Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, September 3, 2017

പ്രിയ ഗുരു ഉസ്മാൻ സഖാഫി ഉസ്താദ് പവിത്രമായ ബലി പെരുന്നാളിന്റെ രാത്രി, വിശുദ്ധമായ വെള്ളിയാഴ്ച രാവ് നമ്മോട് വിട പറഞ്ഞു.

കുണ്ടൂർ ഉസ്താദിന്റെ ആത്മീയ ശിക്ഷണത്തിലായി കുണ്ടൂർ ഗൗസിയ്യയിൽ പഠിക്കുന്ന ഹൈസ്കൂൾ കാലഘട്ടത്തിലാണ് ഉസ്മാൻ ഉസ്താദ് എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അന്ന് ഗൗസിയ്യയുടെ എല്ലാം ആയിരുന്നു ഉസ്താദ്. ഇബാറത്തുകളുടെ അഗാധതയിലേക്ക് ഊളിയിട്ട് സമഗ്രമായ വിശകലനങ്ങൾ നടത്തി അറിവനുഭവങ്ങളുടെ പുതിയ ലോകങ്ങൾ തുറന്ന് തന്നിരുന്ന മഹാ പണ്ഡിതനും കിടയറ്റ മു ദർരിസുമായിരുന്ന ഉസ്താദ്  വ്യത്യസ്ത കലകളിൽ അസാമാന്യമായ നൈപുണ്യം തെളിയിച്ച അപൂർവ്വ  പ്രതിഭയായിരുന്നു..
കഴിവുറ്റ അറബി കവി, സൗന്ദര്യ സങ്കൽപ്പങ്ങളുടെ കുലപതിയായ കൈയ്യെഴുത്തുകാരൻ, കുണ്ടൂർ ഉസ്താദിന്റെയും  ഗൗസിയ്യ:യുടെയും നിസ്വാർത്ഥനായ ഖാദിം, തികഞ്ഞ ഭാഷാ പണ്ഡിതൻ,  കൃത്യതയുള്ള ഇമാം...
പലപ്പോഴും ഗാസിയ്യയിൽ പുറം  തൊഴിലാളികളുടെ ആവശ്യം പോലും ഇല്ലാതായി. ഇലക്ട്രിക്കൽസും ഇലക്ട്രോണിക്സും പ്ലംബിങ്ങും വയറിങ്ങും ആശാരിപ്പണിയും പാട്ടും ബയ്തും തെങ്ങ് വെക്കലും മതിൽ കെട്ടലും... എല്ലാം  കർമ്മ കുശലനായ ആ മാനേജർക്കറിയാമായിരുന്നു. 
ഉസ്താദിന്റെ വിനയാന്വിതനായ  പെരുമാറ്റവും വശ്യമായ പുഞ്ചിരിയും അത്തറിന്റെ സുഗന്ധവും  ചിന്താർഹമായ നർമ്മങ്ങളും മനസ്സിലിന്നും മായാതെ കിടക്കുന്നു..
         ഉസ്താദിനെ സിയാറത്ത് ചെയ്യാൻ ഇന്നലെ വയനാട് ചുണ്ടയിലേക്ക് പോയി. പലപ്പോഴും  ഗുരുവിനെ തേടി അലയുകയും വിളിക്കുകയും ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ എന്ന ആഗോള ഇൻഡോ-അറബിക്ക് ക വിയുടെ പ്രിയ ശിഷ്യൻ ആയിരുന്നല്ലോ ഉസ്മാൻ ഉസ്താദ്. പ്രവാചകാനുരാഗത്തിന്റെ  അമര കാവ്യങ്ങൾ ലോകത്തിനു സമ്മാനിച്ച ബാപ്പു ഉസ്താദിന്റെ രചന വിസ്മയങ്ങൾ പരമാവധി സൂക്ഷിക്കുകയും അതിസുന്ദരമായ കൈപ്പടയിൽ എഴുതി വെക്കുകയും ചെയ്തു വന്നതായിരിക്കണം മുസ്ലിം സമുദായത്തിന് ആ പ്രിയശിഷ്യൻ ചെയ്ത ഏറ്റവും വലിയ സേവനം. ഉദാത്തമായ ആ സുകൃതം ചെയ്തിട്ടില്ലാ യിരുന്നുവങ്കിൽ ആഗോള അറബി സാഹിത്യകാരന്മാ രോട് പോലും കിടപിടിക്കുന്ന കിടയറ്റ കവിതകൾ നമുക്ക് നഷ്ടപ്പെടുമായിരുന്നു. ആ സാഹിത്യത്തിന്റെ സുഗന്ധം ആസ്വദിക്കാൻ ആയിരുന്നു പ്രധാനമായും ഞാനാ സാന്നിധ്യത്തിൽ ചെല്ലാറുണ്ടായിരുന്നത്. കുണ്ടൂരുസ്താദിന്റെ കവിതകളും പൊന്നുപോലെ ഉസ്മാൻ ഉസ്താദ് സൂക്ഷിച്ചു വെക്കാറുണ്ടായിരുന്നു. തങ്ങളുടെ സൃഷ്ടികൾക്ക് വേണ്ടത്ര മൂല്യം കല്പിക്കാതിരുന്ന ആ പ്രതിഭകളുടെ ശേഷിപ്പുകൾ മറ്റൊരു പ്രതിഭയിലൂടെ സംരക്ഷിക്കക്കപ്പെടുകയായിരുന്നു എന്നു വേണം കരുതാൻ...

തിരൂരങ്ങാടി ബാപ്പു ഉസ്താദിനെക്കുറിച്ചുള്ള എന്റെ പിഛ് ഡി തീസിസിന്റെ ഡാറ്റാ കളക്ഷനു വേണ്ടിയാണ് അവസാനമായി ഉസ്താദിനെ കാണാനായി തെന്നല സിഎം സെന്ററിൽ എത്തുന്നത്. ഗൗസിയ്യക്ക് ശേഷം അവിടെയായിരുന്നു സേവനം. പിന്നീട് മൂന്നിയൂർ  ദഅവ കോളേജിലേക്ക് മാറി..
മർഹൂം ചാപ്പനങ്ങാടി കുട്ടി മുസ് ലിയാർ 
ചാപ്പനങ്ങാടി ഉസ്മായീൽ മുസ് ലിയാർ, കോട്ടൂർ ഉസ്താദ്,  തിരൂരങ്ങാടി ബാപ്പു ഉസ്താദ് എന്നിവരാണ് പ്രധാന ഗുരു വര്യർ.

ഒട്ടേറെ മുതഅല്ലിമുകൾക്ക് പ്രിയപ്പെട്ട ഉസ്താദും
ആത്മീയ തേജസ്വികൾക്ക് ഇഷ്ട ശിഷ്യനും, സ്ഥാപനങ്ങൾക്ക് സമർത്ഥനായ മാനേജരും,  കൂട്ടുകൂടുംബങൾക്ക് അനിവാര്യമായ അത്താണിയും, അന്വേഷണ കുതുകികൾക്ക് ജ്ഞാന സമ്പന്നാനായ വഴികാട്ടിയുമായിരുന്ന 
ഉസ്താദിന്റെ ഖബർ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടേ.    ഓർക്കാപ്പുറത്തെ വേർപാടിൽ വേദനിച്ച സ്നേഹ ജനങ്ങളുടെ മനസ്സിന് അല്ലാഹു ശാന്തി പകരട്ടെ. മരണം എല്ലാർക്കും അഭിമുഖീകരിക്കേണ്ടുന്ന അനിഷേധ്യമായ പരമാർത്ഥമാണല്ലോ.
നമ്മെയും ഉസ്താദിനെയും ജന്നാത്തുൽ ഫിർദൗസിൽ മുത്ത് നബിയോടൊപ്പം അല്ലാഹു  ഒരുമിച്ച് കൂട്ടട്ടേ. ആമീൻ

ഫൈസൽ അഹ്സനി രണ്ടത്താണി

No comments: