Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 1, 2017

കിനാവിലെ മണിയറ - ഭാഗം 29

താഴേക്ക് ഇറങ്ങി വന്ന ഷാനിയുടെ തലയിൽ തലോടിക്കൊണ്ട് ആമിനത്താ പറഞ്ഞു..
"മോളേ ..ഷാനീ അന്റുപ്പ വന്നിക്ക്ണ്.."
ഷാനിക്ക് ഉപ്പ വന്നതിനേക്കാൾ സന്തോഷം തോന്നിയത് ഉമ്മാന്റെ മോളേ എന്ന് വിളി കേട്ടപ്പോയായിരുന്നു..ഇനിയെന്തൊക്കെ അദ്ഭുതങ്ങൾ സംഭവിക്കുമോ ആവോ..
" എനി ഏതായാലും എങ്ങോട്ടും പോവണ്ടല്ലോ..ഉപ്പ ഇങ്ങോട്ട് വന്നിരിക്കയല്ലേ.. .."
ആമിനത്താക്ക് സന്തോഷാായി..

ഷാനി ഉപ്പാനെ കെട്ടിപ്പിടിച്ചു..കണ്ണു നിറച്ചു..ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് കാണും പോലെ തോന്നി അവൾക്ക്..

"മോളേ..ഉപ്പ ഇപ്പോ ഇങ്ങോട്ട് വന്നത് ബുദ്ധിമുട്ടായോ..ഇങ്ങളെങ്ങോട്ടേലും പോവാൻ നിക്കെയ്നോ.."

"ഇല്ല ഉപ്പാ..ഞങ്ങൾ അങ്ങോട്ട് തന്നെ വരാനിരുന്നതാ.."

"ഉം.. നാളെ വൈകുന്നേരം രണ്ടാളും കൂടി അങ്ങോട്ട് വരണം ട്ടോ..അതും ക്ഷണിക്കാൻ കൂടിയാ..ഉപ്പ ഇപ്പോ വന്നേ.."

ഉപ്പാന്റെം മോളുടെയും സ്നേഹം കൗതുകത്തോടെ നോക്കി നിൽക്കായിരുന്നു ഹിഷാം ..അവൻ അനുഭവിച്ചിട്ടില്ലാത്ത സ്നേഹം..

" ഇൻ ഷാ അല്ലാഹ്..ഞങ്ങൾ വരാം ഉപ്പാ.."

ഹിഷാമായിരുന്നു മറുപടി നൽകിയത്..
ഷാനിയുടെ ഉപ്പ പോയതിനു ശേഷം ഷുക്കൂർ ഓടി വന്നു ഉമ്മാനോട് ചോദിച്ചു..

"ഉമ്മാ..ഇങ്ങളെന്താ ആ രണ്ടുലക്ഷത്തിന്റ്റെ കാര്യം ഓളെ ഉപ്പാനോട് ചോദിക്കാഞ്ഞത്..ഇന്നലെ ഉണ്ടായതൊക്കെ ഇങ്ങള് മറന്നോ.. അതെങ്കിലും  കിട്ടിയാ അവനിക്ക് ഗൾഫിൽ പോവാൻ അതെടുത്താ മതീലോ..സമീന എനിക്കിട്ട് സ്വൈര്യം തരുന്നില്ലാ..അവളെ വീട്ടിന്ന് ചോദിച്ച് വാങ്ങിച്ച പൊന്നിന്റെ പണത്തിന്റേം കണക്കു പറഞ്ഞിട്ട്..."
ഷുക്കൂറിന്റെ പരിഭവത്തിന് ആമിനത്താ തക്കതായ മറുപടി നൽകി..

"എടാ..മണ്ടാ.. ഇയ്യൊന്ന് സമാധാനപ്പെട്...ഞാനിപ്പോ അയാളോട് പൈസ ചോദിക്കാൻ നിന്നാൽ അതന്റെ അനിയൻ ഹിഷാം അറിയും..ഓൻ ഇതിൽ ഇടങ്കോലിടാൻ വരും..ഓന് പോവാനിനി രണ്ടുമാസം പോലും ഇല്ലാ..ഓനൊന്നു പോട്ടെ..ന്നിട്ട് ഞാൻ മുഴുവൻ പൈസേം ചോദിച്ച് വാങ്ങിക്കും"

അവർ രണ്ടുപേരും കുശുകുശുക്കുന്നത് കേട്ട ഷാനിക്ക് എന്തൊക്കെയോ തന്റെ പേരിൽ നടക്കുന്നുണ്ടെന്ന് മനസ്സിലായി..

ഗൾഫിലേക്ക് പോവാനുള്ള പണമുണ്ടാക്കാൻ തന്റെ കയ്യിലുള്ള സ്വർണ്ണമെടുക്കാൻ അവളത് ആവുന്നത് നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ലാ..

"എല്ലാാം ഇക്കാ തന്ന കാശ് തന്നെയല്ലേ..പിന്നെയെന്താ എടുക്ക്ണോണ്ട്.."

"ഇല്ല..ഷാനീ..ന്റെ പെണ്ണിനെ എപ്പോഴും ഒരു രാജകുമാരിയായി കാണാനാ നിക്കിഷ്ടം..അതോണ്ട് എന്തുവെന്നാലും ഈ പൊന്നിൽ ഞാൻ തൊടൂലാ.."

പിറ്റേന്ന് ഹിഷാമും ഷാനിയും ഭക്ഷണം കഴിഞ്ഞ ഉടനെ തന്നെ ഇറങ്ങി..ആമിനത്താ ഓരോ മുടന്തൻ ന്യായങ്ങളുമായി മുന്നോട്ട് വന്നു..ഓരോന്നും തട്ടി മാറ്റി ഹിഷാം അവളെയും കൊണ്ട് അവിടെ നിന്നിറങ്ങി..
വീട്ടിൽ
രണ്ട് കാർ ഉണ്ട്..ഉപ്പാന്റെയും ഷുക്കൂർക്കാന്റെയും..ഹിഷാം പക്ഷേ അതൊന്നും എടുക്കാൻ നിന്നില്ലാ..സ്വന്തമായ് അധ്വാനിച്ചുണ്ടാക്കിയ ബൈക്കു തന്നെ എപ്പോഴും അവന്റെ സന്തത സഹചാരി..
ഷാനിയെന്ന സുന്ദരിക്കുട്ടിയെ സ്വന്തമാക്കിയത് ലോകം അറിയാൻ ബൈക്കു തന്നെയാ നല്ലത്..
അവർ നേരെ പോയത് കോഴിക്കോട് ബീച്ചിലേക്കായിരുന്നു..
പോക്കുവെയിലിന്റെ ചുംബനങ്ങളും മൃദുലമായൊഴുകി നടക്കുന്ന കാറ്റിന്റെ തഴുകിതലോടലും കാറ്റാടി മരങ്ങളുടെ തണലിൽ ആ യുവമിഥുനങ്ങളെ കൂടുതൽ പ്രണയബദ്ധരാക്കി..
സുന്ദരിയായ ഒരു മത്സ്യകന്യകയുടെ കയ്യും പിടിച്ച് കടൽ തീരത്തൂടൊഴുകി നടക്കുന്ന ഒരു മുക്കുവനെ പോലെ തോന്നി ഹിഷാമിന്..
ഒരിക്കലും പിറവിയെടുക്കാത്ത ഒത്തിരി സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങൾ പണിതീർക്കാൻ അവരോടൊപ്പം കടലമ്മയും കൂട്ട് കൂടി..

എതോ ചിന്തയിൽ മുഴുകി അനന്തതയിൽ അഭയം പ്രാപിച്ച ഹിഷാമിനോട് ഷാനി ചോദിച്ചു.

"ഇക്കാ...ഇങ്ങളെന്താ ഈ ആലോചിക്ക്ണേ കുറേ നേരായല്ലോ..ഞാൻ പറയ്ണ എന്തേലും ഇങ്ങൾ കേൾക്ക്ണ്ടോ.."

"എ..എന്തെയ്നു ഷാനി ഇയ്യ് പറഞ്ഞീനേ.."

"ഒലക്ക..ഇങ്ങളെ ഞാനുണ്ടല്ലോ.."

"ഷാനീ ഇയ്യൊന്ന് നോക്കിക്കേ..അങ്ങു ദൂരേക്ക്..അവിടെ രോഷം പൂണ്ടു നിൽക്കുന്ന അസ്തമയ സൂര്യൻ വർത്തമാനകാല ജനതയുടെ പാപകൃത്യങ്ങൾക്ക് പലതിനും സാക്ഷിയായി ആ അനന്ത സാഗരത്തിന്റെ ആഴങ്ങളിലെവിടേക്കോ ഊളിയിടാൻ  വെമ്പിനിൽക്കുന്നു.."

"ന്റെ ഇക്കാ ഇങ്ങളെ ഈ വാക്കൊന്നും നിക്ക് ദഹിക്കൂലാ ട്ടോ..മനുഷ്യന് മനസ്സിലാവ്ണ വല്ലതും പറയ്..."

"ഓ..ന്റെ ഷാനിക്കുട്ടീ..ഇയ്യ് കടലമ്മയെ സ്നേഹിച്ച മുക്കുവന്റെ കഥ കേട്ടിണോ.."

"ഇല്ല ഇക്കാ..ഇങ്ങൾ പറയ്..കേൾക്കാൻ പറ്റ്ണതാണോ നോക്കട്ടെ.."

ഹിഷാം പൂഴിമണ്ണിനോടോരംചേർന്ന് കാറ്റാടിമരത്തിൻ തണലിൽ ചാരിയിരിക്കുന്ന ഷാനിയുടെ മടിയിൽ തലചായ്ച്ചുകിടന്നുകൊണ്ടാകഥ പറയാൻ തുടങ്ങി..

"പണ്ടു പണ്ടൊരിക്കൽ കടലിന്റെ തീരത്ത്  ഒരു കുഞ്ഞുകുടിൽകെട്ടി ഒരു പാവം മുക്കുവൻ താമസിച്ചിരുന്നു..പ്രാരാബ്ധങ്ങളും ഇല്ലായ്മയും അയാളെ കൂടുതൽ കൂടുതൽ ദരിദ്രനാക്കികൊണ്ടേയിരുന്നു..പക്ഷേ അവന്റെ വീട്ടുകാരുടെ സ്നേഹമോ വാത്സല്യമോ ഒരിക്കലും അയാൾക്ക് ലഭിച്ചിരുന്നില്ലാ..മുണ്ടുമുറുക്കിയുടുത്തും വേദനകൾക്കിടയിലും പുഞ്ചിരി തൂകിയും ആരോടും പരാതിയും പരിഭവവും കാ ണിക്കാതെ അയാൾ വീട്ടുകാർക്ക് വേണ്ടി അദ്ധ്വാനിച്ചു..എന്നും സന്ധ്യാനേരമിൽ അയാൾ കടപ്പുറത്തിങ്ങനെ വന്നിരിക്കും..സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടുകളെല്ലാം  കടലമ്മയുടെ മുന്നിൽ സമർപ്പിക്കും..കടലമ്മ ഒരു വലിയ തിരമാലകൾ കൊണ്ടുവന്നാ കഥ സ്വീകരിക്കുന്ന വരേ അതു തുടരും..ഒരിക്കൽ കുറേയേറെ കദനങ്ങൾ പറഞ്ഞു പറഞ്ഞു ആ മുക്കുവൻ കടൽതീരത്തു കിടന്നുറങ്ങിപ്പോയി..നേരമേറെ ഇരുട്ടിട്ടും മുക്കുവനാ ഉറക്കത്തിൽ നിന്നും മോചിതനായിരുന്നില്ലാ..സങ്കടത്തിന്റെ ഭാണ്ഡക്കെട്ടുകൾ സ്വീകരിക്കാനെത്തിയ കടലമ്മ ആ മുക്കുവനെയും കൊണ്ട് കടലിന്റെ ആഴങ്ങളിലേക്ക് പോയി..ഉറക്കമുണർന്ന ആ മുക്കുവൻ കണ്ടത് മനോഹരമായ ഒരു കാഴ്ചയായിരുന്നു..ആ ദൃശ്യം ലക്ഷ്യമാക്കി അയാൾ ഊളിയിട്ടു..അപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച അവിടെ കണ്ടത്....."

കഥ മുഴുമിപ്പിക്കാനനുവദിക്കാതെ ഷാനി അവന്റെ  വാ പൊത്തി.
"മതി ഇക്കാ..നമ്മക്ക് പോവാം..കഥയുടെ ബാക്കി നമ്മക്ക്  പിന്നെ പറയാട്ടോ.."
ആ കഥക്ക് യാഥാർത്യവുമായി എന്തോ ഒരു ബന്ധമുള്ള പോലെ അവൾക്ക് തോന്നി..

അസ്തമയ സൂര്യനെ സാഗരം  വിഴുങ്ങുന്ന രംഗത്തിനു സാക്ഷിയായി നിന്നു കൊടുത്ത്  അവർ രണ്ടുപേരും അവിടെ നിന്നും പുറപ്പെട്ടു.‌.പിന്നീട് കൈകോർത്ത് നടന്നാ രണ്ടു ഇണപ്രാവുകളും മിഠായിതെരുവിന്റെ വീഥികളിലൂടെ‌ കറങ്ങി നടന്നു..
കുറച്ച് ഫ്രൂട്ട്സും പലഹാരങ്ങളും എല്ലാവർക്കും ഓരോ ജോഡി ഡ്രസ്സും പർച്ചേയ്സ് ചെയ്തതിനു ശേഷമാണ് രണ്ടുപേരും വീട്ടിലേക്ക് തിരിച്ചത്..

"എന്തിനാ മോനേ ഇയ്യിതൊക്കെ വാങ്ങിച്ചേ..കാശ് കുറേ ആയിണ്ടാവൂലേ.."
പരിഭവം കലർന്നുള്ള ഉപ്പാന്റെ ചോദ്യത്തിനു ഹിഷാം മറുപടി നൽകി..

"ഉപ്പാ..ഇങ്ങളൊന്നുകൊണ്ടും വിഷമിക്കണ്ടാ..ഇനിയെല്ലാം ഒരു മോന്റെ സ്ഥാനത്ത് നിന്ന് ചെയ്ത് തരാൻ ഈ ഹിഷാമുണ്ടാവും കൂടേ.."

സൈതാലിക്കാന്റെ മനസ്സ് നിറഞ്ഞു..ഒരു ആൺകുഞ്ഞില്ലാത്ത സങ്കടം മാറ്റാനാവും റബ്ബ് ചിലപ്പോ ഇതുപോലൊരു മോനെ തന്നത്..ആ പിതാവ് സമാധാനിച്ചു..

ഹിഷാമിന്റെ സ്വഭാവം സൈതാലിക്കായിലും മൈമൂനയിലും മതിപ്പുളവാക്കി..

" മോനെ ..ബുദ്ധിമുട്ടാവൂലേൽ ഓളെ ഒരാഴ്ച കഴിഞ്ഞിട്ട് രണ്ടീസം നിക്കാൻ വിടണേ.."
മൈമൂനത്താ അത് പറഞ്ഞപ്പോ അവന്റെ മുഖമൊന്ന് വാടി..

" ഉമ്മാ എനിക്കിനി പോവാൻ അധിക ദിവസല്ലല്ലോ..അത് കഴിഞ്ഞ് ഷാനി എത്ര ദിവസം വേണേലും ഇവിടെ വന്ന് നിന്നോട്ടെ..അതിനിടേൽ ഇങ്ങക്ക് എപ്പോ ഷാനിയെ കാണണമെന്ന് തോന്നാണേൽ ഒന്നു വിളിച്ചാൽ മതി..ഞങ്ങളിവിടെ പറന്നെത്തും.."
ആയിക്കോട്ടെ എന്ന അർത്ഥത്തിൽ മൈമൂനത്താ ഒന്നു പുഞ്ചിരിച്ചു..


ആമിനത്താന്റെ  അവഗണനകളും കുറ്റപ്പെടുത്തലുകളും ഒളിച്ചും പാത്തും തകൃതിയായി മുന്നോട്ട് പോയി..
ഷാനി പക്ഷേ ഒന്നിനും പ്രതികരിക്കാൻ പോയിട്ടില്ലാ..പോയിട്ടും കാര്യല്ല..അവിടേം താൻ ഒറ്റപ്പെടുകയേ ഉള്ളൂ..എല്ലാം പടച്ചവന്റെ മുന്നിലവൾ സമർപ്പിച്ചു..


ഹിഷാമിനു പോവാൻ ഇനി നാലു ദിവസം കൂടിയേ ബാക്കിയുള്ളു..

" ഷാനീ അനക്ക് ഞാനൊരു സർപ്രൈസ് ഗിഫ്റ്റ് വാങ്ങിക്ക്ണ്.."

"എന്താ ഇക്കാ ഇത്ര സർപ്രൈസ്.."

"അതൊക്കെയുണ്ട്..ഇയ്യൊന്നിങ്ങോട്ട് വന്നേ..."

ആമിനത്താന്റെ കണ്ണുവെട്ടിച്ച് ഗിഫ്റ്റെന്താന്നറിയാൻ അവളോടി കോണിപ്പടികൾ കയറാനൊരുങ്ങുമ്പോൾ എന്തിലോ തടഞ്ഞു നിലത്തുവീഴാനൊരുങ്ങിയ അവളെ ആരുടെയോ കൈകൾ താങ്ങി നിർത്തി... ഒരു നിമിഷം ആ കൈകളിലേക്കും മുഖത്തേക്കും നോക്കിയ ഷാനിക്കവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല...ആശ്ചര്യത്തോടെ അവളാ മുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു..

                 ‌(തുടരും)
shas

NB: ഈ നോവലിനു യാഥാർത്യങ്ങളുമായി ഇത്തിരി ബന്ധമുണ്ടെങ്കിലും പല രംഗങ്ങളും  സാങ്കല്പികമായി എന്റെ ഭാവനകളിൽ മാത്രം വിരിഞ്ഞതാണ്...പിന്നെ ഇതും പറഞ്ഞ് എന്നെയാരും തല്ലാൻ വരരുത് ...അതോണ്ട് പറഞ്ഞതാണ് ട്ടോ..😀

No comments: