ഹാഫിള് അബ്ദുൽ ഹസൻ സഖാഫി പെരുമണ്ണ
മർക്കസ് ഹിഫ്ള് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ ഒരുപാട് ഹാഫിളുകളുടെ പ്രിയ ഗുരുനാഥൻ.
വിശുദ്ധഖുർആൻ പഠനവഴിയിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത അതുല്യ നാമം.
ഹിഫ്ള് അധ്യാപനത്തിലും ജീവിതചര്യയിലും ഒരുപോലെ കാർക്കശ്യം പുലർത്തിയിരുന്ന മാതൃക ഗുരുവര്യർ
പഠനകാലഘട്ടത്തിൽ ആ നാമം ഒരു ഇടിത്തീ ആയിരുന്നു. ഹിഫ്ള് പഠനത്തിലുള്ള ഉസ്താദിൻറെ കാർക്കശ്യവും ഗാംഭീര്യവും ഭാസുരമായ ഭാവിയെക്കുറിച്ച് അലസനായ വിദ്യാർത്ഥി ജീവിതത്തിൽ ഒരു അലോസരം ആയിരുന്നു. അങ്ങനെയാണ് ആ കാലഘട്ടം,
ശോഭനമായ ഭാവിക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് പഠനസമയത്തെ ചിട്ടകളും അച്ചടക്കത്തിന്റെ അതിർവരമ്പുകളും.
പക്ഷേ, അത് തിരിച്ചറിയാൻ സമയമെടുക്കും.
അത് തിരിച്ചറിയുകയും അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നതിന്റെ ആനന്ദം വാക്കുകൾക്കതീതമാണ്..
അങ്ങനെ ഒരു അനുഭവത്തിന് നേർസാക്ഷ്യം വഹിച്ചായിരുന്നു പോയവാരം കടന്നുപോയത്.
ഈ കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 31) ആണ്
1998 മുതൽ മർകസിൽ വച്ച് ഹാഫിള് ഉമർ ഉസ്താദിന് കീഴിൽ പഠിച്ച ഈ വിനീതനടക്കമുള്ള ഹാഫിളുകൾ ഗുരു സവിധത്തിൽ ശിഷ്യ സംഗമം നടത്തിയത്.
പഠനകാലത്തെ കളിതമാശകളും ഗതകാല സ്മരണകളും അയവിറക്കി അവർ ഒത്തുകൂടി.
വിശുദ്ധ ഖുർആൻ പഠനവഴിയിലെ
ഇന്നലകളെ കുറിച്ച് വിചിന്തനം നടത്തുമ്പോൾ .....പ്രിയ
ഉസ്താദിന്റെ ശിക്ഷണത്തിന് ഭാഗ്യം ലഭിച്ച അനുഗ്രഹീതരിൽ ഇടം ലഭിക്കാൻ കഴിഞ്ഞതിൽ എല്ലാവരും ഒരുപോലെ നാഥനെ സ്തുതിച്ചു. പഠന കാലഘട്ടത്തിലെ ഉസ്താദിന്റെ കർക്കശ ശിക്ഷണത്തിന്റെ കൈപ്പുനീരുകൾ ഇന്നിന്റെ ജീവിതത്തിൽ മധുര തേനായി പരിണമിച്ചതിൻറെ ആയിരം കഥകളാണ് ഓരോ ശിഷ്യന്മാർക്കും പറയാനുണ്ടായിരുന്നത്. വിദ്യാർത്ഥി ജീവിതത്തിലെ കുഞ്ഞിളം മനസ്സിൽ നൊമ്പരപ്പെടുന്ന പരാതികളിൽ പതറി കുട്ടികളുടെ സ്നേഹം കാംക്ഷിച്ച് ഉസ്താദ് അവധാനത കാണിച്ചിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ചുള്ള ആകുലതയും ഒരു നിമിഷം മനസ്സിൽ കൊള്ളിയാൻ വീശുന്നത് പോലെ കടന്നുപോയി....
സ്നേഹവും സന്തോഷവും
ആവശ്യപ്പെട്ടിട്ടും ലഭിക്കാത്ത ഈ കാലഘട്ടത്തിൽ
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പൊതി കെട്ടുകൾ നിറച്ച് വിശുദ്ധ ഖുർആൻ വാഹകരായ പ്രിയപ്പെട്ട ശിഷ്യന്മാർ ഒത്തുചേർന്നപ്പോൾ ആ ഗുരുവര്യരുടെ വദനം ആനന്ദ ലബ്ധിയിൽ പുളകമണിഞ്ഞു.നേത്രങ്ങളിൽ നിന്നും സന്തോഷത്തിന്റെ അശ്രുകണങ്ങൾ ബഹിസ്ഫുരിച്ചു.
പ്രിയ ശിഷ്യന്മാർക്ക് വിലപ്പെട്ട ഉപദേശങ്ങൾ നൽകിയാണ് ഗുരുവര്യർ യാത്രയാക്കിത്...
ഒരുപക്ഷേ, ഇതുപോലൊരു ഹാഫിള്ശിഷ്യ സംഗമം ആദ്യമായിരിക്കും. വിശുദ്ധ ഖുർആനെ ആത്മാർത്ഥമായി ഖിദ്മത്ത് ചെയ്തതിൻറെ സുനിശ്ചിത ഗുണഫലം... പടച്ചതമ്പുരാൻ സ്വീകരിക്കുമാറാകട്ടെ... ഇതൊരുമാതൃകയാകട്ടെ... ആമീൻ


No comments:
Post a Comment