Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 28, 2016

സംഘടിത സകാത്ത്

സകാതിന് അര്‍ഹരായ എട്ട് വിഭാഗങ്ങളെ പരിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. സകാതിന്റെ പേരില്‍ പില്‍ക്കാലത്ത് വരാനിരിക്കുന്ന വഴിപിഴച്ച ചിന്താഗതിക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കൊള്ളകളില്‍ നിന്നും മുസ്ലിം സമുദായത്തെ രക്ഷപ്പെടുത്താന്‍ വേണ്ട എല്ലാ വഴികളുമാണ് ഖുര്‍ആന്‍ ഇതിലൂടെ സ്വീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം.
സകാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഫഖീര്‍, മിസ്‌കീന്‍, നവമുസ്‌ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സകാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് എന്നിവരാണ് സകാത്തിന്റെ അവകാശികള്‍. നാം ജീവിക്കുന്ന കാലഘട്ടത്തില്‍ ഫഖീറുമാരുണ്ട്, മിസ്‌കീനുമാരുണ്ട്. നവമുസ്ലിംകളുണ്ട്. കടബാധ്യതയുള്ളവരുണ്ട്. യാത്രക്കാരുണ്ട്....ഇതില്‍ ആര്‍ക്കും സംശയമില്ല. ഇവരില്‍ ഫഖീറുമാരുടെയും മിസ്‌കീന്‍മാരുടെയും എണ്ണം മാത്രം ലക്ഷങ്ങള്‍ വരും. സകാതിന് അര്‍ഹതപ്പെട്ടവരില്‍ അവരുമുണ്ടെന്ന് വ്യക്തമായിട്ടും അവരെ പരിഗണിക്കാതെയാണ് ഉന്നത പഠനത്തിനെന്ന പേരില്‍ സംഘടിതസകാതിലൂടെ ജമാഅത്തെ ഇസ്ലാമി സമ്പന്നരെ ചൂഷണം ചെയ്ത് സാകത് പണം ചെലവഴിക്കുന്നത്. അവരുടെ ലക്ഷ്യം ഇസ്ലാമിക ചിട്ടയൊത്തെ സകാത് വിതരണമല്ല. മറിച്ച് സമ്പന്നരെ ചൂഷണം ചെയ്ത് വിദ്യാര്‍ഥികളെ കൈപിടിയിലൊതുക്കുകയാണ്. പക്ഷേ അത് വഴിപിഴച്ച മാര്‍ഗത്തിലൂടെയായി എന്ന് മാത്രം.
ഇത്ര സ്പഷ്ടമായി ഖുര്‍ആനും തിരുഹദീസും വ്യക്തമാക്കിയിട്ട് പോലും ഈ കാലത്ത് സകാതിന്റെ പേരില്‍ വന്‍കൊള്ളയാണ് ജമാഅത്തെ ഇസ്ലാമി, വഹാബി പോലുള്ള ബിദഈ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംഘടനയുടെ വളര്‍ച്ചക്കും കെട്ടുറപ്പിനും വേണ്ടി പണക്കാരില്‍ നിന്ന് അന്യായമായി സകാത് വാങ്ങുന്നത് ഏത് മാനദണ്ഡം വെച്ച് നോക്കിയാലും ഇസ്ലാമികമല്ല, തിരുനബി(സ)യുടെയും അവിടുത്തെ കാലശേഷം വന്ന സ്വാഹാബത്തിന്റെയും താബിഉകളുടെയും രീതിയല്ല. വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് വേണ്ടി ലക്ഷങ്ങളാണ് സംഘടിത സകാതെന്ന ഇസ്‌ലാമിക വിരുദ്ധമായ പ്രവര്‍ത്തനത്തിലൂടെ പിരിച്ച ഫണ്ടില്‍ നിന്ന് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘങ്ങള്‍ മറിച്ചുചെലവഴിക്കുന്നത്. അല്ലാഹുവിന്റെ പരിശുദ്ധ ഖുര്‍ആനില്‍ ഇത്ര സ്പഷ്ടമായി സകാതിന്റെ അവകാശികളെ എണ്ണിപ്പറഞ്ഞിട്ടും അതിനെല്ലാം പുല്ലുവില കല്‍പ്പിക്കുകയാണെന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? ഉന്നത പഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളെ കാശ് കൊടുത്ത് വരുതിയിലാക്കുന്നതിനപ്പുറം, മതവിരുദ്ധമായ ഈ രീതിയിലൂടെ നബി(സ)യും സ്വഹാബത്തും പഠിപ്പിച്ചു തന്ന മാര്‍ഗത്തെ ചവിട്ടിത്തേക്കുക കൂടിയാണ് ജമാഅത്തെ ഇസ്ലാമിയും വഹാബികളും. ഉന്നത പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളില്‍ എത്രപേര്‍ സാമ്പത്തികമായി ഉന്നത നിലവാരം പുലര്‍ത്തുന്നവരുണ്ടാകും? അവര്‍ക്ക് സകാതിന്റെ മുതല്‍ അനുവദനീയമാകുമോ?ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ എട്ട് കൂട്ടരില്‍ ഇവരെ ഏത് വിഭാഗത്തിലാണ് ഈ ബിദഈ സംഘടനകള്‍ ചേര്‍ക്കുന്നത്...തുടങ്ങിയ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാകുന്നു.
അതുകൊണ്ട് അല്ലാഹുവിനെ ഭയപ്പെടുന്ന മുസ്ലിംകള്‍ ഓര്‍ക്കണം, സംഘടിത സകാതെന്ന പേരില്‍ ജമാഅത്തെ ഇസ്ലമിക്കും വഹാബികള്‍ക്കും നിങ്ങളുടെ സമ്പത്തില്‍ നിന്ന് ചില്ലിക്കാശ് നല്‍കുന്നത് പോലും ഇസ്ലാമിക വിരുദ്ധമാണ്.  നബി(സ)യുടെ കാലം മുതല്‍ ഇന്നുവരെ മുസ്ലിം പണ്ഡിത ലോകത്തിന് പരിചയമില്ലാത്തതും വലിയ തെറ്റാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചതുമായ വഴിയാണത്. അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടി വരും. ആഖിറത്തിനെ കുറിച്ചോര്‍ക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

No comments: