Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 26, 2016

കാന്തപുരം ഉസ്താദുമായി ഖലീജ് ടൈംസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം

??മതതീവ്രവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, വിദ്യാഭ്യാസം കൊണ്ട് ഇതിനെ നേരിടാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. വിദ്യാഭ്യാസം നേടുന്നതിലൂടെയും തൊഴില്‍ ലഭിക്കുന്നതിലൂടെയും തീവ്രവാദത്തെ ഇല്ലായ്മചെയ്യാം. വിദ്യാഭ്യാസംകൊണ്ട് മതതീവ്രവാദത്തെ നേരിടാമെന്ന കാമ്പയിന്‍ ആരംഭിക്കുന്നത് തന്നെ മര്‍ക്കസ് ആണ്. പഠിച്ചിറങ്ങുകയും എന്നാല്‍ തൊഴില്‍ ഒന്നും ലഭിക്കാതെ ഇരിക്കുകയും ചെയ്യുന്ന യുവാക്കള്‍ തീവ്രവാദ സംഘടനകളുടെ ഇരകളായി പലപ്പോഴും മാറുന്നുണ്ട്. ഇന്ത്യയില്‍ പോലും വേണ്ട വിദ്യാഭ്യാസമോ ജോലിയോ ഇല്ലാതെ അത്തരം ചുഴികളില്‍പ്പെട്ടുപോകുന്നവരുണ്ട്. വായനയിലൂടെയും എഴുത്തിലൂടെയും വിദ്യാഭ്യാസം നേടിയെടുക്കാനാണ് ഖുര്‍ആന്‍ പറയുന്നത്.

തീവ്രവാദത്തിനെതിരായ രാസായുധമെന്ന നിലയ്ക്ക് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്?

സാമൂഹിക ഉത്തരവാദിത്തം ഒരു പ്രധാനഘടകമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ സ്ഥാപനങ്ങളായ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ, സുന്നി യൂത്ത് സൊസൈറ്റി, സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, കേരള മുസ്‌ലീം ജമാഅത്ത് എന്നിവയെല്ലാം വിദ്യാഭാസത്തെ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 1978 ല്‍ സ്ഥാപിച്ച ജാമിഅ മര്‍ക്കസു സഖാഫത്തി സുന്നിയ്യയുടെ പ്രാധാന്യവും ഈ ഘട്ടത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങളുടെ സ്‌കൂളുകളുണ്ട്. ഏതാണ്ട് രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ അവിടങ്ങളില്‍ പഠിക്കുന്നുണ്ട്. മതേതര വിദ്യാഭ്യാസമാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്. 1984 ല്‍ നമ്മുടെ നമ്മുടെ പ്രധാനമന്ത്രിയെ വധിച്ചവരും 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമെല്ലാം വിദ്യാസമ്പന്നരായിരിക്കാം. എന്നാല്‍ പൗരധര്‍മം അവര്‍ പഠിച്ചുകാണില്ല. ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമൂഹ്യവിദ്യാഭാസ മോഡലുകളെ മാറ്റി നിര്‍ത്തി ആഗോള സ്വീകാര്യത നേടിയ വിദ്യാഭ്യാസരീതിയാണ് വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നത്.

മര്‍ക്കസ് നോളജ് സിറ്റി പ്രൊജക്ടറിന് എന്താണ് സംഭവിച്ചത്? അതിന്റെ പുരോഗതികള്‍ എങ്ങനെയാണ്?

ചില നിയമപ്രശ്‌നങ്ങള്‍ കാരണം ഒരു വര്‍ഷത്തോളം പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വീണ്ടും ആരംഭിച്ചിട്ടുണ്ട്. പ്രധാന കാമ്പസായ യുനാനി മെഡിക്കല്‍കോളേജ്, കള്‍ച്ചറല്‍ സെന്റര്‍, ലോ കോളേജ് എന്നിവ ഏതാണ്ട് പൂര്‍ത്തിയായി വരുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ഐ.ടി മേഖലയലെ പ്രചരണം വര്‍ധിപ്പിക്കുകയും വേണം.

നിര്‍ദിഷ്ട ഷെഹ്‌റെ മുബാറക് ഗ്രാന്‍ഡ് മസ്ജിദിന്റെ സ്ഥിതി എന്താണ്?

പദ്ധതിയെകുറിച്ചുള്ള ആലോചന നടന്നുകൊണ്ടിരിക്കുകയാണ്. മിക്കവാറും അത് കോഴിക്കോട് തന്നെയായിരിക്കും.

ബി.ജെ.പി അധികാരത്തില്‍ വന്നശേഷം പ്രധാനമന്ത്രി മോദിയുടെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നുണ്ടോ?

അത്തരത്തില്‍ തോന്നുന്നില്ല. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണ്. പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മറ്റുളളവര്‍ വിരല്‍ചൂണ്ടുക സ്വാഭാവികമാണ്.

കഴിഞ്ഞവര്‍ഷം മോദിയെ സന്ദര്‍ശിച്ചപ്പോള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ വല്ലതും നടപ്പിലായോ ?

എന്തെങ്കിലും തരത്തിലുള്ള നയപരമായ മാറ്റമായിരുന്നില്ല മോദിയോട് ആവശ്യപ്പെട്ടത്. ചരിത്രം മാറ്റിയെഴുതരുതെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ഇന്ത്യ ഇന്ത്യയായി തന്നെ നിലനില്‍ക്കണം. ഇന്ത്യയെ കുറിച്ച് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ വായിക്കുകയാണെങ്കിലും ഒരു പുതിയ ഇന്ത്യയെ ആയിരിക്കരുത് കാണേണ്ടത്. അക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചതാണ്. വര്‍ഗീയത അവസാനിപ്പിച്ച് വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് തന്നെയാണ് മോദിയോട് ആവശ്യപ്പെട്ടിരുന്നത്.

ആര്‍.എസ്.എസും സംഘപരിവാറും ചരിത്രപുസ്തകങ്ങളെ കാവിവത്ക്കരിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ജമാഅത്തെയുടെ നടപടി എങ്ങനെയായിരിക്കും?

ഞങ്ങള്‍ അത് പരിശോധിക്കും. അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ അത്തരം ശ്രമങ്ങള്‍ക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകും. ഗാന്ധിജിയുടെ കൊലപാതകരെ ആദരിക്കാനുള്ള ശ്രമം നടന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ രംഗത്തെത്തിയിരുന്നു.

രാമക്ഷേത്ര നിര്‍മാണ വിഷയം സംഘപരിവാര്‍ വീണ്ടും ഉന്നയിക്കുന്നുണ്ടല്ലോ എന്തായിരിക്കാം അതിനോടുള്ള പ്രതികരണം?

അതൊന്നും പരിശോധിക്കേണ്ടത് ഞങ്ങളുടെ പണിയല്ല. അതെല്ലാം സര്‍ക്കാറാണ് നോക്കേണ്ടത്.

മോദി സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ എങ്ങനെ വിലയിരുത്തുന്നു? അദ്ദേഹം നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു്, അതിന്റെ ഫലം ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?

സൗദിയും യു.എ.ഇയുമായുള്ള ബന്ധം നല്ലത് തന്നെയാണ്. യു.എ.ഇയിലെ ഭരണാധികാരികള്‍ സമാധാനത്തെ സ്‌നേഹിക്കുന്നവരും എല്ലാ രാജ്യങ്ങളും നല്ല ബന്ധം ആഗ്രഹിക്കുന്നവരുമാണ്. ഓരോ രാജ്യങ്ങളുമായുള്ള ബന്ധവും വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനവും എങ്ങനെ ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.

കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരിനെ കുറിച്ചുള്ള പ്രതീക്ഷകള്‍?

പാവപ്പെട്ടവര്‍ക്ക് ജോലി നല്‍കാനും വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുന്നതിനുമായിരിക്കണം അവര്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് സാധാരണ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കാറ്. എന്നാല്‍ അതില്‍ നിന്നും വ്യത്യാസ്തമായി പാവപ്പെട്ട ജനങ്ങള്‍ക്കായി മുന്നോട്ടുവന്നാല്‍ മാത്രമേ ഇടതുമുന്നണി സര്‍ക്കാര്‍ ഒരു വിജയമാണ് എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. മലയാളികള്‍ ബുദ്ധിയുള്ളവരാണ്. കാര്യക്ഷമതയില്ലായ്മയെ അവര്‍ വെച്ചുപൊറുപ്പിക്കില്ല.

രാഷ്ട്രീയപരമായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പരിമിതമായ ഓപ്ഷനുകളേ ഉള്ളൂ, മൂന്നാമത് ഒരു സാധ്യതയുണ്ടോ?

മൂന്നാമത്തെ സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയൊന്ന് ഉയര്‍ന്നുവരാം. അത് സാധ്യവുമാണ്.

എണ്ണവിലയിലെ മാറ്റങ്ങള്‍ മൂലം ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികരംഗം തകരുകയാണ്. നിരവധി രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ തിരിച്ചുവരേണ്ട അവസ്ഥയുണ്ടാകുന്നു. അത്തരത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് ഒരു പുനരധിവാസ പദ്ധതിയെ കുറിച്ച് ഒരു വ്യക്തത ഇനിയും വരേണ്ടതായുണ്ടോ? ഇതില്‍ ജമാഅത്തെ സംഘടന കൈക്കൊണ്ട നടപടികള്‍ എന്താണ്?

പ്രവാസികളുടെ പ്രശ്‌നത്തിന് പരിഹാരം കാണുവാനായി പിണറായിക്ക് ഒരു നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്രത്തില്‍ ഇന്ത്യന്‍ പ്രവാസികാര്യമന്ത്രാലയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതില്ല. പ്രവാസികളുടെ ആശങ്ക പരിഹരിക്കാന്‍ പാര്‍ലമെന്റില്‍ പ്രത്യേക നിയമം തന്നെ വരേണ്ടതായുണ്ട്. പ്രവാസി എന്നാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കഷ്ടതയനുഭവിക്കുന്ന ഒരു വിഭാഗം ആളുകളാണ്. അവര്‍ക്ക് സഹായഹസ്തം ലഭിച്ചേ തീരൂ.

സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് താങ്കളുടെ പല പ്രസ്താവനകളും തെറ്റായി ഉദ്ധരിക്കാറുണ്ട് സ്ത്രീശാക്തീകരണത്തില്‍ എന്താണ് താങ്കളുടെ നിലപാട്?

പിണറായി വിജയന് സമര്‍പ്പിച്ച നിവേദനത്തില്‍ വനിതാശാക്തീകരണത്തെകുറിച്ചും ഞങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്ന ഒരു മതമാണ് ഇസ്‌ലാം. ഇസ്‌ലാം മതം പ്രകാരം ഒരു ഭര്‍ത്താവ് അവന്റെ ഭാര്യയ്ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും എന്നുതുടങ്ങി ഒരു സ്ത്രീക്ക് വേണ്ട എല്ലാ കാര്യവും ചെയ്തുകൊടുക്കാന്‍ ബാധ്യസ്ഥനാണ് എന്ന് തന്നെയാണ് പറയുന്നത്. സ്ത്രീയെ സംരക്ഷിക്കേണ്ട ബാധ്യത പുരുഷനാണ്. എന്നാല്‍ സ്ത്രീ ശാക്തീകരണം എന്നും സ്ത്രീ സ്വാതന്ത്ര്യം എന്നും പറഞ്ഞാല്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ എന്തും ചെയ്യാമെന്നും ആര്‍ക്കൊപ്പവും എവിടേയും എപ്പോള്‍ വേണമെങ്കിലും സഞ്ചരിക്കാമെന്നുമല്ല അര്‍ത്ഥമാക്കുന്നത്. അത് സ്വീകാര്യമായ സംഗതിയല്ല. ഒരു ഭര്‍ത്താവ് ഭാര്യയ്ക്ക് വേണ്ടി വീട് പണിയാറുണ്ട്. അല്ലാതെയുള്ള മറ്റ് വഴികളില്ല.

ലിംഗസമത്വത്തെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്, എല്ലാവരും ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കുന്നു, എന്നാല്‍ കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്ര സ്ത്രീകള്‍ വിജയിച്ചു, അല്ലെങ്കില്‍ എത്ര സ്ത്രീകള്‍ മത്സരിച്ചു?

ലിംഗസമത്വത്തിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്ന് പറഞ്ഞ് ആരെങ്കിലും രംഗത്തെത്തിയിരുന്നോ ?

സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ അവരെ ഒരു വില്‍പ്പനച്ചരക്കായി കാണാന്‍ പാടില്ല.

പ്രണയവിവാഹവും ബന്ധം വേര്‍പെടുത്തലും മുന്‍പില്ലാത്തവിധം വര്‍ദ്ധിച്ചിരിക്കുന്നു. നിയമപരമല്ലാതെയുള്ള ഒരുമിച്ച് ജീവിക്കലാണ് ഇന്നത്തെ പുതിയ രീതി, ഇത് ഒരു നല്ല സൂചനയാണോ?

ഒരിക്കലും ഇല്ല, അത് ഒരു ട്രെന്‍ഡാണെന്ന് വിശ്വസിക്കുന്നില്ല. കുറേ കേസുകള്‍ക്കിടയില്‍ ഓരോന്ന് സംഭവിക്കുന്നുണ്ടാകാം.
(മൊഴിമാറ്റം കടപ്പാട്: ഡ്യൂള്‍ ന്യൂസ്)

No comments: