Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 27, 2019

ചരിത്ര ഭൂമികളിലൂടെ - യാത്രയുടെ ആറാം ദിനം( 22-Feb 2019)

കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിലും റബ്ബിന്റെ അപാരമായ അനുഗ്രഹം കൊണ്ട് ഞങ്ങൾ ഫലസ്തീനിലേക്ക് കടന്നു.....
വിവരണം തുടങ്ങുന്നതിന് മുമ്പ് നിങ്ങളോടൊരു വസ്വിയ്യത്ത് നടത്തുകയാണ്. സാധ്യമാകുന്ന സമയങ്ങളിലെല്ലാം ഫലസ്തീനികളുടെ മോചനത്തിന് വേണ്ടി ദുആ ചെയ്യണം. കഷ്ടമാണ് നമ്മുടെ സഹോദരങ്ങളുടെ കാര്യം..... ഒരു പ്രത്യേക സ്ഥലത്ത് അവരെ ജൂതന്മാർ പൂട്ടിയിട്ടിരിക്കുകയാണെന്ന് വേണം  പറയാൻ.750 കിലോമീറ്റർ ദൂരത്തിൽ മതില് കെട്ടി വിഭജിച്ചിരിക്കുകയാണ് ജൂതന്മാർ.ആ മതിൽ കെട്ടിനുള്ളിലാണ് ഇന്ന് ഫലസ്തീനികൾ. മതിലിനപ്പുറത്തുള്ള ലോകം അവർക്ക് അപ്രാപ്യമാണ്. ആ മതിൽ കെട്ടിനുള്ളിലും അവർ സ്വതന്ത്രരല്ല. തോക്കുധാരികളായ ജൂത പട്ടാളം അവരെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും തരത്തിൽ അച്ചടക്ക ലംഘനം നടത്തിയാൽ അവർ ജയിലറക്കുള്ളിലാണ്. നിങ്ങൾക്ക് കേൾക്കണോ, അവരുടെ 100 കണക്കിന് വീടുകൾ ഇന്ന് ഇസ്രായേലിന്റെ അധീനതയിലാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്ന് വരുന്ന ജൂതന്മാർക്കും ആ വീടുകളിൽ താമസമാക്കാം. "ജൂതന്മാരെയെല്ലാം ഒരു സ്ഥലത്ത് നാം കൂട്ടപ്പെടും " എന്ന് റബ്ബ് പറഞ്ഞത് പുലരാൻ ഇനി അധികം കാത്തിരിക്കണമെന്ന് തോന്നുന്നില്ല.
നമ്മൾ നിരാശപ്പെടണ്ട. റബ്ബ് അവരെ നശിപ്പിക്കുക തന്നെ ചെയ്യും. നമ്മൾ ദുആ ചെയ്യണം. ജൂതന്മാരുടെ ശർറിൽ നിന്ന് നമ്മുടെ സഹോദരങ്ങൾക്ക് ഉടനെ മോചനം ലഭിക്കാൻ .... നമ്മുടെ ഹയാത്ത് കാലത്ത് തന്നെ നമുക്കത് കാണാൻ കഴിയണം.റബ്ബ് തൗഫീഖ് ചെയ്യട്ടെ -ആമീൻ.

ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത് മദീനാ ഖലീലിലാണ്. ഇബ്റാഹിം നബി(അ) തന്റെ പ്രിയപത്നി സാറാ ബീവി (റ) വഫാത്തായപ്പോൾ ബീവിയെ ഖബ്റടക്കാൻ വേണ്ടി ഇബ്റാഹിം നബി(അ) പണം കൊടുത്ത് വാങ്ങിയ സ്ഥലമാണ് മദീന ഖലീൽ. അവിടെയാണ് ഇബ്റാഹിം നബി(അ)ന്റെയും, മകൻ ഇസ്ഹാഖ് നബി (അ)ന്റെയും അവരുടെ ഭാര്യ റുഫഖാ ബീവിയുടെയും, യഅഖൂബ് നബി (അ) ന്റെയും അവരുടെ ഭാര്യ ഈലിയാ ബീവിയുടെയും ഖബർ  നിലകൊള്ളുന്നത്... 
യൂസുഫ് നബി (അ)ന്റ 
മഖാമും അവിടെ തന്നെയാണ്.

വർഷങ്ങൾക്ക് മുൻപ് മദീന ഖലീലിൽ വെച്ച് വൻ സ്ഫോടനം നടന്നു. റമളാൻ 25 ന് നിസ്കരിച്ച് കൊണ്ടിരിക്കെയാണ് സ്ഫോടനം നടന്നത്. അത് കൊണ്ട് തന്നെ നിരവധി  മുസ്ലിംകൾ മരണപ്പെട്ടു.പ്രശ്നം രൂക്ഷമായപ്പോൾ തത്ക്കാലം പള്ളി അടച്ചിടുകയും, പിന്നീട് ഒരു ഭാഗം ജൂതന്മാർക്കും, ഒരു ഭാഗം മുസ്‌ലിംകൾക്കും വേണ്ടി തുറന്ന് കൊടുത്തു. ജൂതന്മാർക്ക് പതിച്ചു നൽകിയ ഭാഗത്താണ് പ്രധാന കവാടവും നബി യഅഖൂബ്(അ) ന്റെയും അവരുടെ ഭാര്യയുടെയും ഖബ്റ് ഉള്ളതും.ജൂതന്മാരല്ലാത്ത ആർക്കും അവിടേക്ക് പ്രവേശനമില്ല. അത് കൊണ്ട് തന്നെ യഅഖൂബ് നബി (അ)ന്റെ ഹള്റത്തിൽ പോകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
(വർഷത്തിൽ 4 പ്രാവശ്യം അവിടം വിശ്വാസികൾക്ക് തുറന്നു കൊടുക്കാറുണ്ട്. റബീഉൽ അവ്വൽ 12, റജബ് 27, രണ്ടു പെരുന്നാൾ ദിനങ്ങളിലും)

സയ്യിദ് അലി ബാഫഖി തങ്ങളും വെണ്ണക്കോട് അബൂബക്കർ സഖാഫിയും ബൈത്തുൽ മുഖദ്ദസ് ഇമാമിനോടൊപ്പം
ഇന്നത്തെ യാത്രയുടെ പ്രധാന ലക്ഷ്യം ലോക മുസ്ലിംകളുടെ ആദ്യത്തെ ഖിബ് ലയായ ബൈത്തുൽ മുഖദ്ദസാണ് (മസ്‌ജിദുൽ അഖ്സ).അത് കൊണ്ട് തന്നെ മേൽ പറയപ്പെട്ട പ്രവാചകന്മാരുടെ സിയാറത്ത് കഴിഞ്ഞ് ഞങ്ങൾ ധൃതിയിൽ ബൈത്തുൽ മുഖദ്ദസിലേക്ക് നീങ്ങി. 7 km ൽ പരന്ന് കിടക്കുന്ന സ്ഥലത്താണ് ബൈത്തുൽ മുഖദ്ദസിന്റെ ഹറം സ്ഥിതി ചെയ്യുന്നത്.ഉസ്മാൻ ഖാനൂനി എന്ന ഭരണാധികാരിയാണ് ഈ സ്ഥലത്തിന് 8 കവാടങ്ങളോട് കൂടിയ ചുറ്റുമതിൽ നിർമ്മിച്ചത്.അതിൽ ഒരു കവാടം മാത്രം തുറക്കപ്പെടാത്തതാണ്. പൂർണ്ണമായും മുസ്ലിംകൾക്ക് അവകാശപ്പെട്ടതാണെങ്കിലും ഇന്ന് ജൂതന്മാർക്കും, ക്രിസ്ത്യൻസിനും, ഓർത്തഡോക്സ് വിഭാഗത്തിനും ഭാഗിച്ചു നൽകപ്പെട്ടിരിക്കുകയാണ്. അതിൽ ബൈത്തുൽ മുഖദ്ദസ് ഉൾപ്പെടെ നല്ലൊരു ഭാഗം മുസ്ലിങ്ങളുടെ അധീനതയിലാണ്.ഇതിന്റെ അറ്റകുറ്റപണികളും, മറ്റു ചിലവുകളും വഹിക്കുന്നത് ജോർദാൻ രാജാവാണ്.
സമയം 10 മണിയായി.... ഞങ്ങൾ ബൈത്തുൽ മുഖദ്ദസ് കവാടം കടന്ന് നേരേ പോയത് ബുറാഖ് എന്ന വാഹനം കെട്ടിയിട്ട സ്ഥലത്താണ്. അത് കഴിഞ്ഞ് ഞങ്ങൾ ജുമുഅ നിസ്കാരത്തിന് വേണ്ടി ബൈത്തുൽ മുഖദ്ദസിലേക്ക് കയറി. ബൈത്തുൽ മുഖദ്ദസിന്റെ പോരിശ അവർണ്ണനീയമാണ്. എന്തൊക്കെ സംഭവ വികാസങ്ങളാണ് നൂറ്റാണ്ടുകൾക്ക് മുൻപ് അവിടെ സംഭവിച്ചത്! മസ്ജിദുൽ ഹറമിൽ നിന്ന് ജിബ്രീൽ(അ) ഹബീബിനെ ബുറാഖ് എന്ന വാഹനത്തിൽ മസ്ജിദുൽ അഖ്സയിലെത്തിക്കുന്നു, അവിടെ മുൻ കഴിഞ്ഞ് പോയ ലക്ഷത്തിൽ പരം അമ്പിയാ മുർസലുകൾ നബിയെ യാത്രയാക്കാൻ അണി നിരക്കുന്നു, അവരൊന്നിച്ച് അവിടെ വെച്ച് നിസ്ക്കരിക്കുന്നു, ഒരു പ്രത്യേക സ്ഥലത്ത് വെച്ച് (ഖുബ്ബത്തുൽ സഹ്‌റാഹ്‌) ബുറാഖെന്ന വാഹനത്തിൽ ജിബ്രീലിന്റെ കൂടെ ഏഴാനാ കാശത്തേക്കുയരുന്നു!

ഈ സംഭവങ്ങളുടെയൊക്കെ ശേഷിപ്പുകൾ അവിടെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
അൽഹംദുലില്ലാഹ്....

മുൻ കഴിഞ്ഞു പോയ മുഴുവൻ പ്രവാചകന്മാരും സുജൂദ് ചെയ്ത ആ സ്ഥലത്ത് വെച്ച് ഞങ്ങൾക്ക് 2 റകഅത്ത് നിസ്കരിക്കാൻ കഴിഞ്ഞു.
അൽഹംദുലില്ലാഹ്....

മർയം ബീവിക്ക് സ്വർഗീയ ഭക്ഷണം ലഭിച്ചതും, ഇബാദത്തിലായി കഴിഞ്ഞു കൂടിയതുമായ സ്ഥലത്ത് വെച്ച് ദുആ ചെയ്യാനും, രിസ്ഖിനെ തേടാനും ഞങ്ങൾക്ക് റബ്ബ് ഭാഗ്യം തന്നു.
അൽ ഹംദുലില്ലാഹ്...

യാ റബ്ബ്.... നീ എല്ലാം ഖബുലാക്കണേ - ആമീൻ.
                             
സിയാറത്ത് നടത്തിയ സ്ഥലങ്ങളുടെയും വ്യക്തികളുടെയും ചരിത്രം വിശാലമാണ്. അതൊന്നും ഇവിടെ കുറിക്കുന്നില്ല. ഓരോ ദിവസവും സിയാറത്ത് നടത്തിയ സ്ഥലങ്ങളെ കുറിച്ചുള ലഘു വിവരണം മാത്രമാണ്.

വി.പി മുഹമ്മദ് സഖാഫി വില്ല്യാപ്പള്ളി

No comments: