വരുത്തുന്നതിനേക്കാളുപരി മറ്റു മതങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നു കയറുന്നതും ഈയിടെയായി ശബരിമലയിൽ നാം ദർശിക്കുകയുണ്ടായി.
അങ്ങനെയൊക്കെയുള്ള ഉള്ള ജീവിതങ്ങൾ നയിക്കുമ്പോഴും, സ്വത്വബോധം വീണ്ടെടുക്കണമെന്ന ചിന്താഗതിക്കാരുണ്ടെന്നതാണ് പ്രശംസനീയം.താൻ ജീവിക്കുന്നത് എന്തിനാണെന്നും ജീവിതത്തിൻറെ അന്ത്യം എന്താകുമെന്നും ചിന്തിക്കുന്നവർ അവരത്രെ! സ്ത്രീയെന്ന വാക്കിനർത്ഥമാകുന്നവർ.
ആധുനികതയുടെ കുത്തൊഴുക്കിൽ പെട്ട് സ്വത്വ ബോധം നഷ്ടപ്പെട്ടു ഫെമിനിസ്റ്റ്കളുടെ പിറകെ പോകുന്ന സോഷ്യൽ മീഡിയ വൈറൽ സ്ത്രീകൾക്ക് ശക്തമായ സ്വത്വബോധത്തിൻറെ ഉദാത്ത മാതൃകകളെ സൃഷ്ടിക്കുന്ന സംഘടനാ സംവിധാനമാണ് Shaping the Identity of Muslim women എന്ന പ്രമേയത്തിൽ പ്രവർത്തിക്കുന്ന ഹാദിയ കോഴ്സ്.
ഏത് നിഷ്ഠൂര സാഹചര്യങ്ങളെയും അതിജയിച്ച് താൻ വിശ്വസിച്ച മതത്തിന്റെ തത്ത്വ സംഹിതകളെ ആരുടെ മുമ്പിലും തുറന്ന് പറഞ്ഞ് സധൈര്യം നെഞ്ചൂക്കോടെ നേരിട്ട 'ഹാദിയ' എന്ന സ്ത്രീയെ, കവലകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മുസ്ലിം നാമധാരികളായി അഴിഞ്ഞാടുന്നവർ മാതൃകയാക്കേണ്ടതുണ്ട്.
അന്യമതസ്ഥയായി വളർന്ന 'അഖില' എന്ന പെൺകുട്ടി, തന്റെ ജീവിതത്തിന്റെ ഏതോ ഒരു വഴിത്തിരിവിൽ, ഇസ്ലാമെന്ന സത്യാദർശത്തിൻ്റെ ദർശനത്തെ കുറിച്ചുള്ള പഠനം നടത്തി 'ഹാദിയ'യായപ്പോൾ , തികച്ചും കാലികവും കൗതുകകരവുമായ തത്ത്വ ജ്ഞാനങ്ങളെ തിരിച്ചറിഞ്ഞപ്പോൾ, താനിതുവരെ വിശ്വസിച്ചും അനുഭവിച്ചും വളർന്ന ഇസ്ലാമേതര മത സംസ്കാരത്തെ തിരസ്കരിച്ച് തന്റെ മാതാപിതാക്കളടക്കമുള്ളവരെ മുൾമുനയിൽ നിർത്തി ഇസ്ലാമിന്റെ ആശയ ദർശനത്തിലേക്ക് കടന്നു വന്നപ്പോൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും കൽതുറുങ്കുകളും സമൂഹ മാധ്യമങ്ങളിൽ ചിലതെങ്കിലും മറച്ചുവെച്ചപ്പോൾ, ഈമാനെന്ന വജ്രായുധം കൊണ്ട് വളച്ചുകെട്ടില്ലാതെ സത്യത്തെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുകയായിരുന്നു 'ഹാദിയ'.
ഇന്ത്യയെ പോലുള്ള ജനാധിപത്യ മതേതരത്വ രാജ്യത്ത് ജീവിക്കുന്ന ഏതൊരാൾക്കും ഇഷ്ടമുള്ള മതങ്ങളിൽ ചേരാനും, ഇഷ്ടമുള്ള സിദ്ധാന്തമനുസരിച്ച് ജീവിക്കാനും, തന്നിഷ്ടം പോലെ എന്തിനും സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, അവിടെയാണ് ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം സ്വത്വബോധം കൈവരിക്കേണ്ടുന്നതിൻ്റെ ആവശ്യകത തിരിച്ചറിയേണ്ടത്.
പാശ്ചാത്യൻ രാജ്യങ്ങളിൽ മുസ്‌ലിമായി ജീവിക്കാനും തന്റെ മാനം മറക്കാനോ പോലും അവസരം ലഭിക്കാതെ, ഇസ്ലാം മത വിശ്വാസമെന്നത് ഒരു വിലാപമായി, ചില നൊമ്പരക്കാറ്റുകളായി വാർത്താ മാധ്യമങ്ങളിൽ നാം കണ്ടു കൊണ്ടിരിക്കുമ്പോൾ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മത സ്വാതന്ത്ര്യത്തിൽ നമുക്ക് അഭിമാനിക്കാം..
അമേരിക്കയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുമെല്ലാം ശിരോ വസ്ത്രത്തിനെതിരായ അതിക്രമങ്ങൾ പെരുകുകയാണ്. ഇന്ത്യയിൽ സങ്കികൾ നിയമം കൈയ്യേറുന്ന പോലെ തീവ്ര മതേതരത സംഘങ്ങൾ തട്ടമിട്ടവരെ അക്രമിക്കാനിറങ്ങുകയാണ്. ഹിജാബ് ധരിക്കുന്നവർ പൊതുഇടങ്ങളിൽ നിരന്തരം അക്രമിക്കപ്പെടുന്നു.
അമേരിക്കയിലെ വാഷിംഗ്ടണിലെ ഒരു ബാങ്കിൽ കാർ ലോണിനെത്തിയ ജമീല മുഹമ്മദ് എന്ന സ്ത്രീയുടെ ശിരോവസ്ത്ര ധാരണത്തിനെതിരെയുണ്ടായ പ്രതിഷേധം അന്യതയും തിരസ്കാരവും അപമാനവും കൊണ്ട് അവരുടെ ഹൃദയം തകർത്തതും, അമേരിക്കൻ വിദ്യാലയത്തിലെ എട്ട് വയസ്സുകാരിയുടെ തട്ടം അധ്യാപകൻ വലിച്ചെടുത്ത് പുറത്തേക്കെറിഞ്ഞ് കുട്ടിയെ അപമാനിതയാക്കിയതും ഉദാഹരണങ്ങളാണ്.
ഹിജാബിനെ വിശ്വാസത്തിന്റെ ഭാഗമയല്ല അവർ കാണുന്നത്.ഈ വേഷം കൊണ്ട് മുസ്ലിം വനിതകൾ സാംസ്കാരികമായ പ്രഖ്യാപനം നടത്തുകയാണെന്നും ആക്ടിവിസത്തിന്റെ ഭാഗമാണെന്നും വാദിക്കുകയാണവർ. പൊതു ഇടങ്ങളിൽ ഹിജാബ് ധരിച്ച വനിതകളുടെ സാന്നിധ്യം സാംസ്കാരിക മാനക്കേടായാണ് പൊതു പാശ്ചാത്യ സമൂഹം കാണുന്നത്.താടിയുടെയും തലപ്പാവിൻ്റെയും കാര്യത്തിലെന്ന പോലെ ഹിജാബിലും തെറ്റായ പ്രതിനിധാനം സൃഷ്ടിക്കാനാണ് പാശ്ചാത്യ ബുദ്ധി ജീവികൾ ശ്രമിക്കുന്നത്. എല്ലാ ശിരോവസ്ത്ര ധാരികളും 'പൊട്ടൻഷ്യൽ ടെററിസ്റ്റു'കളാണെന്ന ധാരണയാണ് അവർ പരത്തുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം സമൂഹമുള്ള ഫ്രാൻസിൽ, മുസ്‌ലിംകളെയാകെ വരിഞ്ഞ് മുറുക്കുന്ന നിയമങ്ങൾ കൊണ്ട് വന്ന്, അവരെ ഏറ്റവും കൂടുതൽ രൂക്ഷമായ അന്യവത്കരണത്തിനും അതിക്രമത്തിനും ഇരകളാക്കുന്നു. ജോലി സ്ഥലങ്ങളിൽ ശിരോവസ്ത്രം പോലുള്ള മത, തത്ത്വ ചിന്താപരമായ അടയാളങ്ങൾ വിലക്കാൻ തൊഴിലുടമക്ക് യൂറോപ്യൻ നീതിന്യായ കോടതി നൽകിയ അനുമതി മുസ്ലിം സ്ത്രീകൾക്ക് തന്റെ സത്യാദർശത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നതിന് വിലങ്ങു വെക്കുകയാണ്.
ഇനിയും നമ്മൾ സ്വത്വബോധത്തിന്റെ അർത്ഥ തലങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിൽ പാശ്ചാത്യൻ രാജ്യങ്ങളുടെ അതേ അവസ്ഥയായിരിക്കും നാം ജീവിക്കുന്ന രാജ്യത്തും സംജാതമാകാനിരിക്കുന്നത്.
ബീഫ് നിരോധനത്തിൻ്റെ പേരിലും, തീവ്രവാദത്തിന്റെ പേരിലും വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിൽ മുസ്ലിം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിലും വേട്ടയാടപ്പെടുന്ന കാഴ്ച അതി വിദൂരമല്ലെന്ന് നമുക്ക് അനുമാനിക്കാം. ഇസ്ലാം നിശ്ചയിച്ച അതിർ വരമ്പുകളിൽ ഒതുങ്ങി നിന്ന് സ്ത്രീകൾ ജീവിതം ചിട്ടപ്പെടുത്തിയില്ലെങ്കിൽ ഇരു ലോകത്തും നാം വിരൽ കടിക്കേണ്ടി വരും.
സ്വത്വബോധം നഷ്ടപ്പെട്ടതിന്റെ ഉദാഹരണങ്ങളായി നിരവധി മുസ്ലിം പെൺകുട്ടികൾ അന്യ മതസ്ഥരുടെ കൂടെ ജീവിതം തേടിപ്പോയത് ഈ കൊച്ചു കേരളത്തിന്റെ ചരിത്രത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ തനിയാവർത്തനങ്ങൾ സോഷ്യൽ മീഡിയകളിലൂടെ എന്നും നാം കാണുന്നവരുമാണ്.
വിശുദ്ധ ഇസ്‌ലാമിന്റെ ആരാധനാ കർമ്മങ്ങളെ ല്ലാം ഏതൊരു സ്ത്രീക്കും സ്വ ബോധം ചിട്ടപ്പെടുത്തുന്ന രൂപത്തിലാണ് അള്ളാഹു സംവിധാനിച്ചിരിക്കുന്നത്. 5വക്ത് നിസ്കാരങ്ങൾ, അതിന്റെ അർത്ഥ തലങ്ങളിലേക്ക് നാം കടന്നു ചെന്നാൽ, നിസ്കാരം കഴിഞ്ഞാൽ അടുത്ത നിസ്കാരത്തിനിടക്ക് ഒരു തെറ്റും ചെയ്യാൻ നമ്മുടെ ബുദ്ധി നമ്മെ അനുവദിക്കുകയില്ല. കാരണം നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതോടു കൂടി നാം അള്ളാഹുവിനോട് ചില പ്രതിജ്ഞാബദ്ധമായ തീരുമാനങ്ങളാണ് നാം ചൊല്ലുന്നത്. ഞാൻ നിന്റെ മുമ്പിലാണ് നിൽക്കുന്നതെന്നും എന്റെ ജീവിതവും മരണവും സർവ്വതും റബ്ബിനു മുന്പിൽ സമർപ്പിതമാണെന്നും ആ റബ്ബിനെ മാത്രമേ ആരാധിക്കുന്നുള്ളൂവെന്നും അത്കൊണ്ടാണ് എന്നോട് കൽപിക്കപ്പെട്ടതെന്നും , തുടങ്ങിയുള്ള പ്രതിജ്ഞകൾ അള്ളാഹുവിന് മുന്നിൽ ഉരുവിട്ട് കൊണ്ടാണ് നാം നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെ പ്രതിജ്ഞ എടുക്കുന്നവൻ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തുന്ന അടുത്ത നിസ്കാരത്തിൻ്റിടക്ക് എങ്ങനെ തെറ്റുകൾ ചെയ്യാൻ സാധിക്കും. അതുപോലെ തന്നെയാണ് നോമ്പും ഹജ്ജും മറ്റു ആരാധനാ കർമ്മങ്ങളെല്ലാം.
ഈ ആരാധനകളൊന്നും നമ്മെ ഒരിടത്ത് തളച്ചിടുന്നതിന് വേണ്ടി സംവിധാനിച്ച ചില കാട്ടിക്കൂട്ടലുകളല്ല. മറിച്ച്, സ്വത്വബോധം വീണ്ടെടുക്കുന്നതിനുള്ള ചില മാർഗങ്ങളാണ്.അത് പോലെ തന്നെയാണ് നാം ധരിക്കുന്ന ഹിജാബുകളും. ഇതൊന്നും സ്വത്വബോധത്തിൽ നിന്ന് ഉദിച്ചു വന്നിട്ടില്ലെങ്കിൽ ഇത് ധിക്കാരത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കാത്തവർ പറയും, ഇതൊക്കെ ഒരുതരം സ്വാതന്ത്ര്യം ഹനിക്കുപ്പെടുന്ന മതത്തിന്റെ തീരുമാനങ്ങളാണ്. കേവലം കാമവെറിയന്മാരുടെ കണ്ണിനെ തൊട്ട് സംരക്ഷിക്കാൻ മാത്രമല്ല ഹിജാബുകൊണ്ട് അർത്ഥമാക്കുന്നത്. മറിച്ച് അതൊരു ആത്മവിശ്വാസ പ്രകടനമാണ്.അത് ലൈംഗിക അരാജകത്വത്തെ തിരസ്കരിക്കുന്നു.അത് കുടുംബത്തെ തിരിച്ചു പിടിക്കുന്നു. അത് പുരുഷാധിപത്യ ഭാവനകളിൽ വിരിയുന്ന വസ്ത്ര സങ്കൽപത്തെ വിസമ്മതിക്കുന്നു. സ്ത്രീയുടെ വ്യക്തിത്വത്തെ ഉയർത്തി പിടിക്കാനും കേവല പ്രണയത്തെ നിരാകരിക്കാനും ഉദാത്തമായ പ്രണയത്തെ സമ്മതിക്കാനും ഹിജാബു കൊണ്ട് സാധിക്കുന്നു.
ഏതൊരു മതമായാലും അരാജകത്വങ്ങൾക്ക് കൂട്ട് നിൽക്കുന്ന മതങ്ങളായിട്ട് ഒരു മതവും ഇല്ല. ഏത് മതവും മനുഷ്യ നന്മയ്ക്കായിട്ട് വന്നിട്ടുള്ളവയാണ്. എന്നിരിക്കെ തീർത്തും ദൈവിക മതമെന്ന് മറ്റു മതസ്ഥർ പോലും അറിയാതെ സമ്മതിക്കുന്ന ഇസ്ലാമിന്റെ നിയമങ്ങളെ മുറുകെപ്പിടിച്ചു ജീവിക്കാൻ ഒരു സ്ത്രീ തയ്യാറായാൽ അത് മതി അവളുടെ ജീവിത വിജയത്തിന്. അതുമാത്രം മതി അവളുടെ ഇരു ലോക വിജയ നിദാനമായിട്ട്.
തികച്ചും കീർത്തനയുടെ മതമല്ല ഇസ്ലാമെന്ന് വിശുദ്ധ ഖുർആൻ തന്നെ നമ്മോട് വിളിച്ചോതുമ്പോൾ , സ്വത്വബോധത്തിൽ നിന്നും ഉടലെടുക്കേണ്ടതാണ് ജീവിത ചിട്ടപ്പെടുത്തലുകൾ. മതം അതിന് ദാർശനികമാകുമ്പോൾ , അതൊരു ഇരുലോക വിജയ നിദാനവും കൂടിയാകുന്നു.
നാം തന്നെ നമ്മെ ചിട്ടപ്പെടുത്തിയെടുക്കുക.നമ്മിലൂടെ തന്നെ നമ്മൾ ചിന്തിക്കുക. മറ്റൊരാൾ എന്നെക്കൊണ്ട് പഠിക്കണമെന്ന ഉള്ളറിഞ്ഞ ചിന്ത നമുക്കുണ്ടാവുക, എന്നാൽ നമ്മെകൊണ്ട് നാമും മറ്റുള്ളവരും സമൂഹവും സ്വത്വബോധമുള്ളവരായി ജീവിതത്തെ വരച്ചുകാണിക്കാൻ സാധിക്കും.
ആർ എസ് സി യു എ ഇ നാഷണൽ തലത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലേഖനമാണിത്.
ലേഖിക: ആഷിഫ തസ്നി ഉമ്മുൽ ഖുവൈൻ
W/o ഹാഫിള് ഫൈസൽ സഖാഫി വാഴക്കാട്
No comments:
Post a Comment