Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 29, 2021

മർഹൂം സുഹൈൽ സഅദി തിരുവട്ടൂർ;ശഅബാൻ പതിനഞ്ചിന്ന് വേർപ്പാടിന്റെ രണ്ടാണ്ട്.

വിനയത്തിന്റെ ആൾരൂപം, വിജ്ഞാനത്തിന്റെ വിവിധ ശാഖകൾ  ഒരു പോലെ സ്വായത്തമാക്കിയ തികഞ്ഞ പണ്ഡിതൻ, വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥൻ , സർവ്വാധരണീയനായ  മുദരിസ്, പ്രസംഗവൈഭവം കൊണ്ട് ആരെയും ഇരുത്തിപ്പിക്കുന്ന യുവവാഗ്മി, മധുരശബ്ദത്തിന്റെ ഉടമ,നിറപുഞ്ചിരിയോടെ ആരെയും കൊതിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന പ്രിയ സുഹൂർത്ത്, തികഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ തുടങ്ങിയ വിശേഷണങ്ങൾ  അകാലത്തിൽ നമ്മളിൽ നിന്ന് മറഞ്ഞ് പോയ പ്രിയ കൂട്ടുകാരനും വഴികാട്ടിയുമായ മർഹൂം സുഹൈൽ സഅദിയെ ഓർക്കുമ്പോൾ മനതാളങ്ങളിൽ നിന്ന് തികട്ടിവരുന്നു. തന്നെ ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം വളരെ കർമ്മോത്സുകതയോടെ ചെയത് തീർക്കാൻ  ആവേശം കാണിക്കുന്ന പ്രകൃതിയായിരുന്നു സഅദിയുടേത്. തനിക്ക്  ഗ്രാഹ്യമായ അറിവുകൾ  പരസ്പരം കൈമാറാൻ ഒരിക്കലും ലുബ്ദത കാണിച്ചിരുന്നില്ല. അത് അനുവാചകരെ മനസ്സിലാക്കി കൊടുക്കുവാനുള്ള പ്രത്യേക കഴിവും സാമർത്ഥ്യവും അദ്ദേഹത്തിന്നുണ്ടായിരുന്നു.  ഒരു ആധുനിക ദഅവ പണ്ഡിതന്ന് ഉണ്ടായിരിക്കേണ്ട സകല വിശേഷണങ്ങളും അദ്ദേഹത്തിൽ ഒത്തിണങ്ങിയിരുന്നു. 
തന്റെ വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ച ശേഷം താൻ അറിവ് പഠിച്ച സ്ഥാപനങ്ങളായ സഅദിയയിലേയും മുജമ്മയിലേയും ഉസ്താദുമാരുമായുള്ള ഗുരുശിഷ്യബന്ധം മരണം വരേയും കാത്ത് സൂക്ഷിച്ചിരുന്നു. കൂടെ പഠിച്ച സഹപാഠികളുമായും നിരന്തരം സമ്പർക്കവും സ്നേഹ ബന്ധവും സ്ഥാപിച്ചിരുന്നു. ഇത് രണ്ടു വർഷത്തെ അൽ ഇഹ്സാനിലെ സഹധ്യാപകൻ എന്ന നിലയിൽ  അദ്ദേഹമായുള്ള സഹവാസത്തിൽ നൂറ് ശതമാനം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. 

നാട്ടിൽ പോകുമ്പോളും വന്നാലും ആർത്തിയോടെ  വീട്ട് വിശേഷങ്ങൾ ചോദിച്ചറിയും. പരസ്പരം നന്മ കൊണ്ട് ഉപദേശിക്കും. തിരുത്തേണ്ടവ തിരുത്തി തരും. ആശയങ്ങൾ സദുദ്ദേശത്തോടെ കൈമാറും. പലപ്പോഴും കുഞ്ഞ് മനസ്സിനെ പോലെ ഇടപെഴകും. ഒരു ജാഢയും കാണികാതെ വിനയത്തിന്റെ ശിരസ്സ്  താഴ്ത്തിത്തരും. ഒരു കേൾവിക്കാരനെ പോലെ എല്ലാം കേട്ടിരിക്കും. ദീനീ മസ്അലകൾ ചർച്ച ചെയ്യും. ആവശ്യമായ തിരുത്തലുകൾ അദ്ദേഹം നടത്തും. വ്യക്തിപരമായ പ്രശ്നങ്ങൾക്ക്  പരിഹാരം നിർദ്ദേശിച്ച് തരും. ഒരു പിതാവിന്റെ ദൗത്യമെല്ലാം  അദ്ദേഹം നിറവേറ്റി തരും. തന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച്  അതിനുള്ള  പരിഹാരം ആരായും. മതവിജ്ഞാനത്തിലും ഭൗതിക വിജ്ഞാനത്തിലും ഉള്ള  പ്രാഗത്ഭ്യവും നൈപുണ്യവും പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്. ഇംഗ്ലീഷിലും അറബിയിലും ആഴമേറിയ പരിജ്ഞാനമുണ്ടായിരുന്നു.

സഅദിയയിലേയും മുജമ്മഇലേയും ഗുരുനാഥരെക്കുറിച്ച് എപ്പോഴും നൂറ് നാവാണ്.
അത് കൊണ്ട് തന്നെയാണ് സാദാത്തിങ്ങളുടെയും പണ്ഡിതശ്രഷ്ഠരായ ഗുരുവര്യരുടെ സാന്നിധ്യത്തിലും സഅദാബാദിന്റെ തിരുമുറ്റത്ത്   ജനാസ നിസ്കാരവും പ്രാർത്ഥനയും നടന്നത് . ഇത് അദ്ദേഹത്തിന്റെ  മഹാഭാഗ്യമായി കാണുന്നു. തന്നെയുമല്ല അദ്ദേഹത്തിന്റെ ജനാസ നിസ്കാരത്തിനും അന്ത്യദർശനത്തിനും തന്റെ പ്രവർത്തന മണ്ഡലമായ മൂളൂർ മർകസുത്തഅലീമുൽ ഇഹ്സാനിലെ ക്യാമ്പസിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ പങ്കെടുത്തതും അദ്ദേഹം സൃഷ്ഠിച്ചെടുത്ത അറ്റമില്ലാത്ത സൗഹൃദവലയത്തിന്ന്  വലിയ ഉദാഹരണമാണ്.  വളരെ ശബ്ദ ഭംഗിയോടെ ഖുർആൻ പാരായണ ചെയ്യുവാനുള്ള വിശേഷ സിദ്ധിയും ആകർശണീയതയും അദ്ദേഹത്തിനുണ്ടായിരുന്നു. സ്ഥപനത്തിന്റെ പള്ളിയിലെ സുബ്ഹി നിസ്കാരത്തിൽ ഇടക്കിടെ മുഴങ്ങുന്ന ശ്രവണമനോഹരമായ ശൈലിയിൽ ഉള്ള മർഹൂം സുഹൈൽ സഅദിയുടെ വിശുദ്ധ ഖുർആൻ പാരായണ ധ്വനിയും  മറ്റിതര സമയങ്ങളിലും ഉള്ള ഉപദേശ നിർദ്ദേശങ്ങളും ഇനി ഉണ്ടാകില്ല. ആ മധുരശബ്ദം ഇപ്പോഴും എപ്പോഴും കാമ്പസിലെ പള്ളി മിഹ്റാബിൽ  അലയടിച്ച് കൊണ്ടെയിരിക്കും. 
കഴിഞ്ഞ ദിവസം ദീർഘനേരം കുശലം പറഞ്ഞ് സലാം ചൊല്ലി പുറത്തിറങ്ങുമ്പോൾ ഇത് അവസാനനത്തെ സലാം  ആകുമെന്ന് സ്വപ്നത്തിൽ കൂടിയും നിനച്ചിരുന്നില്ല.
കർണാടക- കുന്താപുരത്തിനടുത്ത്  21- 4-19 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആകസ്മികമായുണ്ടായ വാഹനപകടം  എല്ലാവരെയും കണ്ണീരിലാഴ്ത്തി. ആ വാർത്ത കണ്ഠമിടറിയ ശബ്ദത്തോടെയാണ്  നമുക്ക് കേൾകാൻ സാധിച്ചത്. ചേതനയറ്റ ശരീരവുമായി സ്ഥാപനത്തിന്റെ തിരുമുറ്റത്തേക്ക് അവസാന കാഴ്ച്ചയ്ക്ക് വേണ്ടി അത്യാസന്ന വാഹനം കടന്ന് വന്നപ്പോൾ കണ്ണുകൾ സജലങ്ങളാവാത്ത ആളുകളുണ്ടാവില്ല. ആ നടുക്കം ഈ നിമിഷം വരെ വിട്ട് മാറിയിട്ടില്ല. 
നാഥാ..... കൂട്ടുകാരന്ന് നീ മഗ്ഫിറത്തും മർഹമത്തും നൽകണെ,
സ്വർഗത്തിൽ ഞങ്ങളോടൊപ്പം ഒരുമിച്ച് കുട്ടണെ,
അനാഥരായ കുടുംബത്തിന്ന് ക്ഷമ നൽകേണമെ....ആമീൻ.
എല്ലാ പള്ളികളിലും മറ്റും ഖുർആനും തഹ്ലീലും ഹദ്യ ചെയ്ത്  പ്രാർത്ഥിക്കണമെന്ന് അറിയിക്കുന്നു.

ഹാഫിള് റഫീഖ് നിസാമി പള്ളത്തൂർ

No comments: