യഥാർത്ഥ അനുഗ്രഹി അല്ലാഹുവാണെന്നു സ്ഥിരീകരിക്കുന്ന മൂന്നു കാര്യങ്ങൾ
① സൃഷ്ടികൾ അനുഗ്രഹികളാവുന്നത് അവരുടെ ഹൃദയങ്ങളിൽ അനുഗ്രഹത്തിനു നിദാനമായ കാരുണ്യം /ആർദ്രത അല്ലാഹു നിക്ഷേപിക്കുന്നത് കൊണ്ടാണ്
② അല്ലാഹുവല്ലാത്ത അനുഗ്രഹികൾ അല്ലാഹുവിന്റെ അനുഗ്രഹത്തിനു ബാഹ്യ മാധ്യമങ്ങളായി വർത്തിക്കുന്നവർ മാത്രമാണ്
③ അല്ലാഹു, അനുഗ്രഹം ചൊരിയുന്നത് നിസ്വാർത്ഥമായിട്ടാണ് (ആരുടേയും സംപ്രീതി ലക്ഷ്യമാക്കിയല്ല) എന്നാൽ, ഇതര സൃഷ്ടികളുടേയോ സ്രഷ്ടാവിന്റെയോ പ്രീതി ലക്ഷ്യമാക്കിട്ടാണ് സൃഷ്ടികളതു ചെയ്യുന്നത്.
[സന്ദേഹം¹]
വിവിധ തരത്തിൽ ദുരിതമനുഭവിക്കുന്ന പരസഹസ്രം ജനങ്ങളുണ്ട്. കാരുണ്യവാനായ അല്ലാഹു മനുഷ്യർക്കിടയിൽ സമത്വം പാലിക്കാത്തതെന്തു കൊണ്ട് ?
[നിവാരണം]
① ആദ്യം ഒരു കഥ പറയാം: ഒരു കോടീശ്വരൻ തന്റെ ധനം നിർലോഭം ദാനം ചെയ്തു കൊണ്ടിരിക്കുന്നു.അതു കൈപറ്റാൻ വേണ്ടി വൻ ജനാവലി എത്തിച്ചേർന്നിട്ടുണ്ട്.
അവരിൽ, നൂറോ ആയിരമോ പതിനായിരമോ രൂപ കിട്ടിയവരും തേങ്ങയോ മാങ്ങയോ മറ്റു വിഭവങ്ങളോ കിട്ടിയവരുമുണ്ട്. ഒന്നും കിട്ടാത്തവരായി ആരുമില്ല. അവിടെ രണ്ടു തരം ആളുകളെ കാണാം
ചിലർ ഇതെല്ലാം തങ്ങളുടെ അവകാശമാണെന്ന ഭാവേന, മുതലാളിയോട് കയർത്തു സംസാരിക്കുന്നു. വിതരണത്തിൽ നീതി സമത്വം വേണമെന്നു ആവശ്യമുന്നയിക്കുകയും അസമത്വം അനീതിയാണെന്നു വാദിക്കുകയുമാണവർ ചെയ്യുന്നത്.
വേറെ ചിലർ,
കിട്ടിയതെല്ലാം അങ്ങോരുടെ ഔദാര്യം എന്ന ഭാവേന കൃതജ്ഞതാ പൂർവ്വം പിരിഞ്ഞു പോകാനൊരുങ്ങുന്നു.
സർവ്വേശ്വരനായ അല്ലാഹുവിന്റെ, ഉണ്മ, ആരോഗ്യം, ബുദ്ധി, അറിവ്, കഴിവ്, ധനം തുടങ്ങിയ ആനുകൂല്യങ്ങൾ കൈപറ്റിയിട്ട് നീതി / സമത്വ മുദ്രാവാക്യം മുഴക്കുകയും സർവ്വേശ്വരീയത (സർവ്വധന്യത, സർവ്വശക്തി ) നിഷേധിക്കുകയും ചെയ്യുന്നതിലെ കഥയില്ലായ്മ ഈ കഥയിൽ തെളിഞ്ഞു വരുന്നുണ്ടാകും.
② ഇഹലോകം ഒരു പരീക്ഷാ സെന്ററാണ്
അനുഗ്രഹം (ഉണ്മ, ആരോഗ്യം, ബുദ്ധി, അറിവ്, കഴിവ്, ധനം.....) കൈപറ്റിയവരാണു പരീക്ഷാർത്ഥികൾ. കൃതജ്ഞത, ക്ഷമ എന്നീ രണ്ടു ചാപ്റ്ററുകൾ അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഒരേ ചോദ്യവും ടൈമുമല്ല നിർണയിക്കപ്പെട്ടിട്ടുള്ളത്.
ടൈം തീരുന്നതോടെ, ഒരു ടീം പരീക്ഷാ ഫലത്തെ പറ്റി ശുഭസൂചന ലഭിച്ചവരായി ചാരിതാർത്ഥ്യത്തോടെയും
ചോദ്യത്തിലെ അസമത്വം ചോദ്യം ചെയ്തും ഏകീകരണത്തിന് മുറവിളികൂട്ടിയും മറ്റും സമയം കളഞ്ഞവർ, ശോകപരവശരായും പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.
③ ദൈവ കാരുണ്യം സൃഷ്ടികളുടേതു പോലെ, ദുരിതങ്ങൾ കാണുമ്പോൾ/അറിയുമ്പോൾ സംജാതമാകുന്ന, മനോവേദനല്ല, മനോവേദയും അതു നീങ്ങുക വഴി സംലബ്ധമാകുന്ന നിർവൃതിയും ദൈവത്തിനു യോജ്യമല്ലാത്ത ന്യൂന ഗുണങ്ങളാണ്
ദൈവാനുഗ്രഹം അത്തരമൊരു ന്യൂന കാരുണ്യത്താൽ ഉണ്ടാകുന്നതല്ല. ദൈവ നിഗ്രഹം ന്യൂന ഗുണമായ ക്രൗര്യത്തിൽ നിന്നുരുവം കൊള്ളുകയുമല്ല.
കാരുണ്യം ദൈവത്തോട് ചേർത്തു പ്രയോഗിക്കുമ്പോൾ, ദൈവാനുഗ്രഹമോ അതിനു നിദാനമായ നിസ്തുല (ദൈവ സംഗത) കാരുണ്യമോ ആണുദ്ദേശ്യം. മാനുഷിക ഗുണങ്ങൾക്കും ഇലാഹീ ഗുണങ്ങൾക്കുമിടയിൽ നാമമാത്രവും കാൽപനികവുമായ സാധർമ്യം മാത്രമാണ് ഉണ്ടാവുക
മനുഷ്യരുടെ സുഖ- ദുഃഖങ്ങൾ അല്ലാഹുവിൽ ചലനങ്ങൾ സൃഷ്ടക്കുകയല്ല. പ്രത്യുത, ചിലരിൽ സുഖാനുഭൂതിയും മറ്റു ചിലരിൽ ദുരിത നൊമ്പരവും അവൻ ഹിതാനുസാരം സൃഷ്ടിക്കുകയാണ്.
[സന്ദേഹം ²]
മനുഷ്യർ സുകൃതം നിർവഹിക്കുമോ ദുഷ്കർമം നിർവഹിക്കുമോ എന്നറിയാൻ സർവജ്ഞനായ അല്ലാഹുവിന് അവരെ പരീക്ഷിക്കേണ്ടതുണ്ടോ ?
[നിവാരണം]
① മനുഷ്യർ പരീക്ഷയിൽ ജയിക്കുമോ തോൽക്കുമോ എന്ന് അല്ലാഹുവിന് അനാദിയിൽ അറിയാം. എന്നാൽ, അവർക്ക് പരീക്ഷ നടത്താൻ അല്ലാഹു തീരുമാനിച്ചില്ലെങ്കിൽ, പരീക്ഷ നടക്കുകയില്ല. പരീക്ഷ നടക്കാതിരുന്നാൽ ജയ പരാജയം ഉണ്ടാവുകയുമില്ല.എങ്കിൽ, പരീക്ഷ നടത്താൻ അല്ലാഹു തീരുമാനിച്ചില്ലായിരുന്നെങ്കിൽ, ജയിക്കുമോ തോൽക്കുമോ എന്നല്ല, മറിച്ച് ജയിക്കുകയും തോൽക്കുകയുമില്ല എന്നായിരുന്നു അല്ലാഹു അനാദിയിൽ അറിയുക
② മനുഷ്യരെ താൻ അകാരണമായി ശിക്ഷിക്കുകയൊന്നുമല്ല എന്ന് അവരെ പരീക്ഷയിലൂടെ തെര്യപ്പെടുത്തണമെന്നു അല്ലാഹു തീരുമാനിച്ചു
[സന്ദേഹം ³]
സൂര്യൻ ഉദിക്കുകയാണെങ്കിൽ, പകൽ നിലവിൽ വരുമായിരുന്നുവെന്ന് സൂര്യനെ ഉദിപ്പിച്ചില്ലെങ്കിലും അല്ലാഹുവിന് അറിയാമല്ലോ.തഥൈവ, മനുഷ്യനെ പരീക്ഷിക്കുകയാണെങ്കിൽ, അവൻ ജയിക്കുമായിരുന്നോ തോൽക്കുമായിരുന്നോ എന്ന് പരീക്ഷിച്ചില്ലെങ്കിലും അല്ലാഹുവിന് അറിയാമായിരുന്നില്ലേ?
[നിവാരണം]
സൂര്യൻ ഉദിച്ചിരുന്നെങ്കിൽ പകൽ നിലവിൽ വരുമായിരുന്നുവെന്ന് അറിയുകയെന്നാൽ സൂര്യോദയവും പകലും തമ്മിലുള്ള അനിവാര്യ ബന്ധം അറിയുകയെന്നാണ്. എന്നാൽ, കർമ പരീക്ഷയിലെ ജയം /പരാജയം പരീക്ഷയുമായി അനിവാര്യ ബന്ധം പുലർത്തുന്ന കാര്യമല്ല. മറിച്ച്, പരീക്ഷ നടന്നാൽ മനുഷ്യൻ സ്വതന്ത്രമായി നിർണയിക്കുകയും നിർവഹിക്കുകയും ചെയ്യുന്ന കർമങ്ങളുടെ ഫലമാണ്.
[സന്ദേഹം ⁴]
അല്ലാഹു ലോകം ഇവ്വിധം (ആദ്യമൊരു പരീക്ഷണ ഗേഹം പിന്നീടൊരു സുഖവാസ ലോകം അല്ലെങ്കിൽ, ദുരിതമാത്ര ലോകം എന്ന ക്രമത്തിൽ) എന്തിന് സംവിധാനിച്ചു?
[നിവാരണം]
① ഏതു വിധേന സംവിധാനിച്ചാലും ഉയർന്നു വരുന്ന ഒരു ചോദ്യമാണിത്. കാരണം ; എല്ലാ ക്രമവും അല്ലാഹുവിനു തുല്യമാണ്. എങ്കിൽ, ഇവ്വിധം എന്തിനു സംവിധാനിച്ചു എന്നാൽ, അവ്വിധം സംവിധാനിച്ചു കൂടായിരുന്നോ? എന്നാണർത്ഥം. അവ്വിധം സംവിധാനിച്ചാലും വരും ഇവ്വിധം സംവിധാനിച്ചു കൂടായിരുന്നോ? എന്ന ചോദ്യം.
അപ്പോൾ ചോദ്യത്തിന്റെ സാരം “ഇവ്വിധം എന്തിനു ചെയ്തു അവ്വിധം ചെയ്യാമായിരുന്നില്ലേ, അവ്വിധം എന്തിനു ചെയ്തു ഇവ്വിധം ചെയ്യാമായിരുന്നില്ലേ” എന്നാണ്. ഇത്തരം വൈരുധ്യാത്മക ചോദ്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നു വ്യക്തം.
② അല്ലാഹുവിന്റെ ചെയ്തികളിൽ ഔചിത്യം നിലീനമായിരിക്കുമെന്ന് ഗ്രഹിക്കാൻ ബുദ്ധിമാനായ മനുഷ്യനു അനായാസം സാധിക്കും .കാരണം; തന്റെ മുന്നിൽ രണ്ടു സാധ്യതകൾ മാത്രമാണ് ഉയർന്നു വരുന്നത്.
① തന്നിൽ, യുക്തിബോധം സൃഷ്ടിക്കുകയും അനുനിമിഷം അതു നിലനിറുത്തിപ്പോരുകയും ചെയ്യുന്ന അപരിമേയനായ ദൈവത്തിനു തന്റെയത്ര പോലും വിവരമില്ലാതിരിക്കുക
② ജ്ഞാനപരിമിതനായ മനുഷ്യന്റെ ഭാഗിക പ്രപഞ്ചവീക്ഷണത്തിൽ, ദൈവിക ചെയ്തികളിലെ ഔചിത്യം ദൃശ്യമാവാതെ വരിക.
ഒന്നാം സാധ്യത ബുദ്ധി നിരാകരിക്കുന്നുവെന്നു വ്യക്തം, കോടാനു കോടി ദൈവിക ചെയ്തികളിൽ ഔചിത്യം മനുഷ്യർക്കു ബോധ്യമായതുമാണ്
[സന്ദേഹം ⁵]
അല്ലാഹുവിന്റെ അടിമകൾക്ക് ദുരിതമുക്ത ലോകമല്ലേ കരണീയം?
[നിവാരണം]
അവർക്കു കരണീയമായ കൃത്യം നിർവഹിക്കാതിരുന്നാലല്ല, മറിച്ച് നിർവഹിക്കുന്ന കൃത്യം ഔചിത്യ പൂർണമാവാതിരുന്നാലാണ് അല്ലാഹുവിന് ന്യൂനത കൈവരുക
✍അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി


No comments:
Post a Comment