എൻ കെ എം ബെളിഞ്ച
+919400397681
ഭരണപക്ഷത്തിന്റെ കൊല്ലം ജില്ലാ പാർട്ടി സമ്മേളനത്തിൽ പ്രസംഗിക്കുകയയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരും പാർട്ടി നേതാക്കളും അണിനിരന്ന പ്രൗഢമായ വേദിയിൽ ദേശീയ അന്തർദേശീയ കാര്യങ്ങൾ വിഷയീഭവിച്ച പിണറായി വിജയനെ ആയിരങ്ങൾ ശ്രവിക്കുന്നു. വേദിയെ സാകൂതം വീക്ഷിക്കുന്ന പാർട്ടി പ്രവർത്തകരുടെ ആവേശം കെടുത്തുന്ന കാഴ്ചയാണ് വേദിയിൽ നടക്കുന്നത്. വേദി കണ്ടാൽ ട്രൈയിനിലെ എ സി കംപാർട്ട്മെന്റെന്ന് തോന്നും. മന്ത്രിമാരും നേതാക്കളും സുഖനിദ്രയിലാണ്.ഉറക്കം കണ്ടാൽ തോന്നും രാത്രി മുഴുവനും വേദികെട്ടിയത് അവരാണെന്ന്...
ഇതൊരു ഉദാഹരണം മാത്രം.രാജ്യത്തെ വിവിധ മത രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ സംഘടനകൾ നടത്തുന്ന പരിപാടികളിലെ നിത്യ കാഴ്ചയാണ് ഈ ഉറക്കം. സംഘാടകരുടെ ഉറക്കം കെടുത്തുന്ന ഈ ദുശീലം മാറ്റാൻ വേദിതമ്പുരാക്കൾ മനസ്സ് കാണിക്കണം.നാടും നഗരവും ഇളകി മറിച്ച് നടത്തുന്ന കേരള യാത്രകളിലെ വേദി കണ്ടാൽ
കസേരക്ക് പകരം കട്ടിൽ ഇടലാണ് അഭികാമ്യമെന്ന് തോന്നും.
ഉറക്കം മനുഷ്യസഹജമാണ്.സ്ഥലകാല ബോധമാണ് ഇതിൽ പ്രധാനം.മത വേദിയിലും ഉറക്കം വില്ലനാകുന്നു. ഉറങ്ങി പ്രസംഗിക്കുന്ന
പ്രഭാഷകന്മാർ സദസ്സിന് കൗതുകമുണർത്തുന്നു.വർഷങ്ങൾക്കു മുമ്പ് നാട്ടിനടുത്ത് നടന്ന ഉറൂസ് പരിപാടിക്ക് ക്ഷണിച്ച കൊല്ലം ജില്ലയിലെ പ്രമുഖ പ്രഭാഷകൻ പീഠത്തിന് മുമ്പിൽ നിന്ന് ഉറങ്ങിയ രംഗം നാട്ടിൽ പാട്ടായിരുന്നു. പറയുന്ന വാക്കുകൾ യോജിപ്പിക്കാനാവാത്ത വിധം ഉറങ്ങിയ അദ്ദേഹം ചരിത്രത്തിൽ ഇടം നേടി.തുടർച്ചയായുള്ള യാത്രയും പരിപാടിയുമായിരിക്കാം അദ്ദേഹത്തെ ഉറക്കിലെത്തിച്ചത്.എന്നിരുന്നാലും സംഭവം മഹാബോറാണ്.ഉറങ്ങി പ്രസംഗിക്കുന്നതിനേക്കാൾ നല്ലത് പ്രസംഗിക്കാതെ ഉറങ്ങലാണ്.
ഫോട്ടോ പോസിനും വീഡിയോയിലും കാണാൻ വേദിയിലും സദസ്സിലും മുമ്പിൽ ഇരിക്കുന്ന ചിലരുണ്ട്. താൻ ഇരിക്കുന്ന സ്ഥലകാല ബോധം നഷ്ടപ്പെട്ട് കൂർക്കം വലിച്ചുറങ്ങുന്ന അത്തരക്കാർ പരിപാടിയിലെ കരടാണ്. ഇത്തരം വേദികൾ നാടിനും സംഘടനക്കും അപമാനമാണ്.
വേദിയിലും സദസ്സിലുമുള്ള ഈ ഉറക്കം പ്രഭാഷകരുടെ ആവേശം കെടുത്തുന്നു.പരിപാടികൾ ഉറങ്ങാനായി ചെലവഴിക്കരുത്. ശ്രോദ്ധാക്കളുടെ സഹകരണവും അച്ചടക്കവുമാണ് പ്രഭാഷകരുടെ ഉയർച്ച. ഒരാളുടെ ഉറക്കം മതി പരിപാടി കുളംത്തോണ്ടാൻ...
അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ചില സംഘടനകൾ നടത്തുന്ന പരിപാടിയാണ് രസം.കണ്ണ് തുറപ്പിക്കാനായി തൊണ്ട കീറി ആരെങ്കിലും പ്രസംഗിക്കുമ്പോഴായിരിക്കും വേദിയിലെ ഏതോ വിരുതന്റെ ഉറക്ക് സ്‌ക്രീനിൽ തെളിയുന്നത്.അതോടെ സംഘാടകരും കണ്ണടക്കും. അണികളുടെ കണ്ണ് തുറപ്പിച്ചിട്ട് പോരെ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ...?
ചില സ്ഥാപനങ്ങളിൽ നടക്കുന്ന സമ്മേളന വേദികളും ഉറക്കിന്റെ ഗോഡൗണുകളായി മാറലുണ്ട്.ഒരാളെ കൊണ്ട് ഒരായിരം പേർ നിരാശരാകുന്നതിനേക്കാൾ ഉറക്കം വരുമ്പോൾ എണീറ്റ് പോകലാണ് ഉചിതം.
വേദിയിലും സദസ്സിലും മജ്ലിസുകളിലും ക്ലാസ്സുകളിലുമുള്ള ഉറക്കം ഒരു തരം രോഗമാണ്. അതിനെ ചികിത്സിച്ചേ പറ്റൂ.വേദിയിൽ ഉറങ്ങാനായി ഇഹ്റാം കെട്ടി വരുന്നവരും ഉണ്ട്. ചില പ്രസംഗങ്ങൾ നിർത്തിക്കിട്ടാൻ ഉറക്കം നടിക്കുന്നവരുമുണ്ട്.
സദസ്യർക്ക് ഉറക്കം വരുന്ന വിധത്തിലുള്ള പ്രസംഗവും ക്ലാസ്സുകളും അനുചിതമെന്ന് ചുരുക്കം.
➖➖➖➖
21:9:2019
തുടരും....
അടുത്തത്⬇
പ്രസംഗ കൊല


No comments:
Post a Comment