ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക യൂണിവേഴ്സിറ്റി യായ കോഴിക്കോട് മർകസിലെ സെൻട്രൽ കിച്ചണിലെ പ്രധാന പാചകക്കാരൻ ആക്കോട് സൈദലവി സാഹിബിന്റെ മരണ വാർത്ത 2 ദിവസമായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ.. മർകസിൽ ആക്കോട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സൈദലവി സാഹിബ് വലിയൊരു സുന്നി പ്രാസ്ഥാനിക നേതാവോ സജീവ പ്രവർത്തകനോ ആയിരുന്നില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷെ നീണ്ട 40 വർഷം മർകസിൽ പഠിച്ച ബഹു. പേരോട് ഉസ്താദിനെ പോലെയുള്ള മഹാ പണ്ഡിതന്മാർക്ക് അന്നം ഒരുക്കാനും അവരോടൊക്കെ അടുത്ത് ഇടപഴകാനും സാധിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് (14/07/2017) ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അദ്ദേഹത്തിന് വേണ്ടി നടന്ന മയ്യിത്ത് നിസ്കാരങ്ങളും പ്രാർത്ഥനകളും. സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിലുള്ള സഖാഫികളും പണ്ഡിതന്മാരും അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുന്നതും മയ്യിത്ത് നിസ്കരിക്കാൻ അഭ്യർത്ഥിക്കുന്നതും കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷവും അത്ഭുതവും !!
നാല് പതിറ്റാണ്ട് മുമ്പ് ശൈഖുനാ കാന്തപുരം ഉസ്താദ് മർകസ് ശരീഅത്ത് കോളേജ് ആരംഭിക്കുമ്പോൾ മുതൽ കാന്റീനിലെ പ്രധാന പാചകക്കാരനും മേൽനോട്ടക്കാരനും ആക്കോട് ആയിരുന്നു. മർകസിന്റെ ദാരിദ്ര്യ കാലത്തെ ഭക്ഷണ ക്ഷാമവും ബഹു. പാറന്നൂർ ഉസ്താദിനെ പോലെയുള്ള മഹാ മനീഷികൾ അരിച്ചാക്കും തലയിലേറ്റി വരുന്നതും ആക്കോട് സാഹിബ് വിശദീകരിക്കാറുണ്ട്. ശൈഖുനാ ഉസ്താദിന് ഏറ്റവും പ്രിയപ്പെട്ട മർകസ് ജീവനക്കാരൻ കൂടിയായിരുന്നു ആക്കോട്. ഭക്ഷണത്തിലെ രുചി ഭേദങ്ങളും വൈവിധ്യതയും ഉസ്താദിനെ ആകർഷിക്കാറുണ്ട്. പലപ്പോഴും പ്രശംസിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഭക്ഷണം വിളമ്പിക്കൊടുത്ത ആയിരക്കണക്കിന് സഖാഫികൾ ഉന്നത ശ്രേണിയിൽ എത്തുമ്പോഴും പിന്നീട് നേരിൽ കാണുമ്പോൾ അഭിനന്ദിക്കാനും കുശലങ്ങൾ അന്വേഷിക്കാനും അദ്ദേഹം ഓടിയെത്തും. പണ്ഡിതന്മാരോടുള്ള ആദരവും സ്നേഹവും ജീവിതത്തിൽ നില നിർത്തിയത് കൊണ്ടാണ് മരണ വാർത്ത അറിഞ്ഞ ശൈഖുനാ കാന്തപുരം ഉസ്താദും നൂറുകണക്കിന് പണ്ഡിതരും മുത അല്ലിമീങ്ങളും വീട്ടിൽ മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥിക്കാനും എത്തിച്ചേർന്നത്. ഒരു പണ്ഡിതനോ പ്രാസ്ഥാനിക നേതാവോ അല്ലാതിരുന്നിട്ട് പോലും ആയിരങ്ങളുടെ ദുആയും നിസ്കാരവും ലഭിച്ചത് അദ്ദേഹത്തിന്റെ മഹാഭാഗ്യം തന്നെയാണ്. അഖിലാധിപനായ അല്ലാഹു ആക്കോട് സൈതലവി സാഹിബിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.
✍
കെ എ യഹ്‌യ ആലപ്പുഴ
Dubai UAE
14.07.2017


No comments:
Post a Comment