Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 13, 2020

വൈ പി അന്താന്‍ച്ച (വൈ പി അബ്ദുൽ റഹ്മാന്‍ പാടലടുക്ക): പുഞ്ചിരി ബാക്കി വെച്ച് യാത്രയായി !

ഷംസു പാടലടുക്ക
സുബഹി നിസ്കാരത്തിന്ന് വേണ്ടി എണീറ്റപ്പോഴാണ് മച്ചു (മശ്ഹൂദ്) ഒരു വിതുമ്പലോടെ എന്നോട്  ഈ ദുഃഖ വാർത്ത പറയുന്നത്. വിശ്വാസം വരാതെ രണ്ടു മൂന്ന് ആവർത്തി  ചോദിക്കേണ്ടി വന്നു. അതെ! അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി  പുഞ്ചിരി ബാക്കി വെച്ച് വൈ പി അന്താന്‍ച്ച യാത്രയായിരിക്കുന്നു, ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് ! അപ്രതീക്ഷിതമായ ഈ മരണ വാർത്ത ഉണ്ടാക്കിയ നോവ്  താങ്ങാവുന്നതിനുമപ്പുറം! ഇന്നലെകളുടെ പടികളിറങ്ങി ഭൂത കാലത്തിലൂടെ  നീങ്ങിയപ്പോൾ അദ്ദേഹം സമ്മാനിച്ച ഓർമ്മകൾ തിളങ്ങുന്നതായി തോന്നി!

നാടിന്റെ നഷ്ടങ്ങൾ ഓരോന്നും പകരം വെക്കാനില്ലാത്ത വിടവുകളായി മാറുമ്പോൾ നാടിന്റെ തണൽ മരങ്ങളിൽ ഓരോന്ന് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന  മൂകതയും ശൂന്യതയും മനസിന്റെ മതിൽ കല്ലുകളിൽ മ്ലാനതയുടെ കറുത്ത ചിത്രങ്ങൾ തീർക്കുകയാണ്. 
നർമ്മത്തിൽ ചാലിച്ച മർമ്മ വാക്കുകൾ കൊണ്ടും തമാശ കൊണ്ടും നിഷ്കളങ്കമായ മനസ്സ് കൊണ്ടും ഒരു വലിയ സൗഹൃദബന്ധം സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് അന്താന്ച്ചു. ഏത് മാനസികാവസ്ഥയിലാണെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടിയാൽ എല്ലാം മറന്നു പോവും വിധമായിരുന്നു അദ്ധേഹത്തിന്റെ സംസാര രീതി.  എന്നും ഓർമ്മയിൽ തങ്ങി  നിൽക്കുന്ന  ഒരു വേറിട്ട  പുഞ്ചിരിയോടെ  നല്ല ശബ്ദത്തിൽ അദ്ദേഹം സംസാരിക്കുമ്പോൾ കേൾകുന്നവരും ഊർജ്വസ്വലരായി മാറും വിധം ഒരു പരോക്ഷ പ്രചോദനമായിരുന്നു എന്ന് പറയുന്നതാവും ശരി. 
ഞാൻ അറിയുന്ന കാലം തൊട്ടേ അദ്ദേഹം നമ്മുടെ ആ വഴി  പോവുമ്പോൾ ഒന്ന് നില്കാതെയും സംസാരിക്കാതെയും പോവാറില്ല. ഉപ്പ ഉണ്ടായിരുന്ന സമയത്തു മുംബൈയിൽ നിന്ന് വന്നാൽ ‘മൂത്താ’ എന്ന നീട്ടിയുള്ള ഒരു വിളിയുമായി വരാറുണ്ടായിരുന്നത് ഓർമ്മയിൽ മായാതെ കിടക്കുന്നു. എവിടെ കണ്ടാലും കുടുമ്പ കാര്യം അടക്കം ഒരു പാട്  സംസാരിച്ചിരുന്ന അന്താന്‍ച്ചയുടെ വേർപാട് നൊമ്പരത്തിന്റെ കാർമേഘമായി  മാറുമ്പോൾ അദ്ദേഹത്തെ അറിയുന്ന എല്ലാ മനസ്സുകളിലും അദ്ദേഹം ബാക്കി വെച്ച പുഞ്ചിരി ദുഃഖ മഴ പെയ്യിക്കാതിരിക്കില്ല. 
അദ്ദേഹം ഒരു സജീവമായ വ്യക്തി ആയതു കൊണ്ടാവാം ആ വഴിയിലൂടെ പോവുന്നവർ ആ വീട്ടിലേക്കൊന്ന് നോക്കുകയോ അദ്ദേഹത്തോട് സംസാരിക്കുകയോ ഒക്കെ ചെയ്തിരുന്നത്. വീട്ടിലേക്കു നിർബ്ബന്ധിച്ചു ക്ഷണിക്കുക യും സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുന്നതിൽ അതിയായ സന്തോഷം കൊള്ളുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ആ പ്രദേശത്തെ വെളിച്ചത്തിന്റെ തിളക്കം കുറയ്ക്കുമെന്നതിൽ സംശയമില്ല. 
വഴികൾ രണ്ടായി പിരിയുന്നേടത്തു യാത്രയാവുന്നവരെ  ഒന്ന് അവസാനമായി   കാണാൻ പോലും ഭാഗ്യം നഷ്ടപ്പെടുന്ന  പ്രവാസികളുടെ മാനസികാവസ്ഥ കറുത്ത കവിതകളായി അവശേഷിക്കുമ്പോൾ കാലം സാക്ഷിയായി എല്ലാം ഒരു നിമിത്തം പോലെ മനസ്സിൽ ബാക്കിയാവുകയാണ്.
വിധിയെ തടുക്കാനാവില്ല ആർക്കും! ഇന്നോ നാളെയോ ആയി എല്ലാവരും പോവേണ്ടവർ!
നമ്മെ വിട്ടു പിരിഞ്ഞ അന്താൻച്ചാൻറെ ഖബർ ജീവിതം അള്ളാഹു സന്തോഷത്തിലാക്കി കൊടുക്കട്ടെ. കുടുമ്പത്തിന്ന് അള്ളാഹു ക്ഷമ നൽകട്ടെ. അദ്ദേഹത്തെയും  നമ്മെയും നമ്മിൽ നിന്ന് മണ്മറഞ്ഞ എല്ലാവരെയും  അള്ളാഹു നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ

No comments: