ഹാഫിള് ശിഹാബുദ്ദീൻ സഖാഫി അൽ അസ്ഹരി വാവൂർ
രണ്ടാം ദിവസം
21-9 -2017 വ്യാഴം
രാവിലെ 8 മണിക്ക് ഞങ്ങൾ മദാഇനിലേക്ക് പുറപ്പെട്ടു.
സൽമാനുൽ ഫാരിസി ഉൾപ്പടെ മൂന്ന് സ്വഹാബികളുടെ മഖാമുകളുണ്ട് സൽമാൻ പാകിൽ ,
ഒരു പ്രവചനത്തിന്റെ പുലർച്ചയാണ് ഇറാഖിലെ ഇസ്ലാം പ്രചരണത്തിൽ ദൃശ്യമായത്.
നബി തങ്ങൾ പറഞ്ഞു: മുസ്ലിം ചെറുസംഘം വെള്ള കൊട്ടാരം കീഴടക്കും ,കിസ്റയാണ് പ്രവാചകരുടെ ഉദ്ധേശം.
നബി തങ്ങൾ പറഞ്ഞു: മുസ്ലിം ചെറുസംഘം വെള്ള കൊട്ടാരം കീഴടക്കും ,കിസ്റയാണ് പ്രവാചകരുടെ ഉദ്ധേശം.
ആ പ്രവചനം പുലർന്നു ,
ഉമർ(റ) ന്റെ കാലത്ത് സഅദ് ബ്നു അബീ വഖാസ് (റ) സഹാബത്തിനെ കൂട്ടി ഇവിടെ വന്നു ,
ടൈഗ്രീസ് നദിയുടെ ഒരു കരയിൽ അവർ എത്തിച്ചേർന്നു , മറുകരയിലാണ് കിസ്റ ,അവിടെയെത്താൻ
തോണിയില്ല ,മറ്റു മാർഗ്ഗങ്ങളുമില്ല ,മഹാനായ സഅദ് (റ) സ്വഹാബത്തിനോട് ചോദിച്ചു നിങ്ങൾ എന്റെ കൂടെ വരുമോ?
പിന്നെ നടന്നത് മഹാത്ഭുതമാണ് ,ലോക ചരിത്രത്തിൽ ഒരു സൈനിക മുന്നേറ്റത്തിലും സംഭവിച്ചിട്ടില്ലാത്ത മഹാ സംഭവം!
ദിജ്ല സ്വഹാബികൾക്ക് വേണ്ടി ഉറച്ചു നിന്നു ,അവർ കരയിലെന്നോണം നടന്നു കൊണ്ട് നദി കടന്നു ,
കിസ്റ കീഴടക്കി ,
ശേഷം നിധികൾ മദീനയിലെത്തിച്ചു.
ഇതു കണ്ട് ഖലീഫ ഉമർ (റ)
സമ്പത്ത് കണ്ട് കണ്ണ് മഞ്ഞളിക്കാത്ത സ്വഹാബത്തിന്റെ വിശ്വാസ്യത ഓർത്ത്!
അപ്പോൾ അലി (റ) പറഞ്ഞു
അമീറുൽ മുഅമിനീൻ !
നിങ്ങൾ നീതി കാണിച്ചു ,അപ്പോൾ ജനങ്ങളും .
ഇറാഖ് മുമ്പ് അറബി നാടായിരുന്നില്ല ,ഇസ്ലാമിന്റെ ആഗമന ശേഷം അറബി വത്കരിച്ചതാണ്,
ഇന്ന് നാടും നാണയവും ഭാഷയും അറബിയാണ്.
മഹാനായ ഇബ്റാഹിം നബിയും സാറ ബീവിയും ബഗ്ദാദിൽ നിന്നാണ് മക്കയിലേക്ക് പോയത് ,നബിയുടെ ഭാഷ ഹീബ്രുവായിരുന്നു .
ഇറാഖിൽ സദ്ധാമിന്റെ കാലത്ത് സുന്നികൾ ഭൂരിപക്ഷമായിരുന്നു ,അന്ന് കുറേ ശിയാക്കളെ പട്ടാളത്തിൽ നിന്ന് പുറത്താക്കി അവർ ആയുധ പരിശീലനം നേടിയവരായിരുന്നു അവരാണ് പിന്നീട് IS ആയത്
ഇറാഖിൽ സദ്ധാമിന്റെ കാലത്ത് സുന്നികൾ ഭൂരിപക്ഷമായിരുന്നു ,അന്ന് കുറേ ശിയാക്കളെ പട്ടാളത്തിൽ നിന്ന് പുറത്താക്കി അവർ ആയുധ പരിശീലനം നേടിയവരായിരുന്നു അവരാണ് പിന്നീട് IS ആയത്
കർബലാ, നജഫ്, കൂഫയൊക്കെ ശീഅകൾക്ക് മക്കയേക്കാൾ പുണ്യമാണ്.
ഹറം എന്നാണ് അവയെ വിളിക്കുന്നത് ,
സിയാറത്തിന് ഹജ്ജ് മബ്റൂർ എന്നും.
സയ്യിദുനാ ഉസ്മാൻ (റ) നെ കൊലപ്പെടുത്തിയത് ഇറാഖ് ,ഈജിപ്ത് ,സിറിയ എന്നീ രാജ്യക്കാരായിരുന്നു ഇന്നും ഈ നാടുകൾ ചോര ചിന്തുകയാണ് ,ഉസ്മാൻ (റ) ന്റെ ചോര മുസ്ഹഫിലാണവർ ചിന്തിയത് ,മുസ്ഹഫ് ബഗ്ദാദിലേക്ക് കൊണ്ട് വന്നു , പിന്നെ തുർക്കി ടോപ്പ് കാപ്പിയിലെത്തി.
യാത്രയിൽ സുഹൈൽ തങ്ങൾ മടക്കരയുടെ മദ്ഹ് ഗാനാലാപനം ആവേശത്തിരയിളക്കി
യാത്രയിൽ സുഹൈൽ തങ്ങൾ മടക്കരയുടെ മദ്ഹ് ഗാനാലാപനം ആവേശത്തിരയിളക്കി
വാഹനത്തിലെ ഗൈഡും ഡ്രൈവറുമെല്ലാം ശീഅകളായിരുന്നു നിരന്തരം ആ വാക്ക് അവരെ അലോസരപ്പെടുത്തരുതല്ലോ തൽകാലം പേര് മാറ്റി എകെ യാക്കി.
ഞങ്ങൾ സൽമാൻ പാകിലെത്തി മദാഇനിലാണിത് ,
പാരമ്പര്യ ഇസ്ലാമിക വാസ്തു കലയാൽ പ്രൗഡമാണ് സൽമാൻ പാകിലെ നിർമ്മിതികൾ ,
ഇവിടെ ഇപ്പോൾ ശീഅകളുടെ പ്രധാന കേന്ദ്രമാണ് ,
എല്ലായിടത്തും അവർ യാ ഹുസൈൻ ഉല്ലേഖനം ചെയ്ത പതാകകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നു .
പട്ടാളക്കാർ ചെക്ക് ചെയ്ത ശേഷം അകത്ത് കയറി,
സൽമാൻ പാകിൽ സൽമാനുൽ ഫാരിസി(റ) വും ഹുദൈഫതുൽ യമാൻ (റ) ജാബിർ (റ) നബി തങ്ങളുടെ പേരമകൻ ത്വാഹിറുൽ ബാഖിർ (റ) എന്നിവരുടെ മസാറുകളാണുള്ളത്. ഞങ്ങൾ
യാസീൻ ഓതി ദുആ ചെയ്തു,
അവിടെ ചില ശിയാക്കളുണ്ട് ,അവർ വട്ടത്തിൽ ഉള്ള ചെറിയ മൺകട്ട മുന്നിൽ വെച്ച് പ്രാർത്ഥിക്കുന്നുണ്ട് ,പ്രത്യേക നിസ്കാരമാണവർക്ക് ,മൂന്ന് തവണ കൈ പൊക്കുന്നുണ്ട് ,മുന്നിലെ മൺകട്ടയിലാണ് സുജൂദിൽ നെറ്റിവെക്കുന്നത് ,
ശിയാക്കൾക്ക് വിശ്വാസത്തിലും കർമ്മത്തിലും വലിയ അന്തരമുണ്ട് ,അവരുടെ ഫിഖ്‌ഹും വേറെയാണ് .മണ്ണിൽ നേരിട്ട് സുജൂദ് ചെയ്യണം അവർക്ക് ,അത് തന്നെ കർബലയിലെ മണ്ണായാൽ വളരെ ഉത്തമം ഇതാണവരുടെ വിശ്വാസം ,അതിനു വേണ്ടി കർബലയിലെ മൺകട്ടകൾ ശിയാക്കൾ സദാ നടക്കുകയാണ് .
ഞങ്ങൾ സൽമാൻ പാകിൽ നിന്ന് പുറത്തിറങ്ങി
തോക്കേന്തിയ പട്ടാളക്കാരെ ക്കണ്ടു ,കൂടെ നിന്ന് ഫോട്ടോ പകർത്തി ,ഇടക്ക് ഒരു ഇറാഖി പൗരൻ വന്ന് തമാശ പറഞ്ഞു ,പട്ടാളക്കാരെ ചൂണ്ടി ഇവർ ദാഇശുകളാണെന്ന് പറഞ്ഞു ,എങ്കിൽ ഞങ്ങൾ പോവുകയാണെന്ന് പറഞ്ഞ് ബസിൽ കയറി .
ബസിൽ വെച്ച് മുഖാമുഖം നടന്നു,
പരിചയപ്പെടുത്തൽ ചടങ്ങ് ,ഞാൻ എന്നെ പരിചയപ്പെടുത്തി
വേറെ ഓരോരുത്തരും സംസാരിച്ചു ,
ഞങ്ങൾ ഹോട്ടലിൽ മടങ്ങിയെത്തി
ഇനി നിസ്കാരം ഭക്ഷണം കഴിഞ്ഞ് 3 മണിക്ക്
മൂന്ന് മണിക്ക് ഞങ്ങൾ ശൈഖ് ജീലാനിയുടെ ശൈഖായ
മഅറൂഫുൽ കർഖി (റ)ന്റെ മഖാമിലേക്ക് യാത്ര തിരിച്ചു
മഹാന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്
സദ്ധാം ഭരണകാലത്താണ് ഈ മഖാം വളരെ വിപുലമായി സമുദ്ധരിച്ചത്.
നൂറു കണക്കിന് പടികൾ കയറിയാലാണ് മഖാമിലെത്തുക
വളരെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന പള്ളിയാണ് ആദ്യം കാണുക
പള്ളിക്ക് ഉള്ളിലൂടെ അകത്ത് കയറിയാൽ ശൈഖ് മഅറൂഫുൽ കർഖിയുടെ മഖാമിലെത്തും
ഞങ്ങളെ മഖാം ഖാദിം മുന്നിൽ നടന്ന് എല്ലാം കാണിച്ചു തന്നു.
നബി തങ്ങൾക്ക് വേണ്ടി മൗലിദ് നടത്തുകയും അതിനായി ഭക്ഷണം തയ്യാറാക്കുകയും ചെയ്താൽ അവർക്ക് സ്വർഗ്ഗത്തിൽ ഇടം ലഭിക്കുമെന്ന് പഠിപ്പിച്ച അനുരാഗിയാണ് മഅറൂഫുൽ ഖർഖി.
ഞങ്ങൾ ഖുർആൻ ഓതി ,ഹുവൽ ഹബീബു എന്ന് തുടങ്ങുന്ന ബൈത്തും ചൊല്ലി ദുആ ചെയ്തു.
മഅറൂഫുൽ ഖർഖി ഖൽവത്തിരുന്ന (ഏകനായി ആരാധനിക്കാനിരുന്ന ) സ്ഥലത്ത് തന്നെയാണ് ഖബർ,
മഖാമിന്റെ ഏറ്റവും അടിയിലേക്കിറങ്ങാൻ കോണിയുണ്ട്
ഞങ്ങൾ അതിലൂടെ താഴെയിറങ്ങി
അവിടെ ഖബർ നേരിട്ട് കാണാം ,ചാരത്ത് തന്നെ സഹോദരന്റെ ഖബറുമുണ്ട്
ജീലാനീ തങ്ങളും മൂസൽ കാളിം തങ്ങളും ഖൽവത്തിലിരുന്ന ഇടങ്ങളും പ്രത്യേകം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്
അവിടെയുള്ള ചെറിയ കിണറിലെ വെള്ളം ബറകത്തിന് വേണ്ടി വിതരണം ചെയ്യുന്നുമുണ്ട്.
ശമ്പളമില്ലാതെയാണ് മഖാമിന്റെ ഖാദിമുകൾ അവിടെ സേവനം ചെയ്യുന്നത്
ഞങ്ങൾ എല്ലാവരും അവർക്ക് ഹദ് യകൾ നൽകി പുറത്തിറങ്ങി,
പുറത്ത് കുട്ടികളുടെ കൂട്ടം ബഖ്ശിഷ് ,എന്ന് പറഞ്ഞ് ധർമ്മത്തിന് ചുറ്റും കൂടുന്നുണ്ട്
ഇവിടെ എല്ലാ മഖാമുകളിലും പാവങ്ങൾ ധർമ്മം ചോദിക്കുന്നുണ്ട്,
മഹാന്മാരെക്കൊണ്ട് പാവങ്ങൾ ജീവിക്കുന്ന കാഴ്ചയായി നമ്മൾക്കതിനെ കാണാം.
ഞങ്ങൾ വീണ്ടും ബസിൽ കയറി
അൽപ്പം ദൂരം സഞ്ചരിച്ചാൽ സയ്യിദു ത്വാഇഫ ജുനൈദുൽ ബഗ്ദാദി (റ) ന്റെയും അദ്ധേഹത്തിന്റെ ശൈഖും അമ്മാവനുമായ
സിറിയു സഖ്തി (റ) ന്റെയും മഖാമിലെത്താം ,
രണ്ട് ഖബ്റുകളും ഒരു കേന്ദ്രത്തിൽ തന്നെ.
തസവ്വുവിന്റെ മേഖലയിലെ ആദ്യ ഗുരുവും നേതാവുമാണ് ജുനൈദുൽ ബഗ്ദാദി (റ) അതിനാൽ
എല്ലാ ത്വരീഖത്തുകളുടെ പരമ്പരയിലും ജുനൈദുൽ ബഗ്ദാദി (റ) നെ കാണാം
സിയാറത്ത് കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി
ശേഷം യൂഷഉ നബിയുടെ മർഖദിലേക്ക് നീങ്ങി
യൂഷഉ നബിയുടെ ഖബർ ഇവിടെ തന്നെയാണെന്ന് ഉറപ്പിച്ചു പറയാനാകില്ല.
ജോർദാനിലും യൂഷഉ നബിയുടെ ഖബറുണ്ട്.
ആ പ്രവാചകനുമായി നില നിൽക്കുന്ന ചില ബന്ധങ്ങൾ കാരണവും ഇങ്ങിനെ മഖാമുണ്ടാകാം.
ഇബ്റാഹീം നബിയുടെ ഖബർ ഫലസ്തീനിലാണല്ലോ ,പക്ഷേ പാദം പതിഞ്ഞ കല്ല് സൂക്ഷിച്ചതല്ലേ മഖാമു ഇബ്റാഹീം .
ഞങ്ങൾ ആ മഖാമിലെ പ്രാർത്ഥനക്കെത്തിയപ്പോൾ സ്ഥലത്തെ ഖതീബ് ശൈഖ് മുനീർ രിഫാഈ ഞങ്ങളുടെ കൂടെക്കൂടി, സിയാറത്തിന് ശേഷം അദ്ധേഹം പറഞ്ഞത് ഒരു ലക്ഷത്തിലതികം ഔലിയാക്കളുടെ സംഗമ ഭൂമിയാണിതെന്ന് ,ഇവിടെ തറാവീഹ് നിസ്കാരത്തിന് പങ്കെട്ടുക്കാൻ അനേകായിരങ്ങളാണ് വന്നെത്തുന്നത് ,
ഞങ്ങൾ നാട്ടുകാർക്ക് തന്നെ ഏറെ പ്രാധാന്യമുള്ള ഇടമാണിത് .
ഞങ്ങൾ മുമ്പോട്ട് നീങ്ങി
തൊട്ടടുത്തായി ശൈഖ് ബഹ് ലൂൽ (റ)ന്റെ മഖ്ബറയുണ്ട്
കഥയിലൂടെ കാര്യം പറഞ്ഞ ആദ്ധ്യാത്മിക പണ്ഡിതനാണ് ബഹ് ലൂൽ,
പലരും കഥകളിലൂടെ മാത്രമറിയുന്ന ഈ മഹാൻ ദുൻയാവിനെ വെടിഞ്ഞ സാഹിദും സൂഫിയുമായിരുന്നു .
സിയാറത്ത് കഴിഞ്ഞ് ഞങ്ങൾ ബസിൽ കയറി യാത്ര തുടർന്നു
വഴിയരികിൽ ഞങ്ങൾ റെയിൽ പാളവും ട്രൈനുകളും കണ്ടു, കാമറയിൽ പകർത്തിയ ശേഷമാണ് ഞങ്ങൾ ആ ദുഃഖ സത്യമറിഞ്ഞത് ,
അമേരിക്കൻ അധിനിവേശക്കാലത്ത് ഇവിടുത്തെ ട്രൈൻ ഗതാഗതം അവർ തല്ലിത്തകർത്തു .
ട്രൈനുകൾ നശിപ്പിച്ചു ,പാളങ്ങൾ പൊളിച്ചു ,കാലങ്ങൾ കൊണ്ട് ഒരു ജനത നേടിയെടുത്ത വികസന പദ്ധതികൾ യാങ്കി പിശാചുക്കൾ ഉന്മൂലനം ചെയ്തു .
ഇപ്പോൾ ഇറാഖിൽ ട്രൈൻ ഗതാഗതമില്ല ,ഞങ്ങൾ കണ്ടതെല്ലാം സർവ്വ നാശത്തിന്റെ അവശിഷ്ടങ്ങൾ മാത്രം .
രാജാക്കന്മാർ അധിനിവേശം നടത്തിയാൽ നാട് നശിപ്പിക്കുമെന്ന് ബൽഖീസ് രാജ്ഞി പറഞ്ഞത് ഖുർആനിലുണ്ടല്ലോ ,
അതാണീ കാണുന്നത് ,സത്യം..
ഞങ്ങൾ യാത്ര തുടർന്നു ,ഇനി അഅളമിയ്യയാണ് ലക്ഷ്യം
അവിടെയാണ് ഇമാമുൽ അഅളം അബൂ ഹനീഫ (റ) ന്റെ മഖാമുള്ളത്, ഞങ്ങൾ അഅളമിയ്യയിലെത്തി ,ആദ്യം പള്ളിയിൽ കയറി മഗ് രിബും ഇശാഉം നിസ്കരിച്ചു, അവിടുന്ന് ഞാനാണ് ഇമാമായി നിസ്കരിച്ചത് .
നിസ്കാര ശേഷം ഞങ്ങൾ ഇമാമുൽ അഅളമിന്റെ സന്നിധിയിലെത്തി.
പ്രൗഡമായ ഖുബ്ബക്ക് താഴെ ഉയർന്നു നിൽക്കുന്ന വലിയ മഖാം, ചുറ്റും അറബിയിൽ മഹാന്റെ അപദാനങ്ങൾ മനോ ഹരമായി കാലിഗ്രാഫി നടത്തിയിട്ടുണ്ട് ,
എഴുതിയാൽ തീരുമോ ഇമാമുൽ അഅളമിന്റെ മഹത്വങ്ങൾ!
സ്വഹാബത്തിനെ കണ്ടവരാണിവർ ,നാൽപ്പത് കൊല്ലം ഇശാ നിസ്കരിച്ച അതേ വുളൂ കൊണ്ട് സുബഹി നിസ്കരിച്ച ത്യാഗിയാണിവർ ,
രാജാക്കളുടെ പണക്കിഴി കണ്ട് മോഹിക്കാത്ത പ്രതാപശാലിയുമാണിവർ ,ചീഫ് ജഡ്ജിയാകാൻ വിസമ്മതിച്ച പേരിൽ പീഡനം ഏൽക്കേണ്ടി വന്നിട്ടും ദുൻയാവിനെ വെടിഞ്ഞ സാഹിദുമാണിവർ,
അതുല്യമായ ഓർമ്മശക്തിയും തികഞ്ഞ ഹിക്മതും മറ്റു പണ്ഡിതരിൽ നിന്ന് ഇമാമിനെ വ്യതിരിക്തനാക്കി .
പണ്ഡിതർക്ക് എക്കാലത്തും ശത്രുക്കളുണ്ടായിട്ടുണ്ട് ,ഇമാമിന്റെ വളർച്ചയിൽ അസൂയ പൂണ്ട ശത്രുക്കളുണ്ടായിരുന്നു ,ഒരിക്കൽ ഇമാമിനെതിരെ അവർ വ്യഭിചാരാരോപണമുന്നയിച്ചു ,പണം നൽകി അവർ ഒരു പെണ്ണിനോട് ഇമാം തന്നെ വ്യഭിചരിച്ചു എന്ന് പറയിപ്പിച്ചു ,വിഷയം കോടതിയിലെത്തി ,ഇമാമിനെ തടങ്കലിലുട്ടു ,ഇമാം അതൊന്നും കാര്യമാക്കിയില്ല ,രാത്രിയായപ്പോൾ ഇമാം ആരാധനകളിൽ മുഴുകി ,ഇതെല്ലാം കണ്ട പെണ്ണിന് സങ്കടമായി ,ചെയ്തത് അബദ്ധമായെന്ന് അവൾക്ക് തോന്നി ,ഇമാമിനെ രക്ഷപ്പെടുത്താൻ അവൾ സന്നദ്ധമായി ,ഇമാം പറഞ്ഞു ,
ഞാൻ പറയുന്ന വീട്ടിൽ ഒരു പെണ്ണുണ്ട് ,അവളെ നിനക്ക് പകരം ഇവിടെ എത്തിക്കണം ,ആ പറയപ്പെട്ട സ്ത്രീ വന്നു ,
വിസ്താരം തുടങ്ങിയപ്പോൾ ഇമാം പറഞ്ഞു ,വിധി പറയും മുമ്പ് ഓരാളെക്കൂടി വിസ്തരിക്കണം ,ഇമാമിന്റെ ഭാര്യാപിതാവായിരുന്നു അത് ,അദ്ധേഹത്തെ വരുത്തി, ഇമാം പറഞ്ഞു ,ഈ പെണ്ണിനെ ഞാൻ വ്യഭിചരിച്ചു എന്നാണ് പറയുന്നത് ,അതാരാണെന്ന് നിങ്ങൾ നോക്കൂ !
ഭാര്യാ പിതാവ് നോക്കുമ്പോൾ അത് സ്വന്തം മകൾ ,ഇവളെ ഞാൻ ഇമാമിന് നികാഹ് ചെയ്തു കൊടുത്തതല്ലേ? പിന്നെ എന്ത് വ്യഭിചാരം?
കോടതിക്ക് കാര്യം പിടികിട്ടി ,ഇമാം മോചിതനായി ..
ഇങ്ങിനെ അനവധി സംഭവങ്ങൾ കാണാം .
തിരുനബിയെ സ്നേഹിക്കാൻ ലോകാത്തെ പഠിപ്പിച്ച അനുരാഗി കൂടിയാണിവർ ,അവർ രചിച്ച യാ സയ്യിദ സ്സാദാത്തി വിശ്രുത പ്രകീർത്തന കാവ്യമാണ്, ഞങ്ങൾ മഖാമിൽ നിന്ന് ആ ബൈത്തുകൾ ചൊല്ലി ,ഖുർആൻ ഓതി ദുആ നടത്തി ,
ഇനി തിരുനബിയുടെ സന്താന പരമ്പരയിലെ പ്രധാനി സയ്യിദ് മൂസൽ കാളിം(റ)ന്റെ മഖാമിലേക്കാണ് യാത്ര ,
കാളിമിയ്യയിലാണിത് ,ഞങ്ങൾയാത്ര തുടങ്ങി ,
ഇടക്ക് ഒരു വഴി ചൂണ്ടിക്കാണിച്ച് ഗൈഡ് പറഞ്ഞു ,ഈ വഴി പോയാൽ ഒരു പുഴയോരത്ത് എത്തും ,അവിടെയാണ് ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ)ന്റെ മഖ്ബറ ,പക്ഷേ അവിടെ പോയാൽ ഒന്നും കാണില്ല ,
പല തവണ മഖാം പുനരുദ്ധരിച്ചെങ്കിലും എല്ലാം വെള്ളം കയറി തകരുകയായിരുന്നു ,ഞങ്ങൾ വാഹനത്തിൽ വെച്ച് തന്നെ മഹാന്റെ പേരിൽ ഖുർആൻ ഓതി പ്രാർത്ഥിച്ചു ,
ഞങ്ങളുടെ ബസ് കാളിമിയ്യയിലെത്തി ,പക്ഷേ ജന ബാഹുല്യം കാരണം മഖാമിന്റെ അഞ്ച് കിലോമീറ്റർ ദൂരത്ത് തന്നെ ബസ് പാർക്ക് ചെയ്യാൻ അധികൃതർ നിർബന്ധിച്ചു ,ഇനി ഈ രാത്രിയിൽ അഞ്ച് കിലോമീറ്റർ നടത്തമോ? അത് പ്രയാസം തന്നെ !
മാത്രമല്ല മുഹറം മാസമായതിനാൽ ലോകത്തിന്റെ പല ഭാഗത്തെയും ശിയാക്കൾ ഇവിടെ എത്തിയിട്ടുണ്ട് ,അതാണ് തിരക്കിന്റെ കാരണം ,
ശിയാക്കൾ വിശ്വസിക്കുന്ന പന്ത്രണ്ട് ഇമാമുകൾ ഉണ്ട് ,അതിൽ ഒന്ന് മൂസൽ കാളിം തങ്ങളാണ് ,
പക്ഷേ ശിയാക്കൾ പിൽക്കാലത്ത് പടച്ചുണ്ടാക്കിയ വാദഗതികൾക്ക് മൂസൽ കാളിം തങ്ങൾ ഉത്തരവാദിയല്ലലോ,
നമ്മൾ പോകുന്നത് നബി കുടുംബത്തിലെ മഹൽ വ്യക്തിത്വത്തിനെ സിയാറത്ത് ചെയ്യണമെന്ന് കരുതിയാണ് .പക്ഷേ വലിയ തിരക്ക് മൂലം ഞങ്ങൾക്ക് അവിടെ പോവാൻ കഴിഞ്ഞില്ല.
ബസിൽ വെച്ച് തന്നെ ദുആ നടത്താനായിരുന്നു വിധി .
റൂമിലേക്ക് മടക്ക യാത്ര തുടങ്ങി.
അതിനിടെ അത്തിപ്പഴം വന്നു
ഏറെ മധുരമുള്ളതും ആരോഗ്യ ദായകവുമാണിത് ,
നമ്മുടെ നാട്ടിൽ ഇതിന്റെ ഡ്രൈ കിട്ടുമെങ്കിലും പഴുത്ത് തുടുത്തതാണ് ഇവിടെ കിട്ടിയത് .
ഇന്നത്തെ യാത്ര അവസാനിച്ചു , ഇനി നാളെ വീണ്ടും ഗൗസുൽ അഅളമിന്റെ ചാരത്തേക്ക് ....










No comments:
Post a Comment