Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 9, 2019

അഗ്നിയിൽ കുരുത്ത താരകങ്ങൾ - ഭാഗം രണ്ട്

പുതുവെളിച്ചത്തിലേക്ക് ....
ചുറുചുറുക്കും തന്റേടവുമുള്ള യുവാവാണിപ്പോൾ അമ്മാർ..എന്തിനും ഏതിനും പറ്റുന്ന പകൃതം,അരോഗ ദൃഢഗാത്രൻ,അദ്ധ്വാനിച്ച് ജീവിത വഴി കണ്ടെത്തുന്ന കുടുംബത്തിന്റെ അത്താണി,നാട്ടിനും ഗോത്രക്കാർക്കും വേണ്ടപ്പെട്ടവൻ,.
നാട്ടിൽ നടക്കുന്ന വിഷയങ്ങളൊക്കെ അമ്മാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .ആയിടക്കാണ് അമ്മാറിന്റെ കാതിലും ആ വാർത്തയെത്തുന്നത്.
മക്കയിൽ സത്യവും സമത്വവും ഉദ്ഘോഷിച്ച് കൊണ്ടൊരു പ്രവാചകൻ ആഗതമായിരിക്കുന്നു.നീതിയാണ് പ്രമേയം,
സത്യസന്ധതയാണ് ജീവിത രീതി ..കാര്യങ്ങളറിയണമെന്ന് ആഗ്രഹിച്ച അമ്മാർ പലരോടായി അന്വേഷിച്ചു.
"ചുരുക്കം ചിലയാളുകൾ ആ സദസ്സിലുണ്ട്,
സമൂഹത്തിലെ പാവങ്ങൾ,
നിത്യ ജീവിതത്തിന് വകയില്ലാത്തവരാണ് പലരും".
ഇതൊക്കെയായിരുന്നു അമ്മറിനു കിട്ടിയ രേഖാചിത്രങ്ങൾ.....
അമ്മാറിന്റെ മനസ്സ് ആ നബിയെ കാണാൻ ദാഹിച്ചു,,
ഇടക്കെപ്പെഴോ അമ്മാർ ആത്മഗതം ചെയ്തു
"ശുദ്ധജലം കയ്യെത്തും ദൂരത്തിരിക്കെ എന്തിനു ദാഹിക്കണം".
പ്രവാചകരെ കാണാനുറച്ച് അമ്മാർ ദാറുൽഅർഖമിലേക്ക് നടന്നു...
പതിയെ പതിയെ അടുത്ത് ചെന്നു..
എന്തൊക്കെയോ പറയുകയാണ്.കൂടെയുള്ളവരൊക്കെ സാകൂതം ശ്രദ്ദിക്കുന്നുമുണ്ട്.
സദസ്സിന്റെ ഒരു ഭാഗത്തായി അമ്മാറും ഇരുപ്പുറപ്പിച്ചു...
ആ തിരുവചനങ്ങളെ സസൂക്ഷമം കേട്ടിരുന്നു.
"എന്തൊരഴകാണാ മുഖത്തിന്..!,
മറ്റൊരു വാക്കിനും ലഭിക്കില്ലല്ലോ ഈ മാധുര്യം.!.ഇതുപോലൊരു മുഖം ഞാൻ കണ്ടിട്ടില്ല..
ഇത്ര മധുരമൂറും ശബ്ദം ഞാൻ കേട്ടിട്ടില്ല,
ആ വചനങ്ങൾ പോലൊന്ന് എന്റെ കർണ്ണങ്ങളാൽ ശ്രവിച്ചിട്ടില്ല".
അമ്മാർ സ്വയം പറഞ്ഞു കൊണ്ടിരുന്നു.
മനസ്സിലെന്തൊക്കെയൊ ആഗ്രഹങ്ങൾ നിറവേറിയ പോലെ അനുഭവപ്പെട്ടു അമ്മാറിന്. ഇപ്പോൾ മനം നിറയെ കുളിരു പടർന്നിരിക്കുന്നു..
സദസ്സ് പിരിയാൻ നേരം അമ്മാർ 
അടുത്തേക്ക് ചെന്ന് ആ തിരുകരം കവർന്നു.
ഉച്ചത്തിൽ കലമത്തുശ്ശഹാദ ഉരുവിട്ടു
"അശ്ഹദു അല്ലാഇലാഹ ഇല്ലാള്ളാഹു........

പകർന്നു കിട്ടിയ വിശ്വാസവുമായി ആനന്ദത്തോടെ വീട്ടിലേക്ക് മടങ്ങി..
ഉമ്മയോട് കാര്യങ്ങൾ വിശദീകരിച്ചു.
കാര്യങ്ങൾ പെട്ടെന്ന് തന്നെ ഗ്രഹിച്ച ഉമ്മ സുമയ്യയും വിശ്വാസം പുൽകി.അധികം വൈകിയില്ല യാസിറും ഇസ്ലാമിന്റെ മധുരം നുകർന്നു..
വിശ്വാസത്തിന്റെ വിശാലമായ മാനത്ത് മൂന്ന് താരകങ്ങൾ കൂടി ജ്വലിക്കാൻ തുടങ്ങിയിരിക്കുന്നു..
ദിവസങ്ങൾ നീങ്ങി മൂവരും ഏകനായ ഇലാഹിൽ വിശ്വസിച്ച് മുത്ത് നബി (സ്വ)യുടെ വാക്കുകൾക്ക് കാതോർത്ത് ആരാധനാ നിരതരായി കഴിഞ്ഞു.ആരോടും പരിഭവമില്ലാതെ,
സ്ഫുടം ചെയ്ത മാനസത്തിനുടമകളായി അവർ ജീവിതം നയിച്ചു.
യാസിർ കുടുംബത്തിന്റെ ഇസ്ലാമികാശ്ലേഷം നാട്ടിൽ വാർത്തയായി,ബനൂ മഖ്സൂം ഗോത്രത്തിലും അതിന്റെ അലയൊലികളെത്തി..
സ്നേഹവും അനുകമ്പയും മാത്രം കൊടുത്തിരുന്നവരിൽ നിന്നും വെറുപ്പും വിദ്വേഷവും നുരഞ്ഞുപൊന്താൻ തുടങ്ങി.
തങ്ങൾ ഇഷ്ടപ്പെട്ട വിശ്വാസം തിരഞ്ഞെടുത്തുവെന്നതു മാത്രമേ അവർ ചെയ്തുള്ളൂ..
പിന്നീടവർക്കു നേരെയുള്ള പരാക്രമങ്ങളുടെ ദിനങ്ങളായിരുന്നു,
ആക്രോശങ്ങളും ഇടിയും തൊഴിയുമായി,
പട്ടിണിക്കിട്ടു പ്രയാസപ്പെടുത്തി, ഒരു തുള്ളി ദാഹജലം പോലും നിഷേധിക്കപ്പെട്ടു.
അബൂ ഹുദൈഫയും സംഘവും പ്രലോഭനങ്ങളും പ്രകോപനങ്ങളുമായി മുന്നിൽ വന്നു.
അചഞ്ചലമായി തന്നെ ആ കുടുംബം വിശ്വാസത്തിലുറച്ചു നിന്നു..
ഇവർ പിന്നോട്ടില്ലെന്ന് മനസ്സിലാക്കിയ ബനൂ മഖ്സൂമുകാർ മൂന്നു പേരെയും
നിഷ്ഠൂരമായി കൊലപ്പെടുത്താൻ മധ്യാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ആവി പറക്കുന്ന മണൽപരപ്പിലേക്ക് നഗ്നരായി വലിച്ചിഴച്ചു......
മരുഭൂമി ചുട്ടുപൊള്ളുകയാണ്,
ആർക്കും ആരെയും സഹായിക്കാനാവാത്ത
നിസ്സാഹായവസ്ഥ,
ബനൂമഖ്സൂമുകാരുടെ ചാട്ടവാറുകൾ
തലങ്ങും വിലങ്ങും പ്രഹരിച്ചു കൊണ്ടേയിരുന്നു..
ഇല്ല;തങ്ങളുടെ വിശ്വാസത്തെ പൊട്ടിച്ചെറിയാൻ ആ കുടുംബം ഒരുക്കമല്ല..
 അല്ലാഹു അഹദ്,അല്ലാഹു അഹദ്,അല്ലാഹു അഹദ്.അവർ വീണ്ടും വീണ്ടും  പറഞ്ഞുകൊണ്ടേയിരുന്നു..
തൗഹീദിന്റെ പ്രതിധ്വനി മരൂഭൂമിയിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ.....
അതു കേട്ട് ആ മണൽക്കാട് തേങ്ങിയിട്ടുണ്ടാവണം.....അല്ല പുളകമണിഞ്ഞിട്ടുണ്ടാവണം....
(തുടരും)..

ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
9747 629 381,
9747 220 786,
..............................................................

No comments: