Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 2, 2018

ഫുട്ബോൾ മൽസരത്തിനിടെ റഷ്യയുമായി ജോർദാൻ ചർച്ചക്കൊരുങ്ങുമ്പോൾ സിറിയയിലെ കുട്ടികൾക്ക് ലോകത്തോട് പറയാനുള്ളത്

  റഷ്യയിൽ പന്തുരുളുമ്പോൾ ലോകം ആർത്തു വിളിച്ച് താരങ്ങൾക്ക് പിന്നാലെ ഓടി നൃത്തം വെക്കുന്നു....

കുട്ടികൾ മുതൽ മുത്തച്ചൻമാർ വരെ കാൽപന്തുകളിയുടെ ആവേശത്തിലാണ്.
എന്നാൽ സിറിയയിലെ ദേരയിൽ കുട്ടികൾക്ക് പന്തില്ല,
കളിയില്ല, പലപ്പോഴും വിശപ്പടക്കാൻ റൊട്ടി തന്നെയില്ല...

ലോകം ബ്രസീലും അർജന്റീനയും ഓടുന്നത് കാണാൻ ഇമവെട്ടാതെ സ്ക്രീനിലേക്ക് നോക്കി നിൽക്കുമ്പോൾ കുവൈത്തിൽ നിന്നും UAE യിൽ നിന്നും ഭക്ഷണപ്പൊതികളുമായി ട്രക്കുകൾ വരുന്നോ എന്ന് ഇമവെട്ടാതെ നോക്കി... നോക്കി... കാത്ത് നിൽപാണ് സിറിയയിലെ സ്ത്രീകളും കുട്ടികളും മറ്റുള്ളവരും...
വിമതരെ നേരിടാൻ എന്ന പേരിൽ അമേരിക്കയുടെയും റഷ്യയുടെയും സൈനിക പിന്തുണയോടെ വർഷങ്ങളായി സിറിയയിൽ ആക്രമണം ആരംഭിച്ചിട്ട്.

വിമതരിലെ പ്രശ്നക്കാരെക്കാൾ കൂടുതൽ കൊല്ലപ്പെടുന്നതും അഭയാർത്ഥികളായി മാറുന്നതും സിറിയയിലെ സാധാരണ ജനങ്ങളാണ് എന്നതാണ് വസ്തുത...

സർക്കാറിനെതിരായ ഭീകരപ്രവർത്തനങ്ങൾ ഏത് രാജ്യത്തുണ്ടായാലും അടിച്ചമർത്തപ്പെടേണ്ടതാണ്.

പക്ഷേ... അതിന്റെ പേരിൽ നിരപരാധികളായ സിവിലിയൻമാർ കൊല്ലപ്പെടുകയും ചെറിയ കുട്ടികളും സ്ത്രീകളുമുൾപ്പെടെ അഭയാർത്ഥികളായി പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്...

കുറച്ച് ആഴ്ചകളായി സിറിയയിൽ വിമതരുടെ കൈവശമാണെന്ന് പറയപ്പെടുന്ന ദേര പ്രവിശ്യ പിടിച്ചെടുക്കാൻ എന്ന പേരിൽ ശക്തമായ സൈനിക ആക്രമണം നടക്കുകയാണ്.
ലോകം പന്തിന് പിന്നാലെ ഓടുമ്പോൾ ആർക്കുണ്ട് സിറിയയിലെ വിലാപങ്ങൾ കേൾക്കാൻ നേരം..?
ലോക രാഷ്ട്രങ്ങൾ കളിയാവേശത്തിൽ മയങ്ങുമ്പോൾ ഒരു ചെറിയ മെഴുകുതിരിയുമായി അസ്ഹാബുൽ കഹ്ഫിന്റെ നാടായ ജോർദാൻ ഇതാ റഷ്യയിലേക്ക് പുറപ്പെടുകയാണ്...
ജോർദാൻ പ്രകൃതി പോലെ തന്നെ ഒരു തണലിടമാണ് ..

അന്ന് പ്രവാചകർ ശാമിലേക്ക് കച്ചവടത്തിന് പോയപ്പോൾ തിരുനബിക്ക് തണൽ വിരിച്ച ആ മരച്ചില്ലകളും ജോർദാനിലാണല്ലോ..!

ജോർദാൻ വിദേശ കാര്യ മന്ത്രി അയ്മൻ സഫാദി റഷ്യയിൽ പോകുന്നത് കളി ആസ്വദിക്കാനോ ബ്രസീലിന്റെ ഫാൻസ് രൂപികരിക്കാനോ അല്ല

മറിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി സിറിയയിൽ റഷ്യൻ സൈനിക ടാങ്കറുകൾ കണ്ട് കരയുന്ന കുട്ടികൾക്ക് അൽപം ആശ്വാസം ലഭ്യമാക്കാൻ കഴിയുമോ എന്ന് നോക്കാനാണ്..

അമേരിക്കയെ പോലെ തന്നെ ഐക്യരാഷ്ട്രസഭയിൽ വീറ്റോ പവറുള്ള രാജ്യമാണ് റഷ്യ...

സിറിയൻ സർക്കാറിനെ സഹായിക്കാനാണ് റഷ്യൻ സൈന്യം സിറിയയിൽ എത്തിയത്...!
പക്ഷേ സഹായിച്ച് സഹായിച്ച് സിറിയൻ സർക്കാറിൽ നിന്ന് കാര്യങ്ങളെല്ലാം പിടി വിട്ടിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്.

സിറിയൻ സർക്കാറിന്റെ ദേരയിലെ വിമതർക്കെതിരെയുള്ള ആക്രമണത്തിന്റെ ഇരകളായി മാറാൻ പോകുന്ന സിവിലിയൻമാരുടെ കാര്യം പറയാൻ ജോർദാൻ പോകുന്നത് സിറിയയിലേക്കല്ല മറിച്ച് മോസ്കോയിലേക്കാണ്...

സിറിയയിലെ ബശാറുൽ അസദിന്റെ അധികാരത്തെ ശാക്തീകരിച്ച് ശാക്തീകരിച്ച് അമേരിക്കയും റഷ്യയും അസദിന്റെ അധികാര കേന്ദ്രങ്ങളെ കൊണ്ടെത്തിച്ച ഒരവസ്ഥ നോക്കണേ...!

ജോർദാന് നല്ല ബുദ്ധിയുണ്ട്..

1, നിർഭയമായി സിറിയയിൽ പോയി വരാൻ കഴിയില്ല
2, അത് വരെ പോയി വെറുതെ വണ്ടിക്കൂലി കളയേണ്ടതുമില്ല....

സിറിയയിൽ നിന്ന് പ്രധാനമായും അഭയാർത്ഥികളുടെ ഒഴുക്ക് രണ്ട് രാജ്യങ്ങളിലേക്കാണ് ഒന്ന് ജോർദാൻ, രണ്ട് തുർക്കി...
ഏതായാലും ഈ ആഴ്ചയിൽ ചർച്ച നടക്കും...

ജോർദാൻ മെഴുകുതിരി റഷ്യയിലെ ഫുട്ബോൾ കൊടുങ്കാറ്റിൽ അണഞ് പോവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം....

പിന്നെ കളി കാണാനും ഫാൻസുണ്ടാക്കാനും കേരളത്തിൽ നിന്ന് റഷ്യയിൽ പോയവരോട് ഒരു വാക്ക്...

തിരിച്ച് വരുമ്പോൾ നിങ്ങൾക്ക് സിറിയയിൽ പോകാൻ കഴിയില്ല. സുരക്ഷാപരമായ കാരണങ്ങളാൽ ഇന്ത്യക്കാർക്ക്  സിറിയയിൽ പോകരുതെന്ന് നമ്മുടെ രാജ്യത്തിന്റെ വിലക്കുണ്ട്...

പക്ഷേ സിറിയയിലെ കുട്ടികളെ ഭക്ഷണവും വസ്ത്രവും നൽകി സഹായിക്കുന്ന അന്താരാഷ്ട്ര ഏജൻസികൾക്ക് നിയമ വിധേയമായി നമുക്ക് സഹായങ്ങൾ നൽകാവുന്നതാണ്...
ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദിയെ കാണുകയാണെങ്കിൽ പറഞ്ഞേക്കുക...

ഞങ്ങൾ ഇന്ത്യക്കാർ എല്ലാ തരത്തിലുള്ള തീവ്രവാദ - ഭീകരവാദ പ്രവർത്തനങ്ങൾക്കും എതിരാണെന്നും
സിറിയ ഉൾപ്പെടെ അധിനിവേശ കെടുതികൾ അനുഭവിക്കുന്ന രാജ്യങ്ങളിലെ നിരപരാധികളായ മനുഷ്യരോടൊപ്പമാണ് രാജ്യത്തിന്റെ മനസ്സാക്ഷിയെന്നും അവർക്കനുകൂലമായ നിലപാടുകൾ സ്വീകരിച്ച മഹിതമായ പാരമ്പര്യമാണ് നമ്മുടെ ഇന്ത്യയുടേതെന്നും....

Ameen India




No comments: