Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, February 21, 2020

ഇത് ചരിത്രം, 10000 ശിഷ്യന്മാർ ഗുരുസമക്ഷം ഒത്തുകൂടുന്നു

✍🏻 യു എ റഷീദ് സഖാഫി അൽ അസ്ഹരി പാലത്തറ ഗേറ്റ്.
ഇന്നത്തെ ദിവസത്തിന് ഒരു സവിശേഷതയുണ്ട്.. 

 ലോക തലത്തിൽ തന്നെ വേറിട്ടൊരു പൂർവവിദ്യാർഥിസംഗമം നടക്കുന്നു. 
 നമ്മുടെ കേരളത്തിൽ. 
 1978 ൽ കേവലം 25 വിദ്യാർഥികളുമായി കോഴിക്കോട് ജില്ലയിലെ കാരന്തൂരിൽ  ആരംഭിച്ച മർകസ് എന്ന വൈജ്ഞാനിക വിപ്ലവത്തിന്റെ ചുരുക്കെഴുത്ത് പ്രയാണ ഗോദയിൽ 43 വർഷം പൂർത്തിയാക്കുന്ന ചാരിതാർത്ഥ്യ നിമിഷങ്ങളിൽ മർക്കസ് വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ മുഖ്യ ഉൽപ്പന്നങ്ങളായ പതിനായിരത്തോളം സഖാഫി പണ്ഡിത പൂർവവിദ്യാർത്ഥികൾ അവരുടെ ഗുരുസമക്ഷം ഒത്തു കൂടുന്നു. 

 ആഗോള സഖാഫി സംഗമം.

 കഴിഞ്ഞ വിവിധ വർഷങ്ങളിലായി പുറത്തിറങ്ങി ഇന്ത്യ, യുഎ ഇ, ഒമാൻ, കുവൈത്ത്,  ഖത്തർ,  ബഹ്റൈൻ, ഓസ്ട്രേലിയ,  ന്യൂസിലൻഡ്, ബ്രിട്ടൻ, അമേരിക്ക തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്തുവരുന്ന പതിനായിരത്തിലധികം പണ്ഡിതന്മാരാണ് ഇന്ന്, രാജ്യത്തിനു തന്നെ അഭിമാനം ആവാൻ പോകുന്ന വൈജ്ഞാനിക തൊഴിൽ സാംസ്കാരിക വിപ്ലവങ്ങളുടെ തലസ്ഥാനം മർകസ് നോളജ് സിറ്റിയിൽ ഒത്തുകൂടുന്നത്. അവരിൽ മത പ്രബോധനരംഗത്ത് ജ്വലിച്ചുനിൽക്കുന്ന ഉജ്ജ്വല പ്രതിഭകളുണ്ട്, അത്യുന്നത കലാലയങ്ങളിൽ നിന്ന് പഠനാനന്തരം പഠനം നടത്തിയവർ ഉണ്ട്, ഡോക്ടേഴ്സ്, എഞ്ചിനീയേഴ്സ്, മീഡിയ വർക്കേഴ്സ്, ടെക്കികൾ,  അഭിഭാഷകർ, പോലീസ് ഓഫീസേഴ്സ്, ഐഎഎസ് തുടങ്ങി സമൂഹത്തിലെ ബഹുമുഖ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചവരുണ്ട്.

 മർകസ് ഓരോ വിദ്യാർഥിക്കും
വൈജ്ഞാനിക വിതാനങ്ങളിലേക്ക് 
 പറന്നുയരാൻ ഉള്ള പരിശീലനക്കളരിയായിരുന്നു....

 മാനവ സ്പർശിയായ സേവനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ഉള്ള പ്രചോദന കേന്ദ്രമായിരുന്നു....

 സർഗ്ഗാത്മകത കൊണ്ട് സാംസ്കാരിക മുന്നേറ്റങ്ങൾ കൊണ്ട് 
 നവജാഗരണത്തിന്റെ പുതിയ ഗാഥകൾ രചിക്കാൻ മനസ്സുറപ്പിന്റെ പിൻബലം തന്ന 
 കൃഷിയിടം ആയിരുന്നു..

 പ്രതിസന്ധികളെ സമചിത്തതയോടെ 
 കൈകാര്യം ചെയ്യാനും പ്രായോഗിക പരിഹാരങ്ങൾ കൈക്കൊള്ളുവാനും 
 പ്രാപ്തമാക്കിയ തണൽ ഇടമായിരുന്നു..

 പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് അറിവും ആഹാരവും ആവാസവും സൗജന്യമായി ഒരുക്കാൻ  ദിനേനയെന്നോണം  മർക്കസ്സിന് ലക്ഷങ്ങൾ ചെലവ് വരുന്നു.. അനാഥ സംരക്ഷണത്തിൻ്റെ കാലം ഏൽപ്പിച്ച ദൗത്യം 
 നിർവഹിച്ച്  മർകസ് മുന്നോട്ട് നീങ്ങുമ്പോൾ 
 സുമനസ്സുകൾ ആ സാമൂഹിക സമുദ്ധാരണ സഞ്ചാരത്തിന് ചേർന്നുനിൽപ്പിൻ്റെ  പിന്തുണ നൽകുന്നു. ആയിരക്കണക്കിന് വിദ്യാർഥികളെ  അവരുടെ വീട്ടിൽ വെച്ചു കൊണ്ടുതന്നെ അവരുടെ മുഴുവൻ വിദ്യാഭ്യാസ ചെലവുകൾ വഹിച്ചു ഉത്തമ പൗരന്മാരായി വളർത്തുന്ന സംരംഭമായ മർകസ് ഹോം കെയറിന് കീഴിൽ. കോടികൾ ഇതിനകം സഹായഹസ്തങ്ങൾ ആയി ചെലവഴിച്ച് കഴിഞ്ഞു.. 

മർക്കസിൻ്റെ  ശില്പി, 
80 വയസ്സ് അടുത്തുനിൽക്കുന്ന വാർദ്ധക്യത്തിലും ഊർജ്ജസ്വലതയോടെ നാടിനും സമൂഹത്തിനും ശോഭനമായ ഭാവിക്കും വിശ്രമ ലേശമന്യേ ലോകത്തിന്റെ ദിഗന്തങ്ങളിൽ ഓടിനടന്ന് വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക സംരംഭങ്ങളും സംവിധാനങ്ങളും സ്ഥാപിച്ചു
 അഭിമാനമായി മാറിയ വന്ദ്യ  ഗുരു കാന്തപുരം ഉസ്താദിൻ്റെ മേൽനോട്ടത്തിൽ രാജ്യത്തുടനീളം  പതിനായിരത്തിൽപരം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിനു ഭവന പദ്ധതികളും, അയ്യായിരത്തിലേറെ ശുദ്ധജല പദ്ധതികളും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഇതിനകം സമർപ്പിച്ചു സമൂഹം അതിന്റെ പ്രയോജനങ്ങൾ അനുഭവിച്ചു വരികയാണ്.

 മർകസ് യൂനാനി മെഡിക്കൽ കോളേജ്, മർകസ് ലോ കോളേജ്, ഹെറിറ്റേജ് സിറ്റി, ശരീഅ സിറ്റി, ഹെൽത്ത് കെയർ സിറ്റി, കൊമേഴ്സ്യൽ സിറ്റി, റസിഡൻസ് എൻക്ലേവ് തുടങ്ങിയ ബഹുമുഖ പദ്ധതികളോടെ 300 ഏക്കർ സ്ഥലത്ത് ഏതാണ്ട് പണി പൂർത്തിയായി കൊണ്ടിരിക്കുന്ന മർകസ്  നോളജ് സിറ്റിയിൽ പ്രത്യേകം സജ്ജമാക്കിയ വിശാലമായ നഗരിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ആണ് ആഗോള സഖാഫി സമ്മേളനം നടക്കുന്നത്.

 സഖാഫി സഹോദര മഹാ ശൃംഖലയിൽ
 മർകസ് എന്ന മഹാ വട വൃക്ഷത്തിന്റെ
 ഒരു ചെറിയ തളിരിലയായി  മുഴുവൻ കൂട്ടുകാരോടൊപ്പം അഭിവന്ദ്യ ഗുരു വര്യരുടെ
 തിരു ചാരത്ത് ഒരിക്കൽ കൂടി സംഗമിക്കുമ്പോൾ മനസ്സിൽ വരുന്ന അനുഭൂതിക്ക് അതിരുകളില്ല...

 പടച്ചവൻ ആ തണൽ ദീർഘനാൾ നൽകി നമ്മെ അനുഗ്രഹിക്കട്ടെ...
 ആഗോള സഖാഫി സമ്മേളനത്തിന് സർവ്വവിധ ഭാവുകങ്ങളും നേരുന്നു.


22-2-2020

No comments: