Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 13, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 1

വെയിലിന്റെ തീക്ഷണത കൂടിക്കൂടി വന്നു..
ചൂടിന്റെ തീവ്രതയും വിശപ്പിന്റെ വിളിയും ഫൈസൽ എന്ന ആ പതിമൂന്നുകാരനെ തളർത്തികൊണ്ടേയിരുന്നു...
പടച്ചോനെ...ഇനി എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ ഞാൻ എത്ര ദൂരം നടക്കേണ്ടി വരും..ഓരോന്ന് ഓർത്തു നടക്കായിരുന്നു അവൻ..

'ആഹ്.. ന്റെ ഇമ്മച്ചിയേ.."

നിലവിളിച്ചു പോയി.കാലിൽ എന്തോ തട്ടി..ഒരു വലിയ കല്ല്..

"ന്റെ സ്വപ്നങ്ങൾക്ക് തടസ്സം നിക്കാൻ വന്നതാണോ കല്ലേ ഇയ്യ്..."
ചോര വര്ണണ്ടല്ലോ കാലിമ്മന്ന്..സാരല്യാ..എളാപ്പ തല്ലുമ്പോ ഉള്ള അത്ര വേദനൊന്നും ഇല്ലാ ഇതിന്..'

കുറച്ചൂടെ നടന്നപ്പോ ഒരു പൈപ്പ് കണ്ടു..
കാലു കഴുകി..മുറിയൂട്ടിയില.കൈകൊണ്ട് ഞെരടി മുറിക്ക് മുകളിൽ വെച്ച്..തൽക്കാലത്തേക്ക് ചോര നിന്നിക്ക്ണ്..ഇനി കുറച്ചൂടെ നടന്നാ മെയിൻ റോട്ടിലെത്താം..
പയിച്ചിട്ട് കണ്ണുകാണാൻ വയ്യല്ലോ പടച്ചോനേ...
വിശപ്പ് അവന്റെ നടത്തത്തിനും വേഗത കൂട്ടി..

ഹോ..എന്തൊരു വല്യ ബിൽഡിങ്ങാ ഒക്കെ..ഫൈസൽ അന്തം വിട്ട് നിന്നു..പട്ടണത്തിലേ ഓരോ കാഴ്ചകളും അവനു അദ്ഭുതം ഉളവാക്കുന്നതായിരുന്നു..പണ്ടെന്നോ ഉപ്പാന്റെ കൂടെ വന്നു എന്നല്ലാതെ അടുത്ത കാലത്തൊന്നും പട്ടണത്തിൽ വന്ന ഓർമ്മയില്ലാ..
ഓർമ്മകൾ ഫൈസൽ മോനെ ഒരു വലിയ സ്റ്റാർ ഹോട്ടലിനു മുന്നിലെത്തിച്ചു..

"ഹോ ...എന്തൊരു മണാ.."
അവന്റെ മുന്നേ കയറിയിറങ്ങിയത് അവന്റെ മൂക്ക് ആയിരുന്നു..
 അവൻ പോയി വേഗം ടേബിളിനു മുന്നിലിരുന്നു..

"മോനേ..എവിടെ ബില്ല്..."
വെയിറ്റർ വന്ന് ചോദിച്ചു..

"ഏട്ടാ ഞാനതിനൊന്നും കഴിച്ചിട്ടില്ലാ..കഴിച്ചിട്ടില്ലേ ബില്ല് കൊടുക്കൽ.."

"അല്ല മോനേ..ഇവിടെ ആദ്യം ബില്ലടിച്ച്..അത് കാണിച്ചാലേ ഭക്ഷണം കിട്ടൂ.."

"ന്റേൽ കാശ് ഒന്നും ഇല്ല ഏട്ടാാ...എനിക്കെന്തെങ്കിലും കഴിക്കാൻ തര്വോ..വിശന്നിട്ടാ..."

"അതൊക്കെ മോൻ അതാ അവിടെ ഇരിക്ക്ണ മാനേജർ ഇല്ലേ..അദ്ദേഹത്തിന്റെ അടുത്ത് പോയി പറഞ്ഞേക്ക്..അയാളുടേതാ ഈ ഹോട്ടൽ.."
വെയിറ്റർ പറഞ്ഞു..

ഫൈസൽ മോൻ മാനേജറുടെ അടുത്ത് പോയി...

"സാർ..എന്റെ കയ്യിൽ കാശൊന്നും ഇല്ലാ..ഇവൈടുന്ന് എന്തെലും നിക്ക് തരോ കഴിക്കാൻ..വിശന്നിട്ടാ..ഇന്നലെ രാത്രി കഴിച്ചതാ.."
 മാനേജറെ മുന്നിൽ പോയി ഫൈസൽ കേണു.

"പ്ഫ..കാശില്ലാതെ ഓരോന്ന് കയറി വന്നോളും..വലിഞ്ഞു കേറി വരുന്നോർക്കൊക്കെ ദാനം ചെയ്യാനാണേൽ ഞാനും ന്റെ കടയും എന്നോ പൂട്ടേണ്ടി വരും.."

"സാറേ..ഞാനെന്ത് ജോലി വേണേലും ചെയ്തു തരാ...കഴിക്കാനെന്തെങ്കിലുമൊന്ന്...."ഫൈസൽ അയാളെ മുന്നിൽ പ്രതീക്ഷയോടെ കേണു...

"ഹും ......തനിക്കൊക്കെ ഇവിടെ വരുന്നവരുടെ എച്ചിൽ പാത്രം കഴുകാനുള്ള യോഗ്യതയുണ്ടോ ടാ..."

"എന്താാ  നാസറേ..നീ ഇരുന്നു പിറു പിറുക്കുന്നേ.."

അതും ചോദിച്ചോണ്ടാ സിദ്ദീക്ക് കയറി വന്നത്..

"ഒന്നും പറയണ്ട ഇക്കാ..ഓരോന്നും വന്നോളും ഓരോ തട്ടിപ്പുമായി..നമ്മൾ ഇവടെ കാശ് വാരാന്നാ ഓരോന്നിന്റേം വിചാരം..."
പിന്നെ ഫൈസൽ മോൻ അവിടെ നിന്നില്ലാ..ഇറങ്ങി നടന്നു..
കണ്ണു നിറഞ്ഞു പോയി..ഇല്ലാ..മ്മാാ...ഇങ്ങളെ കുഞ്ഞോൻ കരയൂലാ..നിറഞ്ഞു വന്ന കണ്ണീരിനെ അവൻ ആശ്വാസത്തിൻ വാക്കുകളേകി യാത്രയാക്കി
..അവൻ നിരാശനായില്ലാ...സാരല്യാ..നിക്കുള്ള ഭക്ഷണം പടച്ചോനേകിയത് അവിടായിരിക്കൂലാ..

ഹോ..കാല് വേദനിക്ക്ണല്ലോ..നടക്കാനാവൂലാ ഇനി..കാല് തടവിക്കൊണ്ടവൻ ഒരു സിമന്റ് തറയിൽ ഇരുന്ന്..
എവിടുന്നോ ഒരു ബിരിയാണിയുടെ മണം..അവന്റെ വിശപ്പിനെ വെല്ലുവിളിച്ചോണ്ടിരുന്നു..
 അടുത്തൊന്നും ഒരു ഹോട്ടലും കാണാനില്ലല്ലോ..പിന്നെ എവിടുന്നാ..അവൻ ചുറ്റും നോക്കി..

അപ്പോഴാണ് സൂര്യ പ്രഭയേറ്റ് തിളങ്ങി നിൽക്കുന്ന ആ വലിയ ബോർഡ് അവന്റെ ശ്രദ്ധയിൽ പെട്ടത് ..കാലിനേറ്റ മുറിവൊന്നും വകവെക്കാതെ
 ...സന്തോഷം കൊണ്ട് ആ കുഞ്ഞു മനസ്സ് തുള്ളിച്ചാടി..ഏറെ പ്രതീക്ഷകളോടെയും ഒത്തിരി സന്തോഷത്തോടെയും അവനാ ബോർഡ് വായിച്ചു..

'സ്വാതി കല്യാണ മണ്ഡപം..'
           
                ( തുടരും...)

No comments: