Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 7, 2023

ബറാഅത്ത്; മോഹിക്കാമേറെ ബറകാത്ത്

തുഹ്ഫതുൽഇഖ്‌വാൻ എന്ന ഗ്രന്ഥത്തിൽ *അത്ഥാഅ് ബിൻ യസാർ* (റഹിമഹുല്ലാഹ്) എന്ന മഹാൻ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.

"ബറാഅത്തുരാവു സമാഗതമായാൽ, മലകുൽമൗത്ത് ഒരു ശഅ്ബാൻ മുതൽ അടുത്ത ശഅ്ബാൻ വരെയുള്ള കാലയളവിൽ ആത്മാവിനെ പിടിക്കേണ്ടവരുടെ പേരുകൾ രേഖപ്പെടുത്തുന്നു. ഇതൊന്നുമറിയാതെ മനുഷ്യൻ തെമ്മാടിത്തരങ്ങൾ ചെയ്‌തും, വിവാഹം കഴിച്ചും, കൃഷിയിൽ ഏർപ്പെട്ടും ജീവിതം മുന്നോട്ടു തള്ളും, പക്ഷേ അവന്റെ പേരാകട്ടെ, പരേതരുടെ ലിസ്റ്റിൽ (ഇക്കൊല്ലം മരണപ്പെടേണ്ടവരുടെ) ആയിരിക്കുകയും ചെയ്യും. 

ലൈലത്തുൽഖദ്റിന്റെ രാത്രി കഴിഞ്ഞാൽ, ബറാഅത്തുരാവിനേക്കാൾ ശ്രേഷ്‌ഠമായ മറ്റൊരു രാവുമില്ല".

അല്ലാഹുവിന്റെ വിധികൾ മലക്കുകൾക്കു വെളിപ്പെടുത്തിയതിനു ശേഷം അതിനു ഭേദഗതികൾ ഉണ്ടാവുകയില്ല, എന്നാൽ അതിനു മുമ്പ് -അവ ലൗഹിൽ മാത്രമായിരിക്കുമ്പോൾ- അവൻ ഉദ്ദേശിച്ചത് അതിൽ നിന്നു മായ്ച്ചു കളയുകയും അവൻ ഉദ്ദേശിച്ചതു സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ്‌.

ബറാഅത്തുരാവിന്റെ പ്രത്യേകതകൾ വിവരിക്കുന്ന ധാരാളം ഹദീസുകളും ആസാറുകളും ഉണ്ട്. അവയിൽ നിന്നെല്ലാം സുതരാം വ്യക്തമാകുന്ന ഒരു കാര്യം, അടിമയുടെ ആയുസ്സ്, കർമ്മങ്ങൾ, ഉപജീവനം എന്നിവയെ സംബന്ധിച്ച നിർണ്ണായകമായ വിധി ഉണ്ടാകുന്നത് ഈ രാവിലാണ് എന്നാണ്. ചില റിപ്പോർട്ടുകളിൽ ആയുസ്സു സംബന്ധിയായ വിവരങ്ങളെ ഉള്ളൂ.

ഇത്തരം ഒരു പ്രത്യേകത ഈ രാവിനു നല്കുന്നതിന്റെ രഹസ്യം അല്ലാഹുവിന്റെ അടിമകൾക്കു നല്ല കാര്യങ്ങൾക്കു പ്രചോദനവും ചീത്ത പ്രവർത്തികളോടു നീരസവും ഉണ്ടാക്കലാണ്. കാരണം, ഈ രാവിന്റെ പ്രത്യേകത കാരണം, ബുദ്ധിയുള്ളവൻ നന്മകൾ ചെയ്യാൻ കൂടുതൽ ഉൽസാഹിക്കുകയും തിന്മകളിൽ നിന്ന് അകന്നു നില്ക്കുകയും കഴിവിന്റെ പരമാവധി ആരാധനകളിൽ മുഴുകുകയും ചെയ്യും, ഈ രാത്രിയിൽ അല്ലാഹു തന്നെ വിജയികളുടെ കൂട്ടത്തിൽ രേഖപ്പെടുത്തണമെന്ന ആശയോടെ.

അപ്രകാരം തന്നെ, പ്രസ്തുത രാത്രി കഴിഞ്ഞാലും അവൻ ആശങ്കയിലായിരിക്കും, തന്റെ പേര് ഇക്കൊല്ലം മരണപ്പെടുന്നവരുടെ ലിസ്റ്റിൽ ആണോ അല്ലയോ എന്നറിയാതെ. അപ്പോഴും അവൻ നന്മകളെ വാരി പുല്കും, കാരണം ഇക്കൊല്ലം മരണപ്പെടുന്നവനാണു തനെങ്കിൽ തനിക്കിനി അധിക സമയമില്ല എന്നവനറിയാം. ദോഷങ്ങളുടെ ഹാരവും കഴുത്തിൽ അണിഞ്ഞ് ഒരു വിവേകശാലി അല്ലാഹുവിനെ കണ്ടുമുട്ടാൻ ഒരുങ്ങുകയില്ലല്ലോ?

*നബി*(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ പറയുന്നു: "ഈ രാത്രിയിൽ അല്ലാഹു മുഴുവൻ മുസ്‌ലിമീങ്ങൾക്കും പൊറുത്തു കൊടുക്കും, ജ്യോത്സൻ, സിഹ്റുകാരൻ, വഴക്കാളി, കള്ളുകുടിയൻ, മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ എന്നിവരൊഴിച്ച്".

ഈ രാത്രി ആരാധനകൾ കൊണ്ടു സജീവമാക്കൽ വളരെ പുണ്യമുള്ള കാര്യമാണ്. *ലൈലത്തുൽഇജാബഃ* (ഉത്തരം കിട്ടുന്ന രാത്രി) എന്നും ഈ രാത്രിയ്ക്കു പേരുണ്ട്. ഈ രാവിൽ ചെയ്യാനായി നിരവധി ദുആകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ചിലതെല്ലാം നമ്മുടെ മൗലിദ് കിതാബുകളിൽ കാണാവുന്നതാണ്. 

ബറാഅത്തുരാവിന്റെ മഗ്‌രിബിനു ശേഷം, *സൂറതുദ്ദുഖാൻ* ഒരുവട്ടം പാരായണം ചെയ്യൽ വളരെ നല്ലതാണ്. അതു പോലെ *മൂന്നു പ്രാവശ്യം* സൂറത്തു യാസീനും. 

ബറാഅത്തുരാവിൽ മൂന്നു യാസീൻ ഓതേണ്ട ക്രമം ഭൂരിപക്ഷം പേർക്കും അറിയാം. എന്നാൽ *സൂറതുദ്ദുഖാൻ* പ്രസ്തുത രാവിൽ (അതു തന്നെ മഗ്രിബ് - ഇശാഇന്നിടയിലാണെങ്കിൽ കൂടുതൽ നല്ലത്) ഓതാൻ മുൻഗാമികളുടെ ഉപദേശമുളളതു പലരും ഗൗനിക്കാറില്ല. 

ശഅ്ബാൻ ഒന്നു മുതൽ സൂറതുദ്ദുഖാനിലെ ആദ്യ എട്ട് ആയത്തുകൾ പതിനഞ്ചു തവണ ഓതി വരുന്നവർ, ഈ രാവിയെത്തിയാൽ പ്രസ്തുത എട്ട് ആയത്തുകൾ പതിനഞ്ചിനു പകരം മുപ്പതു തവണ ഓതുകയു ശേഷം കഴിയുന്നത്ര ദിക്റും സ്വലാത്തും ചൊല്ലി ഇഹപരഗുണത്തിനു വേണ്ടി ദുആ ചെയ്യണം. ശേഷം സൂറത്തു മുഴുവൻ ഓതി പൂർത്തിയാക്കുക.

ഈ ശ്രേഷ്ഠരാവിൽ,
ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതു മിനള്ളാലിമീൻ 

﴿لآٰ إِلــٰهَ إِلآّٰ أَنْتَ سُبْحٰانَكَ إِنّٖي ڪُنْتُ مِنَ ٱلظّٰالـِمٖينَ﴾

എന്ന ദിക്ർ 2375 തവണ ചൊല്ലാനും സ്വാലിഹീങ്ങൾ നിർദ്ദേശിക്കാറുണ്ട്. സുബ്ഹിയുടെ മുന്നേ ഈ എണ്ണം പൂർത്തിയാക്കാൻ ശ്രമിക്കണം ഉറക്കമുപേക്ഷിക്കൽ പുണ്യമുളള രാവായതിനാൽ ഈ എണ്ണം തീർക്കൽ അത്ര പ്രയാസകരമായിരിക്കില്ല. 

അപ്രകാരം തന്നെ സൂറതുത്തൗബയിലെ അവസാന രണ്ട് ആയത്തുകൾ *അഞ്ഞൂറു തവണ* ഓതുന്നതും വിശേഷമാണ്. ഇതിനു ബിസ്മി ഓതരുത്.

﴿لَقَدْ جٰآءَڪُمْ رَسُولٌ مِنْ أَنْفُسِڪُمْ عَزِيزٌ عَلَيْهِ مٰا عَنِتُّمْ حَرٖيصٌ عَلَيْڪُمْ بِٱلْـمُؤْمِنٖينَ رَءُوفٌ رَحٖيمٌ۞فَإِنْ تَوَلَّوْا فَقُلْ حَسْبِيَ ٱللّٰهُ لآٰ إِلٰهَ إِلاّٰ هُوَۖ عَلَيْهِ تَوَڪَّلْتُۖ وَهُوَ رَبُّ ٱلْعَرْشِ ٱلْعَظٖيمِ﴾ 

അന്നേ രാത്രിയിൽ *സൂറതുൽകൗസർ* ആയിരം തവണ പാരായണം ചെയ്യുന്നതിനുമുണ്ടു നേട്ടം. പടപ്പുകളുടെ ഹൃദയങ്ങളിൽ അവനോടൊരു പ്രത്യേക സ്നേഹവും അടുപ്പവുമൊക്കെ രൂപപ്പെടും - ഇൻശാ അല്ലാഹ്. 

പടപ്പുകളുടെ മനസ്സിൽ സ്നേഹവും അടുപ്പവുണ്ടായിട്ടു തനിക്കെന്തിനാണ് എന്നു ചിന്തിക്കണ്ട. ഇപ്പറഞ്ഞ പടപ്പുകളിൽ മലക്കുകളും അമ്പിയാക്കളും ഔലിയാക്കളുമൊക്കെ ഉൾപ്പെടുമെന്നോർക്കുക. അവരുടെ ഖൽബകങ്ങളിൽ നമ്മോടു സ്നേഹമുണ്ടാകുന്നതിന്റെ ഗുണം ഉപന്യസിക്കണ്ടല്ലോ?

മുകളിൽ പറഞ്ഞ വലിയ മൂന്ന് എണ്ണങ്ങളും എന്നെപ്പോലുള്ള ചിലർക്കെങ്കിലും പ്രയാസകരമായി തോന്നിയേക്കാം. അങ്ങനെയുള്ളവർ അവയിൽ ഓരോന്നും കഴിയുന്നത്ര ചൊല്ലിയതിനു ശേഷം താഴെ പറയുന്നതു മൂന്നു വട്ടം ഉരുവിട്ട് അതിൽ നിന്നു വിരമിക്കുക. ചൊല്ലേണ്ടത് ഇതാണ്:  
             
﴿عَدَدَ خَلْقِهٖ وَرِضٰٓاءَ نَفْسِهٖ وَزِنَةَ عَرْشِهٖ وَمِدٰادَ ڪَلِمٰاتِهٖ﴾

ഇവ കൂടാതെ ഇനി പറയുന്ന ഒരോ ദിക്റുകളും നൂറു വീതം ഈ രാത്രിയിലോ തുടർന്നു വരുന്ന പകലിലോ ആയി ചൊല്ലിത്തീർക്കാൻ ശ്രമിക്കണം.

( يٰا حَيُّ يٰا قَيُّومُ بِرَحْمَتِكَ أَسْتَغٖيثُ)

(اَللّٰهُمَّ إِنَّكَ حَلٖيمُ ذُو أَنٰاةٍ، وَلٰا طٰاقَةَ لَنٰا بِعَذٰابِكَ، فَاعْفُ عَنّٰا بِحِلْمِكَ يٰا اللهُ)

(اَللّٰهُمَّ هَبْ لٖـي قَلْبًا تَقِيًّا نَقِيًّا مِنَ الشِّرْكِ بَرِيًّا لٰا كٰافِرًا وَلٰا شَقِيًّا)

(اَللّٰهُمَّ صَلِّ عَلٰى سَيِّدِنٰا مُحَمَّدٍ عَبْدِكَ وَرَسُولِكَ النَّبِــيِّ الْأُمِّيِّ وَعَلٰى٘ آلِهٖ وَصَحْبِهٖ وَسَلِّمْ، عَدَدَ مَعْلُومٰاتِكَ وَمِدٰادَ كَلِمٰاتِكَ، كُلَّمٰا ذَكَرَكَ الذّٰاكِرُونَ وَغَفَلَ عَنْ ذِكْرِكَ الْغٰافِلُونَ)

ദുആകൾക്ക് ഉത്തരം ലഭിക്കുമെന്നു പറയപ്പെട്ട രാത്രിയാണല്ലോ? അതിനാൽ താഴെ എഴുതിയിരിക്കുന്ന ദുആ എണ്ണമൊന്നും കണക്കാക്കാതെ (ചുരുങ്ങിയതു മൂന്നു തവണയെങ്കിലും) ഉരുവിടുക. അതിന്റെ അർത്ഥം ഗ്രഹിച്ചാൽ ഒരു വേള ഈ രാത്രി മൊത്തം ഈ ദുആയിൽ മാത്രം നാം സമയം ചെലവഴിച്ചു പോകും. 

(اَللّٰهُمَّ أَحْيِنٰا حَيٰاةَ السُّعَدٰ٘اءِ وَأَمِتْنٰا مَوْتَ الشُّهَدٰ٘اءِ، وَاحْشُرْنٰا فٖـي زُمْرَةِ الْأَنْبِيٰ٘اءِ وَالْأَصْفِيٰ٘اءِ إِنَّكَ أَنْتَ الْغَفُورُ الرَّحٖيمُ، وَصَلَّى اللهُ عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰى٘ آلِهٖ وَأَصْحٰابِهٖ٘ أَجْمَعٖينَ، وَآخِرُ دَعْوٰانٰا أَنِ الْحَمْدِ للهِ رَبِّ الْعٰالَـمٖينَ)

മറ്റൊരു ഫാഇദഃ പറയാം, താഴെ കാണിക്കുന്ന ആയത്ത് ബറാഅത്തുരാവിൽ പതിനൊന്നു പ്രാവശ്യം ഓതിയാൽ ദേഹിയ്ക്കും ദേഹത്തിനും ഉപജീവിച്ചു പോകാനാവശ്യമായതൊക്കെ കിട്ടും. 

ആയത്ത് ഇതാണ്:

(إِنَّ هَٰذَا لَرِزْقُنَا مَا لَهُ مِن نَّفَادٍ)

ഉപരിസൂചിത ആയത്ത് ഒരു വെളളക്കടലാസിൽ പനിനീർ കൊണ്ടെഴുതി, പോക്കറ്റിൽ സൂക്ഷിച്ചാൽ ദാരിദ്ര്യം എന്താണെന്നറിയില്ല - ഇൻശാ അല്ലാഹ്.

ഖാദിരിയ്യഃ ത്ഥരീഖത്തിന്റെ മശായിഖിൽ പെട്ട *അസ്സയ്യിദ് ഉബൈദുല്ലാഹ് അൽഹുസൈനി* (റഹിമഹുല്ലാഹ്) ബറാഅത്തുരാവിൽ ഇങ്ങനെ ചെയ്യാൻ വസ്വിയ്യത്തു ചെയ്യാറുണ്ടായിരുന്നു. ഉപജീവനം പ്രയാസരഹിതമാകാനും വിശാലമാകാനും ഇതുപകരിക്കും - ഇൻശാ അല്ലാഹ്!

ഖളാഉൽഹാജത്തിന്റെ നിയ്യത്തിൽ രണ്ടു റക്അത്തു നിസ്‍കരിക്കുക. അനന്തരം സൂറതുൽവാഖിഅഃ, സൂറതുൽമുസമ്മിൽ, സൂറതുൽഇൻശിറാഹ് (അലം നശ്റഹ്) എന്നിവ ഓരോ പ്രാവശ്യം ഓതുക. ശേഷം;
يا غني يا مغني 

എന്നീ രണ്ട് ഇസ്മുകൾ ഒരുമിച്ചു ചേർത്ത് ആയിരം തവണ ഉരുവിടുക. എണ്ണം പൂർത്തിയായാൽ,

الحمد لله رب العالمين، اللهم صل وسلم على سيدنا محمد وعلى آله وصحبه أجمعين 

എന്ന് ഒരു വട്ടം ചൊല്ലിയതിനു ശേഷം 

((اللهم اغنني بحلالك عن حرامك واغنني بفضلك عمن سواك))

എന്ന് എൺപതു പ്രാവശ്യം അർത്ഥവിചാരത്തോടെ ഉരുക്കഴിക്കുക. അനന്തരം അവനവന് ആവശ്യമുളളതെന്തും ചോദിച്ചു ദുആ ചെയ്തു കൊളളുക. ദുആ അവസാനിപ്പിക്കുന്നതു ഹംദും സ്വലാത്തും കൊണ്ടാകാൻ ശ്രദ്ധിക്കണം. 

ഏതായിരുന്നാലും ദുആഇന് ഇജാബത്തുളള രാവാണെന്നു മഹത്തുക്കൾ സന്തോഷം അറിയിച്ച രാവാണിത്. ഉറക്കം പാടെ ഉപേക്ഷിക്കാനും ഉപദേശമുണ്ട്. എങ്കിൽ പിന്നെ ഇതു പോലുളള ഫാഇദകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

ദുആ ചെയ്യുമ്പോൾ നുഹാസിയുടെ ഉപജീവനത്തിലും ബറകത്തുണ്ടാകാൻ, ഹലാൽ കൊണ്ടു മതിയാകുന്ന അവസ്ഥ നല്കാൻ ദുആ ചെയ്യണം. അത്രയേ വേണ്ടൂ...

*സൂറത്തുയാസീൻ* മൂന്നു പ്രാവശ്യം ഓതേണ്ടത് ഏതെല്ലാം നിയ്യത്തിലാണെന്ന് അറിയാത്തവർക്കു വേണ്ടി അത് ഇവിടെ എടുത്തെഴുതാം.           

*ആദ്യത്തത്:* ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും അല്ലാഹുവിനെ അനുസരിക്കാനുള്ള തൗഫീഖും ലഭിക്കാൻ നിയ്യത്തു ചെയ്തോതുക.

*രണ്ടാമത്തത്:* ആപത്ത്, മുസ്വീബത്തുകളിൽ നിന്നുള്ള കാവലും ഉപജീവനത്തിൽ വിശാലതയും കൈവരണമെന്ന നിയ്യത്തിൽ ഓതുക.

*മൂന്നാമത്തത്:* മനസ്സിന്റെ നന്മയും (ഹിദായത്തും ഇസ്തിഖാമത്തും) ഈമാനോടെ മരിക്കാനുള്ള തൗഫീഖും ലഭിക്കാനുള്ള കരുത്തോടെ ഓതുക.

ഓരോ പ്രാവശ്യം യാസീൻ ഓതുമ്പോഴും ഒരു ഫാതിഹയും യാസീൻ പൂർത്തിയായാൽ താഴെ കാണുന്ന ദുആ ഒരു പ്രാവശ്യവും ചെയ്യുക, മൂന്നു യാസീനും പൂർത്തിയായാൽ ഇതേ ദുആ മൂന്നു വട്ടം വീണ്ടും ചെയ്യുക.

പ്രസ്തുത ദുആയാണു താഴെ കൊടുത്തിരിക്കുന്നത്.

﴿ٱلْحَــمْـدُ للهِ رَبِّ ٱلْــعٰــالَــمٖــيـنَ، حَمْدًا يُوٰافٖـي نِعَمَهُ وَيُڪٰافِـئ مَزٖيدَهُ، ٱللّٰهُمَّ صَلِّ عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰى آلِ سَيِّدِنٰا مُحَمَّدٍ، إِلٰهٖــي جُودُكَ دَلَّنٖـي عَلَيْكَ، وَإِحْسٰانُكَ أَوْصَلَنٖـي إِلَيْكَ، وَڪَرَمُكَ قَرَّبَنٖـي إِلَيْكَ، أَشْڪُو لَدَيْكَ مٰا لاٰ يَخْفٰى عَلَيْكَ، وَأَسْأَلُكَ مٰا لاٰ يَعْسُرُ عَلَيْكَ، إِذْ عِلْمُكَ بِحٰالٖـي يَڪْفٖي عَنْ سُؤٰالٖـي، يٰا مُفَرِّجَ ڪَرْبِ ٱلْـمَڪْرُوبٖينَ، فَرِّجْ مٰآ أَنَا فٖيهِ، ﴿لآٰ إِلــٰهَ إِلآّٰ أَنْتَ سُبْحٰانَكَ إِنّٖي ڪُنْتُ مِنَ ٱلظّٰالـِمٖينَ﴾ ﴿فَاسْتَجَبْنٰا لَهُۥ وَنَجَّيْنٰاهُ مِنَ ٱلْغَمِّۚ وَڪَذٰلِكَ نُنْجِـي ٱلـْمُؤْمِنٖينَ﴾

ٱللّٰهُمَّ هَبْ لَنٰا قَلْبًا تَقِيًّا نَقِيَّا مِنَ الشِّرْكِ بَرِيًّا لاٰ ڪٰافِرًا وَلاٰ شَقِيًّا، ٱللّٰهُمَّ ٱمْلَأْ قَلْبٖـي بِنُورِكَ وَأَنْوٰارِ مُشٰاهَدَتِكَ وَجَمٰالِكَ وَڪَمٰالِكَ وَمَحَبَّتِكَ وَعِصْمَتِكَ وَقُدْرَتِكَ وَعِلْمِكَ يٰا أَرْحَمَ الرّٰاحِمٖينَ، ٱللّٰهُمَّ أَحْيِنٰا حَيٰوةَ السُّعَدٰۤاءِ، وَأَمِتْنٰا مَوْتَ الشُّهَدٰۤاءِ، وَاحْشُرْنٰا فٖـي زُمْرَةِ الْأَنْبِيٰۤاءِ وَالْأَصْفِيٰۤاءِ، ٱللَّهُمَّ إِنْ ڪُنْتَ ڪَتَبْتَ اِسْمٖي فٖـي دٖيوٰانِ السُّعَدٰۤاءِ، فَلَكَ الْحَمْدُ وَلَكَ الشُّڪْرُ، وَإِنْ ڪُنْتَ ڪَتَبْتَ اِسْمٖي فٖـي دٖيوٰانِ الْأَشْقِيٰۤاءِ، فَامْحُ عَنّٖـي اِسْمَ الشَّقٰاوَةِ، وَأَثْبِتْنٖـي فٖـي دٖيوٰانِ السُّعَدٰۤاءِ، فَإِنَّكَ قُلْتَ، وَقَوْلُكَ ٱلْحَقُّ ﴿يَمْحُو اللهُ مٰا يَشٰآءُ وَيُثْبِتُ وَعِنْدَهُۥ أُمُّ ٱلْڪِتٰابِ﴾

ٱللّٰهُمَّ يٰا ذَا ٱلـْمَنِّ وَلاٰ يُمَنُّ عَلَيْكَ يٰا ذَا ٱلْجَلاٰلِ وَٱلْإِڪْرٰامِ، يٰا ذَا ٱلطَّوْلِ وَٱلْإِنْعٰامِ، لآٰ إِلــٰهَ إِلآّٰ أَنْتَ، ظَهَرَ ٱللاّٰجِئٖينَ وَجٰارَ ٱلـْمُسْتَجٖيرٖينَ وَأَمٰانَ ٱلْخٰآئِفٖينَ، وَڪَـنْـزَ ٱلطّٰالِبٖينَ، ٱللَّهُمَّ إِنْ ڪُنْتَ ڪَتَبْتَنٖـي عِنْدَكَ شَقِيًّا أَوْ مَحْرُومًا أَوْ مَطْرُودًا أَوْ مُقْـتَـرًا عَلَيَّ فِي ٱلرِّزْقِ، فَٱمْحُ ٱللّٰهُمَّ بِفَضْلِكَ شَقٰاوَتٖــــي وَحِرْمٰانٖي وَطَرْدٖي وَإِقْتٰارَ رِزْقٖـي وَأَثْبِتْنٖـي عِنْدَكَ سَعٖيدًا مَرْزُوقًا مُوَفَّقًا لِلْخَيْرٰاتِ، فَإِنَّكَ قُلْتَ، وَقَوْلُكَ ٱلْحَقُّ فٖـي ڪِتٰابِكَ ٱلـْمُنَـزَّلِ عَلٰى لِسٰانِ نَبِيِّكَ ٱلـْمُرْسَلِ: ﴿يَمْحُو اللهُ مٰا يَشٰآءُ وَيُثْبِتُ وَعِنْدَهُۥ أُمُّ ٱلْڪِتٰابِ﴾

أَسْأَلُكَ اللّٰهُمَّ بِحَقِّ التَّجَلِّي ٱلْأَعْظَمِ فٖـي لَيْلَةِ ٱلنِّصْفِ مِنْ شَهْرِ شَعْبٰانَ ٱلْـمُڪَرَّمِ، ٱلَّتٖـي فٖـيـهٰا يُفْرَقُ ڪُلُّ أَمْرٍ حَڪٖيمٍ وَيُبْـرَمُ، أَنْ تَڪْشِفَ عَنّٖي وَعَنِ ٱلـْمُؤْمِنٖينَ مِنَ ٱلْبَلآٰءِ وَٱلْوَبٰآءِ وَٱلْغَلآٰءِ مٰا نَعْلَمُ وَمٰا لاٰ نَعْلَمُ، فَاغْفِرْ لَنٰا مٰآ أَنْتَ بِهٖۦ أَعْلَمُ، إِنَّكَ أَنْتَ ٱلْأَعَزُّ ٱلْأَڪْرَمُ، ٱللّٰهُمَّ ٱجْعَلْنٖـي مِنْ أَعْظَمِ عِبٰادِكَ حَظًّا وَنَصٖيبًا فٖـي ڪُلِّ شَيْءٍ قَسَمْتَهُ فٖـي هٰذِهِ اللَّيْلَةِ مِنْ نُورٍ تَـهْدٖي بِهٖ أَوْ رَحْمَةٍ تَنْشُرُهٰا أَوْ رِزْقٍ تَبْسُطُهُ أَوْ فَضْلٍ تَقْسِمُهُ عَلٰى عِبٰادِكَ الصّٰالِحٖينَ، يٰا اللهُ يٰا اللهُ يٰا اللهُ، لآٰ إِلــٰهَ إِلآّٰ أَنْتَ، هَبْ لٖـي قَلْبًا سَلٖيمًا خٰاشِعًا ضٰارِعًا يٰا رَبَّ ٱلْعٰالَـمٖينَ، ٱللّٰهُمَّ آمٖينَ بِرَحْمَتِكَ يٰا أَرْحَمَ الرّٰاحِمٖينَ، يٰا أَرْحَمَ الرّٰاحِمٖينَ، يٰا أَرْحَمَ الرّٰاحِمٖينَ، وَصَلَّى اللهُ عَلٰى سَيِّدِنٰا وَمَوْلاٰنٰا مُحَمَّدٍ وَعَلٰى آلِهٖ وَصَحْبِهٖ وَسَلَّمَ ﴿سُـبْحٰانَ رَبِّكَ رَبِّ الْـعِــزَّةِ عَــمّٰـا يَـصِــفُونَ۞وَسَلاٰمٌ عَلَى الْـمُرْسَلٖينَ۞وَٱلْحَــمْـدُ للهِ رَبِّ ٱلْــعٰــالَــمٖــيـنَ﴾

ഈ ക്രമത്തിൽ *യാസീൻ* ഓതേണ്ടത് ഇന്നത്തെ (അതായത് ശഅ്ബാൻ പതിനാലിലെ പകലിലെ) അസ്റിനു ശേഷമാണെന്നും പറയപ്പെട്ടിട്ടുണ്ട്. അസ്ർ മുതൽ രാവായി ഗണിക്കുമെന്ന അഭിപ്രായം പരിഗണിച്ചാണിത്. എന്നു കരുതി അസ്ർ നിസ്‌കരിച്ച ഉടനെ ഓതണമെന്നല്ല ഉദ്ദേശ്യം, മഗ്‌രിബിന്‌ അല്പസമയം മാത്രമുള്ളപ്പോൾ, അതായതു മൂന്നു യാസീനും അനുബന്ധ ദുആയും കഴിയുന്നതോടെ മഗ്‌രിബ് ആകണം. 
 
അതിനാൽ രണ്ടു രിവായത്തുകളെയും കോർത്തിണക്കി ചിലർ അസ്റിനു ശേഷവും (മഗ്‌രിബിനു തൊട്ടു മുമ്പും) ‌മഗ്‌രിബിനു ശേഷവും ഇപ്രകാരം യാസീൻ ഓതാറുണ്ട്. അതൊരു നല്ല രീതിയാണ്. 

മഗ്‌രിബിനു ശേഷം ഓതുന്നവർ, ഇപ്പറഞ്ഞ മൂന്നു യാസീനുകൾക്കിടയിലും രണ്ടു റക്അത്തുകൾ വീതം സുന്നത്തു നിസ്‌കരിക്കുന്നതു നല്ലതാണ്. മൊത്തം ആറു റക്അത്തുകൾ! *സമ്മാനിയ്യഃ* ത്ഥരീഖത്തുകാർ അങ്ങനെയാണു ചെയ്യാറുള്ളത്. 

അതായത് ആദ്യം രണ്ടു റക്അത്തു സുന്നത്തു നിസ്‌കരിക്കും, ശേഷം ആദ്യം വിവരിച്ച നിയ്യത്തിലൊരു യാസീനും ദുആയും, വീണ്ടും രണ്ടു റക്അത്തു സുന്നത്തു നിസ്‌കരിക്കും, ശേഷം രണ്ടാം നിയ്യത്തു പ്രകാരമൊരു യാസീനും ദുആയും, വീണ്ടും രണ്ടു റക്അത്തു സുന്നത്തു നിസ്‌കാരം, അനന്തരം മൂന്നാം നിയ്യത്തനുസരിച്ചൊരു യാസീനും ദുആയും. 

അവ്വാബീൻ സുന്നത്തിനെ കരുതി ഈ ആറു റക്അത്തുകളും നിർവഹിക്കാവുന്നതാണ്. എന്നാൽ പൂർവ്വകാലത്തു ഫർളു നിസ്‌കാരങ്ങൾ നഷ്‌ടപ്പെട്ടു പോയിട്ടുള്ളവർ സുന്നത്തിന്റെ നിയ്യത്തിലല്ല, ഫർളിന്റെ നിയ്യത്തിൽ വേണം ഇതു നിർവഹിക്കാൻ. ഈരണ്ടു വീതമുള്ള ആറു സുന്നത്തു റക്അത്തുകൾക്കു പകരം മൂന്നു സുബ്ഹികൾ ഖളാ വീട്ടിയാൽ മതിയെന്നർത്ഥം.

ജോലി കാരണമോ മറ്റു തടസ്സങ്ങൾ മൂലമോ അസ്റിനോ മഗ്‌രിബിനോ ഒന്നും ഈ രൂപത്തിൽ യാസീൻ ഓതാൻ സാധിക്കാത്തവർ സങ്കടപ്പെട്ടിരിക്കാതെ സുബ്ഹിയുടെ മുമ്പായിട്ടെങ്കിലും ഓതാൻ ശ്രമിക്കുക.   

മേൽ വിവരിച്ച മൂന്നു യാസീനോത്തിനു നിർദ്ദേശിക്കപ്പെട്ട നിയ്യത്തുകളിൽ നേരിയ വ്യത്യാസങ്ങൾ പല കുറിപ്പുകളിലും കാണാം. അതു കണ്ടു ആശങ്കാകുലനാകണ്ട. മുകളിലെഴുതിയ നിയ്യത്തുകളുടെ തന്നെ വ്യത്യസ്ത വേർഷനുകളാണ് അവയെല്ലാം. ആത്യന്തികമായി നിയ്യത്തുകളുടെ ആശയങ്ങളെല്ലാം ഒന്നു തന്നെ! 

ഏറെക്കുറെ എല്ലാ അഭിപ്രായങ്ങളെയും സമന്വയിപ്പിച്ച രൂപത്തിലാണു മുകളിൽ നിയ്യത്തുകൾ കൊടുത്തിട്ടുളളത്. ദീർഘായുസ്സു ലഭിക്കുക, ഉപജീവനത്തിൽ ബറകത്തു ലഭിക്കുക, ഈമാനോടെയുള്ള മൗത്തു ലഭിക്കുക എന്നീ മൂന്നു പ്രധാന ആവശ്യങ്ങളാണ് ഈ നിയ്യത്തുകളിലെ മർമ്മം. അതിന് ഓരോരുത്തരും വ്യത്യസ്ത പദപ്രയോഗങ്ങൾ നടത്തുന്നു എന്നു മാത്രം - അല്ലാഹു അഅ്ലം.

മറ്റൊന്നു പറയാനുള്ളത്; ഈ അനുഗൃഹീതരാവിൽ എന്റെ സുഖം, എന്റെ സന്തോഷം എന്നു മാത്രം ചിന്തിക്കാതെ ഒന്നു നിസ്വാർത്ഥനാകാൻ ശ്രമിക്കുക എന്നതാണ്. ഇക്കാര്യങ്ങളെല്ലാം സ്വന്തത്തിനു മാത്രം തേടാതെ തന്റെ ഇഷ്ടജനങ്ങൾക്കു കൂടി ചോദിക്കുക. 

അതനുസരിച്ചു നിയ്യത്ത് ഇങ്ങനെയാകും, 

"എനിക്കും എന്റെ മാതാപിതാക്കൾക്കും ഭാര്യസന്താനങ്ങൾക്കും എന്റെ ഗുരുജനങ്ങൾക്കും കൂടപ്പിറപ്പുകൾക്കും എന്നോടു ദുആ കൊണ്ടു വസ്വിയ്യത്തു ചെയ്തവർക്കും ഈമാനോടു കൂടിയുളള മരണം ലഭിക്കണമെന്ന നിയ്യത്തിൽ മശായിഖിന്റെ ഉപദേശമനുസരിച്ച് ഈ വിശുദ്ധ രാവിൽ ഞാൻ യാസീൻ സൂറഃ പാരായണം ചെയ്യുന്നു". 

ഇതേ ക്രമത്തിൽ എല്ലാ നിയ്യത്തുകളും മോഡിഫൈ ചെയ്യുക. 

വേറൊന്നു സൂചിപ്പിക്കാനുള്ളത്, മൂന്നു തവണ മേൽ പറഞ്ഞ പ്രകാരം *യാസീൻ* ഓതിയതിനു ശേഷം സൗകര്യപ്പെട്ടാൽ ഒരു യാസീൻ കൂടി ഓതുക, ഹബീബായ *നബി*(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ ഉമ്മത്തിന്റെ ക്ഷേമം കരുതി. കഴിയുമെങ്കിൽ തസ്ബീഹ് നിസ്‌കരിക്കുന്നതും നല്ലതാണ്.

സംശയിപ്പിക്കുന്നവർ സംശയിപ്പിച്ചു നടക്കട്ടെ, മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ പകലിൽ നോമ്പെടുക്കാനും ശ്രമിക്കണം. അതിപ്പോൾ എന്തു നിയ്യത്തായാലും തരക്കേടില്ല. നാളത്തെ സുന്നത്തായ നോമ്പ് അല്ലാഹുവിനു വേണ്ടി നോറ്റു വീട്ടാൻ ഞാൻ കരുതി എന്ന നിയ്യത്തിൽ പിടിച്ചോളൂ. അത് എവിടെ വരവു വയ്ക്കണമെന്ന് അല്ലാഹു തീരുമാനിച്ചു കൊള്ളും.

നമ്മിൽ നിന്നു മരണപ്പെട്ടു പോയവരെയും ഈ രാത്രിയിൽ ഓർക്കുക, അവർക്കും വല്ലതുമൊക്കെ ഓതിയും ചൊല്ലിയും ഹദിയഃ ചെയ്യുക.  

ഹൈളു കൊണ്ടോ മറ്റോ ഖുർആൻ ഓതാൻ തടസ്സമുള്ളവർ സൂറത്തു യാസീൻ ഓതരുത്. പക്ഷെ അതിനോടൊപ്പം ചേർത്തിട്ടുള്ള ദുആ ധാരാളം ചെയ്യാം. കൂടാതെ *നബി*(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ മേൽ സ്വലാത്തു ചൊല്ലുകയും ഇവിടെ വിവരിച്ച മറ്റു ദിക്റുകൾ ചൊല്ലുകയും വേണം.      

കൂട്ടത്തിൽ ഒന്നു കൂടി പറയട്ടെ, ആ രാത്രിയിലെ ഇശാ - സുബ്ഹി നിസ്കാരങ്ങൾ ജമാഅത്തായി നിർവ്വഹിക്കാൻ ശുഷ്ക്കാന്തി കാണിക്കൽ അനിവാര്യമാണ്. വിശേഷിച്ചും രാവു മുഴുവൻ ഉറക്കമുപേക്ഷിച്ച് ആരാധനയിൽ മുഴുകാൻ പ്രയാസമുളളവർക്ക്. കാരണം ഇശാ-സുബ്ഹി നിസ്കാരങ്ങൾ ജമാഅത്തായി നിർവ്വഹിക്കുന്നവനു രാത്രി മുഴുവൻ ആരാധന നടത്തിയവനുളള പ്രതിഫലം രേഖപ്പെടുത്തുമത്രേ!

ഈ ദിവസം അയൽവാസികൾക്കും കൂട്ടുകുടുംബാദികൾക്കും പ്രത്യേക പരിഗണന നല്കണം. മുസ്‌ലിമീങ്ങളിൽ ആരോടെങ്കിലും പിണങ്ങി നില്ക്കുന്നുണ്ടെങ്കിൽ അതിനും പരിഹാരം കാണണം. കുടുംബക്കാർക്കും അയൽവാസികൾക്കും വിശിഷ്യാ കുഞ്ഞുങ്ങൾക്കു *മധുരപലഹാരങ്ങൾ* സമ്മാനിക്കാൻ കഴിയുമെങ്കിൽ അതും നല്ലതാണ്.   

തിരക്കിട്ടു തയ്യാറാക്കിയതിന്റെ പേരിൽ പല വിഷയങ്ങളും ഉൾപ്പെടുത്താൻ കഴിയാതെ പോയി. ക്ഷമിക്കുക.   

ഈ രാവിന്റെ ബറകത്തു കൊണ്ടു നമ്മെയെല്ലാം അല്ലാഹു ഇരുലോകവിജയികളുടെ കൂട്ടത്തിൽ ചേർക്കട്ടെ - ആമീൻ.

No comments: