മലപ്പുറം: അറബി ഭാഷാരംഗത്ത് മികച്ച സേവനം നൽകുന്നവർക്ക് മഅ്ദിൻ അക്കാദമി നൽകുന്ന സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ മെമ്പറുമായ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർക്ക്. അറബിഭാഷാ പഠന രംഗത്തും പ്രചാരണ മേഖലയിലും നൽകിയ സേവനം പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. ഒരു ലക്ഷംരൂപയും പ്രശസ്തി പത്രവും ഉപഹാരവുമടങ്ങിയ അവാർഡ് 2018 ജനുവരി 11ന് വ്യാഴാഴ്ച മഅ്ദിൻ കാമ്പസിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.
അറബി ഭാഷാ അദ്ധ്യാപന രംഗത്ത് 56 വർഷമായി സേവനം തുടരുന്ന അദ്ദേഹം ഊരകം, പുത്തൻ പീടിക, പൊന്മള, കൊണ്ടോട്ടി, കൊളപ്പുറം, ചെറുമുക്ക്, എടക്കഴിയൂർ, പൊടിയാട്, സൗത്ത് പല്ലാർ, കരുവാരക്കുണ്ട്, കോട്ടൂർ, കാസർഗോഡ് സഅ്ദിയ്യ, മഞ്ചേരി ഹികമിയ്യ, എടവണ്ണപ്പാറ ദാറുൽ അമാൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിമൂന്ന് വർഷമായി തെന്നല സി.എം മർകസ് പ്രിൻസിപ്പലാണ്.
1988 ൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി. ഉസ്താദുൽ അസാതീദ് ഒ.കെ സൈനുദ്ധീൻ കുട്ടി മുസ്‌ലിയാർ പ്രധാന അദ്ധ്യാപകനായിരുന്നു. പ്രമുഖ പണ്ഡിതരായ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, മൊയ്തീൻ കുട്ടി ബാഖവി പൊന്മള, ഇസ്മാഈൽ മുസ്‌ലിയാർ ചാപ്പനങ്ങാടി, ഹനീഫ മുസ്‌ലിയാർ പുത്തനത്താണി എന്നിവർ പ്രധാന ശിഷ്യരാണ്.
സമസ്ത പ്രസിഡണ്ട് റഈസുൽ ഉലമാ ഇ.സുലൈമാൻ മുസ്‌ലിയാർ, സമസ്ത ഉപാധ്യക്ഷൻ നിബ്രാസുൽ ഉലമാ എ.കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, കൻസുൽ ഉലമാ ചിത്താരി ഹംസ മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങിയവർക്കാണ് മുൻവർഷങ്ങളിൽ സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് നൽകിയിട്ടുള്ളത്.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അവാർഡ് പ്രഖ്യാപനം നടത്തി. അറബി ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിൻ കാമ്പസിൽ നടക്കുന്ന ഫിയസ്ത അറബിയ്യ പരിപാടികൾക്ക് തുടക്കമായി. പ്രമുഖ ബ്രിട്ടീഷ് കനേഡിയൻ കവി പോൾ അബ്ദുൽ വദൂദ് സതർലന്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനുവരി ആദ്യവാരം സമാപിക്കുന്ന ഫിയസ്തയുടെ ഭാഗമായി അറബിക് പവർപോയിന്റ് പ്രസന്റേഷൻ, വർക്ക് ഷോപ്പ്, രചനാ ക്യാമ്പുകൾ, സാഹിത്യ കൂട്ടായ്മകൾ, സെമിനാർ, അവാർഡ് ദാനം എന്നിവ നടക്കും.


No comments:
Post a Comment