Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 12, 2017

സിദ്ധീഖ് ബുഖാരി അലിഗഢ് എഴുതുന്നു

ജീവിതത്തിൽ എന്നെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, മദ്രസയിലും  സകൂളിലും പോയില്ലായിരുന്നെങ്കിൽ ഇക്കാലത്ത് എന്തായിരിക്കും അവസ്ഥയെന്ന്?
അറിവിന്റെ ഏടിൽ നിന്ന് ഒരക്ഷരം പോലും പഠിച്ചിട്ടില്ലങ്കിലോ...?!.
ഇതൊരു കഥ പറഞ്ഞ് തുടങ്ങുകയല്ല. കരളിൽ കുരുങ്ങിയ കാഴ്ചകളുടെ പകർത്തെഴുത്താണ്. ഓക്സ്ഫോർഡ് ഓഫ് ഈസ്റ്റ്, അലീഗഢ് യൂണിവേഴ്സിറ്റിയുടെ മണ്ണിലിരുന്ന് കൊണ്ടാണ് ഇതെഴുതിത്തുടങ്ങുന്നത്. വൈകുന്നേരം ചായ കുടിക്കാനായി  യൂണിവേഴ്സിറ്റിക്കടുത്ത ശംഷാദ് അങ്ങാടിയിലെത്തിയതാണ് .       ഇവിടുത്തെ ആറ്റിക്കുറിക്കിയ ചായക്കല്ലങ്കിലും ഇത്തിരി ചന്തം കൂടുതലാണ്. സുലഭമായി ലഭിക്കുന്ന മീഠ കൂട്ടി ചായ കുടിക്കുമ്പോഴാണ് സുഹൃത്ത് സംശയമുന്നയിച്ചത്. ‘ഇവിടുത്തെ ജീവിതത്തിന്റെ മധുരമൊക്കെ ഈ മീഠകൾ ഊറ്റിക്കുടിച്ചതാണോ...!’
നഷ്ടപ്പെട്ട ജീവിത മധുരിമയെ മീഠയിലെങ്കിലും ആസ്വദിക്കുകയായിരിക്കും.... അങ്ങാടിയിലിറങ്ങിയാൽ ജീവിതത്തിൽ ആകെ പഠിച്ച അഭ്യാസവുമായി കുഞ്ഞുങ്ങൾ നിങ്ങളെ തേടിയെത്തും. “യാചന”... തുടർപഠനങ്ങളില്ലാത്ത ഈ കല എന്നാണ് തീരുകയെന്ന് നാഥന് മാത്രമെ നിശ്ചയമുള്ളൂ. അക്ഷരങ്ങളെ തൊട്ട് നോക്കേണ്ട കൈകൾ ചില്ലറത്തുട്ടുകൾക്ക് വേണ്ടി നീട്ടുകയാണ്. നീളുന്ന കൈകൾക്ക് പിന്നിലും ചിലപ്പോൾ കരയാ൯ കാരണങ്ങളുണ്ടാവും. ഒരു ദിവസം മദ്രസയിൽ പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എല്ലാവരും എഴുതാനിരിക്കുമ്പോൾ ഒരു മോൻ മാത്രം അന്ധിച്ചിരിക്കുന്നു. തുടർച്ചയായി നോട്ട് ബുക്ക് കൊണ്ട് വരാത്ത  അവനോട് അവസാനം ദേഷ്യപ്പെട്ടു...കണ്ണുരുട്ടി.
"നാളെ നോട്ട് ബുക്ക് കൊണ്ടേ മദ്രസയിൽ വരാവൂ.. "
അൽപ നേരം കണ്ണിലേക്ക് മിഴിച്ച് നോക്കി കുട്ടി പ്രതികരിച്ചു.
" ഹാഫിജീ (ഉസ്താദ്) എനിക്ക് നാല് ദിവസം അവദി തരണം...!!
"അതെന്തിനാ...?"
റോഡരികിൽ കൈകാണിച്ചാൽ ഒരോ ദിവസം എനിക്ക് രണ്ട് രൂപ വീതം ലഭിക്കും. അതിന് നോട്ട്പുസ്തകം വാങ്ങാമല്ലോ...
മദ്രസ കഴിഞ്ഞ് റൂമിലെത്തിയിട്ടും ആ വാക്ക് മനസ്സിൽ കിടന്ന് പിടഞ്ഞ് കൊണ്ടിരുന്നു.....
തെരുവിൽ ആട്ടിയകറ്റിയ കരങ്ങളിൽ ഒരു ദിനം ആ കുഞ്ഞും നീട്ടിയിരുന്നോ..?!!.
ചായ കുടിച്ച ശേഷം പഴം വാങ്ങാനായി     റോഡരികിലുള്ള വിൽപനക്കാരനടുത്തെത്തി. ഹൈസ്കൂൾ പ്രായത്തിലുള്ള  പയ്യ൯! മധുരമുള്ള     പൂക്കുന്ന കാലം
അവന്റെ  കൂടെയുള്ളവർ മുബൈലിൽ ജീവിതത്തെ തോണ്ടിക്കളിക്കുന്നുണ്ടാവും. ഇവന്റെ കയ്യിൽ ജീവിതത്തെ ഉന്തി നീക്കാനുള്ള ഉന്തുവണ്ടിയുടെ രണ്ട് കൈകളാണന്നു മാത്രം.
കൂട്ടത്തിലൊരാൾ വെറുതെ ചോദിച്ചു...
   'മോൻ സ്കൂളിൽ പോവുന്നുണ്ടോ...?"
             " നഹീ... !"
തെരുവാണ് അവനെ പോലോത്ത ഒരു പറ്റം കൂട്ടുകാരുടെ വിദ്യാലയം. അവിടുത്തെ പൊള്ളുന്ന അനുഭവങ്ങളാണ് അവരുടെ പാഠ ഭാഗങ്ങൾ. അവരുടെ കണ്ണിലെ ആകാശവും കടലും കണ്ട് അവൻ ഒന്നുകൂടെ കൂട്ടിച്ചേർത്തു. “വിദ്യാലയത്തിൽ പോവാത്ത ഒരുപാട് കുട്ടികൾ എന്റെ ഗ്രാമത്തിൽ ഉണ്ട് .നിങ്ങൾ വെന്നാൽ ഞാൻ കാണിച്ചു തരാം. ആ വാക്കുകൾ  നേരെ അവരുടെ ഹൃദയത്തിലേക്കാണ് നടന്ന് കയറിയത്.  മുഖത്ത് നട്ടിരുന്ന കണ്ണുകൾ തെരുവിലേക്ക് പറിച്ച് നട്ട് തിരിച്ച് നടക്കുമ്പോൾ അവന് ഒരു വാക്ക് കൊടുത്തു.
" നാളെ  നിന്റെ കൂട്ടുകാരെ കാണാൻ ഞങ്ങൾ ഗ്രാമത്തിൽ വരുന്നുണ്ട് ".
  "സറൂർ... വഹാംസെ  മിലേംഗെ.... "
തന്റെ കൂട്ടുകാരുടെ ജീവിതത്തിനെങ്കിലും നിറം കൊടുക്കണമെന്ന് അവനെ പ്രേരിപ്പിച്ചത് സ്വപ്നങ്ങൾ നട്ട് വളർത്തേണ്ട കാലത്ത് കയ്യിലെടുത്ത് വെച്ച ഈ ഉന്തുവണ്ടിയുടെ ഭാരമായിരിക്കും...
   ചരിത്ര നിയോഗമെന്ന് വേണമെങ്കിൽ ഇതിനെ പേരിട്ട് വിളിക്കാം.ആ മോനെ പിന്നീട് കണ്ടിട്ടില്ല. പക്ഷെ...  ആ ഒരു  വാക്ക് ഒരു ഒരു നാട്ടിൽ അറിവിന്റെ വിത്ത് നട്ടു. അങ്ങനെ ഒരു  മദ്രസക്ക് തുടക്കമായി...!!
അല്ലേലും ചിലപ്പോൾ ഒരുവാക്ക് മതി.....
അവർ ഇന്ന് മാറ്റത്തിന്റെ അക്ഷരങ്ങൾ ഉച്ചരിച്ച് തുടങ്ങിയിരിക്കുന്നു. യൂണിവേഴ്സിറ്റി കാംപസിനടുത്ത ആലംബാഗ് ഗല്ലിയിലെ  ഇടുങ്ങിയ വഴിവക്കിൽ പ്രൗഢികളൊന്നുമില്ലാതെ നിൽക്കുന്ന മസ്ജിദിലാണ് അഞ്ച് ക്ലാസ്സുകളായി മദ്രസ നടക്കുന്നത്.  കേരളത്തിൽ നിന്നും പഠിക്കാനെത്തിയ അഞ്ചു വിദ്യാർത്ഥികളാണ് സൈക്കിളിലെത്തി ഇവരെ പഠിപ്പിക്കുന്നത്. ഞാനും നിങ്ങളും ഞമ്മളെല്ലാവരും ചെയ്യേണ്ട സേവനം ഇവർ ചെയ്യുന്നു എന്ന് മാത്രം. സ്വന്തം ജീവിതത്തോടും പെറ്റ് വീണ നാടിനോടും പോറ്റിവളർത്തിയ കുടുംബത്തോടും ചിലതൊക്കെ ചെയ്യാനുണ്ടെന്ന് ഇവർക്ക് ആര് അടുത്തിരുത്തി പറഞ്ഞ് കൊടുക്കും? ഇന്ത്യയുടെ പ്രധാന മന്ത്രിയും പ്രസിഡണ്ടും ആരാണെന്ന ചോദ്യത്തിന് ഉത്തരം കേട്ടപ്പോൾ  വൈസ് & വേഴ്സ് എന്ന പുസ്തകത്തിലെ ഇതുവരെ ഇന്ത്യ സ്വാതന്ത്രമായതറിയാത്തവരുടെ അനുഭവമാണ് ഓർത്തു പോയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലിറ്ററസി അടയാളപ്പെടുത്തിയ നാടുകളിലൊന്ന് ഈ മണ്ണിലാണുള്ളത് എന്നതാണ് മറ്റൊരു സത്യം!.
മദ്രസയെന്ന് കേൾക്കുമ്പോൾ മനസ്സിൽ ചില ചിത്രങ്ങൾ മുഴച്ച് നിൽക്കും. ബഹു നില കെട്ടിടം, എട്ട് പത്ത് ക്ലാസ്സ്, സ്വദർ ഉസ്താദ്, ബെഞ്ചും ഡെസ്ക്കും സ്മാർട്ട് ബോർഡും..... എന്നാൽ ഈ മദ്രസക്ക് ഇതൊന്നും പറഞ്ഞ് മൂക്കത്ത് വിരൽ വെക്കേണ്ടി വരില്ല. നിലത്തിരുന്നാണ് കുട്ടികൾ എഴുതുന്നതും പഠിക്കുന്നതും.ആർക്കും ഒരു പരിഭവവുമില്ല. പക്ഷേ ഒന്നുണ്ട്. നിറഞ്ഞ മനസ്സുമായി  അറിവ് നേടാനെത്തുന്ന ഒരുപാട് വിദ്യാർത്ഥികളും കൂട്ടിനായി ഒരുപാട് മലയാളി കൂട്ടുകാരും.  യൂണിവേഴ്സിറ്റി ലീവായതിനാൽ നാട്ടിൽ പോകുകയാണ് എന്നറിയിച്ചപ്പോൾ രണ്ടാം ക്ലാസ്സിലെ സുബാന മോളെ മറുപടി " യൂണിവേഴ്സിറ്റി പൂട്ടുകയാണങ്കിൽ ഹാഫിജി എന്റെ  വീട്ടിൽ നിന്നോളി ,നാട്ടിൽ പോവണ്ട എന്നായിരുന്നു.

മാസ വരിസംഖ്യയില്ലവിടെ. പണമില്ലാത്തതിനാൽ  വീട്ടിലെ രണ്ട് മക്കൾ മാത്രം സ്കൂളിൽ പോയാൽ മതിയെന്നായിരുന്നുവത്രെ ശെമയോട് ഉപ്പ പറഞ്ഞത്. രണ്ട് മൂന്ന് ദിവസം  സ്ലൈറ്റ് കൊണ്ട് വരാത്തതിന് ശകാരിച്ചപ്പോൾ കാരണം പറഞ്ഞത് ഉപ്പയുടെ അടുത്ത് പണമില്ലന്നാണ്. ഇവിടെ ഒരുപാട് കുടുംബങ്ങളുടെ അടുപ്പ് പുകയുന്നത് സൈക്കിൾ റിക്ഷ വലിച്ച് ലഭിക്കുന്ന പണത്തുട്ടുകളാലാണ്. രാത്രിയുടെ കട്ടപിടിച്ച തണുപ്പിലും റിക്ഷ ചവിട്ടി പോകുന്നവരെ നിങ്ങൾക്കിവിടെ കാണാം. ആകാശം മേലാപാക്കി തിമിർത്ത് പെയ്യുന്ന തണുപ്പിലും ചുരുണ്ടുറങ്ങുന്ന എത്രയെത്ര കുടുംബങ്ങളാണ്.
എങ്കിലും നിങ്ങൾ കൂട്ടിനുണ്ടെന്നത് ഞങ്ങൾക്കൊരു ധൈര്യമാണ്. ഈയിടെ പായസവുമായി ഒരുപാട് മലയാളി കൂട്ടുകാർ മദ്രസ കാണാനെത്തി. സഞ്ചിയിൽ പുസ്തകവുമായി വരുന്ന കുട്ടികളുടെ ഫോട്ടോ കണ്ട ഒരാൾ എല്ലാവർക്കും ബാഗ് സമ്മാനിക്കുകയുണ്ടായി. ഇന്നവർ ആ ഭാഗുമായിട്ടാണ് മദ്രസയിലെത്തുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ ഫ്രീ ആയിട്ട് നൽകിക്കൊണ്ടാണ് അദ്ധ്യായന  വർഷമാരംഭിച്ചത്. വീട്ടിൽ ആകെ ഒരു മുസ്ഹഫ് മാത്രമായതിനാൽ മദ്രസയിലേക്ക് കൊണ്ട് പോകാൻ ഉമ്മ സമ്മതിക്കുന്നില്ലത്രെ. അങ്ങനെ കേരളത്തിൽ നിന്ന് ഖുർആൻ എത്തിച്ച് വിതരണം ചെയ്തു. ഇപ്പോഴും മനസ്സിലെ ഒരു സ്വപ്നമാണിത് " മദ്രസാ കുട്ടികൾക്ക് ഒരു കൂട്ട് വസ്ത്രം ഫ്രീയായി നൽകുക "
ഒന്നുമുണ്ടായിട്ടല്ല, നമ്മളെ പോലെ നമ്മുടെ മക്കളെ പോലെ അവരും വരട്ടെ കീറാത്ത ഉടുപ്പുടുത്ത് പുഞ്ചിരിച്ച് മദ്രസയിലേക്ക്....
ഒന്ന്കൂടെ ചോദിച്ചോട്ടെ... കീറിയ ഉടുപ്പും കൂട്ടിത്തുന്നിയ  കുപ്പായവുമാണ്  മദ്രസയിലും സ്കൂളിലും പോവാൻ ഉള്ളതെങ്കിൽ  നമ്മുടെ മനസ്സിലെന്ത് തോന്നും....ഈ വസ്ത്രവുമണിഞ്ഞ് നമ്മുടെ മക്കൾ പോവുന്നത് കണ്ടാൽ നമ്മുടെ മനസ്സിലെന്ത് തോന്നും.... അഞ്ച് ദിവസം മുൻപ് ക്ലാസ്സിൽ വരാത്തതിന്  ഉവൈസ് മോൻ കാരണം പറഞ്ഞത് ''നാ പാക്"(വൃത്തിയില്ലായിരുന്നു) എന്നാണ്.അടിക്കാനായി ഒരുങ്ങിയപ്പോൾ കൂട്ടത്തിലൊരാൾ മുന്നിലിരുന്ന് മെല്ലെ എന്നെ ഉണർത്തി .." ഹാഫിജീ  മാറ്റി ഉടുക്കാൻ വേറെ കുപ്പായമുണ്ടാവുകയില്ല.... "  അങ്ങിനെയാണ് മനസ്സ്  ചിലപ്പോൾ പുകഞ്ഞ് കത്തും. എന്നും ഒരേ വസ്ത്രമണിഞ്ഞ് വരുന്ന ത്വയ്യിബിനോട് വസ്ത്രം മാറ്റി വരണമെന്ന് പറഞ്ഞില്ല. അതിനുള്ള കരുത്തില്ലായിരുന്നു. നാളെ വരുമ്പോൾ അലക്കി വരണമെന്ന് മാത്രമേ പറഞ്ഞുള്ളൂ. നിങ്ങൾ  തയ്യാറാണങ്കിൽ നിങ്ങൾക്കും നൽകാം ഒരു ജോഡി വസ്ത്രത്തിനുള്ളതെങ്കിലും. അല്ലങ്കിൽ നിങ്ങളറിയുന്നവരിലേക്ക് ഇതെത്തിച്ച് കൊടുക്കാം...ചിലപ്പോൾ ഒരു വാക്ക് മതി ഒരു ചരിത്രം മാറാ൯...ഒരു ഷെയറിംഗ് മതി ഇവർക്കൊരു വസ്ത്രം ലഭിക്കാൻ. നന്മയുടെ മേൽ അറിയിച്ച് നൽകിയവന് സമാന പ്രതിഫലമുണ്ടെന്നാണല്ലോ മുത്ത് നബി പഠിപ്പിച്ചത്. അങ്ങിനെ നിങ്ങൾ കാണാത്ത മക്കൾ നിങ്ങളെ കാണാത്ത ഒരിടത്ത് നല്ല ഉടുപ്പണിഞ്ഞ് അറിവ് നേടാനെത്തും...നിങ്ങൾ ഒരുക്കമാണങ്കിൽ ഞങ്ങളെ അറിയിക്കൂ..( സിദ്ദീഖ് ബുഖാരി..(MA malayalam - 90 4544 6946) മുഹമ്മദ് അലി  ( MA Theology- 9497193312)ഒന്ന്കൂടെ ചോദിച്ചോട്ടെ നിങ്ങൾക്ക് നിങ്ങളുടെ പേര് പോലും എഴുതാൻ  അറിയില്ലങ്കിലെങ്ങിനെയുണ്ടാവും.... നമ്മുടെ മക്കൾ കീറിയ കുപ്പായമിട്ട് മദ്രസയിൽ പോവുന്നത് കണ്ടാൽ നമ്മുടെ മനസ്സിനെങ്ങിനെയുണ്ടാവും.....

No comments: