എട്ടാം വയസ്സിൽ ഖുർആൻ മനപാഠമാക്കി, പതിനേഴാം വയസ്സിൽ നാലു മദ്ഹബിലും ഫത്‌വ നൽകാനുള്ള പ്രാവീണ്യം നേടി,
ബാഅലവി, ഖാദിരിയ്യാ ത്വരീഖതുകളുടെ പ്രചാരകനായി യമനിൽ നിന്നും കേരള തീരമണഞ്ഞ സയ്യിദ്. ഖുതുബുസ്സമാൻ മമ്പുറം
മൗലദ്ദവീല സയ്യിദ് അലവി തങ്ങൾ(ഖ.സി).
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച കേരള മുസ്‌ലിംകളുടെ അനിഷേധ്യനായ നേതാവും ആത്മീയ അഭയവുമാണ് മമ്പുറം തങ്ങൾ. മമ്പുറം തങ്ങൾ മാപ്പിളമാർക്ക് എല്ലാമെല്ലാമായിരുന്നു. 1801ൽ മലബാർ കലക്ടറായിരുന്ന കനോലി സായിപ്പ് തങ്ങളവർകളെ അറസ്റ്റ് ചെയ്യാൻ മുതിർന്നപ്പോൾ ജനം ഇളകിവശായതും അധികാരികൾക്ക് അറസ്റ്റ് നടത്താൻ സാധിക്കാതെ വന്നതും ചരിത്രത്തിൽ കാണാം.
'മാപ്പിളമാർ ഏത് കൃത്യം ചെയ്യുന്നതിന് മുമ്പും തറമ്മൽ ജാറത്തിൽ വെച്ച് പ്രാർത്ഥന നടത്താറുണ്ട്' എന്നും ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. മമ്പുറം തങ്ങൾക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന സ്വാധീനത്തിന്റെ ആഴം നമുക്കതിൽ നിന്ന് മനസിലാക്കാം.
"അല്ലാഹ്, മമ്പുറം തങ്ങളെ ഹഖ് കൊണ്ട് ഞങ്ങളെ രക്ഷപ്പെടുത്തണേ,
മമ്പുറം തങ്ങളെ ഹഖ് കൊണ്ട് കയ്ച്ചിലാക്കിത്തരണേ, മമ്പുറം തങ്ങൾ ഞങ്ങളുടെ അഭയകേന്ദ്രമാണ്, ആശ്രയമാണ്". ശൈഖുനാ കുണ്ടൂർ ഉസ്താദ് മമ്പുറം തങ്ങളെ വസ്വീലയാക്കി പ്രാർത്ഥിച്ചിരുന്നത് ഇങ്ങനെയായിരുന്നു. പലപ്പോഴും ഉസ്താദിൽ നിന്ന് ഇത് കേൾക്കാൻ സാധിച്ചിട്ടുണ്ട്.
കുണ്ടൂർ ഉസ്താദിന്റെ വാക്കുകൾ വെളിച്ചം വീശുന്നത് പോലെ മാപ്പിളമാർ ഇത്രത്തോളം നെഞ്ചിലേറ്റിയ ഒരു മഹാരഥൻ കേരളത്തിലുണ്ടാകില്ല.
"ന്റെ മമ്പുറത്തെ തങ്ങളേ" എന്ന മനസ്സ് തട്ടിയ ഒരു വിളിയുണ്ടായിരുന്നു പൂർവ്വികർക്ക്.
ഏത് പ്രശ്നങ്ങളും അലിഞ്ഞില്ലാതാകുന്ന ഒരു അത്ഭുതമന്ത്രമായിരുന്നു അവർക്ക് ആ വിളി. മമ്പുറം മഖാം സന്ദർശിച്ചും മമ്പുറത്തേക്ക് നേർച്ചയാക്കിയും ആത്മനിർവൃതി കണ്ടെത്തുന്നതും അവരുടെ പതിവായിരുന്നു. പതിറ്റാണ്ടുകളായി മുസ്‌ലിംകൾ ആ മാതൃകകൾ ഇപ്പോഴും പിന്തുടർന്നു വരികയും ചെയ്യുന്നു.
ആത്മീയതയുടെ നിറകുടമായിരുന്നു മമ്പുറം തങ്ങൾ. ഒരിക്കൽ തിരൂരങ്ങാടി പള്ളിയിൽ ജമാഅതായി നിസ്‌കരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തങ്ങൾ കൈ അഴിച്ചു ഒറ്റക്ക് നിസ്‌കരിക്കാൻ ആരംഭിച്ചു. അതേകുറിച്ച് ജനങ്ങൾ കാരണം തിരക്കിയപ്പോൾ 'ഇമാം നിസ്‌കാരത്തിൽ ഒരു കാളയുടെ കുറിച്ച് ആലോചിച്ചതിനാലാണ് എനിക്കങ്ങനെ ചെയ്യേണ്ടി വന്നത് എന്നായിരുന്നു പ്രതികരണം.
എത്ര ഉന്നതമായിരുന്നു ആ ജീവിതമമെന്ന് ആലോചിച്ചു നോക്കൂ.
ആരാധനകളിലെ സൂക്ഷമത, മറ്റുള്ളവരുടെ ചിന്തകൾ പോലും തിരിച്ചറിയാനുള്ള ശേഷി. ഇങ്ങനെ എത്രയെത്ര അത്ഭുത സിദ്ധികളുടെ ഉടമയായിരുന്നു മമ്പുറം തങ്ങൾ.
ഇതര മതസ്ഥരുമായി സൗഹൃദം പുലർത്തി നാടിന്റെ മതേതരത്വം നിലനിർത്താൻ അവിടുന്ന് പ്രയത്നിച്ചു. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ മമ്പുറം തങ്ങളിൽ നിന്ന് അനുഗ്രഹം സ്വീകരിച്ചവരുടെ പിന്മുറക്കാരായി ഇപ്പോഴും പാരമ്പര്യ തൊഴിലുകളും ചികിത്സകളും നിർവ്വഹിക്കുന്ന സഹോദര സമുദായങ്ങളിലെ പല കുടുംബങ്ങളെയും കണ്ടിട്ടുണ്ട്. വളരെയധികം ആവേശത്തോടെ അവർ മമ്പുറം തങ്ങളെ കുറിച്ച് പറയുന്നത് കേട്ട് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.
തിരുനബി(സ്വ)യുടെ പേരമകൻ ഹുസൈൻ(റ)ലേക്ക് ചെന്നു ചേരുന്ന മൗലദ്ദവീല സാദാത് വംശപരമ്പരയിലാണ് തങ്ങളവർകൾ ജനിക്കുന്നത്. തരീമിലെ വിശ്വ പ്രസിദ്ധമായ സമ്പൽ മഖ്ബറയിലാണ് അവിടുത്തെ പിതാമഹന്മാർ അന്ത്യവിശ്രമം കൊള്ളുന്നത്. തരീമിൽ നിന്നും ഹൂദ് നബി(അ)ന്റെ ഖബ്റിനരികിലേക്ക് പോകുന്ന വഴിയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മമ്പുറം തങ്ങളുടെ നാടായ ദവീലയിലെത്താം. രണ്ട് തവണ അവിടം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചതിൽ അല്ലാഹുവിനെ സ്തുതിക്കുകയാണ്.
സഹോദരങ്ങളെ, മമ്പുറം തങ്ങളുടെ 185ആം ആണ്ട് നേർച്ചയുടെ ദിവസമാണിന്ന്. എല്ലാവരും അവിടുത്തെ പേരിൽ ഫാതിഹയും യാസീനും പാരായണം ചെയ്ത് ഹദ്‌യ ചെയ്യുമല്ലോ. അതോടൊപ്പം ഇന്ന് രാത്രി കടലുണ്ടി കോർണിഷ് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ നടക്കുന്ന പ്രതിവാര തഹ്‌ലീൽ മജ്ലിസ് മമ്പുറം തങ്ങളുടെ ആണ്ടിന്റെ വേദി കൂടിയാണ്. എല്ലാവരെയും ഇന്നത്തെ തഹ്‌ലീൽ മജ്ലിസിലേക്ക് പ്രത്യേകം ക്ഷണിക്കുകയാണ്. അല്ലാഹു മമ്പുറം തങ്ങളുടെ ഹഖ് ജാഹ് ബറകത് കൊണ്ട് ഇരുലോകത്തും നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ. എല്ലാ പ്രയാസങ്ങളിൽ നിന്നും അല്ലാഹു നമുക്ക് മോചനം നൽകട്ടെ..
No comments:
Post a Comment