Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 29, 2020

ഭാര്യമാർ: തിങ്കളായ തങ്കങ്ങൾ

ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
9400397681

"നിങ്ങൊ ഒര്ക്കൊ പൊരേല് ബാക്കിയാണം. അപ്പൊ അറിയൂ എൻ്റെ അദാബ്."... പ്രിയ പത്നി അസ്മാബിയോട്  തെറ്റിയാൽ അവൾ പറയുന്ന വാക്കുകളാണിത്.
"ഹൊ, അങ്ങനെയങ്ക് പൊൽസ് ആയിണെ,നീ പണിക്ക് പൊ, ഞാൻ പൊരേല് നിക്കാ". ഈ പ്രത്യുത്തരത്തിന് അവൾ തരുന്ന മറുപടിയാണ് എനിക്ക് കുറിപ്പിന് ആധാരമായത്. 
"പിന്നെപ്പ, എല്ലൊ ചെല്ല്ന്ന മാത്രം.നിരീക്ക്ന്നെ പോലെയല്ല, എൺച്ചിറ്റ് പായൂ...''

അതിവേഗത്തിൽ അവളുടെ വാക്കുകൾ പുലരുമെന്ന് ദിവാസ്വപ്നം പോലും കണ്ടില്ല.ഒരുവളുടേതല്ല.ഒരായിരം ഭാര്യമാരുടെ വാക്കുകളായിരിക്കാം... 
അവളാണ് ശരി. അവളുടേതാണ് വാക്കെന്ന് കാലം മറുപടി തന്നു.
കൊറോണ വൈറസിൻ്റെ വ്യാപനം തടയാൻ സർക്കാർ ഉത്തരവിട്ട ലോക്ക് ഡൗണിൽ വീട്ടിലായ ഒരു പറ്റം ഭർത്താക്കന്മാർക്ക് ഭാര്യമാരുടെ മഹത്വമറിയാൻ അനുയോജ്യ സമയം...
യാന്ത്രിക വർഗ്ഗമെന്ന വിശേഷണം പോലും മതിയാവില്ല അവരുടെ ജീവിതരീതിക്ക്. ഭൂമിയിലെ മാലാഖമാരാണ് ഭാര്യമാരെന്ന് മനസ്സിലാക്കാൻ കൊറോണക്കാലം വരെ കാത്തു നിൽക്കേണ്ടി വന്നതിൽ സഹതാപമുണ്ട്...
ബെളിഞ്ച നടുക്കുന്ന് തറവാട് വീട്ടിൽ എനിക്കൊപ്പം ഭാര്യയും മക്കളും മാത്രമേ ഉള്ളൂ.  സുബ്ഹ് ബാങ്കിന് മുമ്പേ എണീക്കും.പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം സുബ്ഹ് നിസ്കാരം കഴിഞ്ഞ് അൽപം ദിക്റും ഖുർആനോത്തും.നേരെ അടുക്കളയിലേക്ക്... ആദ്യം ചായ. അതിനിടയിൽ പ്രഭാത ഭക്ഷണത്തിനുള്ള അരി പൊടിക്കും. റെഡിയായ ചായ ഒഴിച്ച് കുടിക്കുന്നതിനിടയിൽ മക്കളിൽ ആരെങ്കിലും ഒന്നെണീറ്റാൽ അവരെ നോക്കണം. കുഞ്ഞിമോൻ ഔഫാണ് എണീറ്റതെങ്കിൽ പറയാതിരിക്കലാണ് നല്ലത്.ഉറക്കിൽ നിന്നുണർത്താൻ തന്നെ കരച്ചിൽ ചാലുവാക്കും(ആരംഭിക്കും).ആ സമയം ബാപ്പയായ എന്നെപ്പോലും കണ്ണിന് കണ്ടൂട. ഉമ്മ തന്നെ വേണം. അവൾ പോയി അവിടെ കിടന്നാൽ മാത്രമേ ഓൻ തൊള്ളയടക്കു.ഔഫൂനെ  ഉറക്കി വീണ്ടും അടുക്കളയിലെ അമ്മിക്കല്ലില്ലിട്ട അരി നോക്കാൻ എത്തും.അപ്പൊഴേക്കും ഒഴിച്ച് വെച്ച ചായ തണുത്താറിയിരിക്കും. ചിലപ്പോൾ പൂർത്തിയാക്കിയെന്ന് വരും..
അടുപ്പിൽ അപ്പത്തിന്നായി പാത്രം വെച്ചാൽ ഏറേനേരം അതിനടുത്ത്.അതിനിടയിൽ ഹഫിയോ സകീയയോ എണീക്കും. അവരും വരുന്നത് "ഉമ്മേന്ന്" വിളിച്ച്.എന്നെ കണ്ടാൽ സമാധാനം. എങ്കിലും ഉമ്മയെ ഒന്ന് കാണുകയോ ശബ്ദം കേൾക്കുകയാ വേണം...
"മോനൂ ഉമ്മ ഈടെ ഇണ്ട്"
അത്ര കേട്ടാൽ ധാരാളം... അപ്പത്തിനൊപ്പം കറിക്കോപ്പുകൾ മുറിക്കാനും അവൾ നേരം കണ്ടെത്തും. പ്രാതൽ റെഡിയാകുമ്പേഴേക്ക് സമയം 9 മണിയോടടുക്കം. പിന്നെ മക്കളെ മുഖം കഴുകി പല്ല് തേപ്പിക്കും. വായിക്കുന്ന വേഗതയൊന്നും അതിനുണ്ടാവില്ലെന്ന് വായനക്കാർ ഓർക്കണം. ബ്രഷിൽ പേസ്റ്റിട്ട് കൈയിൽ കൊടുക്കണം. അധിക ദിവസവും പല്ല് തേക്കാൻ പറയുമ്പോഴാണ് ഉമ്മയും മക്കളും തല്ലുകൂടൽ.എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് രക്ഷപ്പടാനായിരിക്കും മക്കളുടെ ശ്രമം. എങ്ങെനെയെങ്കിലും ചെയ്യിപ്പിക്കാനാവും ഉമ്മയുടെ പരിശ്രമം. ഏറെ നേരം ഉമ്മയും മക്കളും വാഗ്വാദത്തിലായിരിക്കും.
"മോനു,മോളൂ ബാപ്പ ബയ്യെ പീടിയക്ക് പോന്നാല, പല്ല് തേച്ചങ്ക് നിന്നെ കൊണ്ട് പോവും.മൻച്ച് മിഠായി യെല്ലൊ തരും"... സോപ്പിംഗിൻ്റെ ഒരു ഉദാഹരണം മാത്രം...
അതിനിടയിൽ എന്തെല്ലാ പിറുപിറുക്കുന്നുണ്ടാവും. ചിലപ്പോൾ അടിപൊട്ടുന്നത് കേൾക്കാം. അടികിട്ടിയാൽ മക്കൾക്ക് ഉപ്പ വേണം. ഇതെല്ലാം കണ്ടും കേട്ടും പുറത്തിരിക്കുന്ന ഞാൻ ജഡ്ജിയാകും... 
ഇലക്കും മുളളിനും കേടില്ലാത്ത രൂപത്തിൽ വിധി എഴുതും.അതോടെ രംഗം ശാന്തമാകും.ഉമ്മയും മക്കളും തെറ്റും.
"ഉമ്മ ബാണ്ട,ഞാന് ഉമ്മാട് ചൊടി" കുഞ്ഞിത്തൊള്ളയിൽ എന്തൊക്കെ തട്ടിവിടും....
പ്രാതൽ കഴിഞ്ഞാൽ ഹഫിമോനെ സ്കൂളിലേക്ക് ഒരുക്കണം.[ ഇപ്പോൾ ഇല്ല. വേനൽ അവധി & കൊറോണ) ഭക്ഷണം വേഗത്തിലാക്കി അയൽപ്പക്കത്തെ വീട്ടിലായിരിക്കും ഓന്...ചങ്ക് പൊട്ടി വിളിച്ചാലും അവൻ വരൂല. സ്കൂളിൽ പോകാതിരിക്കാനുള്ള വളവാണ്. ഒടുവിൽ അവൾ തന്നെ പോകേണ്ടിവരും. പിടിച്ച് കൊണ്ട് വന്ന് കുളിപ്പിക്കും.ഓട്ടോറിക്ഷക്കാരൻ കാത്ത് നിന്ന് ദേഷ്യപ്പെട്ട് പോകാനൊരുങ്ങും. എല്ലാം സഹിച്ച് പുറത്തിറക്കിക്കഴിഞ്ഞ് വീണ്ടും വീട്ടുജോലിയിൽ തന്നെ.
അടുക്കളയിൽ പാത്രം മോറുമ്പോഴായിരിക്കും  ഔഫ് എണീക്കുന്നത്. അവനെയും എടുത്ത് ബാത്റൂമിൽ കൊണ്ട്പോയി പ്രാഥമിക കർമ്മങ്ങൾ നിർവഹിപ്പിച്ച് അകത്തേക്ക് വരും. കുഞ്ഞിക്ക് ഭക്ഷണം കൊടുക്കണം. എന്തെങ്കിലും കഴിക്കണമെങ്കിൽ അവനിക്കും സോപ്പിംഗ് നിർബന്ധം... അതു കഴിഞ്ഞാൽ ഉറങ്ങിക്കിടന്ന പായയും വിരിപ്പും അടക്കി വെക്കണം. ആരെങ്കിലും മൂത്രമൊഴിച്ചിട്ടുണ്ടെങ്കിൽ പണി കൂടും...
ഔഫൂനെ മോളെക്കൂടെ കളിക്കാൻ വിട്ട് ബാക്കി പണി പൂർത്തിയാക്കും. പാത്രം മോറിക്കഴിഞ്ഞാൽ വസ്ത്രം അലക്കണം. ഭർത്താവിൻ്റെതും മക്കളുടേതുമാകുമ്പോൾ കുന്നോളം വരും. എല്ലാം വൃത്തിയാക്കി ആറിയിടുമ്പോൾ സമയം ഉച്ചയോടടുക്കും.അത് കഴിഞ്ഞാൽ വീട് വൃത്തിയാക്കണം.മുറ്റം അടിച്ച് വാരണം.അതിനിടയിൽ മോനും മോളും എന്തെങ്കിലും വികൃതികൾ ഒപ്പിക്കും.[ മക്കളുടെ വികൃതികളെ കുറിച്ച് പിന്നീട് വായിക്കാം]
അവരെ നന്നാക്കാനും ഉമ്മ തന്നെ വേണം...
ഉച്ചഭക്ഷണത്തിനുള്ള കാര്യങ്ങൾ ഒരുക്കണം.ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പാത്രം വൃത്തിയാക്കണം.നേരം അസറോടടുത്താൽ കുളിച്ച് വൃത്തിയാകും.ളുഹ്റ് നിസ്കാരം ഖളാആവാതെ നോക്കണം. അസർ നിസ്കാരം കഴിഞ്ഞാൽ വൈകുന്നേരത്തേക്ക് ചായ ഒരുക്കും. ചായ കുടി കഴിഞ്ഞാൽ രാത്രിക്കുള്ള അപ്പത്തിന് അരി പൊടിക്കണം.ലേശം ചോറും വേണം. അതൊക്കെ കഴിഞ്ഞാൽ മക്കളെ കുളിപ്പിക്കാൻ ഒരുങ്ങും. അവിടെയും ഉമ്മയും മക്കളും ഒന്ന് ഒരസും(അടിപിടി). കളിക്കാൻ പോയ മക്കളെ പിടിച്ച് കൊണ്ട് വരാൻ അവൾ വിയർക്കേണ്ടി വരും. എന്തെങ്കിലും പറഞ്ഞ് ഒന്നിനെ കുളിപ്പിച്ച് കഴിയുമ്പോഴേക്കും മറ്റേത് അയൽ വീട്ടിലെത്തും. അതിന് പിടിച്ച് കളിപ്പിച്ച് കഴിയുമ്പോൾ ആദ്യം കുളിപ്പിച്ചത് മണ്ണ് മാന്തുന്നിടത്ത്.... പിന്നെ അടിയും പിടിയും... എല്ലാം കഴിയുമ്പോൾ മഗ്രിബ് ബാങ്ക് വിളിക്കും ( സന്ധ്യാ പ്രാത്ഥന).
മഗ്രിബ് നിസ്കാരം കഴിഞ്ഞ് അൽപം ഖുർആൻ ഓതി വീണ്ടും പാചകപ്പണിക്ക്... രാത്രിക്കുള്ള അപ്പവും കറിയും തയ്യാറാക്കി മക്കൾക്ക് തീറ്റിപ്പിക്കും. അവരെ പള്ള നിറച്ച് ഉറങ്ങാനായി അയക്കും. ഇശാ നിസ്കാരം കഴിഞ്ഞാൽ എൻ്റെ അലറൽ.. അസ്മാ... ഫുഡ്...
പിന്നെ രണ്ട് പേരും ഭക്ഷണം കഴിക്കും. അതിനിടയിൽ മക്കൾക്ക് മൂത്രമൊഴിക്കാനുണ്ടെങ്കിൽ ഉമ്മ വേണം.പുരക്കകത്ത് ഔഫ് കാഷ്ഠിച്ചാൽ അതും വൃത്തിയാക്കണം. ഇടയിൽ ഞാൻ പള്ള നിറഞ്ഞ് എണീറ്റ് പോകും...
അവളാണെങ്കിൽ തീറ്റ പൂർത്തിയാക്കാതെ ബാക്കിയാകും.പിന്നെ മക്കളെ ഉറക്കണം.ഔഫൂനെ ഏറെ നേരം തൊട്ടിലിൽ കിടത്തി ആട്ടണം.... മക്കൾ ഉറങ്ങിയാൽ ഭക്ഷണം പൂർത്തിയാക്കും. അടുക്കളയിൽ പാത്രം കഴുകി ഒതുക്കിവെക്കും. എല്ലാം കഴിഞ്ഞ് ഇശാ നിസ്കരിച്ച് ഉറങ്ങാൻ ഒരുങ്ങുമ്പോൾ...  സമയം രാത്രി 11 മണി കഴിയും.  കിടന്നാൽ  സ്വസ്ഥമായി ഉറങ്ങാനും മക്കൾ സമ്മതിക്കില്ല. ഓരോന്നായി കരയാൻ തുടങ്ങും.മൂത്രമൊഴിക്കാനോ വിസർജനത്തിനോ പോകേണ്ടി വരും......
എല്ലാം എൻ്റെ വിധിയെന്ന ഭാവത്തിൽ അവൾ എണീറ്റ് പോകും. വന്ന് കിടന്നാൽ സുബ്ഹിക്ക് മുമ്പ് വീണ്ടും എണീക്കും.ചുരുക്കത്തിൽ ദിവസം നാലോ അഞ്ചോ മണിക്കൂർ മാത്രമേ അവർക്ക് നിദ്രയുള്ളൂ.. വീട്ടിൽ വിരുന്നോ മറ്റ് പരിപാടികളോ ഉണ്ടായാൽ കാര്യം ഊഹിക്കുന്നതിനേക്കാളപ്പുറമാണ്....
ഇതിനേക്കാൾ കഷ്ടതയായിരുന്നു മുൻഗാമികൾക്ക്.. പൊന്നുമ്മമാരുടെ ഈറനണയിക്കുന്ന ജീവിത അനുഭവങ്ങൾ ഓരോ പുരുഷന്മാരും അറിഞ്ഞേ പറ്റൂ. പുതുകാലത്ത് വികസനങ്ങൾക്കൊപ്പം നവഭാര്യ മാർക്ക് സൗകര്യങ്ങൾ വർദ്ധിച്ചു വന്നെങ്കിലും അവരുടെ ജീവിതത്തിൻ്റെ ചെറു വിവരണം മാത്രമാണിത്.
  "സ്വപത്നിയുടെ ജീവിതമറിയാൻ ഭർത്താക്കന്മാർക്ക് സൃഷ്ടാവ് നൽകിയ അസുലഭ മുഹൂർത്തമാണ് കൊറോണക്കാലം.
പാചകത്തിൽ വരുന്ന കുറവുകൾക്കും മറ്റുമായി ഭാര്യമാരെ പഴിക്കുകയും പ്രഹരിക്കുകയും ചെയ്യുന്ന പുരുഷന്മാർ ഇനി എങ്കിലും ചിന്തിക്കൂ... *വിശ്രമമില്ലാത്ത ഇരുകാലിജീവിയാണ് ഭാര്യ*.അവളൊരു വൈദ്യുതീ യുപകരണമല്ല.മനുഷ്യർക്കിട യിലെ മാലാഖയാണ്.തിങ്കളായ തങ്കങ്ങളാണവർ.
 ഒരുവൾ ദിനം ചെയ്യുന്ന വീട്ടുജോലി ഒരായുസ്സ് ശ്രമിച്ചാലും പുരുഷനാകില്ലെന്നത് തീർച്ച...

No comments: