ഞങ്ങൾ ഫലസ്തീനിൽ നിന്ന് യാത്രയാവുകയാണ്....
ഫലസ്തീനികൾക്ക് നീ സലാമത്ത് നൽകണേ, നാഥാ- ആമീൻ.
ഫലസ്തീനിൽ നിന്ന് ഞങ്ങൾ പോകുന്നത് ജോർദാനിലേക്കാണ്.11 മണിക്ക് ജോർദാൻ ബോർഡർ അടക്കപ്പെടും. അതിന് മുൻപ് ജെറിക്കോ പട്ടണവും, കലീമുള്ളാഹി മൂസാ(അ) ന്റെ മഖാമും സിയാറത്ത് നടത്തേണ്ടതുണ്ട്.
ഫലസ്തീനിലെ പൗരാണിക പട്ടണമാണ് ജെറിക്കോ.ഈസാ നബി(അ) 40 ദിവസം നോമ്പുകാരനായി ജെറിക്കോ മലമുകളിൽ താമസിച്ചു എന്നതാണ് ഇവിടുത്തെ പ്രത്യേകത.
സമയം 9.15....
ജെറിക്കോ പ്രദേശം കണ്ട് ഞങ്ങൾ കലീമുള്ളാഹി മൂസാ നബി(അ) ന്റെ ഹള്റത്തിൽ എത്തി.നാഥനുമായി സംഭാഷണം നടത്താൻ ഭാഗ്യം സിദ്ധിച്ച പ്രവാചകൻ ,സാഹിരീങ്ങളെ മലർത്തിയടിച്ച പ്രവാചകൻ ...
ഇവിടുത്തെ സിയാറത്ത് കഴിഞ്ഞ് 11 മണിയോടു കൂടി ഞങ്ങൾ ജോർദാനിലേക്ക് കടന്നു.
ഇന്നത്തെ ഭക്ഷണ വിശേഷം പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്. ജോർദാനിലെ ഒരു വീട്ടിൽ വെച്ചാണ് ഇന്നത്തെ ഉച്ച ദക്ഷണം. അലി ബാഫഖി തങ്ങളെയും, വെണ്ണക്കോടുസ്താദിനെയും നേരത്തെ പരിചയമുള്ള വീട്ടുകാരൻ അദ്ദേഹത്തിന്റെ വീട്ടിൽ ഞങ്ങളെ സൽക്കരിക്കുകയായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി ആ വീട്ടിലെ പ്രായമേറിയ ഉമ്മയും, മക്കളും ,പേരമക്കളും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു.
ഓ.... ഞാനത് മറന്നു. അല്ലെങ്കിലും അതങ്ങനെയാണ്. ഭക്ഷണത്തിന്റെ കാര്യം പറയുമ്പോൾ മറ്റെല്ലാം മറക്കും.
സത്യം പറഞ്ഞാൽ, ജോർദാൻ ബോർഡർ കടന്ന് ഞങ്ങൾ നേരെ പോയത് അബി ഉബൈദ (റ) ന്റെ ഹള്റത്തിലേക്കാണ്. അതിന് ശേഷമാണ് ഭക്ഷണ വീട്ടിലേക്ക് പോയത്.
അബി ഉബൈദ (റ) .... ആ പേര് കേൾക്കുംബോൾ നിങ്ങൾക്കൊന്നും തോന്നുന്നില്ലേ? സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട 10 സ്വഹാബികളിൽ ഒരാളാണ് അബി ഉബൈദ (റ). ശരിക്കും പറഞ്ഞാൽ, സ്വർഗീയാരാമത്തിൽ പരിലസിക്കുന്ന ഒരു മഹാന്റെ ഹള്റത്തിലാണ് ഞങ്ങളിപ്പോൾ നിൽക്കുന്നത്.
നിസ്കാരവും, സിയാറത്തും കഴിഞ്ഞ് ഞങ്ങൾ ഭക്ഷണ വീട്ടിലേക്ക് നീങ്ങി.ഒരു തളികയിൽ നിന്ന് ഞങ്ങൾ 6 പേർ ചേർന്നാണ് ഭക്ഷണം കഴിച്ചത്. അവരുടെ സംസ്ക്കാരം അതായിരുന്നു. ഞങ്ങളും അത് അനുകരിച്ചു.
ആ വീട്ടുകാർക്ക് രിസ്ഖ് വർദ്ധിപ്പിച്ച് കൊടുക്കണേ നാഥാ - ആമീൻ
ഭക്ഷണ ശേഷം ഞങ്ങൾ പോയത് ളിറാറുബ്നു അസ് വർ(റ) തങ്ങളുടെ ഹള്റത്തിലേക്കാണ്. ഏത് സമയവും ഈ സ്വഹാബിയുടെ ഖബ്റിൽ നിന്ന് സുഗന്ധം വമിക്കാറുണ്ട്.ഞങ്ങൾക്കത് നേരിട്ടനുഭവിക്കാൻ കഴിഞ്ഞു. ഞങ്ങളോരോരുത്തരും അതിലെ സുഗന്ധം നന്നായി ആവാഹിച്ചു.
ഈ ഉമ്മത്തിൽ ഹലാലും ഹറാമും ഏറ്റവും കൂടുതൽ വേർതിരിച്ച് അറിയുന്ന ആൾ എന്ന് വിശേഷിപ്പിക്കപ്പെട്ട സ്വഹാബിയായ മുആദുബ്നു ജബൽ (റ)ന്റെ ഹള്റത്തിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്.ഇന്നത്തെ യാത്രയിലെ അവസാന സിയാറത്ത് ആയിരുന്നു അത്.
കേരളക്കാരായ നമുക്ക് ഇസ്ലാം പകർന്നുകിട്ടിയത് യമനിൽ നിന്നാണ്. യമനിൽ ഇസ്ലാം പ്രചരിപ്പിച്ചത് ബഹുമാനപ്പെട്ട മുആദുബ്നു ജബൽ(റ) ആണ്.
മുആദുബ്നു ജബൽ (റ) ന്റെയും മകൻ അബ്ദുറഹ്മാനുബിനു മുആദുബ്നു ജബൽ (റ) രണ്ടുപേരുടെയും കബറിന്റെ ഇടയിൽനിന്ന് യമനിൽ നിന്ന് കേരളത്തിലേക്ക് വന്ന ബാഫഖി കുടുംബത്തിലെ പ്രധാന സയ്യിദ് വന്ദ്യരായ സയ്യിദ് അലി ബാഫഖി തങ്ങളിൽ നിന്ന് നിസ്ക്കാര ശേഷമുള്ള ദിക്റിന്റെ ഇജാസത്ത് സന്തോഷപൂർവ്വം ഞങ്ങൾ സ്വീകരിച്ചു. ആത്മ നിർവൃതിയോടെ ഞങ്ങളതേറ്റെടുത്തു. റബ്ബ് സ്വീകരിക്കുമാറാകട്ടെ -ആമീൻ
സിയാറത്ത് നടത്തിയ സ്ഥലങ്ങളുടെയും വ്യക്തികളുടെയും ചരിത്രം വിശാലമാണ്. അതൊന്നും ഇവിടെ കുറിക്കുന്നില്ല. ഓരോ ദിവസവും സിയാറത്ത് നടത്തിയ സ്ഥലങ്ങളെ കുറിച്ചുള ലഘു വിവരണം മാത്രമാണ്.
വി പി മുഹമ്മദ് സഖാഫി വില്ല്യാപ്പള്ളി




No comments:
Post a Comment