Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 7, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 52/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
Tweet 52/365
വഹ് യ് അഥവാ ദിവ്യസന്ദേശത്തെ കുറിച്ച് നാം വായിച്ചു. ഇനി ‘പ്രവാചകൻ’ ആരാണെന്ന് നോക്കാം. പ്രപഞ്ചാധിപനായ അല്ലാഹു നേരത്തേ തന്നെ നിശ്ചയിച്ചു നിയോഗിക്കുന്നവരാണ് പ്രവാചകന്മാർ. ഏതെങ്കിലും വിധത്തിൽ നേടിയെടുക്കുന്ന ഒരു പദവിയല്ല പ്രവാചകത്വം. കർമ്മഫലമോ ധ്യാനത്തെളിച്ചമോ വിദ്യാഭ്യാസ യോഗ്യതയോ അങ്ങനെ ഒന്നുമല്ല. സവിശേഷമായ സന്ദേശം (വഹ് യ്) ലഭിച്ച പുരുഷൻ. ഇതാണ് നബി അഥവാ പ്രവാചകൻ എന്ന പ്രയോഗത്തിന്റെ സാരം. സന്ദേശത്തോടൊപ്പം പ്രബോധന ദൗത്യം കൂടി ഏൽപിക്കപ്പെട്ടാൽ ആ വ്യക്തിയെ റസൂൽ എന്ന് വിളിക്കും. എല്ലാ റസൂലുകളും നബിമാരായിരിക്കും. എന്നാൽ എല്ലാ നബിമാരും റസൂൽ ആയിരിക്കില്ല. ഒരു പ്രവാചകനുണ്ടായിരിക്കേണ്ട മുഴുവൻ ഗുണങ്ങളും നേരത്തേ തന്നെ പ്രസ്തുത വ്യക്തിയിൽ അല്ലാഹു സമ്മേളിപ്പിക്കുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പും ശേഷവും അവർ പാപസുരക്ഷിതരായിരിക്കും. ചെറുതോ വലുതോ ആയ പാപങ്ങൾ അവരിൽ നിന്നുണ്ടാവില്ല. അവരുടെ കാഴ്ചയും കേൾവിയും ജീവിതങ്ങളും സാധാരണയിൽ കവിഞ്ഞ മഹത്വമുള്ളതായിരുന്നു. "അല്ലാഹുവിന് നന്നായി അറിയാം ആർക്കാണ് രിസാലത്ത് നൽകേണ്ടത്" അൻആം അധ്യായത്തിലെ നൂറ്റിഇരുപത്തിനാലാം സൂക്തത്തിൽ ഇങ്ങനെയൊരാശയം പഠിപ്പിക്കുന്നു. അഥവാ ഏറ്റവും യോഗ്യരും യുക്തരുമായ വ്യക്തികളെ പാകപ്പെടുത്തിയാണ് അല്ലാഹു പ്രവാചകന്മാരാക്കിയിട്ടുള്ളത് എന്ന് സാരം.

പ്രവാചകൻമാരുടെ എണ്ണം എത്രയാണെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഏറ്റവും പ്രസിദ്ധമായത് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം എന്നതാണ്. ഇതിന് പ്രമാണമായി അബൂദർറ്(റ)ൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്. മഹാനവർകൾ പറയുന്നു, ഞാൻ ചോദിച്ചു അല്ലാഹുവിന്റെ ദൂതരേ.. പ്രവാചകന്മാർ എത്രയുണ്ട്.? ഒരു ലക്ഷത്തി ഇരുപത്തിനാലായിരം. അവരിൽ റസൂലുകൾ എത്ര പേരാണ്? മുന്നൂറ്റിപ്പതിമൂന്ന്. അവരിൽ ആദ്യത്തെയാൾ ആരാണ്? ആദം. ആദം റസൂലായ നബിയാണോ? അതെ. നബിﷺ ഉത്തരങ്ങൾ പറഞ്ഞു. ഈ ഹദീസിനെ കുറിച്ച് നിരൂപണങ്ങൾ ഉണ്ട്. എന്നാൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ) അടക്കം നിരവധിയാളുകൾ ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.

 പ്രവാചക പരമ്പരയിലെ അവസാനത്തെ വ്യക്തിയും എന്നാൽ എല്ലാവരുടെയും നേതാവുമാണ് മുഹമ്മദ് നബി ﷺ. മുർസലുകളിൽ അഞ്ചു പേർ 'ഉലുൽ അസ്മുകൾ' എന്ന പ്രത്യേക പദവിയിൽ ഉള്ളവരാണ്. നൂഹ്(അ), ഇബ്റാഹീം(അ), മൂസാ(അ), ഈസാ(അ), മുഹമ്മദ് ﷺ എന്നിവരാണവർ. അസാമാന്യമായ ക്ഷമയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഉടമകൾ എന്ന അർത്ഥത്തിലാണ് ഈ വിലാസം നൽകപ്പെട്ടത്. മുഹമ്മദ് ﷺ ശാരീരികപ്പിറവിയിലും ദൗത്യ നിയോഗത്തിലും അവസാനത്തെ നബിയാണ്. എന്നാൽ, ആത്മീയ നിയോഗത്തിൽ ആദ്യത്തേതും മറ്റെല്ലാപ്രവാചകന്മാരുടെയും നേതാവുമാണ്. എല്ലാ പ്രവാചകന്മാരും പ്രത്യേക കാലത്തേക്കോ ദേശത്തേക്കോ ജനതയിലേക്കോ മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. ഹൂദ് നബി(അ)യെ യമനിലെ 'ആദ്' സ്വാലിഹ് നബി(അ)യെ 'സമൂദ്' എന്നീ സമൂഹങ്ങളിലേക്കായിരുന്നു എന്ന് ഖുർആൻ പഠിപിക്കുന്നു. പക്ഷേ മുഹമ്മദ് ﷺ ലോകത്തേക്ക് മുഴുവൻ നിയോഗിക്കപ്പെട്ട നബിയാണ്. ഈ ആശയം പറയാൻ "കാഫതൻ ലിന്നാസ് ..." എന്ന പ്രയോഗമാണ് ഖുർആൻ ഉപയോഗിച്ചത്. മനുഷ്യവർഗ്ഗത്തിന് പുറമേ ഭൂതവർഗത്തിലേക്കും മുഹമ്മദ് ﷺ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ജിന്നുകൾ അഥവാ ഭൂതവർഗ്ഗം നബി ﷺയിൽ നിന്ന് ഖുർആൻ കേൾക്കുകയും അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ആശയം കൂടി ഉൾക്കൊള്ളുന്ന ഖുർആനിലെ അധ്യായത്തിന്റെ പേര് സൂറതുൽ ജിന്ന് എന്നാണ്. പ്രവാചകരിൽ നിന്ന് ജിന്നുകൾ ഖുർആൻ ശ്രവിച്ച സ്ഥലത്ത് നിർമിതമായ പള്ളിയാണ് മക്കയിലെ പ്രസിദ്ധമായ മസ്ജിദുൽ ജിന്ന്.

എല്ലാ പ്രവാചകന്മാരും ശബ്ദഭംഗിയും മുഖഭംഗിയും ഉള്ളവരായിരുന്നു. എല്ലാവരും അവരവർ ജനിച്ചു വളർന്ന നാട്ടിൽ വച്ചു തന്നെ പ്രവാചകത്വം പ്രഖ്യാപിച്ചവരായിരുന്നു. അതാത് ദേശങ്ങളിലെ അറിയപ്പെട്ട പവിത്ര കുടുംബങ്ങളിൽ നിന്നുള്ളവരുമായിരുന്നു. അഥവാ അവരുടെ ഊരോ പേരോ നിയോഗിക്കപ്പെടുന്ന ജനതക്ക് അറിയാത്തതായിരുന്നില്ല. ലോകത്ത് തന്നെ ഏറ്റവും അറിയപ്പെട്ടതും പവിത്രവുമാണ് മുത്ത്നബിﷺ യുടെ കുടുംബ പരമ്പര.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

No comments: