ഫാതിഹ ഓതാൻ മറക്കരുത്.
ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
9400397681
മുഹിമ്മാത്ത് ഹിഫ്ളുൽ ഖുർആൻ കോളേജിൽ പഠിക്കുന്ന കാലം.
ഒരു ദിവസം കുമ്പളയിൽ നിന്നും കാസർകോട്ടേക്ക് പോകാനായി നാഷ്ണൽ ഹൈവേക്ക് സമീപം വാഹനം കാത്ത് നിൽക്കുമ്പോഴാണ് വെളുത്ത അമ്പാസിഡർ കാർ വന്ന് മുമ്പിൽ നിന്നത്. ഇടപഴകി പരിചയമില്ലങ്കിലും കണ്ടും കേട്ടും പരിചയുള്ള പയോട്ട തങ്ങളെന്ന പേരിൽ ഖ്യാതി നേടിയ കെ എസ് എം തങ്ങൾ പയോട്ട യുടെ കാറായിരുന്നു അത്.
സലാം പറഞ്ഞ് കാറിൽ കയറി. സഹപാഠിയെപ്പോലെയുള്ള പെരുമാറ്റം. വീട്ടുകാര്യങ്ങൾ ചോദിച്ചറിയുന്നു.പഠനം മുഹിമ്മാത്തിലെന്നറിഞ്ഞപ്പോൾ തങ്ങളുടെ മുഖത്ത് അനിർവചനീയ ആഹ്ലാദം."ശൈഖുനാ ത്വാഹിർ തങ്ങളുസ്താദിനെ കുറിച്ച് " കുറേ നേരം വാചാലനായി.. ശൈഖുനയെ കുറിച്ച് പറയുമ്പോൾ തങ്ങളുടെ മുഖം പ്രസന്നമാകുന്നു...
കാസർകോട് നഗരത്തിൽ എത്തിയപ്പോൾ കാർ നിർത്തി.തങ്ങൾ ഇറങ്ങി. പതിയെ ഞാനും... സലാം പറഞ്ഞ് പിരിയും നേരം " നെറ്റിയിൽ ചുടുചുംബനം തന്ന് 100 രൂപ കീശയിൽ ഇട്ടു"... ആ പുണ്യകരം പിടിച്ച് ചുംബിച്ച് ആത്മനിർവൃതി അണഞ്ഞു...
പയോട്ട തങ്ങളെന്ന ചെറിയ വലിയ മനുഷ്യനെപ്പറ്റി വർണ്ണിക്കാൻ വാക്കുകൾക്ക് പഞ്ഞമുണ്ട്.കാസർകോട് ജില്ലയിലെ ജനകീയനായ പണ്ഡിതനും നേതാവുമായിരുന്നു തങ്ങൾ. എളിമ തങ്ങളുടെ മുഖമുദ്രയാണ്. സൗമ്യത സവിശേഷതയും ധർമ്മം കൂടെപ്പിറപ്പുമാണ്. ആർക്കും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാംപ്പറ്റിയ തിരുസവിധമെന്നത് പയോട്ട തങ്ങളുടെ മാത്രം പ്രത്യേകതയാണ്.
പയോട്ട തങ്ങളെന്ന് ജനങ്ങൾ സ്നേഹത്തോടെ വിളിച്ച കെ എസ് എം പയോട്ടയുടെ ജന്മനാട് കർണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ കക്കിഞ്ചയാണ്. ദീർഘകാലം കക്കിഞ്ച പള്ളിയിൽ ഖത്വീബായിരുന്ന ഉമർ മുസ്ലിയാരാണ് പിതാവ്. ഉദ്യാവരത്ത് പ്രമുഖ സയ്യിദ് ഖബീലയായ ഹാദീ പരമ്പരയിലെ സയ്യിദ: ഉമ്മാബീ എന്നവരാണ് മാതാവ്.
പിതാവിൻ്റെ ശിക്ഷണവും ഉമ്മയുടെ ലാളനയും കെ എസ് തങ്ങളെന്ന മുഹമ്മദ് മുസ്ലിയാരെ അറിവിൻ പാന്ഥാവിലെ പഥികനാക്കി.ദേലമ്പാടി, കണ്ണങ്കാർ, ബി.സി റോഡ്, മിത്തബയൽ എന്നിവിടങ്ങളിലെ പള്ളിദർസുകളിൽ ജ്ഞാനതപര്യക്കിരുന്ന പയോട്ട തങ്ങൾ പഠനത്തിലും മിടുക്കനായിരുന്നു.മുതഅല്ലിം ജീവിതത്തിൽ തന്നെ അച്ചടക്കവും അദബും ശീലമാക്കിയ തങ്ങൾ സഹപാഠികൾക്കും മാതൃകയായിരുന്നു.ഇബാദത്തിൽ കൃത്യനിഷ്ഠനായിരുന്നു.മുതഅല്ലിം ജീവിതത്തിൽ തന്നെ ദാന ധർമ്മം ശീലമാക്കി.
ഉള്ളാൾ സയ്യിദ് മദനി അറബി കോളേജ് മുദരിയായിരുന്ന പ്രമുഖ പണ്ഡിതനും സൂഫിയുമായ ഉള്ളാൾ അഹമദ് ബാവ മുസ്ലിയാർ, കക്കിഞ്ച മൂസ മുസ്ലിയാർ,മിത്തബൈയിൽ അബ്ദുൽ ജബ്ബാർ മുസ്ലിയാർ തുടങ്ങിയവർ പ്രധാന ഗുരുനാഥരാണ്.
കാജൂർ, ചിക്കമംഗ്ലൂരിലെ ചാക്ക്മക്കി, കർന്നൂർ, മദ്ദട്ക്ക, എന്നീ സ്ഥലങ്ങളിൽ ഖതീബായി സേവനം ചെയ്തതിന് ശേഷം കാസർകോട് ജില്ലയിലെ പയോട്ടയിൽ എത്തി. ഖതീബായി സേവനം ചെയ്യുന്നതോടൊപ്പം ചികിത്സ രംഗത്തും തങ്ങൾ മുന്നേറി. ഒടുവിൽ കുടുംബ സമേതം താമസം കല്ലക്കട്ടയിലേക്ക് മാറ്റി.
മാനസിക-പൈശാചിക ബുദ്ധിമുട്ടുകളും ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരും വിട്ട് മറാത്ത രോഗങ്ങളിൽ കുടുങ്ങിയവർക്കെല്ലാം തങ്ങളുടെ ചികിത്സ ഫലം ചെയ്തിരുന്നു.
നാവിന് പ്രത്യേക അസറായിരുന്നു. വീട്ടിൽ എത്തുന്ന വിവിധ ജാതി മതക്കാരോട് സ്നേഹത്തോടെ പെരുമാറിയ തങ്ങൾ ചുരുങ്ങിയ കാലയളവിൽ തന്നെ ജനമനസ്സുകളിൽ ഇടംനേടി.തങ്ങളുടെ പ്രാർത്ഥന ഫലമായി സങ്കീർണ്ണമായ പ്രശ്നങ്ങൾ പമ്പ കടന്ന അനുഭവം നിരവധി പേർക്ക് ഇന്നും പറയാനുണ്ട്....
പാവപ്പെട്ടവൻ്റെ അഭയമായിരുന്നു തങ്ങൾ.മുതഅല്ലിംകളെ ജീവനുതുല്യം സ്നേഹിച്ച തങ്ങൾ വീട്ടിൽ എത്തുന്ന മത പണ്ഡിതന്മാർക്കും മുതഅല്ലിം കൾക്കും നിർലോഭ സഹായം നൽകുന്നതോടൊപ്പം യാത്രകളിൽ ആരെയെങ്കിലും കണ്ടാൽ കാറിൽ കയറ്റി അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുകയും എന്തെങ്കിലും ഹദ് യ നൽകുകയും ചെയ്യും. പാവപ്പെട്ടവൻ്റെ ദുഃഖങ്ങളിൽ പങ്കുചേർന്ന് ആവശ്യമായ സഹായങ്ങളും നൽകിയിരുന്നു.
*സുന്നീ പ്രസ്ഥാനത്തെ നെഞ്ചിലേറ്റുകയും നേതാക്കളായ താജുൽഉലമ ഉള്ളാൾ തങ്ങൾ, എ പി ഉസ്താദ്, എം എ ഉസ്താദ്, ത്വാഹിർ തങ്ങൾ, പൊസോട്ട് തങ്ങൾ, പേരോട് ഉസ്താദ് തുടങ്ങിയവരുമായി അഭേദ്യബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. മർക്കസ്, സഅദിയ്യ ,മുഹിമ്മാത്ത് പോലെയുള്ള സുന്നീ സ്ഥാപനങ്ങൾക്ക് സഹായം എത്തിക്കുകയും വളർച്ചയിൽ പങ്കാളിയാവുകയും ചെയ്തു...
സുന്നീ പ്രവർത്തകർക്ക് കരുത്ത് പകരാനും സംഘടനാ വളർച്ചക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാനും പയോട്ട തങ്ങൾ സമയം കണ്ടെത്തി.
മുഹിമ്മാത്തിനെയും ത്വാഹിർ തങ്ങളെയും ആത്മാർത്തമായി സ്നേഹിച്ച തങ്ങൾ തൻ്റെ അന്തി ഉറക്കം സ്ഥാപനത്തിൻ്റെ തിരുമുറ്റത്ത് കൊതിച്ചതിനാലാണ് അവിടുത്തെ ഖബർ മുഹിമ്മാത്തിലായത.
ആയിരങ്ങളുടെ ആശാകേന്ദ്രവും കേരള കർണ്ണാടകയുടെ ആത്മീയ ഭൂപടത്തിൽ ഇടംനേടുകയും ചെയ്ത പയോട്ട തങ്ങളെന്ന കെ എസ് മുഹമ്മദ് മുസ്ലിയാർ 2011 ജൂലൈ 6 ശഅബാൻ 5 ബുധനാഴ്ച തൻ്റെ 54 മത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.
നാഥൻ അവിടുത്തെ ദറജ വർദ്ദിപ്പിക്കട്ടെ... ആമീൻ


No comments:
Post a Comment