Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 28, 2015

പ്രതീക്ഷകള്‍ക്ക് വിരാമം ; ഡോ.ഇര്‍ഷാദും ഡോ. ദീപകും വിടപറഞ്ഞു


കാസര്‍കോട്: നേപ്പാളിലെ ഭൂകമ്പത്തില്‍ കാണാതായ കാസര്‍കോട് സ്വദേശിയായ ഡോ. ഇര്‍ഷാദും, കണ്ണൂര്‍ കേളകം സ്വദേശിയായ ഡോ. ദീപകും മരിച്ചതായി സ്ഥിരീകരിച്ചു. കാഠ്മണ്ഡുവിലെത്തിയ ഡോ, ഇര്‍ഷാദിന്റെ സഹോദരന്‍ ലിയാഖതും ഡോ. ദീപകിന്റെ ബന്ധുവുമാണ് ഇരുവരുടേയും മൃതേദഹങ്ങള്‍ തിരിച്ചറിഞ്ഞത്.

നേരത്തെ ഇരുവരും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചികിത്സയിലുള്ളത് മലയാളി ഡോക്ടര്‍മാരാണെന്ന് സ്ഥിരീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ദുബൈയില്‍ നിന്നും സഹോദരന്‍ ലിയാഖതും നാട്ടില്‍ നിന്ന് മറ്റു ബന്ധുക്കളും ഡല്‍ഹിയിലെത്തി വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായി സംസാരിച്ചതിന് ശേഷമാണ് ലിയാഖത് നേപ്പാളിലേക്ക് പോയത്. അവിടെയെത്തി നിരവധി മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അബിന്‍ സൂരിക്ക് സാരമായ പരുക്കേറ്റിരുന്നു. ഇദ്ദേഹത്തെ ഇന്ന് ഇന്ത്യലിലെത്തിക്കും. 

നേരത്തെ ഡോ. ഇര്‍ഷാദും ഡോ. ദീപകും കാഠ്മണ്ഡുവിലെ റോയല്‍ പാലസിന് സമീപത്തെ റെഡ്‌ക്രോസിന്റെ ക്യാമ്പില്‍ കഴിയുന്നതായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പെട്ട ഇന്ത്യന്‍ സൈനികന്‍ രവി ശര്‍മ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് വിവരം ലഭിക്കാത്തത് നാട്ടില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ ടീച്ചിംഗ് ആശുപത്രിയില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടി ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്.

അതിനിടെ നേപ്പാള്‍ ഭൂകമ്പത്തില്‍ കാണാതായ ദുബൈയിലെ ചാറ്റേര്‍ഡ് അക്കൗണ്ടന്റും ദേളി സ്വദേശിയുമായ അസ്ഹര്‍ അലി സഹോദരനെ ഫോണില്‍ വിളിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അസ്ഹര്‍ അലി സഹോദരന്‍ ഡോ. അസീസ് അലിയെ ഫോണില്‍ വിളിച്ച് ഞങ്ങള്‍ ആറു പേരും സുരക്ഷിതരാണെന്ന് അറിയിച്ചത്. ദുബൈയില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റായ അസ്ഹര്‍ അലി 24 നാണ് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം നേപ്പാളിലേക്ക് വിനോദയാത്രക്കായി പോയത്.

No comments: