Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, July 29, 2020

ഉപ്പ ഒരു തണൽ മരം , വിയോഗത്തിന് 14 ആണ്ട്!

ശംസുദ്ദീൻ പാടലടുക്ക
ദുൽ ഹിജ്ജ 9
ഉപ്പ (മർഹൂം മുഹമ്മദ് പയ്യക്കി) യെ കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ല എന്ന സത്യം ഇവിടെ കുറിക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന  വേർപാടിന്റെ നൊമ്പരം നികത്താനാവാത്ത ശൂന്യതയുടെ ആഴിയിൽ  കണ്ണീർ കണങ്ങളായി  പതിയുകയാണ്.  ‌പിന്നിട്ട വഴിയിലെ ഉപ്പയോടൊത്തുള്ള മനോഹരമായ കാൽപാടുകളാണ് മുന്നോട്ടുള്ള പ്രയാണത്തിൽ എനിക്ക് വഴി വിളക്കാവുന്നത്. കൂടെ നടന്നപ്പോൾ സമ്മാനിച്ച നന്മയുടെ നേർ ചിത്രങ്ങൾ വർണ്ണ മേഘങ്ങളായി മാറുമ്പോൾ അതിൽ നിന്നും വീഴുന്ന മഴത്തുള്ളികൾ മനസ്സിലെവിടെയോ മൃദുവായി സ്പർശിക്കുന്ന സുഖത്തിന്റെ സൗരഭ്യമാണ് എന്റെ യാത്രാ വഴികളിൽ  എനിക്ക് കൂട്ടിനെത്തുന്നത്! ആരൊക്കെയോ കൊണ്ട വെയിലിന്റെ ബാക്കിയാണു നമ്മൾ എന്ന തിരിച്ചറിവിന്റെ വക്കത്തു അറിയാത്ത തീരങ്ങള്‍ തേടിയുള്ള  നിശ്ചയമില്ലാത്ത യാത്രയിലെ  വരൾച്ചയുടെ ചൂടിൽ ഉപ്പ എനിക്ക് എന്നും ആശ്വാസത്തിന്റെ തണൽ മരമാണ്!
എനിക്കറിയാവുന്ന കാലം തൊട്ടേ ഉപ്പ നാട്ടിലെയും മറു നാട്ടിലെയും ആളുകളുമായി ജാതി മത ഭേദമന്യേ സൗഹൃദത്തോടെ ഇടപഴകുന്ന ആളായിരുന്നു.  നാട്ടുകാർക്കും  കുടുമ്പക്കാർക്കുമെല്ലാം എപ്പോഴും വേണ്ടപ്പെട്ടവരായി കണ്ടതായിട്ടാണ് ഞാൻ ഓർക്കുന്നത്. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, കലാ, വിദ്യാഭ്യാസ മേഖലകളിൽ  തന്റേതായ രീതിയിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്നത് ഓർക്കുന്നതോടൊപ്പം  ഇന്നും അത് സമൂഹത്തിൽ  ചർച്ച ചെയ്യപ്പെടുന്നത് ബാക്കി വെച്ചു  പോയ  വെളിച്ചത്തിന്റെ കാരണം കൊണ്ട് തന്നെയാവാം എന്ന് കരുതുമ്പോൾ സന്തോഷം തോന്നുന്നു. ഉപ്പയെ പോലെ നാടിന്റെ വികസനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ വിട പറയുമ്പോൾ നികത്താനാവാത്ത നഷ്ടത്തിന്റെ കണ്ണീരിന്റെ നനവ് നാടിന്റെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നത് കൊണ്ടാവാം അവർ ഒരിക്കലും മരിക്കാതെ മനസുകളിൽ ജീവിക്കുന്നതും അവരുടെ പുഞ്ചിരിയും സാന്നിധ്യവും നാടിന്റെ ചിത്രത്തിലും ചരിത്രത്തിലും നിറഞ്ഞു നിൽക്കുന്നതും.
ലളിതമായ ജീവിതവും വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ജാതി മത ഭേദമന്യേ എല്ലാവരോടും സ്വീകരിച്ചിരുന്ന സ്വഭാവ രീതിയും അവശ്യ സമയങ്ങളിൽ കാണിച്ചിരുന്ന ശൗര്യവും ധൈര്യവും ആദർശത്തിലുള്ള അടിയുറച്ച നിലപാടും ഒക്കെ  ഏറെക്കുറെ ഉപ്പാനെ അറിയുന്ന എല്ലാവരും ഇപ്പോഴും ഓർക്കുന്നുണ്ടാവാം. 
തീരുമാനത്തിലെത്താനാവാത്ത ചർച്ചകൾക്കും വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾക്കും മറ്റു വാഗ്‌വാദങ്ങൾക്കും  ചിലപ്പോഴൊക്കെ ഉപ്പ ഒരു പരിഹാരമായി മാറിയ ഓർമ്മകൾ   ന്യായമായ നിലപാട് കാരണം ഉപ്പയുടെ ആ ഇടപെടലുകളെ മിക്കവരും  ഒരു അവസാന വാക്ക് പോലെ സ്വീകരിച്ചിരുന്നു എന്നാണ് മനസിലാക്കിത്തരുന്നത്.
ശക്തമായ കാറ്റും മഴയും ഉണ്ടാവുന്ന ദിവസങ്ങളിൽ ഏത് പാതിരാത്രിയിലാണെങ്കിലും അടുത്തുള്ള  വീടുകളും  വീട്ടുകാരും സുരക്ഷിതരാണോ എന്നറിയാൻ  ബാറ്ററി ടോർച്ചുമെടുത്തു ആ  വീടുകൾ സന്ദർശിച്ചിരുന്നത് ഓർക്കുമ്പോൾ   അയൽവാസികളോടും കൂട്ടു കുടുമ്പത്തോടും കാണിക്കേണ്ട ബന്ധത്തിന് ഒരു പക്ഷെ ഒരുത്തമ ഉദാഹരണമായിരുന്നു എന്ന് തോന്നിപോകുന്നു.
കുറെ അറിവുകൾ നൽകി  ഉത്തരവാദിത്ത ബോധമുണ്ടാക്കുന്ന വിധം വീട്ടിൽ നടന്നിരുന്ന ചർച്ചകളുടെ ശബ്ദം  വീടിന് ചുറ്റുമുള്ള അന്തരീക്ഷത്തിൽ ഇന്നും ഒരു പ്രതിധ്വനിയായി മുഴങ്ങിക്കേൾക്കുന്നത് പോലെ  തോന്നുകയാണ്.  പ്രത്യേകിച്ചും മർഹൂം അബ്ദുല്ല ബെള്ളൂറട്ക്ക (ബാരിക്കാട് എളെയ), മർഹൂം അന്തുമാൻ (കാക്ക) എന്നിവർ വീട്ടിലെത്തുന്ന രാത്രികൾ ഉപ്പയും ചേർന്ന് പാതിരാ കഴിയും വരെ മതപരവും ആനുകാലികവുമായ കാര്യങ്ങൾ  സംസാരിച്ചിരുന്നത്  കൗതുകത്തോടെ നോക്കി നിന്നത് ഓർമ്മയിൽ ഒരു വസന്തമായി വിരിയുകയാണ്.
ഉപ്പ കൂടെയുണ്ടായിരുന്ന പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കാലം മായ്ക്കാത്ത വർണ്ണാഭമായ കാൽപാടുകളും തളിർത്തു നിൽക്കുന്ന നിറമാർന്ന ഒരു പാട് ഓർമ്മകളും!
ഒരുമിച്ചൊരു യാത്രയിൽ വഴി രണ്ടായി പിരിയുന്നേടത്തു വിയോഗത്തിന്റെ വിഷാദ മേഘങ്ങൾ  മഴയായി പെയ്യാതെ ബാക്കിയാവുമ്പോൾ  മനസ്സിൽ മുള പൊട്ടുന്ന വിതുമ്പലിന് ഓർമ്മകൾ മാത്രം കൂട്ട് !
ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് ഉപ്പ യാത്രയായപ്പോൾ ഓർമ്മ വെച്ച നാൾ മുതൽ ഒന്നിച്ചു  കളിച്ചതും ചിരിച്ചതും സ്നേഹം പങ്കിട്ടതും എല്ലാം ഒന്നൊഴിയാതെ ഒരു  വെള്ളപാച്ചിലായി  മനസിലെത്തിയത് ഒരു കവിതയായി ഇന്നും ഒഴുകുന്ന പോലെ! അനന്തതയിലെവിടെയോ ആ  വാത്സല്യത്തിന്റെ മുഖവും സ്നേഹത്തിന്റെ പുഞ്ചിരിയും ഞാൻ ഇന്നും കാണുമ്പോൾ  പച്ചിലച്ചാർത്തിൽ നിന്നിറ്റു വീഴുന്ന മഞ്ഞു തുള്ളികൾ പഴയ ഓർമ്മകൾക്ക് തിളക്കമേകി ഒരു സ്നേഹ   സാഗരം തീർക്കുന്നത്  പോലെ!!
ഉപ്പയോടൊത്തുള്ള അനുഭവത്തിന്റെ കുളിർകാറ്റ് നൽകുന്ന സുഖത്തിന്ന്  മനസ്സിൽ നിറയെ പ്രാർത്ഥനകൾ മാത്രം!
ഒരിക്കലും നികത്താനാവാത്ത വിധം നഷ്ടപ്പെട്ട തണൽ മരം!
ഉപ്പാന്റെ ബർസഖി ജീവിതം അള്ളാഹു സന്തോഷത്തിലാക്കി കൊടുക്കുമാറാവട്ടെ.   അവരെയും നമ്മെയും ഇവിടെ പ്രതിപാദിച്ചവർ  ഉൾപ്പെടെ നമ്മിൽ നിന്നും വേർപിരിഞ്ഞ എല്ലാവരെയും അള്ളാഹു സ്വർഗീയാരാമത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ
നിങ്ങൾ എല്ലാവരും ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണമെന്ന് വിനയ പുരസ്സരം അഭ്യർത്ഥിക്കുകയാണ്.

No comments: