റമളാനായത് കൊണ്ട് നിറഞ്ഞു കവിഞ്ഞ പള്ളിയിലെ ളുഹർ ജമാഅത്തിന്റെ അവസാന റകഅത്ത്. .
പെട്ടന്ന് പള്ളിക്കകത്ത് നിന്നും ഉച്ചത്തിൽ ഒരു ഹിന്ദി പാട്ടിന്റെ മ്യുസിക്.
എല്ലാരും ഒന്നു ഞെട്ടി.
മുന്നിലെ ഇമാം വരെ ഇത് കേട്ട് അസ്വസ്ഥനായി.
പിറകിലെ സഫിൽ നിന്നിരുന്ന തേങ്ങാ കച്ചവടക്കാരനായ അന്ത്രുക്കാന്റെ ട്രൗസറിന്റെ പോക്കറ്റിലെ ഫോൺ അടിഞ്ഞതായിരുന്നു.അത്
അന്ത്രുക്ക മുണ്ടിനു മുകളിൽ കൂടി എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട്.
ഫോണിനെ പിടിച്ച് ഞെരിക്കുകയും , ഞെക്കുകയും,
മാന്തുകയുമൊക്കെ , പിച്ചുകയുമൊക്കെ ചെയ്യുന്നു.
ഇത്രയൊക്കെ കിട്ടിയിട്ടൊന്നും ഫോൺ ഒരിഞ്ചും പിന്മാറിയില്ല.
മൂപ്പർ നല്ല ഫോമിൽ തന്നെ പെർഫോമൻസ് തുടരുകയാണ്.
കഴിഞ്ഞ മാസം ദുബായിൽ നിന്നും മൂത്ത മോൻ സക്കീർ കൊടുത്തു വിട്ട ഗാലക്സി യുടെ പുതിയ സീരീസിലെ ഏതോ നല്ല സ്മാർട്ട് ഫോൺ ആയത് കൊണ്ടായിരിക്കണം അതിന്റെ മർമ്മത്ത് പിടിക്കാൻ കിട്ടാതിരിക്കുന്നത്.
റുകൂഹ് കഴിയുമ്പോഴേക്കും ..
ഹം..ദേരെ ബിൻ അബ് റഹ്‌നഹി സക്തെ'...
പാട്ട് തുടങ്ങിയിരുന്നു.
ആരും കാണാതെ ട്രൗസറിന്റെ കീശയിൽ കയ്യിടാനായി അയാൾ ഇമാമിനേക്കാളും മുന്നേ സുജൂദിൽ നിന്നും എണീറ്റിരുന്നു.
ആ ശ്രമം വിജയം കണ്ടു.
ഉറഞ്ഞു തുള്ളിയ ഫോൺ പെട്ടന്നടങ്ങി.
എല്ലാവരും സ്വസ്ഥതയോടെ യും സമാധാനത്തോട് കൂടിയും അത്തഹിയ്യാത്തിലേക്ക് പ്രവേശിച്ചു.
ശാന്തി സമാധാനവും അധികനേരം നീണ്ടു നിന്നില്ല...
ദേ.. തുടങ്ങി വീണ്ടും
അതേ ഫോൺ ..
അതേ മ്യുസിക്ക്..
അതേ ട്രൗസർ..
അതേ അന്ത്രുക്ക..
അത്തഹിയ്യാത്ത് ,ക്രിസ്ത്യാനികളുടെ കരോൾ പോലെ മുട്ടും പാട്ടും വാദ്യ ഘോഷത്തിന്റെ അകമ്പടിയോടു കൂടി പൂർത്തിയാക്കി.
ആദ്യം സലാം വീട്ടിയത് ഇമാമാണോ അന്ത്രുക്കയാണോ എന്ന കാര്യത്തിൽ സംശയം ഇപ്പോഴും ബാക്കിയാണ്.
തുറിച്ചു നോക്കുന്ന ഒരുപാട് കണ്ണുകൾക്കിടയിലൂടെ ട്രൗസർ കീശയെ മനാരം പിടിച്ചു കൊണ്ട് അന്ത്രുക്ക പുറത്തേക്ക് നടക്കുമ്പോഴും മുന്നിലെ
സഫ്ഫിൽ നിന്നും സലാം വീട്ടിയ കഴുത്തുകൾ മുന്നോട്ട് കൊണ്ട് പോകാതെ ഏനൽ ബെന്റായ സൈക്കിൾ പോലെ ഒരു ഭാഗത്തേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു ഈ മഹാ പുള്ളി ആരെന്നറിയാൻ.
പുറത്ത് ഹൗളിൻ കരയിൽ ഇറങ്ങി നിന്ന് ഫോണെടുത്ത ഉടനെ ...
ഭരണിപ്പാട്ടിന്റെ പുതിയൊരു വേർഷനു തുടക്കമിടുകയായിരുന്നു.
ഫോൺ ചെയ്തവനെ പറഞ്ഞ തെറി കേട്ട് ദൃഡങ്ക പുളകിതരായത് പള്ളിയിലുള്ളവർ മാത്രമല്ല റോഡിലൂടെ പോകുന്നവർ കൂടിയായിരുന്നു.
ഖത്തറിലുള്ള ഇളയ മകൻ അൻവർ
'റമളാൻ മുബാറക്ക് ' പറയാൻ വിളിച്ചതായിരുന്നു പോലും.
ഇനി ഈ ജന്മത്തിൽ അവൻ ആരോടും ഒരു മുബാറക്കും പറയില്ല.
നിസ്കാര ശേഷം ഇതിനെ കുറിച്ച് ഒരു ഉറുദി പറയണം എന്നു വിചാരിച്ച ഉസ്താദ് ഉറുദി എന്ന പരിപാടിയേ ഉപേക്ഷിച്ചു.
ഗുണ പാഠം..
ഉപ്പാക്ക് പുതിയ സ്മാർട്ട് ഫോൺ കൊണ്ട് കൊടുക്കുന്നവർ ആദ്യം അതിന്റെ സൈലെന്റ് ഓപ്ഷൻ ആദ്യം പഠിപ്പിച്ച് കൊടുക്കുക.
അല്ലെങ്കിൽ പള്ളിയിൽ പോകുമ്പോൾ ഇതൊക്കെ എടുക്കരുത് എന്നെങ്കിലും പറയുക.
ഇതൊന്നുമില്ലെങ്കിൽ..
നാട്ടിലെ ജമാഅത്തിന്റെ സമയത്ത് നാട്ടിലേക്ക് വിളിക്കാതിരിക്കുകയെങ്കിലും ചെയ്യുക.
ശുഭം

No comments:
Post a Comment