Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 22, 2019

ഇസ്‌ലാമും ഭൗതികവാദവും

ഇസ്‌ലാമും ഭൗതികവാദവും 

മനുഷ്യന്റെ അന്തർ ഭാഗത്തു നിന്ന് ഉയർന്നു വരുന്ന സുപ്രധാനമായ മൂന്ന് ചോദ്യങ്ങളുടെ വ്യക്തമായ നിവാരണമാണു ഇസ്‌ലാം
① എന്നെ ആരിവിടെ കൊണ്ടു വന്നു ? / എനിക്കു ആര് ഉൺമ നൽകി ?
② എന്തിനു വേണ്ടിയായിരിക്കും നന്മ-തിന്മകളാൽ നിബിഢമായ ഈ ലോകത്ത് നിർണയ സ്വാതന്ത്ര്യവും വികാര-വിചാരവും വഹിച്ച് ഞാനിവിടെ എത്തിപ്പെട്ടത് ?
③ ഈ ജീവിതം എന്നെന്നേക്കും അവസാനിക്കുമോ ? അഥവാ മരണാനന്തരം പുനരധിവാസത്തിന് അവസരം നൽകപ്പെടുമോ ?

വിശുദ്ധ വേദമായ ഖുർആൻ ഈ മൂന്നു മൗലിക സമസ്യകളെ മനോഹരമായി കൈകാര്യം ചെയ്തതു കാണാം. ഒന്നാം ചോദ്യത്തിനു ഖുർആനിലൂടെ തന്നെ നമുക്ക് നിവാരണം കണ്ടെത്താം : 

“അവരിലേക്കു നിയുക്തരായ പ്രവാചകൻമാർ പറഞ്ഞു: വാന ഭൂവനങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയം !” (വി ഖു ¹⁴/¹⁰ ) 
പ്രപഞ്ചം അനാദിയല്ലെന്നും എങ്കിൽ, അതിനൊരു സ്രഷ്ടാവ് ഉണ്ടായിരിക്കുമെന്നും ആ സ്രഷ്ടാവിന്റെ നാമമാണ് ‘അല്ലാഹ്’ എന്നും സരളമായ ശൈലിയിലും ലളിതമായ ഭാഷയിവും ഖുർആനിവിടെ വിവരിച്ചിരിക്കുകയാണ്. 

പ്രപഞ്ചം അനാദിയല്ലെന്ന് അനായാസം ഗ്രഹിക്കാൻ ഒരു നിരീക്ഷകനു സാധിക്കും :  പ്രപഞ്ചം അനു നിമിഷം പരിവർത്തിച്ചു കൊണ്ടിരിക്കുകയാണ്. പരിവർത്തനം പ്രപഞ്ചത്തിന്റെ സഹജമായ ഗുണമാവാൻ പറ്റുകയില്ല.

കാരണം : പരിവർത്തനമൊരു സഹജ ഗുണമായിരുന്നുവെങ്കിൽ, പരിവർത്തന ശൃംഖല അനാദിയും എണ്ണമില്ലാ കണ്ണികൾ ചേർന്നതുമാണെന്നും,ഓരോ പരിവർത്തനവും നിലവിൽ വരുക എണ്ണമില്ലാ കണ്ണികൾ അവസാനിച്ചതിനു ശേഷമാണെന്നും, വരുമായിരുന്നു. എണ്ണമില്ലാ കണ്ണികൾ അവസാനിക്കൽ, വ്യക്തമായ വൈരുധ്യമാണു താനും

പരിവർത്തനം പ്രപഞ്ചത്തിന്റെ സഹജമായ ഗുണമല്ലെങ്കിൽ, പരിവർത്തനങ്ങളിലൂടെ നിലവിൽ വന്ന ഗുണങ്ങളും അതിനു സമാനമായ മുൻ ഗുണങ്ങളും പ്രപഞ്ചാതീതനായ ഒരു സ്രഷ്ടാവു കാരണം ഉൺമയിലേക്കു കടന്നു വന്നതായിരിക്കും. അപ്പോഴും ഗുണ ശൃംഖല അനാദിയാണെന്നു വന്നാൽ ഉപര്യുക്ത വൈരുധ്യം വന്നു ചേരും. അതു അനാദിയല്ലെങ്കിൽ, അതിൽ നിന്നു മുക്തമാവാൻ (നിർഗുണമാവാൻ) നിർവാഹമില്ലാത്ത പ്രപഞ്ചവും അനാദിയല്ലെന്നു മനസ്സിലാക്കാം.

“സ്രഷ്ടാവില്ലാതെ അവർ സൃഷ്ടിക്കപ്പെട്ടുവെന്നോ? അതോ അവർ തന്നെയോ സ്രഷ്ടാക്കൾ” (വി ഖു ⁵²/³⁵)

തങ്ങൾ ശൂന്യതക്കു ശേഷം ഉൺമയിലേക്കു വന്നതാണെന്നു എല്ലാവർക്കുമറിയാം (സൃഷ്ടിയുടെ ചേരുവകൾ  മുമ്പേ ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘മനുഷ്യൻ’ ഉണ്ടാകുന്നത് ഗർഭ പാത്രത്തിലാണല്ലോ)
തങ്ങളെ ഉൺമയിലേക്കു നയിച്ചത് അല്ലാഹുവാണെന്നു അംഗീകരിക്കാതിരുന്നാൽ രണ്ടാലൊരു അസംബന്ധം അംഗീകരിക്കേണ്ടി വരുമെന്നാണ് ഖുർആൻ ഉണർത്തുന്നത്

① മനുഷ്യർ ശൂന്യതയിൽ നിന്ന് ഉൺമയിലേക്കു വരാൻ സ്രഷ്ടാവിന്റെ ആവശ്യമില്ലാതിരിക്കുക
ഇത് അസംബന്ധമാണെന്നു വ്യക്തം؛ കാരണമില്ലാതെ കാര്യം നിലവിൽ വരൽ അയുക്തികവും അശാസ്ത്രീയവുമാണ്
② ഓരോ മനുഷ്യനും തനിക്കു സ്വയം ഉൺമ നൽകുകയോ മനുഷ്യരിൽ ചിലർ ചിലർക്ക് (പിതാവ് പുത്രനു) ഉൺമ നൽകുകയോ ചെയ്യൽ

സ്വയം ഉൺമ നൽകണമെങ്കിൽ അതിനു മുമ്പേ താൻ ഉണ്ടായിരിക്കണമല്ലോ. 
എങ്കിൽ ഓരോ മനുഷ്യനും ഉണ്ടാകും മുമ്പേ ഉണ്ടായി എന്ന വൈരുധ്യമാണത്.
പിതാവാണു പുത്രനു ഉൺമ നൽകുന്നതെങ്കിൽ പിതൃശൃംഖല എണ്ണമില്ലാ കണ്ണികൾ ചേർന്നതായിരിക്കും. അപ്പോൾ, ശൃംഖലയിലെ ഓരോ കണ്ണിയും ഉൺമയിലേക്കു വരാൻ എണ്ണമില്ലാ കണ്ണികൾ അവസാനിക്കുകയെന്ന വൈരുധ്യം സംഭവിക്കേണ്ടി വരും

പ്രപഞ്ചമാസകലം മനുഷ്യന് അനുഗുണമായും യുക്തി യുക്തമായും സംവിധാനിക്കപ്പെട്ടതായി നാം കാണുന്നു.വിവരവും യുക്തിയുമുള്ള സ്രഷ്ടാവിന്റെ സാനിധ്യത്തെയാണത് മുദ്രണം ചെയ്യുന്നത്

“വാന ഭൂവനങ്ങളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നതിലും, മനുഷ്യർക്ക് ഉപകാരപ്രദമായ വസ്തുക്കളുമായി സമുദ്രത്തിൽ സഞ്ചരിക്കുന്ന കപ്പലുകളിലും, അല്ലാഹു മുകളില്‍നിന്നു വര്‍ഷിക്കുന്ന ജലത്തിലും
-അതുവഴി നിര്‍ജീവമായ ഭൂമിയെ സജീവമാക്കുകയും (അങ്ങനെ) ഭൂമിയില്‍ സകലവിധ ജീവജാലങ്ങളെയും പരത്തുകയും ചെയ്യുന്നു-കാറ്റുകളെ പായിക്കുന്നതിലും, ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയാക്കിനിര്‍ത്തിയിട്ടുള്ള മേഘങ്ങളിലുമെല്ലാം ഗ്രഹിക്കുന്ന ജനത്തിന് അനേകം ദൃഷ്ടാന്തങ്ങളുണ്ട്” (വി ഖു ²/¹⁶⁴)

ഏതു ദൗത്യം നിർവഹിക്കുവാൻ വേണ്ടിയാണ് ഞാനീ ഉലകത്തിൽ എത്തിപ്പെട്ടത്? എന്നതാണു രണ്ടാമത്തെ സമസ്യ. അതു ഗ്രഹിക്കാൻ മനുഷ്യൻ കൈവശം വെക്കുന്ന വ്യതിരിക്തമായ രണ്ട് മൂന്ന് സിദ്ധികളെ ഓർത്തിരിക്കേണ്ടതുണ്ട്.
① വിശേഷ ബുദ്ധി. നന്മ-തിൻമകളും കൽപന- വിലക്കുകളും വിവേചിച്ചു മനസ്സിലാക്കാൻ ഇതു കൊണ്ട് മനുഷ്യനു സാധിക്കുന്നു. ഇതര ജീവ ജാലങ്ങൾക്ക് നൽകപ്പെടാത്തൊരു സിദ്ധിയാണിത്.
② കർമ നിർണയ സ്വാതന്ത്യം. എന്തു ചെയ്യണമെന്ന് നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യമാണിത്.
③ കർമ നിർവഹണ സിദ്ധി. നിർണയിച്ച കാര്യം നിർവഹിക്കാനുള്ള കഴിവാണിത്.

ഉപര്യുക്ത ഗുണങ്ങൾ സ്രഷ്ടാവിന്റെ, സർവ സമ്പൂണമായ ഉൺമ അംഗീകരിക്കാനും  അവൻ സമ്മാനിച്ച ഭൗതികവും അഭൗതികവുമായ അസംഖ്യ അനുഗ്രഹങ്ങളുടെ പേരിൽ അവനെ പ്രശംസിക്കാനും അവനോട് കൃതജ്ഞത പ്രകാശിപ്പിക്കാനും മനുഷ്യനോടു നിഷ്കർഷിക്കുന്നു. 

പരീക്ഷയാണു തന്റെ വരവിന്റെ ലക്ഷ്യമെന്നതിലേക്ക് അവ വിരൽ ചൂണ്ടുന്നുണ്ട്. അക്കാര്യം വ്യക്തമായി വിശുദ്ധ ഖുർആൻ അനേകം വചനങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
“നിങ്ങളെ നാം വൃഥാ സൃഷ്ടിച്ചിരിക്കുകയാണെന്നും നിങ്ങളെ നമ്മിലേക്ക് പുനരാഗമനം ചെയ്യിക്കപ്പെടുകയില്ലെന്നും നിനച്ചുവോ” (വി. ഖു ²³/ ¹¹⁵)
“നിങ്ങളില്‍ ആരാണ് ഏറ്റവും ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍, മരണവും ജീവിതവുമുണ്ടാക്കിവനാണവൻ....” (വി. ഖു ⁶⁷/²)
“മനുഷ്യനെ നാം മിശ്രിത ശുക്ലകണത്തില്‍നിന്ന് സൃഷ്ടിച്ചു; നാമവവനെ പരീക്ഷിക്കുന്നവാൻ” ( വി.ഖു ⁷⁶/²)

ഇനി മരണാനന്തരം എന്ത് എന്ന മൂന്നാം സമസ്യ നമുക്ക് വിശകലനം ചെയ്യാം. 
ഈ വിഷയകമായി ഇസ്‌ലാമേതര സമൂഹത്തിൽ മൂന്നു വിഭാഗത്തെ കാണാം

① സൃഷ്ടാവിനേയും പുനർ ജീവിതത്തേയും അവിശ്വസിക്കുന്ന തനി ഭൗതികവാദികൾ
② സ്രഷ്ടാവിനെ വിശ്വസിക്കുകയും ബഹുദൈവ സങ്കൽപം വെച്ചു പുലർത്തുകയും പുനർ ജീവിതം നിരുപാധികം അവിശ്വസിക്കുകയും ചെയ്യുന്നവർ.
③ സ്രഷ്ടാവിനെ വിശ്വസിക്കുകയും ഏക ദൈവ വിശ്വാസം കൈകൊള്ളുകയും ചെയ്യുന്നുവെങ്കിലും ശാരീരിക പുനർജീവിതത്തെ അവിശ്വസിക്കുന്നവർ

എന്നാൽ വിശുദ്ധ ഖുർആൻ സമ്പൂർണ പുനർജീവിതം ഉണ്ടാകുമെന്ന് അറിയിക്കുകയും. ദ്രവിച്ച മനുഷ്യനെ ആരു പുനർജീവിപ്പിക്കുമെന്നും മറ്റും ചോദിച്ച അവിശ്വാസികൾക്ക് പ്രഥമ സൃഷ്ടി നിർവഹിച്ചവന് പുനഃസൃഷ്ടിക്കും കഴിയുമെന്ന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. പ്രഥമസൃഷ്ടി ശൂന്യതയിൽ നിന്നായിരുന്നു. പുനഃസൃഷ്ടി പുനഃസംഘാടനമാണ്. ശൂന്യതയിൽ നിന്ന് അനായാസം സൃഷ്ടിക്കാൻ കഴിവുള്ളവന് വിഘടിച്ചു പോയ മനുഷ്യ ഭാഗങ്ങളെ പുനഃസംഘടിപ്പിക്കാനാണോ പ്രയാസം.
പ്രഥമ സൃഷ്ടി അംഗീകരിച്ചവർക്ക് ഇതംഗീകരിക്കാതിരിക്കാനാവില്ല. പ്രഥമ സൃഷ്ടി അംഗീകരിക്കാത്തവർക്ക്, തദ്വിഷയകമായ ഖണ്ഡിത രേഖകൾ  ഖുർആൻ അവതരിപ്പിച്ചിട്ടുമുണ്ട്. 

✍അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments: