Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 10, 2019

അഗ്നിയിൽ കുരുത്ത താരകങ്ങൾ- ഭാഗം മൂന്ന്

ഉച്ചവെയിലിന്റെ തീക്ഷ്ണതയിൽ മരുഭൂമി ചുട്ടുപഴുത്തിരിക്കുകയാണ്,ബനൂ മഖ്സൂമുകാരുടെ ആക്രമണങ്ങളും തെറിയഭിഷേകങ്ങളും തുടർന്നു കൊണ്ടിരിന്നു.
വെയിലിത്ത് കാച്ചിയെടുത്ത ഇരുമ്പങ്കിയാണവർക്ക് 
ഉടുവസ്ത്രമായി നൽകിയത്.

ചാട്ടവാറിന്റെ പ്രഹരങ്ങൾ 
ശരീരത്തെ പാടെ തളർത്തി.
പ്രായംചെന്ന മാതാപിതാക്കളെ 
അവശത കണക്കിലെടുക്കാതെ കൺമുന്നിലിട്ട് നിഷ്ഠൂരമായി തൊഴിക്കുന്നത് 
കണ്ടു നിൽക്കാനേ നിസ്സഹായനായ പുത്രന് സാധിക്കുമായിരുന്നുള്ളൂ..

ഒരു തുള്ളി ദാഹജലത്തിനു വേണ്ടിയവർ പലവട്ടം കെഞ്ചിയെങ്കിലും കഠിനഹൃദയരായ ആ കിങ്കരന്മാരുടെ മനസ്സിൽ ആർദ്രതയുടെ 
ഉറവ പൊട്ടിയില്ല....
ശക്തമായി ദാഹിക്കുന്നുണ്ടവർക്ക്,
തൊണ്ട വരണ്ടിരിക്കുന്നു,
ദേഹമാസകലം പൊട്ടിയിട്ടുണ്ട്,
വാർന്നെലിക്കുന്ന ചുടുരക്തത്തിലേക്ക് നോക്കിയവർ നെടുവീർപ്പിട്ടു കൊണ്ടിരുന്നു.
അല്ലാഹു അഹദ്,അല്ലാഹു അഹദ്,.......

അപ്പോഴും ആ മനസ്സ് വിശ്വാസത്തിന്റെ കുളിരിൽ ശാന്തമായി തന്നെ നിലകൊണ്ടു.
എന്തും സഹിക്കാം..
ഏതും ത്യജിക്കാം,
വിശ്വാസ ചാഞ്ചല്യമൊഴികെ.
അവർ മനസ്സിലുറച്ചു...
"പറയൂ..മുഹമ്മദ് കള്ളനാണെന്ന്,
ലാത്തയും ഉസ്സയുമാണ് ദൈവങ്ങളെന്ന് 
പ്രഖ്യാപിക്കൂ.
നിങ്ങൾക്കെന്തും തരാം,മോചിപ്പിക്കാം"..
അബൂ ഹുദൈഫയും കൂട്ടരും 
ഇടക്കിടെ പുലമ്പിക്കൊണ്ടിരുന്നു.
"മതി,മതി ബാക്കി നാളെയാവാം"
സമയം സന്ധ്യയോടടുത്തിരിക്കുന്നു
തലവന്റെ ഉത്തരവ് വന്നു.

ദിവസവും നേരം പുലർന്ന് 
സൂര്യകിരണങ്ങൾ ചൂടുപരത്തുന്നതിനു മുമ്പുതന്നെ ആ കുടുംബം 
മരുഭൂമിയിലേക്ക് വലിച്ചിഴക്കപ്പെട്ടു..
രാവിലെ മുതൽ വൈകുന്നേരം വരെ 
അടിച്ചും ഇടിച്ചും അവരെ അക്രമിച്ചു കൊണ്ടേയിരുന്നു ബനൂ മഖ്സൂമിന്റെ കുടിലമാനസർ.

ദിവസങ്ങൾ മൂന്നു നാല് കഴിഞ്ഞു.
ബനൂ മഖ്സൂം വിടാൻ ഒരുക്കമല്ല..
അത്രക്കുണ്ടായിരുന്നു അവർക്ക് വിശ്വാസികളോടുള്ള കലിപ്പ്..
യാസിറും(റ) കുടുംബവുമാവട്ടെ 
നശ്വരമായ ഭൗതിക സുഖങ്ങളെ 
എന്നോ വെടിഞ്ഞിരുന്നു.
മരണത്തെ അവർക്ക് 
തെല്ലും ഭയം തോന്നിയില്ല.
ഇതറിയാവുന്നത് കൊണ്ടുതന്നെയാണ് ഇഞ്ചിഞ്ചായി ഇവരെ വകവരുത്തണമെന്ന് അബൂഹുദൈഫ തീരുമാനിച്ചതും..

നാലാം ദിവസവും താണ്ഡവം തുടരുകയാണ്....
അക്രമങ്ങൾക്ക് ഒരയവും വന്നില്ല.
വേദനയും ക്ഷീണവും വല്ലാതെ തളർത്തിയിട്ടുണ്ടവരെ..
അതിനിടക്കാണ് അതുവഴി വന്നത്
മുത്ത് നബിയെ കണ്ടതും 
മൂവരും പുഞ്ചിരി തൂകി,
കണ്ണിൽ കുളിരു പകർന്നു,
ദൈന്യതയാർന്ന മുഖങ്ങളിൽ സന്തോഷത്തിന്റെ പൂമോട്ടുകൾ വിരിഞ്ഞപോലെ....

മുത്ത്നബിക്ക് അവരെ സഹായിക്കാൻ കഴിയുമായിരുന്നില്ല.
ദുഷ്ടതയുടെ രൗദ്രഭാവം പൂണ്ട 
ബനൂ മഖ്സൂമുമാർക്കു മുന്നിൽ 
സഹായത്തിനു ചെല്ലാനുള്ള ശേഷിയില്ലായിരുന്നു അപ്പോൾ തിരുനബിക്ക്..
മുത്ത് നബിയുടെ ലോലഹൃദയത്തിൽ നിസ്സഹായതയുടെ നെരിപ്പോട് പടർന്നു.
ആ നയനങ്ങളിൽ നിന്നും അശ്രുകണങ്ങൾ പതിയെ കവിൾതടങ്ങളിലേക്കുതിർന്നു വീണു.

അനുചരരുടെ വേദനകൾ ഹബീബി(സ്വ)ന് സഹിക്കാൻ കഴിയുമായിരുന്നില്ല.
സ്വഹാബത്ത് വിഷമിക്കുന്നത് 
മുത്ത് നബിക്ക്(സ്വ) ഇഷ്ടമല്ലായിരുന്നു.
അരമനകളിലിരുന്ന് ഉത്തരവിറക്കി 
സഹചരെ കളത്തിലിറക്കി മുതലെടുക്കുന്നതായിരുന്നില്ലല്ലോ 
ആ നേതൃബോധം.

ഈ നിസ്സഹായാവസ്ഥയിൽ മുത്ത് നബിക്ക് അവരോട് ഇതു മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ
"ക്ഷമിക്കൂ ആലു യാസിർ,.ക്ഷമിക്കൂ..
സ്വർഗ്ഗം നിങ്ങൾക്ക് ഒരുക്കി വെച്ചിരിക്കുന്നു".
ആ മുഖങ്ങളിൽ പുഞ്ചിരി വിടർന്നു.
മുത്ത് നബി(സ്വ)യുടെ 
സുവിശേഷം കിട്ടിയല്ലോ.

മരണത്തെ കാത്തിരിക്കുകയാണവർ,
സ്വർഗ്ഗത്തിലേക്ക് പറക്കാൻ,
ജീവിതം അവസാനത്തോടടുത്തിരിക്കുന്നു,
ഏതു നിമിഷവും ആ കാട്ടാളരുടെ സംഹാരത്തിനിരയായേക്കും,
എന്നാലും മനസ്സിപ്പോൾ ശാന്തമാണ്,
എല്ലാം അല്ലാഹുവിലർപ്പിച്ചിരിക്കുന്നു,
അവർക്ക് പരിഭവങ്ങളില്ല,
ശഹാദത്തിന്റെ വിശുദ്ധവാക്യങ്ങൾ 
ഉരുവിട്ടു കൊണ്ടേയിരുന്നു അവർ....

(തുടരും)
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
9747629381,9747220786

No comments: