Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 12, 2019

അഗ്നിയിൽ കുരുത്ത താരകങ്ങൾ - ഭാഗം അഞ്ച്

മാതാപിതാക്കളെ നിഷ്ഠൂരമായി കൊല ചെയ്ത ശേഷം അവർ അമ്മാറി(റ)നു നേരെ
കൊടും ക്രൂരതകളഴിച്ചു വിട്ടു.
പ്രലോഭനങ്ങളേറെ നടത്തിയെങ്കിലും
അമ്മാർ (റ)കുലുങ്ങിയില്ല..
………………………………………………………………………
അമ്മാർ(റ)ഖിന്നനാണ്,ദു:ഖം തളം കെട്ടി
മുഖം വിറളിയിരിക്കുന്നു,
എന്തോ വല്ലാത്തൊരു വെപ്രാളവും പേടിയും
ആ മുഖത്ത് പ്രകടമാകുന്നുണ്ട്,
സദസ്സിലെത്തിയ അമ്മാറി(റ)നെ
മുത്ത് നബി(സ്വ) ശ്രദ്ധിച്ചു നോക്കി,
അമ്മാറിനു തിരിച്ചു നോക്കാൻ കഴിയുന്നില്ല,
ഇടക്കിടെ തല ഉയർത്തി നോക്കുന്നുണ്ട്
പക്ഷെ ഭയം കാരണം സാധിക്കുന്നില്ല,
ഞാനെന്തു ചെയ്യും,
മുത്ത് നബി(സ്വ)യോടെന്തു പറയും..
അമ്മാർ (റ) ആകെ വിഷമിച്ചിരിക്കുകയാണ്.
പെട്ടെന്ന് മുത്ത് നബിയുടെ ചോദ്യം
"അമ്മാർ,എന്തു പറ്റി നിനക്ക് ?
എന്താ ഒരു പ്രയാസം.?"
ചോദ്യം കേട്ട് അമ്മാർ(റ)തല ഉയർത്തി പതുക്കെ പറഞ്ഞു,
"നാശം പിടിപെട്ടു യാ റസൂലള്ളാഹ്(സ്വ)"
"എന്നു വെച്ചാൽ...?"
മുത്ത് നബിയുടെ മരുചോദ്യം.
അമ്മാർ(റ) വിറയാർന്ന സ്വരത്തിൽ പറഞ്ഞു
"ഇന്നലെ എനിക്കുണ്ടായ പോലെയൊരു അനുഭവം മലമുകളിലായിരുന്നു നടന്നതെങ്കിൽ മല പൊട്ടിപ്പിളർന്നേനേ,
ആ കിരാതർ ഉച്ചവെയിലിന്റെ തീക്ഷ്ണതയിലെന്നെ നഗ്നമായി നിറുത്തി ശരീരം പൊള്ളിച്ചു നബിയേ,
അതൊക്കെ ഞാൻ സഹിച്ചു പക്ഷേ,
അവർ നിറുത്തിയില്ല,അങ്ങയെ ചീത്ത പറയാനും ആ വിഗ്രഹങ്ങളെ പുകഴ്ത്തിപ്പറായനും അവരെന്നെ വല്ലാതെ നിർബന്ധിച്ചു,വേദന സഹിക്കാതെ വന്നപ്പോ എനിക്കങ്ങനെ പറയേണ്ടി വന്നു നബിയേ.....
പറഞ്ഞു പൂർത്തിയാക്കാനാവാതെ അമ്മാർ(റ)പൊട്ടിക്കരയാൻ തുടങ്ങി...
കേട്ടു നിന്നവരൊക്കെയും
ആകെ വിഷമത്തിലായി,
നെഞ്ചോട് ചേർത്ത ആദർശം ഒരു നിമിഷം കൊണ്ട് തകർന്നു പോയോ എന്ന
വ്യഥയാണാ മനസ്സ് നിറയെ,
ദിവസങ്ങളേറെയായി താണ്ഡവങ്ങൾ സഹിച്ചതും ആ ആദർശത്തിന്റെ പേരിലാണല്ലോ,
വൃദ്ധരായ മാതാപിതാക്കളെ കൺമുന്നിലിട്ട് നിഷ്ഠൂരമായി വകവരുത്തിയപ്പോഴും അചഞ്ചലമായി ഉറച്ചു നിന്ന വിശ്വാസം, എല്ലാം ഒരു വേള വിട്ടെറിഞ്ഞു പോയല്ലോ നബിയേ...
ഞാനങ്ങനെ പറഞ്ഞതു കൊണ്ടാണവർ എന്നെ വിട്ടയച്ചത്.
"മനസ്സിൽ തട്ടിയാണോ അമ്മാറേ നീ അതൊക്കെ പറഞ്ഞത്" മുത്ത് നബിയുടെ ചോദ്യം,
"അല്ല നബിയേ,ഒരിക്കലുമില്ല,മനസ്സിലുള്ള വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല"
അമ്മാർ പ്രചിവചിച്ചു.
"കുഴപ്പമില്ല അമ്മാർ,അവർ വീണ്ടും നിർബന്ധിച്ചാലും നാവ് കൊണ്ട് നീ അങ്ങനെ തന്നെ പറഞ്ഞോളൂ" മുത്ത് നബിയുടെ ഈ വാക്ക് കേട്ട് അമ്മാർ സന്തോഷിച്ചു.
ആ ത്യാഗിവര്യനായ സ്വഹാബിയെ വിശുദ്ധ ഖുർആൻ അവതരിപ്പിച്ച് അല്ലാഹു ആദരിച്ചു.
"മനസ്സിൽ ഉറച്ച വിശ്വാസമുണ്ടായിരിക്കെ നിർബന്ധിതനായി അവിശ്വാസം പറയേണ്ടി വന്നാൽ അവനെതിരെ നടപടികളില്ല,
മറിച്ചുള്ളവർക്ക് അല്ലാഹുവിന്റെ കോപവും കഠിന ശിക്ഷയും ഉണ്ടാവും"....
കാലചക്രം കറങ്ങിക്കൊണ്ടിരുന്നു,
ശത്രുക്കളുടെ ആക്രമണങ്ങൾക്ക്
കാഠിന്യം കൂടിക്കൂടി വന്നു,
ഇസ്ലാമിക പ്രബോധനം
ദുസ്സഹമായി തന്നെ തുടർന്നു,
ആളുകൾ ഇസ്ലാമിലേക്ക്
കൂടുതൽ ആകർഷിക്കാനും,
മുത്ത് നബി(സ്വ) സ്വഹാബത്തിന് ഹിജ്റക്ക്
സമ്മതം നൽകിയ വാർത്ത കേട്ട്
അമ്മാർ(റ) ഏറെ സന്തോഷിച്ചു.....
സംഘത്തിന്റെ മുന്നിൽ തന്നെ സ്ഥാനമുറപ്പിച്ചു,
അവർ "ഖുബാഇ"ലെത്തി
വിശ്രമത്തിനും മറ്റുമായി തമ്പടിച്ചു,
"ഇവിടെ നമുക്കൊരു പള്ളി പണിയണം,"
അമ്മാർ(റ)ന്റെ വാക്ക് കേട്ട് സ്വഹാബത്തെല്ലാം സമ്മതം പറഞ്ഞു,
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ പള്ളി
ഖുബാഇൽ ഉയർന്നു വന്നു,
ഇസ്ലാമിക വിപ്ലവത്തിന്റെ നാന്ദിയായി
ഒരു കേന്ദ്രം പണിയാൻ മുന്നിട്ടു വന്ന അമ്മാർ(റ) അതോടു കൂടെ
ചരിത്രത്തിലെ സ്മരണീയ നേതൃത്വമായി മാറി....ആ ശ്രേഷ്ടത അമ്മാറി(റ)ന് സ്വന്തം.
മുത്ത് നബി(സ്വ)ഹിജ്റയിൽ പതിനാല് ദിവസം ഖുബാഇൽ താമസിച്ച ശേഷമാണ് മദീനയിലേക്ക് പ്രവേശിച്ചത്.....
മദീനയിലെത്തിയ മുത്ത് നബി(സ്വ)യുടെ കൂടെ രാവും പകലും നിഴലു പോലെ കഴിഞ്ഞു അമ്മാർ(റ).......
പിന്നീടുള്ള ഇസ്ലാമിക ചരിത്രത്തിൽ
ബദറും ഉഹ്ദുമെല്ലാം അമ്മാറി(റ)ന്റെ പോരാട്ട വീര്യത്തെ കുറിച്ചിടുന്നുണ്ട്.
യമാമയിൽ ചിതറിയോടിയ മുസ്ലിം സൈന്യത്തെ സ്വതസിദ്ധമായ ആജ്ഞാ ശക്തി കൊണ്ട് തിരിച്ചുവിളിക്കുമ്പോൾ തന്റെ ചെവി വെട്ടേറ്റ് തൂങ്ങിയാടുന്നുണ്ടായിരുന്നു.
ആ യുദ്ധപാടവത്തിനു മുന്നിൽ ശത്രുസൈന്യത്തിന് നഷ്ടമായത്
തങ്ങളുടെ നേതാവ് മുസൈലിമതുൽ കദ്ദാബിനെയായിരുന്നു.
അതോടെ വിജയശ്രീലാളിതരായ മുസ്ലിം സൈന്യം ഇസ്ലാമിന്റെ വെന്നിക്കൊടി പറത്തി.
നുബുവ്വത്തിന്റെ ആദ്യ നാളുകളിൽ തന്നെ
തൗഹീദു കൊണ്ട് പ്രകാശിതമായ അമ്മാർ(റ)
എത്യോപ്യയിലേക്കും മദീനയിലേക്കും
ഹിജ്റ പോയിട്ടുണ്ട്,
മുത്ത് നബി(സ്വ)പങ്കെടുത്ത
എല്ലാ ഗസ് വത്തുകളിലും പങ്കെടുത്തു,
നാല് ഖലീഫമാരുടേയും ഭരണത്തിനു കീഴിൽ ജീവിച്ചു സിദ്ധീഖ്(റ) ന്റെ നേതൃത്വത്തിൽ പ്രവാചകത്വ വാദികൾക്കെതിരിൽ
യമാമയിൽ പൊരുതി വിജയം നേടി,
ഉമർ(റ)ന്റ കാലത്ത് കൂഫയിലെ ഗവർണ്ണറായി നിയമിക്കപ്പെട്ടെങ്കിലും അധികാരം പ്രയാസമായപ്പോ സ്ഥാനം ഒഴിഞ്ഞു,
ഹിജ്റ 37ാം വർഷം 93ാം വയസ്സിൽ സ്വിഫ്ഫീൻ യുദ്ധത്തിൽ
ശഹീദായി സ്വർഗ്ഗം പുൽകുമ്പോൾ
അലി(റ)ന്റെ പടയുടെ നിപുണനായ യോദ്ധാവായിരുന്നുഅമ്മാർ(റ).
"അലി(റ),സൽമാൻ(റ),അമ്മാർ(റ) സ്വർഗം ഇവർ മൂന്നുപേരെയും കാത്തിരിക്കുകയാണ്"
ധീരനായ ആ ആദർശ ശാലിയുടെ
മാഹാത്മ്യം മനസ്സിലാക്കാൻ
മുത്ത് നബി(സ്വ)യുടെ ഈ വാക്കുകൾ
മാത്രം മതിയാവും......
ആ ധീരരായ ആദർശ കുടുംബത്തിന്റെ ഇതിഹാസ ചരിതം നമുക്കെന്നും ആവേശമാവട്ടെ....
ഈ ചരിത്രത്താളുകളിവിടെ അവസാനിക്കുന്നില്ല........
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
9747629381
9747220786

No comments: