കാസറഗോഡ്: കെഎസ്ടിപിറോഡ് നവീകരണത്തിന്റെ ഭാഗമായി ചളിയംകോട് പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില് . അഞ്ച് സ്പാനുകളോട് കൂടിയ പാലത്തിന്റെ ഭൂരിഭാഗം പണികളും പൂര്‍ത്തിയായി കഴിഞ്ഞു. ഒരു വശത്തെ അപ്രോച്ച് റോഡ് ഞായറാഴ്ച രാത്രി ടാര്‍ ചെയ്തു. എതിര്‍വശത്തെ അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ അവസാന മിനുക്കു പണികള്‍ക്ക് ശേഷം പാലം ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് കെഎസ്ടിപിയുടെ തീരുമാനം.
ഫെബ്രുവരി അവസാനമോ, മാര്‍ച്ച് ആദ്യത്തിലോ പാലം ഉദ്ഘാടനം ചെയ്യാനാണ് കെഎസ്ടിപി ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ പാലത്തിന്റെ മിനുക്കു പണികള്‍ ധ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. കോട്ടരുവത്ത് കോണ്‍ക്രീറ്റ് ഭിത്തിയുടെ നിര്‍മാണവും ഏതാണ്ട്. പൂര്‍ത്തിയായിക്കഴിഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ചളിയംകോട് വഴി ബസ് ഉള്‍പെടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. ദേളി വഴിയാണ് ഇത്രയും നാള്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പെടെ സര്‍വീസ് നടത്തിയിരുന്നത്. ഇത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കുന്നതോടെ ജനങ്ങളുടെ ദുരിതത്തിന് അറുതിയാവും.
പാലം വന്നതോടെ സംസ്ഥാന പാതയിലെ ഏറ്റവും മനോഹരമായ ദൃശ്യംകൂടിയാണ് മാഞ്ഞുപോയത്. സിനിമ ഷൂട്ടിംഗ് അടക്കം മുമ്പ് ഇവിടെ നടന്നിരുന്നു. ഇനി ഉയര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് പാലത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യമായിരിക്കും ചളിയംകോടിനെ പ്രസക്തമാക്കുക.

No comments:
Post a Comment