Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, May 2, 2019

അജ്മീർ യാത്ര...

അൻവർ ഹിമമി മലങ്കരെ

വർഷങ്ങളായുള്ള ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു ഈ അജ്മീർ യാത്ര..

രണ്ടു ദിവസം സുൽത്താനുൽ ഹിന്ദിന്റെ ചാരത്തിരുന്നപ്പോൾ ലഭിച്ച ആത്മീയാനുഭൂതി വിവരണാതീതമാണ്..

സൽവാർ ശരീഫ്, താറാഗർ ബീരാൻ സാഹിബ്‌, നിസാമുദ്ധീൻ ഔലിയ,  ഭക്തിയാർ കാക്കി, അഅ്ലാ അസ്‌റത്ത്, താജുശ്ശരിയ്യ.... തുടങ്ങിയ മഹത്തുക്കളുടെയും അവരുടെ ചാരത്ത് വിശ്രമിക്കുന്ന ആയിരങ്ങളായ മഹാന്മാരുടെയും മസാറകൾ സിയാറത്ത് ചെയ്തപ്പോൾ ഇരുലോകത്തും ആസ്വദിക്കാനുതകുന്ന പല അനുഭവങ്ങൾക്കും സാക്ഷിയായി..  അവ പിന്നീട് പങ്കുവെക്കാം..  ഇൻശാ അല്ലാഹ്.. 

അതിനു മുമ്പ്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സ്റ്റേറ്റിലൂടെയുള്ള യാത്രയിൽ നേരിട്ട ദുരനുഭവങ്ങളിൽ നിന്ന് ചിലത് നിങ്ങളുമായി share ചെയ്യട്ടെ...

അജ്മീറിലെ ഒരു രാത്രി..  ഭക്ഷണം കഴിച്ചു റൂമിൽ പോകുമ്പോൾ സിറാജ് ഹിമമി കാഞ്ഞങ്ങാട് call ചെയ്തു..  *"കൂടെയുള്ള ഒരുത്തന്റെ മൊബൈൽ കാണാനില്ലല്ലോ.. സുബ്ഹാനള്ളാ..."*

യാത്രയിലെ ഫോട്ടോകൾ മുഴുവനും എടുക്കാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നത് ആ ഫോൺ ആയിരുന്നു..  അഥവാ,  നമ്മുടെ കൂട്ടത്തിൽ ഏറ്റവും ഉസ്സാറുള്ള മൊബൈൽ..  ഫോൺ മാത്രമല്ല..  അവന്റെ ചിലവിനുള്ള 6000രൂപ ആ ഫോണിന്റെ കവറിനുള്ളിലായിരുന്നു..  അതും പോയി..

ചുരുക്കിപറഞ്ഞാൽ,  അവന്റെ അടിത്തറ തന്നെ ആരോ മാന്തിയിരിക്കുന്നു.. 

അജ്മീറിൽ എന്നും ഉറൂസിന്റെ പ്രതീതിയാണ്.. പതിനായിരങ്ങൾ ഓരോ ദിവസവും അവിടെ സംഗമിക്കുന്നു...  ഈ തിരക്കിനിടയിൽ എവിടെ പോയി അന്യോഷിക്കാനാണ്..  ആരോട് ചോദിക്കാനാണ്..?

മുമ്പിലൊരു പോലീസിനെ കണ്ടപ്പോൾ അദ്ദേഹത്തോട് കാര്യം പറഞ്ഞു..
തൊട്ടടുത്തുള്ള പോലിസ് സ്റ്റേഷൻ ചൂണ്ടി കാണിച്ചു അവിടെ പരാതി നൽകാൻ പറഞ്ഞു..

പരാതി നൽകി..  അവർ വിവരങ്ങളെല്ലാം എഴുതിയെടുത്തതിന്ന് ശേഷം പറഞ്ഞു..  ഇവിടെ ഒരു ടവറാണ് ഉള്ളത്..  ഇത്രയും ജനങ്ങൾ ഒരുമിച്ചു കൂടുന്നതിനാൽ കണ്ടു പിടിക്കൽ അസാധ്യമായിരിക്കും..

അവിടെനിന്നിറങ്ങി നേരെ "ഇന്ത്യയുടെ രാജാവ്" (സുൽത്താനുൽ ഹിന്ദ്)ന്റെ സവിധത്തിൽ ചെന്ന് പരാതി ബോധിപ്പിച്ചു..

പിറ്റേ ദിവസം രാത്രി ആരുടെയോ നിർദേശ പ്രകാരം ഗൂഗിളിൽ കയറി 'എന്റെ ഫോൺ എവിടെ' (where is my device) എന്ന് അന്യോഷിച്ചു.. അതാ കാണുന്നു..  ദർഗയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ആ മൊബൈൽ ഉണ്ടെന്നും അതിലേക്കുള്ള വഴി ഇതാണെന്നും കാണിച്ചു തന്നു..

ഗൂഗിൾ പറഞ്ഞുതന്ന വഴിയിലൂടെ ഞങ്ങൾ നടന്നു നീങ്ങി ലക്ഷ്യസ്ഥാനത്ത് എത്തി.. അവിടെ ഒരു കാർ പാർക്ക്‌ ചെയ്തിരിക്കുന്നു..  അതാ.. അതിനകത്ത് നഷ്ട്ടപെട്ടത് പോലോത്ത ഒരു മൊബൈൽ.. പക്ഷെ.. കാർ ലോക്ക് ആണ്.. തുറക്കാൻ പറ്റുന്നില്ല..

സമയം രാത്രി 10മണി.. ഡൽഹിയിലേക്ക് സീറ്റ്‌  റിസേർവ് ചെയ്ത ട്രെയിൻ വരാൻ ഇനി വെറും അരമണിക്കൂർ മാത്രം ബാക്കി..

ഞങ്ങൾ അജ്മീർ പോലീസ് സ്റ്റേഷനിലേക്ക് call ചെയ്തു..  അവർ ഡ്രൈവർ വരുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞു..

സമയം മുന്നോട്ട് നീങ്ങികൊണ്ടിരുന്നു.. എവിടെ നിന്നെങ്കിലും ഒരു പോലീസ് ജീപ്പ് വരണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച നിമിഷം.. വരുന്നു ഒരു ജീപ്പ് നിറയെ പോലീസുകാർ..

റോഡിൽ ഇറങ്ങി കൈ നീട്ടി വണ്ടി നിറുത്തി..  കാര്യം പറഞ്ഞപ്പോൾ "ഇത് നമ്മുടെ ഏരിയ അല്ല.. ഈ നമ്പറിൽ വിളിക്കു" എന്ന് പറഞ്ഞ് അവർ നമ്മെ കൈ ഒഴിയാൻ നോക്കുമ്പോൾ അതാ വരുന്നു.. സാക്ഷാൽ കാർ ഡ്രൈവർ..  ഡ്രൈവറെ കണ്ടപ്പോൾ പോലീസുകാർ ജീപ്പിൽ നിന്നും ഇറങ്ങി ഡ്രൈവറെ പൊതിഞ്ഞു... കാർ തുറക്കാൻ പറഞ്ഞു...

ഡ്രൈവർ കാർ തുറന്നു മൊബൈൽ എടുത്തു "ഇത് എന്റെ മൊബൈലാണെന്ന്.." അല്പം ദേഷ്യത്തോടെ പറഞ്ഞു നമ്മുടെ കയ്യിൽ തന്നു.. 
വാങ്ങിനോക്കുമ്പോൾ നമ്മുടെ മൊബൈൽ അല്ല..  ഞങ്ങൾ സസിയായി.. പക്ഷേ.. ലൊക്കേഷൻ അവിടെത്തന്നെയാണ്..
പോലീസുകാർ കാർ വീണ്ടും പരിശോധിച്ചു..  'കോയി ഫായിദ നഹിയെ..'

ഗൂഗിൾ ചതിച്ചതോ അല്ല, മൊബൈൽ പരിസരത്തെവിടെയെങ്കിലും ഉണ്ടോ ഒന്നും അറിഞ്ഞില്ല..  പോലീസുകാരുടെ ക്രൂര നോട്ടവും ഡ്രൈവറുടെ പുളിച്ച തെറിയും നേരിടേണ്ടി വന്നു എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ല..

ഡൽഹിയിലേക്കുള്ള ട്രെയിന് സമയം അടുത്തിരിക്കുന്നു.. ഞങ്ങൾ റെയിൽവേയിലേക്ക് ഓടി..  അപ്പോഴാണ് "കൂനിൻ മേൽ കുരു എന്ന്" പണ്ടാരോ പറഞ്ഞത് പോലെ രണ്ടാമത്തെ ദുരന്തം നമ്മെ തേടി എത്തിയത്..

ഡൽഹിയിലേക്ക് യാത്ര തിരിക്കാൻ ഞങ്ങൾ അജ്മീർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയപ്പോൾ നല്ല തിരക്കുണ്ടായിരുന്നു.. ഞങ്ങളുടെ തൊട്ടടുത്തുണ്ടായിരുന്ന ഒരു കുട്ടിയെ കാണിച്ചുകൊണ്ട് രണ്ട് സ്ത്രീകൾ "ചോറ്... ചോറ്..." എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.. 'ചോറ്...' എന്ന് പറഞ്ഞാൽ കള്ളൻ എന്നാണ് അർത്ഥമെന്ന് പണ്ടേ കേട്ടു പഠിച്ചതിനാൽ ഞങ്ങൾ അവനെ ബ്ലോക്ക് ചെയ്തു..

ആ സ്ത്രീകളുടെ വല്ലതും മോഷ്ടിച്ചിട്ടുണ്ടാകും എന്നാണ് ഞങ്ങൾ കരുതിയത്.. പക്ഷേ, അവർ നേരത്തെ മൊബൈലും പണവും നഷ്ടപ്പെട്ട കൂട്ടുകാരനോട് പറഞ്ഞു.. "നിൻ്റെ കീശയിൽനിന്നും ഇവൻ പണം എടുക്കുന്നത് ഞങ്ങൾ കണ്ടു.." അവൻ കീശ തപ്പി നോക്കി.. സംഭവം ശരിയാണ് അവന്റെ ചിലവിനു വേണ്ടി ഏതോ കൂട്ടുകാരൻ നൽകിയ 500 രൂപയിൽ നിന്നും 410രൂപ അവന്റെ  കീശയിൽ അവശേഷിക്കുന്നുണ്ടായിരുന്നു.. അത് കാണാനില്ല..  *ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ* ഒന്നിന് പിറകെ മറ്റൊന്നായി ദുരന്തങ്ങൾ അവനെ വേട്ടയാടിക്കൊണ്ടിരുന്നു..

ഞങ്ങൾ ആ കുട്ടിയെ കൊണ്ടുപോയി തൊട്ടടുത്തിരുന്ന പോലീസുകാരുടെ കയ്യിൽ കൊടുത്തു കാര്യം പറഞ്ഞു..

"നീ ഇവരുടെ പണം എടുത്തിട്ടുണ്ടോ മോനെ.." വെറും 15 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ആ കുട്ടിയെ സ്നേഹത്തോടെ തലോടി അവർ ചോദിച്ചു..

"ഇല്ല... എനിക്കറിയില്ല" എന്ന് പറഞ്ഞ് അവൻ ഷർട്ടിന്റെയും പാന്റിന്റെയും പോക്കറ്റുകൾ അവർക്ക് കാണിച്ചു കൊടുത്തു..

അവർ ചോദ്യം ആവർത്തിച്ചപ്പോൾ അവൻ പൊട്ടിക്കരയാൻ തുടങ്ങി.. "എനിക്കറിയില്ല..ഞാൻ എടുത്തിട്ടില്ല.. ഞാൻ ഒരു സ്റ്റുഡന്റ് ആണ്.. ഇവർ കള്ളം പറയുകയാണ്.." എന്നൊക്കെ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.. അവന്റെ  കരച്ചിൽ കണ്ട് എനിക്ക് ദയതോന്നി.. "ഇത്രയും ചെറിയ ഒരു കുട്ടി മോഷ്ടിച്ചിട്ടുണ്ടാവില്ല.. നമുക്ക് പോകാം" എന്ന് കൂട്ടുകാരോട് പറഞ്ഞു..

പക്ഷേ, പോലീസുകാർ അവനെ വിടുന്ന മട്ടില്ല... ഒരു റൂമിൽ കൊണ്ടുപോയി ചോദ്യത്തിന്റെ ശൈലി മാറ്റി.. വളരെ ഗൗരവത്തിൽ ശബ്ദമുയർത്തി അവനോട് ചോദ്യം തുടർന്നു.. അവന്റെ മറുപടിക്ക് യാതൊരു മാറ്റവും സംഭവിച്ചില്ല..

പിന്നീട് അവനെ അടിക്കുന്ന രംഗമാണ് കണ്ടത്... "ഹേയ്... 400 രൂപ അല്ലേ അത് പോട്ടെ.. അവൻ എടുത്തിട്ടുണ്ടാവില്ല" എന്ന് പോലീസുകാരോട് പറയാൻ ഒരുങ്ങുമ്പോൾ പോലീസുകാർ അവന്റെ ഷർട്ടും പാന്റും അഴിച്ചുമാറ്റി.. അതാ കിടക്കുന്നു  410രൂപ വളരെ ഭദ്രമായി അവന്റെ പാന്റിനകത്ത്.. പിന്നീട് അവന്റെ ശരീരത്തിൽ ഇടിയുടെ മാലപ്പടക്കം തന്നെ പൊട്ടി...

"നിങ്ങൾ ഒരു കേസ് എഴുതിത്തരൂ.. ഇവനെ അറസ്റ്റ് ചെയ്യട്ടെ" എന്ന് പോലീസുകാർ പറഞ്ഞപ്പോൾ ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നു.. "കേസൊന്നും വേണ്ട സാറേ.. നമുക്ക് ട്രെയിൻ വന്നു..." എന്ന് പറഞ്ഞു 410രൂപയും വാങ്ങി  ഞങ്ങൾ ഡൽഹിയിലേക്ക് വണ്ടികയറി..  ട്രെയിനിൽ പരിചയപ്പെട്ട ഒരു മലയാളി പറഞ്ഞു..  *"ഇവിടങ്ങളിൽ  യാത്ര ചെയ്യണമെങ്കിൽ അടിവസ്ത്രത്തിന് പോലും ചങ്ങല പൂട്ട്  ഇട്ടിരിക്കണം.. ഇല്ലെങ്കിൽ അതും കൂടി ഇവർ അടിച്ചുമാറ്റും.."*

സുബഹിക്ക് ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങളെല്ലാവരും ട്രെയിൻ ഇറങ്ങി.. പക്ഷേ തൻവീർ ഹിമമി ട്രെയിനിൽ നിന്നും ഇറങ്ങാതെ എന്തോ തിരഞ്ഞുകൊണ്ടിരിക്കുകയാണ്..

കാര്യം അന്വേഷിച്ചപ്പോഴാണ് അവന്റെ മൊബൈൽ കാണാനില്ലെന്ന ദുഃഖ യാഥാർത്ഥ്യം മനസ്സിലായത്.. സുബഹിക്ക് എഴുന്നേറ്റ് സമയം നോക്കി മൊബൈൽ ബാഗിൽ വച്ചതായിരുന്നു.. മുഖം കഴുകി വന്ന് നോക്കുമ്പോൾ മൊബൈൽ കാണാനില്ല..

ഞങ്ങളെല്ലാവരും അവനോടൊപ്പം അന്വേഷണം ആരംഭിച്ചു.. ബോഗി മുഴുവനും അരിച്ചുപെറുക്കിയിട്ടും മൊബൈൽ കിട്ടിയില്ല..

അവന് ബാഗിൽ വെക്കുന്നത് നോട്ടമിട്ട ഏതോ തസ്കരൻ മൊബൈലുമായി സ്ഥലം വിട്ടിരിക്കുന്നു.. അങ്ങിനെ പതിനഞ്ചായിരം രൂപ വിലയുള്ള രണ്ടാമത്തെ മൊബൈലും എന്നെന്നേക്കുമായി നമ്മോട് വിടപറഞ്ഞു..

'ഇന്ത്യയിലെ ഏറ്റവും വലിയ ജുമാ മസ്ജിദ്' എന്ന ഖ്യാതി നേടിയ ഡൽഹി ജാമിയ മസ്ജിദിൽ ഒരു വൈകുന്നേരം വിശ്രമിക്കുന്ന സമയത്ത്, ബഷീർ പർച്ചേസ് കഴിഞ്ഞ് വളരെ വിഷമത്തോടെ വരുന്നത് കണ്ടു.. "എന്താ ബഷീറേ മുഖത്ത് ഒരു വല്ലായ്മ.. എന്തെങ്കിലും നഷ്ടപ്പെട്ടോ..?

ജാമിയ മസ്ജിദിന്റെ പരിസരത്തുള്ള ചന്ത ഡൽഹിയിലെ തന്നെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമാണ്.. അതിനാൽ തന്നെ ഈ സ്ഥലത്ത് എപ്പോഴും നല്ല തിരക്കാണ്.. ഈ ജനബാഹുല്യത്തിൽ വല്ലതും നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണല്ലോ.. "അതേടാ.. ഒരു സുവർണാവസരം ഉണ്ടായിരുന്നു, അത് നഷ്ടപ്പെട്ടു.."എന്ന് പറഞ്ഞ് അവൻ ആ കഥ വിവരിച്ചു..  തിരക്കിനിടയിലൂടെ നടന്നുനീങ്ങുമ്പോൾ ഒരുത്തൻ അവന്റെ മൊബൈൽ കീശയിൽ നിന്ന് എടുത്തു.. ഇത് മനസ്സിലായ ബഷീർ ഉടനെ അവന്റെ കോളർ പിടിച്ചു, പിരടിയിലേക്ക് ആഞ്ഞുവീശി.. പക്ഷേ, അടിച്ചില്ല.. മൊബൈൽ തിരിച്ചു കിട്ടിയെങ്കിലും അടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ  വിഷമമാണ് അവന്റെ മുഖത്ത് നിഴലിച്ചു നിൽക്കുന്നത്..

ആഗ്രയിലേക്കുള്ള ട്രെയിൻ യാത്രയിൽ രാത്രി 2.30ന് "ഹേയ്..." എന്ന സമദിന്റെ അട്ടഹാസം കേട്ട് ഞാൻ ഞെട്ടി ഉണർന്നു, നോക്കുമ്പോൾ "കള്ളൻ..കള്ളൻ.. മൊബൈൽ പോയി"എന്ന് പറഞ്ഞ് അവൻ ട്രെയിനിനു പുറത്തേക്ക് ചൂണ്ടികാണിക്കുന്നു.. കള്ളനെ പിടിക്കാൻ അനസ് ഓടുന്നു.. അപ്പോഴേക്കും ട്രെയിൻ മൂവായിരുന്നു..

ഇതൊക്കെ സ്വപ്നമാണോ, യാഥാർത്ഥ്യമാണോ എന്നറിയാൻ ഞാൻ കയ്യിലേക്കൊന്ന് നുള്ളി നോക്കി.. സംഭവം ശരിയാണ്..

"എന്തു പറ്റിയെടാ..?" എന്ന് ചോദിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത്.. കളത്തൂർ സിദ്ധി മൊബൈൽ ചാർജിൽ കുത്തി ബാഗിൽ വച്ചാണ് ഉറങ്ങിയത്.. ട്രെയിനിലുണ്ടായിരുന്ന ഒരു കള്ളൻ ഇത് നോട്ടമിട്ടിരുന്നു.. ട്രെയിൻ ഏതോ ഒരു സ്റ്റേഷനിലെത്തിയപ്പോൾ കള്ളൻ ഇറങ്ങി, മൊബൈൽ എടുക്കാൻ ജനലിലൂടെ അകത്തേക്ക് കയ്യിട്ടു.. എല്ലാ വരും നല്ല ഉറക്കത്തിലായിരുന്നു. ഭാഗ്യത്തിന് അപ്പോഴേക്കും സമദ് ഉണർന്ന് ശബ്ദമുണ്ടാക്കിയതിനാൽ മൊബൈൽ എടുക്കാൻ സാധിച്ചില്ല..

      ************
നാട്ടിലേക്കുള്ള മടക്കയാത്ര.. ആഗ്രയിൽ നിന്നും കാസർഗോട്ടേക്ക്... വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്രെയിൻ കയറി. ഞായറാഴ്ച സുബഹി 5മണിക്ക് ട്രെയിൻ കാസറഗോഡ് എത്തേണ്ടതാണ്.. പക്ഷേ നാട്ടിലെത്താൻ 4മണിക്കൂർ ബാക്കി ഉണ്ടാകുമ്പോൾ അഥവാ രാത്രി ഒരുമണിക്ക് മണ്ടമെ അലി വന്ന് വിളിക്കുന്നു... "അൻവറേ..അൻവറേ.. എഴുന്നേൽക്ക്.. ട്രെയിനിന് തീ പിടിച്ചിരിക്കുന്നു.." 

'സുബ്ഹാനള്ളാ.... എന്താ ഈ കേൾക്കുന്നത്..' ഞാൻ ചാടിയെഴുന്നേറ്റ് പുറത്തിറങ്ങി.. നോക്കുമ്പോൾ മുന്നിലെ ബോഗി ആളിക്കത്തുകയാണ്.. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.. പല സ്ത്രീകളും പൊട്ടിക്കരയുന്നു.. ജനങ്ങളെയെല്ലാം തൊട്ടടുത്തുള്ള ഒരു പാടത്തേക്ക് മാറ്റുന്നു.. ഫയർഫോഴ്സ് വന്നു തീ അണക്കുന്നു.. ACകോച്ചിലെ ചില്ലുകൾ അടിച്ചുപൊളിക്കുന്നു.. പലർക്കും പരിക്ക് പറ്റിയിട്ടുണ്ട്... ആംബുലൻസ് വരുന്നു.. മൊത്തത്തിൽ ജഗപൊഗ..

ചുരുക്കി പറഞ്ഞാൽ നമ്മൾ അവിടെ ബാക്കി.. ഇനി എങ്ങനെ നാട്ടിലെത്തുമെന്ന് വിഷമിച്ചിരിക്കുമ്പോൾ അതുവഴി ഒരു ട്രെയിൻ വരുന്നത് കണ്ടു.. ഞങ്ങൾ പെട്ടെന്ന് ലഗേജുകൾ മുഴുവനും എടുത്തു പുറത്തിറങ്ങി.. സ്റ്റോപ്പ്‌ ഇല്ലെങ്കിലും ഭാഗ്യത്തിന് ആ ട്രെയിൻ അവിടെ നിർത്തി... അൽഹംദുലില്ലാഹ്.. അതിൽ കയറി കാസർഗോഡെത്തി...

ഈ യാത്രയിൽ നേരിട്ട ചില പ്രയാസങ്ങൾ മാത്രമാണ് ഇവിടെ കുറിച്ചത്.. എന്നാൽ ഈ പ്രയാസങ്ങൾ മുഴുവനും മറികടക്കുന്ന വലിയ സന്തോഷങ്ങളും അനുഭവങ്ങളും യാത്രയിൽ ലഭിച്ചിട്ടുണ്ട്.. അതിനെ വിസ്മരിക്കുകയല്ല.. രണ്ടു ദിവസത്തിലായി ഖാജാ തങ്ങളുടെ ചാരത്ത് പലതവണ പോവുകയും ആ സവിധത്തിൽ ഖസീദത്തുൽ ബുർദ മുഴുവനും പാരായണം ചെയ്യാനും സാധിച്ചു.. മാത്രമല്ല, അജ്മീറിലുള്ള ഹബീബായ തങ്ങളുടെ ശറഫാക്കപ്പെട്ട  ശഅ്റ് മുബാറക്കിന്റെ അരികിൽ ചെന്ന് രണ്ടുദിവസവും ബറക്കത്തെടുക്കാൻ സാധിച്ചു.. അൽഹംദുലില്ലാഹ്...

ഖാജാ തങ്ങളുടെ മകന്റെ മഖ്ബറയായ സൽവാർ ശരീഫിൽ സിയാറത്ത് ചെയ്തു തിരിച്ചു വരുമ്പോൾ കാറിന്റെ ടയർ പൊട്ടിത്തെറിച്ചെങ്കിലും നമുക്കൊന്നും സംഭവിക്കാത്തത് മഹാന്മാരുടെ കാവൽ കൊണ്ട് തന്നെയായിരുന്നു..

ഡൽഹി ജാമിയ മസ്ജിദിൽ സൂക്ഷിച്ചിട്ടുള്ള തിരു ഹബീബിനെ ശഅ്റ് മുബാറക്കും നഅ്ല് മുബാറക്കും തിരു പാദങ്ങൾ പതിഞ്ഞ കല്ലും കാണാനും സ്പർശിക്കാനും ചുംബിക്കാനും അവസരം ലഭിച്ചു.. അൽഹംദുലില്ലാഹ്..

ഒരു ദിവസം മുഴുവൻ അഅ്ലാ ഹസ്റത്തിന്റേയും താജുശ്ശരീയയുടെയും ചാരത്തിരുന്നപ്പോൾ ലഭിച്ച മാനസിക സംതൃപ്തി ചെറുതൊന്നുമല്ല..

ഖാളിൽ ഖുളാത്ത് അസ്ജദ് റസാഖാൻ ബറേൽവിയുടെ വീട്ടിൽ പോയി കാണാനും സംസാരിക്കാനും സാധിച്ചു.. ശൈഖ്  അബൂബക്കർ അഹ്മദിന്റെ  ശിഷ്യന്മാരാണെന്ന് പറഞ്ഞപ്പോൾ "മാഷാ അള്ളാഹ്..മർക്കസു സ്സഖാഫത്തിസ്സുന്നിയ്യയിൽ നിന്ന് വന്നവരാണല്ലേ.." എന്ന് പറഞ്ഞ് സ്വീകരിച്ചത് 'കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന' ചിലരുടെ കണ്ണ് തുറപ്പിക്കാനുള്ള യാഥാർഥ്യങ്ങളാണ്.. അന്നത്തെ ഉച്ചഭക്ഷണം അവിടുത്തെ ഗസ്റ്റ് ഹൗസിൽ നിന്നും നൽകി നമ്മെ സൽക്കരിച്ചു എന്നത് ഈ സ്വീകരണത്തിന് മാറ്റ് കൂട്ടുന്നു..

No comments: