Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 11, 2019

ഹദീസ് പാഠം ആയിരത്തിന്റെ നിറവിൽ

ഇസ്ലാമിൽ ചതുർ പ്രമാണങ്ങളിൽ  രണ്ടാം സ്ഥാനമാണ് തിരു സുന്നത്തിനുള്ളത്. തിരു നബി ﷺ യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം തുടങ്ങി തിരു നബി ﷺ യിൽ നിന്ന് അവിടുത്തെ അനുചരന്മാർ ഒപ്പിയെടുത്തു പിൻതലമുറയിലേക്ക് എത്തിച്ച് തന്നതാണല്ലോ തിരു വചനങ്ങൾ അഥവാ ഹദീസുകൾ. സ്വിഹാഹു സ്സിത്ത ഹദീസ് ഗ്രന്ഥങ്ങളും മറ്റു പ്രചാരത്തിലുള്ളതുമായ ഒട്ടനവധി ഹദീസ് ഗ്രന്ഥങ്ങൾ ഇന്ന് സുലഭമാണ്. തിരു നബി ﷺ യുടെ അവസ്ഥകൾ, പ്രവൃത്തികൾ, കൽപ്പനകൾ, നിരോധനകൾ, എല്ലാം നഷ്ടപ്പെടുത്താതെ സ്വഹാബത്ത് പിന്മുറക്കാർക്ക് കൈമാറിയിട്ടുണ്ട്. ആ ഹദീസുകൾ പ്രചരിപ്പിക്കുന്നതിൽ ഒരു എളിയ ശ്രമം എന്ന ലക്ഷ്യത്തോടെ 2016 മാർച്ച് മാസത്തിലെ വിശുദ്ധ റമളാനിൽ റമളാൻ ഉപദേശം എന്ന പേരിൽ ആരംഭിച്ചതാണ് ഹദീസ് പാഠം. വിശുദ്ധ റമളാനിൽ ജീവിതത്തിൽ പകർത്താനുതകുന്ന ഹദീസുകളാണ് തിരഞ്ഞെടുത്തത്. പെരുന്നാളോട് കൂടെ നിർത്താൻ ഉദ്ദേശിക്കുമ്പോഴാണ് സാദാത്തുക്കളും പണ്ഡിതരുമടങ്ങുന്ന സൗഹൃദവലയത്തിലെ പ്രീയപ്പെട്ടവരുടെ ആവശ്യപ്രകാരം  ഹദീസ് പാഠം എന്ന പുതിയ പേരിൽ ഈ സംരംഭം തുടരാൻ തീരുമാനിച്ചത്. സോഷ്യൽ മീഡിയകൾ വഴി ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ ഒരുപാട് മെസ്സേജുകൾ ഫോർവേർഡായി അയക്കുന്ന ന്യൂജനറേഷന് തിരു നബി ﷺ യുടെ വചനങ്ങൾ എത്തിക്കുക അതു കാരണം ആരെങ്കിലും തിരു സുന്നത്തിലൂന്നി ജീവിതം ചിട്ടപ്പെടുത്തിയാൽ ഞാൻ കൃതാർത്തനായല്ലോ എന്ന ലക്ഷ്യമായിരുന്നു പിന്നീടുള്ള തുടർച്ചക്ക് കാരണമായത്. തിരു നബി ﷺ യുടെ വചനങ്ങൾ ഉൾക്കാള്ളുന്ന ഹദീസ് ഗ്രന്ഥങ്ങൾ ഇന്ന് സുലഭമാണ് എന്നാൽ അതിന്റെ മലയാള വിപക്ഷ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ കുറവാണ് അല്ലെങ്കിൽ അതിന്റെ വലിപ്പം കാരണം പലപ്പോഴും പലരും വായിക്കാതെ പോകുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ വരുന്ന ദൈർഘ്യമുള്ള പോസ്റ്റുകൾ അനായാസം വായിച്ച് തീർക്കാൻ ആധുനിക സമൂഹം സമയം കണ്ടെത്തുന്നു എന്നത് സോഷ്യൽ മീഡിയ വഴി പ്രത്യേകിച്ച് വാട്സാപ്പ് വഴി ഹദീസ് പാഠം പ്രചരിപ്പിക്കാൻ കാരണമായി. അൽഹംദു ലില്ലാഹ്.... പ്രാരംഭം മുതലേ ഓരോ ഹദീസും ബ്രോഡ്കാസ്റ്റ് വഴിയും വ്യത്യസ്ത ഗ്രൂപ്പുകളിലൂടെയും ഷെയർ ചെയ്തും ഹദീസ് പ്രചാരണം ആരംഭിച്ചു. കൂട്ടുകാർ ഇരു കൈകളും നീട്ടി സ്വീകരിച്ചു അവരാൽ കഴിയുന്ന രൂപത്തിൽ പ്രചരണമേറ്റെടുത്തു. തിരു നബി ﷺ യുടെ ഹദീസുകൾ ഹൃദിസ്ഥമാക്കാനും ജീവിതത്തിൽ പകർത്താനും സാധിച്ചുവെന്ന് പലരും എന്നോട് സന്തോഷവാർത്ത ഫോൺവഴിയും അല്ലാതെയും അറിയിച്ചു  കൊണ്ടിരുന്നു.
അതിനിടയിൽ പല സുഹൃത്തുക്കളും ആവശ്യപ്പെട്ടതനുസരിച്ചും ഹദീസുകൾ സൂക്ഷിച്ച് വെക്കാനുള്ള സൗകര്യം കണക്കിലെടുത്തും ഹദീസ് പാഠം തുടരുന്നതോടൊപ്പം തന്നെ അറബി വാചകങ്ങൾ ഉപേക്ഷിച്ച് മലയാളം അർത്ഥം മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് ഹദീസ് നമ്പർ എന്ന പുതിയ സംരഭവും തുടക്കം കുറിക്കാനായതിൽ ഏറെ സന്തോഷിക്കുന്നു. ഇമേജ് രൂപത്തിലുള്ള ഹദീസ് നമ്പർ ഇരുന്നൂറ്റി ഇരുപത് ഭാഗങ്ങൾ കഴിഞ്ഞ് മുന്നോട്ട് പോകുന്നു. നിങ്ങളുടെ സ്റ്റാറ്റസുകളിൽ തിരു നബി ﷺ യുടെ ഹദീസിന് ഒരിടം എന്ന ശീർഷകത്തിൽ ആരംഭിച്ച ഉദ്യമം ഇന്ന് പലരുടേയും ദൈനംദിന വാട്സാപ്പ് സ്റ്റാറസുകളിൽ ഇടം പിടിച്ചത് അവർക്ക് ഹദീസ് പ്രചരണത്തിനുള്ള താൽപര്യം വിളിച്ചോതുന്നു. ഇന്ന് അൽഹംദുലില്ലാഹ് ഹദീസ് പാഠം ആയിരം ഭാഗം തികയുന്നു ആദ്യം ആരംഭിച്ച റമളാൻ ഉപദേശത്തിന് പുറമെയാണിത്. മൊബൈൽ നഷ്ടപ്പെട്ടത് കാരണം കുറച്ച് ദിവസങ്ങൾ മുടങ്ങിയത് ഒഴിച്ചാൽ പ്രവാസ ലോകത്ത് കാലെടുത്തു വെച്ച് ഒരുമാസത്തിനുള്ളിൽ ആരംഭിച്ച ഹദീസ് പരമ്പര ഒരു ദിവസം പോലും ഇടവിടാതെ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു. അതിന് അല്ലാഹുവിനെ സ്തുതിക്കുന്നു ദൈനംദിനം അയക്കുന്ന ഹദീസുകൾ www.ilyassaquafi.in  എന്ന എന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് ഏതു സമയവും എല്ലാ ഭാഗങ്ങളും അനായാസം തിരഞ്ഞുപിടിക്കാൻ  സാധിക്കുന്നതാണ്. ഓഫ് ലൈനായി കാണുന്നതിന് ഹാഫിള് ഇൽയാസ് സഖാഫി എന്ന സോഫ്റ്റ്‌വെയർ പ്ലേ സ്റ്റോറിൽ ലഭ്യമാണ്
ഇതിനിടയിൽ ചില ഹദീസുകൾ വിവരണം സഹിതം വീഡിയോ രൂപത്തിൽ ഇസ്ലാമിക് മീഡിയ ചാനൽ ൽ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
സഹായിച്ച സഹകരിച്ച എല്ലാവരേയും പ്രാർത്ഥനാ പൂർവ്വം അനുസ്മരിക്കുന്നതോടൊപ്പം അല്ലാഹു ﷻ ഈ സംരഭം സ്വീകരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇനിയും ഒരുപാട് ദീനി സംരഭം തുടങ്ങാൻ തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങളും വിലപ്പെട്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും വിനയപൂർവ്വം ആവശ്യപ്പെടുന്നു.

▬▭▬▭▬▭▬▭▬▭▬▭▬
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
+91 9847081699
▬▭▬▭▬▭▬▭▬▭▬▭▬

ഈ വിവരണം നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക നിങ്ങൾ കാരണം ഏതെങ്കിലും ഒരു ഹദീസ് കൊണ്ട് ആരെങ്കിലും പ്രവർത്തിച്ചാൽ അതിന്റെ പ്രതിഫലം ഐഹിക പാരത്രിക ലോകത്ത് നിങ്ങൾക്ക് ലഭിക്കും തീർച്ച.
⬇⬇⬇⬇⬇⬇⬇⬇⬇

No comments: