മുത്ത്നബി ﷺ യുടെ സഞ്ചാരം തുടർന്നു. അതാ വഴിയിൽ ഒരു മരക്കഷ്ണം. അത് വഴി കടന്നുപോകുന്ന ഓരോരുത്തരുടെയും വസ്ത്രവും മറ്റും അതിൽ ഉടക്കുകയും കീറുകയും ചെയ്യുന്നു. നബിﷺ അതിന്റെ വിശദീകരണം തേടി. അവിടുത്തെ സമുദായത്തിൽ നിന്ന് വഴിവക്കിൽ ഇരുന്ന് സഞ്ചാരികളെ പ്രയാസപ്പെടുത്തുന്നവരാണ് അവർ. ജിബ്‌രീൽ(അ) വിശദീകരണം നൽകി.
യാത്ര മുന്നോട്ടു തന്നെ നീങ്ങി. പലിശ തിന്നുന്നവർ, വിശ്വസ്ഥത പാലിക്കാത്തവർ, വിനാശം വിതക്കുന്ന പ്രഭാഷകർ, വലിയ വാക്ക് പറയുകയും എന്നാൽ പാലിക്കാതിരിക്കുകയും ചെയ്യുന്നവർ തുടങ്ങിയ വിഭാഗങ്ങൾ അനുഭവിക്കുന്ന ശിക്ഷയുടെ രൂപങ്ങൾ, സ്വർഗനരകങ്ങളുടെ കാഴ്‌ചകൾ. ദജ്ജാലിന്റെ തനിരൂപം, അണിഞ്ഞൊരുങ്ങിയ പെണ്ണിന്റെ ഭാവത്തിലുള്ള ഭൗതികത, എന്നിങ്ങനെ നിരവധി രംഗങ്ങൾ കണ്ട ശേഷമാണ് ബൈതുൽ മുഖദ്ദസിൽ എത്തിയത്.
നബിﷺയും ജിബ്‌രീലും(അ) ബൈതുൽ മുഖദസിൽ എത്തിയ രംഗത്തെ കുറിച്ച് വ്യത്യസ്ഥ നിവേദനങ്ങൾ ചേർത്ത് വെച്ച് ഇങ്ങനെ വായിക്കാം. മുത്ത് നബിﷺയും ജിബ്‌രീലും(അ) ബൈതുൽ മുഖദ്ദസിൻ്റെ യമനി കവാടത്തിലൂടെ പ്രവേശിച്ചു. അപ്പോൾ ഇരുവശങ്ങളിലായി ജ്വലിക്കുന്ന രണ്ട് പ്രകാശങ്ങൾ കാണാനിടയായി. നബിﷺ ചോദിച്ചു, അല്ലയോ ജിബ്‌രീലേ(അ) ഇതെന്താണ്? അവിടുന്ന് വിശദീകരിച്ചു. വലതു ഭാഗത്തെ പ്രകാശം അവിടുത്തെ സഹോദരൻ ദാവൂദി(അ)ന്റെ മിഹ്റാബിൽ നിന്നും ഇടതുഭാഗത്തേത് അവിടുത്തെ സഹോദരി മഹതിയായ മർയമിന്റെ ഖബറിൻ പുറത്ത് നിന്നുമാണ്. ശേഷം ജിബ്‌രീൽ(അ) അവിടുത്തെ ഒരു പാറയിൽ ദ്വാരമുണ്ടാക്കി. ബുറാഖിനെ അതിൽ ബന്ധിച്ചു. മറ്റു പ്രവാചകന്മാരും അവരുടെ വാഹനങ്ങൾ അവിടെ ബന്ധിച്ചു. ശേഷം പള്ളിയുടെ തറയിലേക്ക് കയറിയപ്പോൾ ജിബ്‌രീൽ(അ) ചോദിച്ചു. ഹൂറികളെ കാണണമെന്ന് അവിടുന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചിരുന്നോ? നബിﷺ പറഞ്ഞു, അതെ. ജിബ്‌രീൽ(അ) പറഞ്ഞു, നബിയേ അതാ അവിടേക്കൊന്ന് ചെല്ലൂ.. അവിടെയുള്ള സ്ത്രീകൾക്ക് സലാം ചൊല്ലൂ.. മുത്ത് നബി ﷺ അവിടേക്ക് ചെന്നു. സലാം ചൊല്ലി. അവർ സലാം മടക്കി. നബി ﷺ ചോദിച്ചു നിങ്ങളാരാണ്? ഞങ്ങൾ 'ഖൈറാതുൻ ഹിസാൻ' അഥവാ സജ്ജനങ്ങളും ഉന്നതരുമായ മഹത്തുക്കളുടെ ഭാര്യമാരാണ്. മസ്ജിദുൽ അഖ്‌സയുടെ മുറ്റത്തുള്ള പ്രത്യേക ശിലയുടെ ഇടതുവശത്താണ് അവർ ഉണ്ടായിരുന്നത്. അവർ അനന്ത സൗന്ദര്യത്തിന്റെയും ശാലീനതയുടേയും പ്രതീകങ്ങളാണ്.
ശേഷം പളളിയിലേക്ക് പ്രവേശിച്ചു. നബിﷺ യും ജിബ്‌രീലും(അ) രണ്ട് റകഅതുവീതം നിസ്കരിച്ചു. അൽപം കഴിഞ്ഞതേ ഉള്ളൂ നിരവധിയാളുകൾ എത്തിച്ചേർന്നു. റുകൂഇലും സുജൂദിലുമായി മറ്റു പ്രവാചകന്മാർ. ജിബ്‌രീൽ(അ) ബാങ്കുകൊടുത്തു. ഉപരിലോകത്ത് നിന്ന് മലക്കുകൾ അവതരിച്ചു. ഇഖാമത് കൊടുത്തപ്പോൾ എല്ലാവരും ഒരുമിച്ച് നബിﷺയെ ഇമാമതിനായി ആനയിച്ചു. നിസ്കാരാനന്തരം ജിബ്‌രീൽ(അ) നബിﷺ യോട് ചോദിച്ചു. അവിടുത്തെ പിന്നിൽ നിന്ന് നിസ്കരിച്ചത് ആരൊക്കെയാണെന്നറിയാമോ? കഴിഞ്ഞു പോയ പ്രവാചകന്മാരാണ്. അവിടെ ഒത്തു കൂടിയ പ്രവാചകന്മാരോട് സംവദിക്കാൻ പറഞ്ഞ കാര്യം 'സുഖ്റുഫ്' അധ്യായത്തിലെ നാൽപത്തിയേഴാം സൂക്തം പരാമർശിക്കുന്നുണ്ട്. ആശയം ഇപ്രകാരമാണ്. "മുൻകാലത്ത് നിയോഗിക്കപ്പെട്ട പ്രവാചകന്മാരോട് അവിടുന്ന് ചോദിക്കൂ പ്രവാചകരേ. അല്ലാഹു അല്ലാതെ എന്തിനെയെങ്കിലും നാം ആരാധ്യവസ്തുക്കളായി നിശ്ചയിച്ചിട്ടുണ്ടോ? എന്ന്."
ഓരോ പ്രവാചകന്മാരും അവരുടെ പദവികൾ പങ്കുവെച്ച് അല്ലാഹുവിനെ സ്തുതിച്ചു. ഇബ്രാഹീം നബി (അ) പറഞ്ഞു. എന്നെ ഖലീലാക്കിയ അല്ലാഹുവിന് സർവ്വസ്തുതിയും. അവൻ എന്നെ അഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തി. അഗ്നികുൺഠം എനിക്ക് ശാന്തവും ശീതവുമാക്കിത്തന്നു. സമുദായം എന്ന വിശേഷം എനിക്ക് നൽകി. മൂസാ നബി(അ) പറഞ്ഞു. അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു. അവൻ എന്നെ 'കലീമുല്ലാഹി' അഥവാ അല്ലാഹു സവിശേഷമായി സംഭാഷണം നടത്തിയ ആൾ ആയി തെരഞ്ഞെടുത്തു. ഫറോവയുടെ അന്ത്യവും ഇസ്റായേല്യരുടെ രക്ഷയും എന്നിലൂടെ അവൻ നിർവഹിച്ചു. എന്റെ ജനതയെ നീതിയിലും നേർവഴിയിലുമാക്കി. ദാവൂദ് നബി(അ) പറഞ്ഞു. അല്ലാഹുവിനാണ് എല്ലാ സ്തോത്രങ്ങളും. അവൻ എനിക്ക് ഉന്നതാധികാരം നൽകി. 'സബൂർ' എന്ന വേദം നൽകി. ഇരുമ്പിനെ എനിക്ക് മൃദുവാക്കി തന്നു. പർവ്വതത്തെ കീഴ്പെടുത്തിത്തന്നു. തത്വജ്ഞാനവും സംഭാഷണമികവും നൽകി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
No comments:
Post a Comment