ഉപ്പിലും ഉപ്പു പുരട്ടുകയോ!
ഇസ്‌ലാം മതത്തിന്റെ പ്രഥമ വിശ്വാസ കാര്യമാണു അല്ലാഹുവിലെ വിശ്വാസം. അനിവാര്യനും അനാദ്യനുമായ പ്രപഞ്ച സ്രഷ്ടാവിനെയാണു അറബിയിൽ ‘അല്ലാഹു’ വെന്ന് വിളിക്കുന്നത്. അല്ലാഹുവിന്റെ പാരാശ്രയ മുക്തമായ ഉൺമയെ മുദ്രണം ചെയ്യുന്ന കോടാനു കോടി ഖണ്ഡിത രേഖകളുടെ സംഘാതമാണു പ്രപഞ്ചം. ബഹുഭൂരിപക്ഷം ജനങ്ങളും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്രഷ്ടാവിന്റെ ഉൺമ അംഗീകരിക്കുന്ന ആസ്തികരാണെങ്കിലും നാസ്തികതയോ സന്ദേഹ വാദമോ പേറി നടക്കുന്നവരും വിരളമല്ല. തദ്വിഷയകമായ ഒന്നു രണ്ട് സന്ദേഹങ്ങൾ നിവാരണ സഹിതം അവതരിപ്പിക്കാം
[സന്ദേഹം¹]
പ്രപഞ്ചം ഉൺമയിലേക്കു വരാൻ സ്രഷ്ടാവു വേണമെന്നും സ്രഷ്ടാവിന്റെ ഉൺമയ്ക്കു മറ്റൊരു സ്രഷ്ടാവ് വേണ്ടെന്നും പറയാൻ എന്താണു കാരണം ?
[നിവാരണം]
① പ്രപഞ്ചം അനാദിയല്ല. എങ്കിൽ അതിനൊരു സ്രഷ്ടാവു വേണമെന്നു ആസ്തികനും, അതു അനാദിയാണ് അതുകൊണ്ട് സ്രഷ്ടാവു വേണ്ട എന്നു നാസ്തികനും വാദിക്കുകയാണല്ലോ. അനാദിക്കു സ്രഷ്ടാവു വേണ്ട എന്നതിലും അനാദിയല്ലാത്തതിനു സ്രഷ്ടാവ് വേണമെന്നതിലും തർക്കമില്ലെന്നു ഇതിൽ നിന്നും മനസ്സിലാകുന്നു.
② വെള്ളം ഉപ്പു രസം കിട്ടാൻ ഉപ്പിനെ ആശ്രയിക്കുന്നു. ഉപ്പ്, ഉപ്പു രസം കിട്ടാൻ മറ്റൊരു ഉപ്പിനെ ആശ്രയിക്കുന്നില്ല. കാരണം : ഉപ്പു രസം അതിന്റെ സഹജമായ ഗുണമാണ്
പൂജ്യം, മൂല്യം കൈവരിക്കാൻ എണ്ണൽ സംഖ്യയെ ആശ്രയിക്കുന്നു എന്നാൽ എണ്ണൽ സംഖ്യ മൂല്യ ലബ്ധിക്കു മറ്റൊരു സംഖ്യയെ ആശ്രയിക്കുന്നില്ല. കാരണം : മൂല്യം അതിന്റെ സഹജമായ ഗുണമാണ്.
തഥൈവ, ഉൺമയിലേക്കു കടന്നു വരാൻ അനാദിയല്ലാത്ത പ്രപഞ്ചം സ്രഷ്ടാവിനെ ആശ്രയിക്കുന്നു. സ്രഷ്ടാവ് ഉൺമ ലബ്ധിക്കു മറ്റൊരു സ്രഷ്ടാവിനെ ആശ്രയിക്കുന്നില്ല. കാരണം : ഉൺമ സ്രഷ്ടാവിന്റെ സഹജവും അനിവാര്യവും അനാദ്യവുമായ ഗുണമാണ്. മറ്റൊരു വാക്കിൽ, ഇല്ലാത്തത്, ഉണ്ടാക്കാതെ ഉണ്ടാവില്ല. എന്നാൽ, ഉള്ളതിനെ ഉൺമയിലേക്കു കൊണ്ടു വരേണ്ടതുമില്ല
[സന്ദേഹം²]
പ്രപഞ്ചം അനാദിയല്ലെന്നും സ്രഷ്ടാവ് അനാദ്യനാണെന്നും കുറിക്കുന്ന വല്ല ഖണ്ഡിത രേഖയുമുണ്ടോ?
[നിവാരണം]
പ്രപഞ്ചം അനു നിമിഷം പരിവർത്തിച്ചു കൊണ്ടിരിക്കുകയാണ്. പരിവർത്തനം പ്രപഞ്ചത്തിന്റെ സഹജമായ ഗുണമാവാൻ നിർവാഹമില്ല. കാരണം : പരിവർത്തനമൊരു സഹജ ഗുണമായിരുന്നുവെങ്കിൽ, പരിവർത്തന ശൃംഖല അനാദിയും എണ്ണമില്ലാ കണ്ണികൾ ചേർന്നതുമാണെന്നും,ഓരോ പരിവർത്തനവും നിലവിൽ വരുക എണ്ണമില്ലാ കണ്ണികൾ തീർന്നതിനു ശേഷമാണെന്നും, വരുമായിരുന്നു. എണ്ണമില്ലാ കണ്ണികൾ തീർന്നുപോകൽ, വ്യക്തമായ വൈരുധ്യമാണു താനും
പരിവർത്തനം പ്രപഞ്ചത്തിന്റെ സഹജമായ ഗുണമല്ലെങ്കിൽ, പരിവർത്തനങ്ങളിലൂടെ നിലവിൽ വന്ന ഗുണങ്ങളും അതിനു സമാനമായ മുൻ ഗുണങ്ങളും പ്രപഞ്ചാതീതനായ ഒരു സ്രഷ്ടാവു കാരണം ഉൺമയിലേക്കു കടന്നു വന്നതായിരിക്കും. അപ്പോഴും ഗുണ ശൃംഖല അനാദിയാണെന്നു വന്നാൽ ഉപര്യുക്ത വൈരുധ്യം വന്നു ചേരും. അതു അനാദിയല്ലെങ്കിൽ, അതിൽ നിന്നു മുക്തമാവാൻ (നിർഗുണമാവാൻ) നിർവാഹമില്ലാത്ത പ്രപഞ്ചവും അനാദിയല്ലെന്നു മനസ്സിലാക്കാം.
പ്രപഞ്ച സ്രഷ്ടാവ് അനാദ്യനല്ലെങ്കിൽ, ഉൺമ കൈവരിക്കാൻ മറ്റൊരു സ്രഷ്ടാവിനെ അവൻ ആശ്രയിക്കേണ്ടി വരും. അവനും അനാദ്യനല്ലെങ്കിൽ മൂന്നാമതൊരു സ്രഷ്ടാവ് വേണമെന്നു വരും. മൂന്നാമനും നാലാമനുമെല്ലാം തഥൈവ. ഇതൊരു എണ്ണമില്ലാ സ്രഷ്ടാക്കൾ ചേർന്ന ശൃംഖലയാണെങ്കിൽ നടേ പറഞ്ഞ വൈരുധ്യം വന്നു ചേരും. എങ്കിൽ, അതൊരു അനാദ്യനും അനാശ്രിതനുമായ യഥാർത്ഥ സ്രഷ്ടാവിൽ അവസാനിക്കേണ്ടി വരും.
✍ അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments:
Post a Comment